പൌലൂസ് മാര്‍ അത്താനാസ്യോസ് (1833–1907):
വടക്കന്‍പറവൂര്‍ കടവില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെ മകന്‍. 1833 വൃശ്ചികം 19 ന് ജനനം. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് 1846 കുംഭം 10 ന് ശെമ്മാശുപട്ടവും യൂയാക്കീം മാര്‍ കൂറിലോസ് 1854 മകരം 6 ന് കശ്ശീശാപട്ടവും നല്‍കി. കോട്ടയം പഴയസെമിനാരിയില്‍ മല്‌പാന്‍. 1876 ഡിസം. 3 ന് വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച് പത്രോസ് കകക പാത്രിയര്‍ക്കീസ് മെത്രാപ്പോലീത്താ ആയി വാഴിച്ച് കോട്ടയത്തിന്റെ ചുമതല നല്‌കി. 1891 മാര്‍ച്ച് മുതല്‍ അങ്കമാലിയുടെ ചുമതലയും ലഭിച്ചു. 1907–ല്‍ ആലുവാ തൃക്കുന്നത്ത് സെമിനാരി സ്ഥാപിച്ചു. ഗീവറുഗീസ് ക കാതോലിക്കാ, ഗീവറുഗീസ് കക കാതോലിക്കാ, ഔഗേന്‍ ക കാതോലിക്കാ, പാമ്പാടി മാര്‍ ഗ്രീഗോറിയോസ്, പാറേട്ട് മാര്‍ ഈവാനിയോസ് എന്നിവര്‍ക്ക് കശ്ശീശാപട്ടം നല്‌കി. മക്കാബിയര്‍, രൂത്ത്, തൂബിത്ത്, മസുമൂര്‍ എന്നീ വേദപുസ്‌തക ഭാഗങ്ങള്‍ സുറിയാനിയില്‍ നിന്ന് വിവര്‍ത്തനം ചെയ്‌തു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് കക മലങ്കര മെത്രാപ്പോലീത്തായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിക്കമ്മറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നു. 1907 നവം. 2 ന് അന്തരിച്ചു. ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങി. കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ) ഇദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്നു.
അത്താനാസ്യോസ്, തോമസ് മാര്‍: പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കെ. ടി. തോമസിന്റെയും ഏലിയാമ്മയുടെയും മകന്‍. ജനനം 3–4–1939. 1970–ല്‍ ഔഗേന്‍ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേല്‍ മാര്‍ പീലക്‌സീനോസ് കശ്ശീശാപട്ടവും നല്‍കി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളില്‍ വികാരി. ഒരു ഡസനോളം പള്ളികള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു. 1983 മെയ് 14 ന് പരുമലയില്‍ വച്ച് മാത്യൂസ് മാര്‍ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലില്‍ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി. 1985 ആഗസ്റ്റ് 25 ന് മെത്രാപ്പോലീത്താ ആക്കി. 1985 ആഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്റെ ചുമതല നല്‌കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്‌തു.
അത്താനാസ്യോസ്, ഡോ. തോമസ് മാര്‍: വിഘടിതസഭയില്‍ പൌലൂസ് മാര്‍ പീലക്‌സിനോസ് വൈദികപട്ടവും സാക്കാ ക പാത്രിയര്‍ക്കീസ് മേല്‌പട്ടവും നല്‍കി. 1995 –ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നു കാതോലിക്കേറ്റില്‍ ചേര്‍ന്നു. കാതോലിക്കാ മാത്യൂസ് കക കണ്ടനാടിന്റെ മെത്രാപ്പോലീത്താ ആയി നിയമിച്ചു. മുവാറ്റുപുഴ ബിഷപ്പ്‌സ് ഹൌസ് ആസ്ഥാനമാക്കി കണ്ടനാട് ഈസ്റ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നു. ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും. ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കണ്ടനാട് ഡയോസിഷന്‍ ബുള്ളറ്റിനിലെ മെത്രാപ്പോലീത്തായുടെ കത്ത് എന്ന പംക്തി ശ്രദ്ധേയം.
അത്താനാസ്യോസ്, പൌലൂസ് മാര്‍ (1869–1953): അയ്യമ്പിള്ളി തെക്കേക്കര കുറ്റിക്കാട്ടില്‍ മത്തായി – അന്ന ദമ്പതിമാരുടെ മകന്‍. ജനനം 23–1–1869. അമ്പാട്ട് കൂറിലോസ് 1879 ഏപ്രില്‍ 21 ന് കോറൂയോസ്ഥാനവും ചാത്തുരുത്തി മാര്‍ ഗ്രീഗോറിയോസ് 1898 നവം. 25 ന് കശ്ശീശാസ്ഥാനവും നവം. 28 ന് റമ്പാന്‍ സ്ഥാനവും നല്‍കി. കോട്ടയം എം. ഡി. സെമിനാരിയില്‍ മല്‌പാനായിരുന്നു. 1910 ജൂണ്‍ 9 ന് അകപ്പറമ്പില്‍ വച്ച് അബ്‌ദുള്ളാ കക പാത്രിയര്‍ക്കീസ് മേല്‌പട്ടക്കാരനായി വാഴിച്ചു. ആലുവ സെമിനാരിയുടെ ചുമതലയേറ്റു. അങ്കമാലി, കണ്ടനാട്, കോട്ടയം, നിരണം, തുമ്പമണ്‍, കൊല്ലം, കൊച്ചി എന്നിങ്ങനെയുള്ള മെത്രാസനങ്ങളിലെ പാത്രിയര്‍ക്കീസ് വിഭാഗം പള്ളികളുടെ ചുമതല വഹിച്ചു. ആലുവായിലെ വലിയ തിരുമേനി എന്നറിയപ്പെടുന്നു. അന്ധമായ പാത്രിയര്‍ക്കാഭക്തി പുലര്‍ത്തിയ അദ്ദേഹത്തെ ആ ഭാഗക്കാര്‍ വിശ്വാസസംരക്ഷകന്‍ എന്ന് വിശേഷിപ്പിക്കുന്നു. അന്ത്യകാലങ്ങളില്‍ കാഴ്‌ച നഷ്‌ടപ്പെട്ടു. പിന്‍ഗാമിയായി വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസിനെ ചുമതലയേല്‌പിച്ച് 1958 ജനു. 25 ന് അദ്ദേഹം അന്തരിച്ചു. ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ കബറടക്കപ്പെട്ടു.
അത്താനാസ്യോസ്, യൂഹാനോന്‍ മാര്‍ (1928–1980): കോട്ടയം ചക്കാലപ്പറമ്പില്‍ വടക്കേപ്പറമ്പില്‍ വര്‍ക്കി – അന്നമ്മ ദമ്പതികളുടെ മകന്‍. ജനനം 21–3–1928. ബിരുദാനന്തരം ഇംഗ്ലണ്ടില്‍ വച്ച് വേദശാസ്‌ത്രത്തില്‍ ഉപരിപഠനം. കോളജധ്യാപകജോലി രാജിവച്ച് ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. 1956 ജൂണ്‍ 14 ന് മാത്യൂസ് മാര്‍ അത്താനാസ്യോസ് കശ്ശീശാ പട്ടം നല്‍കി. ബഥനി സുപ്പീരിയര്‍ ആയി. 1978 മേയ് 15 ന് പഴഞ്ഞി പള്ളിയങ്കണത്തില്‍ വച്ച് മാത്യൂസ് ക കാതോലിക്കാ മേല്‌പട്ടം നല്‍കി. കോട്ടയത്തിന്റെ സഹായ മെത്രാനായി നിയമിച്ചു. ബഥനിയുടെ വിസിറ്റര്‍ ബിഷപ്പ് ആയിരുന്നു. 1980 ഒക്‌ടോബര്‍ 12 ന് നിര്യാതനായി. റാന്നി – പെരുനാട് ബഥനി ആശ്രമം ചാപ്പലില്‍ കബറടക്കി.
