മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെയും ചേര്‍ത്തല എസ്. എന്‍ കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ “ലഹരി വിരുദ്ധ പ്രവര്‍ത്തനവും ആത്മഹത്യാ പ്രതിരോധവും” എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ് സെന്‍ററില്‍ കൂടിയ സമ്മേളനം എം.ജി.ഒ.സി.എസ്.എം പ്രസിഡന്‍റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുളള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു .സഹപാഠികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും ഉത്തരവാദിത്വമുണ്ട്. ബോധവത്ക്കരണത്തോടൊപ്പം ശക്തമായ നിയമനടപടികളും ലഹരിക്കെതിരെ കൈക്കൊളേളണ്ടതാണ്.
കേരള മദ്യവിരുദ്ധസമിതി ജില്ലാ പ്രസിഡന്‍റ് പ്രൊഫ. സി. മാമച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായ ദൗത്യമായി ഓരോരുത്തരും സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ഫിലന്‍. പി. മാത്യൂ അദ്ധ്യക്ഷത വഹിച്ചു. “ലഹരിയും ആത്മഹത്യകളും” എന്ന വിഷയത്തില്‍ വിപാസ്സന ഡയറക്ടര്‍ ഡോ. സിബി തരകനും “ലഹരി ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍” എന്ന വിഷയത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ഡോ. ജിത്തു വി. തോമസും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിപാസ്സന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടപ്പിലാക്കുന്ന “യൂത്ത് ഫോര്‍ ചെയിഞ്ച് ” പരിശീലന പരിപാടിയും സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്തു. ഡോ സംഗീത, ഡോ. റോസമ്മ അലക്സ്, ജെസ്സി അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.