വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതം നയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽനിന്നും ‘ചില മദമിളകിയ അച്ചന്മാർ’ എന്ന പ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ്അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ വ്യക്തമായി കേൾക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയിൽകിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേ എന്നാണ് തന്റെ പ്രാർഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയിൽപ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗൾഫുകാരന്റെ ഭാര്യക്ക് നിരന്തരം ശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്തകാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയുടെ ബേസ്‌മെന്റിൽ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ‘ എന്താ ഈ കേൾക്കുന്നത്, ഈ കഥകൾ വിശ്വസിക്കാമോ, ഞങ്ങൾശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയി. വല്ലാതെ ഉലച്ചു കളഞ്ഞു.. തോമസിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെവിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെ ആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരംഒരു വലിയ കൂട്ടം നിഷ്കളങ്കരായ സാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉൾകൊള്ളാൻശ്രമിക്കുന്നത്. പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറുന്നു എന്നത് സമുന്നതകോടതിയുടെ ഭാഷയാണ്. എന്നാൽ ആദരിക്കപ്പെടേണ്ട വിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതർ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതിൽഅസഹിഷ്‌ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തിൽ എല്ലാ നിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകൾഅക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ് അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോ ആയഅഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവിൽ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായലോലഹൃദയരെ, ഭീതിയും പ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാര കേന്ദ്രങ്ങളിലും കാണാനാവും. എന്നാൽ തെറ്റുകൾ ചൂണ്ടികാണിച്ചു ദിശാബോധം നൽകേണ്ട പ്രകാശ ഗോപുരങ്ങൾ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത്കാണേണ്ടി വരുന്നു. വിധിയുടെ ബലിമൃഗങ്ങൾ പലതരം സഭയുടെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാൻ ജോസിനെയും എന്നെയുമാണ്നിയോഗിച്ചിരുന്നത്. ആശ്രമത്തിലാണ് വൈദികൻ താമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തിൽ പുറത്തേക്കു വരുന്നു, ബാ നമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല. അയാളുടെ ഒരു വൃത്തികെട്ട നോട്ടം, അടിമുടിഅയാൾ കൊതിയോടെ തന്നെ നോക്കുകയായിരുന്നു’, തിരികെ യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളർത്തിക്കളഞ്ഞു ആവൈദീകൻറെ നോട്ടം. ആ വൈദീകൻ ഒരു ബോയിസ് റെസിഡൻസ് സ്കൂളിന്റെ വാർഡൻ ആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാൻസ്ഥാനാർഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആ വൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തിൽ മരണപ്പെട്ട ജോസിനെഓർക്കുമ്പോൾ, ആശ്രമത്തിൽ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖം ഒരിക്കലും മറക്കാനാവില്ല. കുറച്ചുനാൾ മുൻപ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂർ ഉള്ള ഒരു സഭാ കേന്ദ്രത്തിൽ പോയി. ഉന്നതനായ ഒരുവൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരു മീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകൻ കൈ പിടിച്ചു കുലുക്കി, കൈവിടുന്നില്ല, പിന്നെ ചൂണ്ടു വിരൽ കൊണ്ട് കൈയ്യിൽ തടവാൻ തുടങ്ങി, ഒരുവിധം അവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന്പറയുമ്പോൾ അൽപ്പം തൊലി വെളുപ്പു ഉള്ള ആൺ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങൾ അറിയാതെ പോകുന്നു. പുരോഹിതന്മാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ആണുങ്ങൾ നേരിടുന്ന ഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികൾ എവിടെയുംരേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചു തള്ളുന്നതിനു മുൻപേ, നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. ദിശാബോധം