അന്തോണിയോസ്, സഖറിയാ മാര്‍: പുനലൂര്‍ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്റെ മകന്‍. ജനനം 19–7–1946. ബി. എ., ജി. എസ്. റ്റി., ബി. ഡി. ബിരുദങ്ങളെടുത്തു വൈദികനായി. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശാ പള്ളികളില്‍ പ്രവര്‍ത്തിച്ചു. കൊല്ലം അരമനയുടെ മാനേജര്‍. 1991 ഏപ്രില്‍ 30 ന് പരുമലയില്‍ വച്ച് മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ, എപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി. കൊച്ചി ഭദ്രാസനത്തിന്റെ ചുമതല നല്‌കി. സ്ലീബാദാസ സമൂഹം, മര്‍ത്ത മറിയം വനിതാസമാജം, യൂഹാനോന്‍ മാര്‍ സേവേറിയോസ് ഫൌണ്ടേഷന്‍ എന്നിവയുടെ അധ്യക്ഷനായി സേവനം ചെയ്‌തു.
അലക്‌സ് കുരമ്പില്‍ കോറെപ്പിസ്‌കോപ്പാ: കടമ്പനാട് കുരമ്പില്‍ കെ. ഒ. തോമസിന്റെ പുത്രന്‍. എം. എ., ജി. എസ്. ടി. പാസ്സായി. ചായലോട് സെന്റ് ജോര്‍ജ്ജ് മൌണ്ട് ആശ്രമാംഗം. 23–6–1962 ല്‍ കശ്ശീശ്ശാ; 26–11–1987 ല്‍ കോര്‍എപ്പിസ്‌കോപ്പാ. കാണ്‍പൂര്‍, അലഹബാദ്, ലക്‌നോ, ഡല്‍ഹി, തുടങ്ങിയ പള്ളികളില്‍ സേവനം ചെയ്‌തു. അടൂര്‍ സെന്റ് സിറിള്‍സ് കോളജ് പ്രിന്‍സിപ്പല്‍, ആശ്രമം സുപ്പീരിയര്‍, മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അബ്രഹാം മല്‌പാന്‍, കോനാട്ട് (1908–1987): പാമ്പാക്കുട കോനാട്ട് മലങ്കര മല്‌പാനും വൈദികട്രസ്റ്റിയുമായിരുന്ന മാത്തന്‍ കോറെപ്പിസ്‌കോപ്പായുടെ പുത്രന്‍. 1908 മാര്‍ച്ച് 30 ന് ജനിച്ചു. ഔഗേന്‍ മാര്‍ തീമോത്തിയോസിന്റെ പ്രഗത്ഭ ശിഷ്യന്‍. 1930–ല്‍ ഗുരുവില്‍ നിന്ന് കശ്ശീശാസ്ഥാനം സ്വീകരിച്ചു. പാമ്പാക്കുട വലിയപള്ളി വികാരി. മലങ്കരമല്‌പാന്‍ ബഹുമതി ലഭിച്ചു. ശരിയായ ഹൂദായ കാനോന്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. വൈദികട്രസ്റ്റിയായി. സ്വന്തം ഉടമസ്ഥതയിലുള്ള മാര്‍ യൂലിയോസ് പ്രസ്സില്‍നിന്ന് സുറിയാനിയിലും മലയാളത്തിലുമുള്ള ആരാധനാഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കുര്‍ബ്ബാനതക്‌സ, ആണ്ടുതക്‌സാ, കൂദാശക്രമങ്ങള്‍, ശ്‌ഹീമ നമസ്‌കാരം (പദ്യം), നോമ്പിലെ നമസ്‌കാരം (പദ്യം), കന്തീലാക്രമം, കഹനൈത്താക്രമം മുതലായവ വിവര്‍ത്തനം ചെയ്‌തു. പിതാവിന്റെ പുതിയനിയമവിവര്‍ത്തനം പ്രസിദ്ധീകരിച്ചു. വി. സുവിശേഷങ്ങളുടെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചു. സുറിയാനി പെങ്കീസാ നമസ്‌കാരം മൂന്ന് ബൃഹത് വാല്യങ്ങളായി എഡിറ്റ് ചെയ്‌ത് ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ദീര്‍ഘകാലം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. മാര്‍ത്തോമ്മായുടെ സിംഹാസനം, പൌരോഹിത്യം എന്നിവയെ പാത്രിയര്‍ക്കീസ് ചോദ്യം ചെയ്‌ത് നിഷേധിച്ചപ്പോള്‍ അതിനെതിരെ പുസ്‌തകം രചിച്ചും ലേഖനങ്ങള്‍ എഴുതിയും പ്രഭാഷണങ്ങള്‍ നടത്തിയും വിശ്വാസികളെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തി സത്യത്തില്‍ ഉറപ്പിച്ചു.
