കുട്ടികളുടെ സെല്‍ഫി ഭ്രമം നിയന്ത്രിക്കണമെന്ന് കെസിബിസി

കൊച്ചി:കുട്ടികളുടെ സെല്‍ഫി ഭ്രമം നിയന്ത്രിക്കണമെന്ന് കത്തോലിക്കസഭയുടെ ഇടയലേഖനം. ഘര്‍വാപസി വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തതിന് ശേഷമാണ് കുട്ടികളിലെ സെല്‍ഫി പ്രേമത്തിനെതിരെ കെസിബിസി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ വ്യാപകമായി സെല്‍ഫിയെടുത്ത് പ്രദര്‍ശിപ്പിക്കുന്നത് നിയന്ത്രിക്കണമന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. തിരുബാലസഖ്യ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ഇടയലേഖനത്തിലായിരുന്നു ഇത് സംബന്ധിച്ച പരമാര്‍ശമുളളത്.

മക്കള്‍ സ്വന്തം ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് മാതാപിതാക്കള്‍ നിയന്ത്രിക്കണമെന്ന് കെസിബിസി ചെയര്‍മാന്‍ ബിഷപ് ഡോ: വിന്‍സന്റ് സാമുവല്‍ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു.ഇത്തരം ഫോട്ടോകള്‍ സാമൂഹ്യ വിരുദ്ധരുടെ കൈകളിലെത്താന്‍ സാധ്യതയുണ്ടെന്നും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലുടെ കുട്ടികള്‍ വഴിതെറ്റാനുളള സാഹചര്യമുണ്ടെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.

പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റി തീവ്രവാദടക്കമുളള അപകടങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകുവാനുളള സാഹചര്യം നിലവിലുണ്ടെന്നും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു.