Manorama Daily, 19-7-2018
മലങ്കര സഭാപ്രശ്നം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സർക്കാർ
കൊച്ചി∙ മലങ്കര സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയനുസരിച്ചു പ്രവർത്തിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്. അതേസമയം, പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭാവിഭാഗത്തിന്റെ പ്രവേശനം സംബന്ധിച്ച പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാവകാശം അനുവദിക്കണമെന്ന് ആഭ്യന്തര അഡീ. സെക്രട്ടറി സിംജി ജോസഫിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
യാക്കോബായ സഭാംഗങ്ങളുടെ തടസ്സമില്ലാതെ പിറവം പള്ളിയിൽ ആരാധനയ്ക്കു പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. സമാധാന പാലനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് മേയ് 15നു മുഖ്യമന്ത്രി കത്തെഴുതിയിരുന്നതായി സർക്കാർ അറിയിച്ചു. കേരള സന്ദർശനവേളയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. ഈ വരുന്ന 26ന് ഈജിപ്തിൽ ഇരുസഭാധ്യക്ഷന്മാരുടെയും യോഗം വച്ചിട്ടുണ്ട്. പാത്രിയർക്കീസ് ബാവായുടെ ശ്രമങ്ങൾ ഫലം കാണുമെന്നു പ്രതീക്ഷയർപ്പിച്ച് ജൂൺ 20നു മുഖ്യമന്ത്രി കത്തയച്ചിരുന്നു.
യാക്കോബായ സഭാംഗങ്ങളായ 2500 കുടുംബങ്ങളും ഓർത്തഡോക്സ് സഭയിൽപ്പെട്ട 200 കുടുംബങ്ങളും ഇടവകയിലുണ്ട്. സുപ്രീംകോടതി വിധിക്കുശേഷം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങൾ പലതവണ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമായി. പലതവണ ചർച്ചകൾ നടത്തി. ജൂൺ 11നു നിയമസഭയിൽ പ്രശ്നം ഉന്നയിക്കപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. സഭാ മേധാവികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അക്രമം ഉണ്ടാകരുതെന്ന അഭിപ്രായമാണ് അവർക്കുള്ളതെന്നും സമാധാനപരമായ പരിഹാരത്തിനു സർക്കാർ ശ്രമിക്കുമെന്നും അറിയിച്ചു.
പിറവം പള്ളിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതു മറ്റു പള്ളികളിലും നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാകുമെന്ന ആശങ്ക യാക്കോബായ സഭാംഗങ്ങൾക്കുണ്ട്. അതിനാൽ ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നപക്ഷം പ്രശ്ന സാധ്യതയുണ്ട്. പിറവത്തു പ്രശ്നമുണ്ടായാൽ സംസ്ഥാനമൊട്ടാകെ പ്രത്യേകിച്ച് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മലങ്കരസഭാ പള്ളികളിൽ പ്രശ്നങ്ങളുണ്ടാകും. പള്ളികൾക്കും സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ടി വരും.
ക്രമസമാധാന പാലനവും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണവും സർക്കാരിന്റെ കർത്തവ്യമാണ്. ഓണക്കാലം അടുത്തതിനാൽ ക്രമസമാധാന പാലനവും ഗതാഗത നിയന്ത്രണവും വ്യാജമദ്യം തടയലും ഉൾപ്പെടെ പൊലീസിനു കനത്ത ജോലിഭാരമുണ്ട്. സഭാതർക്കം സംഘർഷത്തിലെത്തിയാൽ പൊലീസിനും സർക്കാരിനും താങ്ങാനാവാത്ത ഭാരമാകും. പാത്രിയർക്കീസ് ബാവാ തന്നെ രമ്യമായ പരിഹാരമുണ്ടാക്കാൻ ഇടപെടുന്ന സ്ഥിതിക്ക് ഒത്തുതീർപ്പു സാധ്യത ആരായണം. പ്രശ്നത്തിന്റെ വൈകാരിക സ്വഭാവം മാനിച്ച്, സമയബന്ധിത നിർദേശങ്ങൾക്കു മുതിരാതെ പൊലീസ് നടപടിക്കു സാവകാശം അനുവദിക്കണമെന്നും വിശദീകരിച്ചു.
കോടതി വിധി അട്ടിമറിക്കാൻ നീക്കം: ഓർത്തഡോക്സ് സഭ
കോട്ടയം ∙ സുപ്രീംകോടതിയുടെ വിധി പിറവം സെന്റ് മേരീസ് പള്ളിയിൽ നടപ്പാക്കുന്നതിനു പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭയിലെ വികാരിയും ഭാരവാഹികളും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സംബന്ധിച്ച് ആഭ്യന്തരവകുപ്പു നൽകിയിരുന്ന സത്യവാങ്മൂലം പൊലീസിനു പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതാണെന്നു സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. എന്നാൽ, സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളെക്കുറിച്ചു പരാമർശിക്കുന്ന ഭാഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ്. സമാധാന സ്ഥാപനത്തിനുള്ള ആദ്യനടപടി നീതിന്യായവ്യവസ്ഥയെ ആദരിക്കുകയും സുപ്രീം കോടതിയുടെ വിധിയും 1934ലെ സഭാഭരണഘടനയും അംഗീകരിക്കുകയും ചെയ്തുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡ്വക്കറ്റ് ജനറലിന്റേതായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന രേഖയിലെ പരാമർശങ്ങൾ പലതും വാസ്തവ വിരുദ്ധമാണ്. പരിശുദ്ധ പാത്രിയർക്കീസ് ബാവായും പരിശുദ്ധ കാതോലിക്കാ ബാവായും ഈജിപ്തിൽ കൂടിക്കാഴ്ച നടത്തുന്നു എന്ന വാർത്ത അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. സമാധാനചർച്ചയ്ക്കുളള നീക്കങ്ങൾ ഉണ്ട് എന്ന വ്യാജേന കോടതി വിധി നടപ്പാക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുവാനുള്ള നീക്കം സംശയാസ്പദമാണെന്ന് അസോസിയേഷൻ സെക്രട്ടറി ആരോപിച്ചു.