കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയില്ല: മാര്‍പാപ്പ

pope_francis1

വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുറ്റസമ്മതം. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞത്.

സ്‌പോര്‍ട്‌സ്, ടെക്‌നോളജി എന്നിവയിലൂടെ യുവാക്കളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കോണ്‍ഫ്രന്‍സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ. ബ്രെയ്‌ലീ കീപാഡുകള്‍, ടാബ്‌ലെറ്റുകള്‍, വീഡിയോ ക്യാമറകള്‍ എന്നിവയുടെ ഉപയോഗം കുട്ടികള്‍ മാര്‍പാപ്പയ്ക്ക് കാണിച്ചുകൊടുത്തു.

സ്‌പെയ്‌നില്‍ നിന്നുള്ള അലീഷ്യ എന്ന കുട്ടി മാര്‍പാപ്പയ്‌ക്കൊപ്പം കമ്പ്യൂട്ടറില്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ക്കൊരു സത്യം അറിയണോ? എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ല. എന്തൊരു നാണക്കേട്!’ എന്ന്.