മാര്‍ ഈവാനിയോസ് ആത്മീയ നിഷ്ഠയുടെ ആൾരൂപം: പ. പിതാവ്

mar_ivanios_orma

തപസ്സുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ജീവിത വിശുദ്ധികൊണ്ടും മനുഷ്യരെയും പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്വാധീനിച്ച കര്‍മ്മയോഗിയായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളായ പക്ഷിമൃഗാദികള്‍ക്കുപോലും അദ്ദേഹത്തിന്‍റെ ഭാഷ മനസ്സിലാക്കുാവന്‍ കഴിഞ്ഞത് ആ പിതാവിന്‍റെ ഉള്ളിലെ ആത്മീയ ചൈതന്യത്തില് നിന്നാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടന്ന മാര്‍ ഈവാനിയോസ് തിരുമേനിയുടെ മൂന്നാം ഒാര്‍മ്മപ്പെരുന്നാളില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ.  പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ഫാ. ഡോ. റ്റി.ജെ. ജോഷ്വാ അനുസ്മരണ പ്രഭാഷണം നടത്തി.

കോട്ടയം സഹായ മെത്രാപ്പോലീത്തായായി നിയമിതനായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ അദ്ദേഹത്തിന്‍റെ പുതിയ സ്ഥാനലബ്ദിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് നന്ദി അര്‍പ്പിച്ച് സംസാരിച്ചു. കോട്ടയം ഭദ്രാസന ഭരണത്തില്‍ വൈദീകരുടെയും വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.

 ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പെരുന്നാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.