ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ തുടങ്ങി

Chengannur-Convention

ചെങ്ങന്നൂര്‍: സഹജീവികളെ സ്‌നേഹിച്ച് ദൈവസ്‌നേഹം മടക്കി നല്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷിക്കുന്ന ദൈവ സ്‌നേഹം തിരിച്ചറിയാനും ദൈവത്തെ സ്‌നേഹിക്കാനുമുള്ള ഒരു മനസ്സ് നമുക്കുണ്ടാകണം അദ്ദേഹം പറഞ്ഞു.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ.നൈനാന്‍ വി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറായി നിയമിതനായ രാജന്‍ ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു. പ്രീതി ഏബ്രഹാം ഇലഞ്ഞിക്കല്‍ വചന ശുശ്രൂഷയ്ക്കും ഫാ. തോമസ് പി.നൈനാന്‍ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്കി.
നേരത്തെ ബഥേല്‍ അരമന പള്ളിയില്‍നിന്ന് കണ്‍വെന്‍ഷന്‍ നഗറിലേക്ക് സുവിശേഷ റാലി നടന്നു. ഫാ. പി.കെ.കോശി, ഫാ. ബിജു ടി.മാത്യു, ഫാ. മത്തായി കുന്നില്‍, ഫാ. വൈ.തോമസ്, ഫാ. ബിനു തോമസ്, ഫാ. വിമല്‍ മാമന്‍ ചെറിയാന്‍, ഫാ. സി.കെ.ഗീവറുഗീസ്, ഫാ. ഫിലിപ്പ് ജേക്കബ്, ജി പട്ടരുമഠം, വത്സമ്മ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. കണ്‍വെന്‍ഷന്‍ നാലിന് സമാപിക്കും.