കാതോലിക്ക ബാവ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു

bava (1)

സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 10 ദിവസത്തെ സന്ദര്‍ശനത്തിനായി നവംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്നു.കേരളത്തില്‍ നിന്ന് ന്യൂസിലന്‍ഡ്‌ വഴിയാണ് ബാവ ഓസ്ട്രേലിയയില്‍ എത്തുന്നത്. പരിശുദ്ധ  കാതോലിക്ക ബാവയുടെ ആദ്യ ഓസ്ട്രേലിയന്‍  സന്ദര്‍ശനമാണിത്.

മലങ്കര സഭയുടെ ചെന്നൈ ഭദ്രാസനത്തിന്‍റെ  കീഴിലുള്ള  ന്യൂസിലന്‍ഡിലേയും, ഓസ്ട്രേലിയയിലേയും   വിശ്വാസ സമൂഹത്തെ നേരില്‍ കാണുവാനും, അനുഗ്രഹങ്ങള്‍ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നവംബര്‍ 14-ന് സിഡ്നിയിലെയും സമീപ പ്രദേശങ്ങളിലേയും  ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അന്ന് വൈകുന്നേരം സിഡ്നി സെന്‍റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ എത്തുന്ന ബാവ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കും. പിറ്റേന്ന് ഞാഴറാഴ്ച   കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍‌ഡേ സ്കൂള്‍ ബില്‍ഡിംഗിന്‍റെ കൂദാശ നിര്‍വഹിക്കുന്നതുമാണ്. അന്ന് വൈകുന്നേരം എപ്പിംഗ് സെന്‍റ്റ് മേരിസ് ചര്‍ച്ചില്‍ പരിശുദ്ധ ബാവ സന്ധ്യാ  നമസ്കാരത്തിനു നേത്രുത്വം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍  കാന്‍ബറയും, ബ്രിസ്ബനും സന്ദര്‍ശിക്കുന്ന  ബാവ അവിടുത്തെ  ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും

ബ്രിസ്ബനില്‍ നിന്ന് മെല്‍ബണില്‍ എത്തുന്ന പരിശുദ്ധ ബാവ തിരുമേനി മെല്‍ബണിലെ ഡണ്ടനോങ്ങില്‍ പുതുതായി പണികഴിപ്പിച്ച  സെന്‍റ്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്  പള്ളിയുടെ കൂദാശയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ബാവ സംബന്ധിക്കുന്നതാണ്. നവംബര്‍ 22 ഞായറാഴ്ച മെല്‍ബണ്‍ സെന്‍റ്റ് മേരിസ് ഇന്ത്യന്‍  ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ പരിശുദ്ധ ബാവ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. നവംബര്‍ 23 ന് ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി  ബാവ‍ കേരളത്തിലേക്ക് മടങ്ങും.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത,പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്  മെത്രാപ്പോലീത്ത  തുടങ്ങിയവരും പരിശുദ്ധ ബാവ തിരുമേനിയോടൊപ്പം   ഉണ്ടാകും.

 വാര്‍ത്ത‍ : സുജീവ് വര്‍ഗീസ്‌