നക്ഷപെട്ട ചില വൈദികർ വിളിക്കു യോഗ്യമായതു പ്രവർത്തിക്കാതെ വിനോദയാത്രകൾ, വിശുദ്ധനാട് സന്ദർശനം,ട്രാവൽ ഏജൻസി, ഭൂമി ഇടപാടുകൾ, കൊയർപരിപാടികൾ, റിയൽ എസ്റ്റേറ്റ്, ഉണർവ് കൺവൻഷനുകൾ, ധ്യാനം, കൗൺസിലിംഗ് തുടങ്ങി നിരവധി ഉടായിപ്പു പ്രസ്ഥാനങ്ങളുമായിഊരു ചുറ്റുന്നവർ വർധിച്ചു വരുന്നു. വിശുദ്ധകുർബാന കൃത്യവും യുക്തവും ആയി നടത്തണം എന്ന് കർക്കശമുള്ള ഒരു വൈദികൻ ഒരുഞായറാഴ്ച പതിനേഴു മിനിട്ടു താമസിച്ചാണ് പ്രഭാത പ്രാർഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്കേണ്ടവരും കാര്യങ്ങളും എല്ലാംക്രമീകരിച്ചിരുന്നെങ്കിലും, പ്രാർഥന തുടങ്ങാൻ താമസിച്ചതിന്റെ കാരണം ശിശ്രൂകർക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ടതിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തിൽ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാർഥനകൾ ആരംഭിച്ചത്. വലിയ നോമ്പിലെധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയിൽ വിവാഹിതയായ സ്‌ത്രീ കൂസലില്ലാതെ കയറുകയും വിളക്ക്അണയുകയും ചെയ്യുന്നത് കണ്ടതായി ഒരാൾ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ വച്ചിരിക്കുന്നു. എന്നെങ്കിലുംദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടൻ അവധിയിൽ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന്കുർബാന അർപ്പിക്കുന്നവരെയും ചിലർക്കറിയാം. ഏതോ പാശ്ചാത്യ സെമിനാരിയിൽ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണം കൊടുത്തു നേടുന്ന ഡോക്ടറേറ്റ്ബിരുദവുമായി സെമിനാരിയിൽ ആദ്ധ്യാപകരായി എത്തുന്ന ഉഡാപ്പി ജാഡ-പണ്ഡിതർക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനംനല്കാൻ പറ്റില്ല. നവാഗതർക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളിൽ എന്ന് കേൾക്കുന്നു. അലമ്പ് കണ്ടുവിശുദ്ധ കുർബാന നിർവഹിക്കാൻ എത്തിയ ഒരു മെത്രാൻ സഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരിപ്രിൻസിപ്പലിന്റെ മുറി അടിച്ചു പൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലന കേന്ദ്രങ്ങൾമാറിപ്പോയെങ്കിൽ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടിരാജിവപ്പിക്കാനും ചിലർ തയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികൾക്ക് അറിയില്ല. പാവങ്ങൾ ഓരോവർഷവും കനത്ത സംഭാവനകൾ നൽകി ഇവ നിലനിർത്തുന്നു. വിശുദ്ധ ആരാധനയിൽ സംബന്ധിക്കുമ്പോൾ ധരിക്കേണ്ട തിരു വസ്ത്രങ്ങൾ അവ അയോഗ്യമായ ഒരു സ്പർശ്ശനം പോലും ഏൽക്കാത്തഉടയാടകളാണ്. എന്നാൽ കാൻഛീപുരം പട്ടു സാരി പൊതിഞ്ഞപോലെ വിവിധ വർണങ്ങളിൽ മിനുക്കുകൾ പിടിപ്പിച്ചു തങ്ങൾ ഏതോദൈവീക ദൂതന്മാരാണെന്നു കാണിക്കുവാൻ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊൾ തല കുനിഞ്ഞു പോകും അല്ലാതെ അവർ എറിഞ്ഞുതരുന്ന സമാധാന ശരങ്ങൾ സ്വീകരിക്കാനല്ല കുനിയേണ്ടി വരുന്നത്. പെരുനാളുകൾക്കു ശേഷം പട്ടിൽ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായിവടിയും മുടിയും പിടിച്ചു നിൽക്കുന്ന ഈ കൂട്ടരെ കണ്ടാൽ വെഞ്ചാമരവും വെങ്കുറ്റകുടയൂം ചൂടിനിൽക്കുന്ന തൃശൂർ പൂരം പോലുംതോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാൻ കടുത്ത കറുപ്പും തീപിടിച്ച ചുവപ്പും സ്വർണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നുപോകുന്ന ഇവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവ പുത്രൻ പോലും കുരിശിൽ തൂങ്ങാൻ വെമ്പൽ കൊള്ളും. സേവനത്തിനും ശിശ്രൂകൾക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടു ഉദ്ദേശിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ്ഇടക്കെട്ടിൽ തിരുകിയ തൂവല എങ്കിൽ തെറ്റി. സാധാരണക്കാർ കഴിക്കാൻ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയ പാത്രത്തിൽതരുണീമണികൾ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടും സ്നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷൻവൈദികരുടെ മുഖത്തു ക്രൂരതയാണ് എപ്പോഴും നിഴലിച്ചു നിൽക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കർമ്മത്തിനുമദ്ധ്യത്തിൽ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്ന വാചക കസർത്തുകൾ കുറിവച്ചതുംഉഗ്രവിഷമുള്ള ബാണങ്ങളുമായി മാറുമ്പോൾ ജനം എങ്ങനെ കണ്ണടച്ച് സഹിക്കും?. ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാർ വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പിൽ കോളേജ് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുന്നു, മലർപ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്ലാറ്റ് കച്ചവടം തുടങ്ങിനിരവധി ഉഡായിപ്പുകൾ. അമേരിക്കയിൽ വർഷത്തിന്റെ കൂടുതൽ മാസങ്ങളും കഴിച്ചു കൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെവിളിച്ചപ്പോൾ, പകൽ വീട്ടിൽ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റർനെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാർബെക്യുപാർട്ടിയിൽ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാൻ ഒരു സുഹൃത്ത് പറഞ്ഞു, ജീൻസും ടീഷർട്ടും ഇട്ടു നിൽക്കുന്ന ആരൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേ മുഖം!. നിങ്ങൾ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാൽ മതി, ഏതു പാതിരാത്രിയിലും കടന്നു വരാൻ അനുവദിക്കുന്ന വാതിലുകൾ തുറന്നിട്ടദിവ്യരായ ചില വന്ദ്യ പിതാക്കന്മാരുടെ സ്നേഹസ്മരണകളിൽ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളുംഅറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെൻ പിതാക്കന്മാർക്കു അപ്പോയ്ന്റ്മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ തന്നെ കൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചിൽ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങൾ. സന്ധ്യക്കുശേഷം ആളുകളെ കാണാൻ മടിക്കുന്നതിന്റെ കാരണം ചിലർക്കെങ്കിലും അറിയാം, ഒക്കെ സഭയോടുള്ള സ്നേഹത്തിൽസഹിക്കുന്നു. ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട് കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാൻ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂ എന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത്തിരുമേനിയെക്കുറിച്ചാണ് അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാൻ അവിടെ വെറുതെയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്കനായി. യാതൊരു ഫോർമൽപ്രാർഥന കൂടാതെ, പറ എന്താണ് കുറ്റങ്ങൾ? അത് തിരുമേനി ..ചിലകാര്യങ്ങൾ ..ഓക്കേ , നമുക്ക് അടുത്ത മുറിയിൽ പോയി സംസാരിക്കാംഎന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരൻ പണം ചിലപ്രത്യേക പ്രോജെക്റ്റുകളിൽ ഇൻവെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആർക്കും ചോദിക്കാനുള്ളഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്ത സംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാസംശയങ്ങൾക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വർഷങ്ങൾ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുംഒരേ മറുപടി – ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല… ഒക്കെ ഇങ്ങനെ ഉരുണ്ടു പോകും. വൈദികർ പിഴച്ചാലോ മെത്രാൻ പിഴച്ചാലോ, ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത തമോഗർത്തം !!! മനുഷ്യപുത്രൻ സദാചാരപ്പോലീസുകളെ വിലക്കി ‘നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ ‘ എന്ന് പറഞ്ഞു പാപികളെ നേടാൻശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകൾ എന്ന് കടുത്ത ഭാഷയിൽ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കിഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികൾ പൂവൻകോഴിയെ തലയിൽ വച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യംതിരിച്ചറിയണം. അതെപ്പോഴാ തലയിൽ കാഷ്ഠിച്ചു വയ്‌ക്കുന്നതെന്നറിയില്ല ഇതുവരെ സഭയുടെ അകത്തളങ്ങളിൽ ഇത്തരംഅഭിപ്രായങ്ങൾ പിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ന് നാടുമുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടിവന്ന ജീർണതയാണ്. സഭയിലെഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികൾ എന്ന് തിരിച്ചറിയാനുള്ള ആത്മാർഥത ഉണ്ടായാൽ തിരുത്തലുകൾഉണ്ടാവും, എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സേവനോൽസുകാരായി , നിരാഹങ്കാരികളായി , സ്വകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ഒരു വൈദീകനിര ഉറപ്പാക്കണം. ഒരുവൻ ചെയ്യുന്നകർമ്മത്തിന്റെ ഫലം പരക്കെയുള്ള മഹാജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരിൽ നിന്നും സഭക്ക് മോചനംനേടണമെങ്കിൽ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും. Varghese Korason 516-398-5989 (ലേഖനത്തിലെ നിലപാടുകള്‍ ലേഖകന്‍റേത് മാത്രം. – എഡിറ്റര്‍)