ചരിത്രം സാക്ഷി; ഫ്രാന്‍സിസ് മാര്‍പാപ്പയും കിരീല്‍ പാത്രിയാര്‍ക്കീസും തമ്മില്‍ കണ്ടു, ആശ്ലേഷിച്ചു

9355_20160212223645_pope

ഹവാന: ഒരു സഹ്രസ്രാബ്ദിത്തിനു ശേഷം രണ്ടു സഭകളുടെ തലവന്മാര്‍ ഇതാദ്യമായി പരസ്പരം കാണുകയായിരുന്നു. ഹവാനയിലെ ജോസ് മാര്‍ട്ടിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയും, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ കിരീല്‍ പാത്രിയാര്‍ക്കീസും കണ്ടുമുട്ടിയപ്പോള്‍ അത് ചരിത്ര സംഭവമാവുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ സഭയിലുണ്ടായ പിളര്‍പ്പിനു ശേഷം പരസ്പരം അകലം പാലിച്ചിരുന്ന രണ്ടു സഭകളുടെയും തലവന്മാര്‍ സാഹോദര്യമായ സ്‌നേഹവായ്‌പോയോടെ പരസ്പരം ആശ്ലേഷിച്ച് ചുംബനം കൈമാറിയപ്പോള്‍ സഭകള്‍ തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയായിരുന്നു. ” പ്രിയ സഹോദരാ, താങ്കളെ അഭിവാദ്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്” എന്ന് കിരീല്‍ പാത്രിയാര്‍ക്കീസ് പറഞ്ഞപ്പോള്‍ ”അവസാനം അത് സംഭവിച്ചു ” എന്നു മൊഴിഞ്ഞു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ കരം പിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പിന്നീട് രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. തുറവിയും, സഹോദര തുല്യവുമായ രീതിയിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കിരീല്‍ പാത്രിയാര്‍ക്കീസ് പറഞ്ഞപ്പോള്‍, വളരെ ആത്മാര്‍ഥയോടെയുള്ള സംഭാഷണം എന്നാണ് ഫ്രാന്‍സിസ് പാപ്പാ പ്രതികരിച്ചത്. മെക്‌സിക്കോയിലേക്കുള്ള യാത്രാ മധ്യേയാണ് ഫ്രാന്‍സിസ് പാപ്പാ ഹവാനയില്‍ എത്തിയിത്. കിരീല്‍ പാത്രിയാര്‍ക്കീസ് ക്യൂബ, ബ്രസീല്‍, പരാഗ്വെ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. സഭാ തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി ഏറെ നാളായി ഒരുക്കങ്ങള്‍ നടന്നു വരികയായിരുന്നു. ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു വേദിയായി അവസാനം ക്യൂബ പരിഗണിക്കപ്പെടുകയായിരുന്നു.