അബ്രഹാം മല്‌പാന്‍, റ്റി. ജി.: മുളന്തുരുത്തി കാട്ടുമങ്ങാട്ട് ത്‌ളാക്കുളം കുടുംബത്തില്‍ 1916 ഡിസംബര്‍ 18–ന് ജനിച്ചു. 1930–ല്‍ അന്തോണിയോസ് ദയറായില്‍ അംഗമായി. മദ്രാസ് ക്രിസ്‌ത്യന്‍ കോളജില്‍ പഠിച്ചു. ഓമല്ലൂര്‍ ദയറായില്‍ വൈദികപഠനം. 16–7–1941 ല്‍ മഞ്ഞനിക്കര ദയറായില്‍ വച്ച് മാര്‍ ഏലിയാസ് യൂലിയോസ് കശ്ശീശാപട്ടം നല്‍കി. മദ്രാസ്, വെപ്പറി, പിറമാടം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗലാപുരം, ബ്രഹ്മവാര്‍, പാറത്തോട്, പൊന്‍കുന്നം, പെരുവ, തുമ്പമണ്‍, തിരുവനന്തപുരം പള്ളികളില്‍ വികാരിയായും മഞ്ഞനിക്കര ദയറാ മാനേജര്‍ ആയും പ്രവര്‍ത്തിച്ചു. 1964–ല്‍ വന്ന യാക്കൂബ് കകക പാത്രിയര്‍ക്കീസിന്റെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കോട്ടയം വൈദികസെമിനാരിയില്‍ മല്‌പാനായി സേവനം ചെയ്‌തു.
അര്‍ക്കദിയാക്കോന്‍, ഗീവറുഗ്ഗീസ്: മലങ്കരയില്‍ 16–ാം നൂറ്റാണ്ടില്‍ ഭരണം നടത്തിയ മാര്‍ അബ്രഹാമിന്റെ കാലത്ത് ഇദ്ദേഹമായിരുന്നു അര്‍ക്കദിയാക്കോന്‍. ആര്‍ച്ച്‌ബിഷപ്പ് മെനേസ്സിന് 1599–ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടിയതില്‍ ഇദ്ദേഹം പങ്കെടുക്കുവാനും കാനോനാകളില്‍ ഒപ്പിടുവാനും നിര്‍ബദ്ധനായി.
അര്‍ക്കദിയാക്കോന്‍, തോമ്മാ: ഇദ്ദേഹം അര്‍ക്കദിയാക്കോന്‍ ഗീവര്‍ഗ്ഗീസിന് ശേഷം ആ പദവി വഹിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് ഭഅഹത്തള്ളാ സംഭവം’ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് മട്ടാഞ്ചേരി കല്‍ക്കുരിശില്‍ ആലാത്തു കയറില്‍ പിടിച്ച് റോമ്മിനെ പരിത്യജിക്കുന്ന കൂനന്‍കുരിശു സത്യത്തിന് ഇദ്ദേഹം നേതൃത്വം നല്‍കി. പിന്നീട് 1653–ല്‍ത്തന്നെ ആലങ്ങാട്ട് വച്ച് ഇദ്ദേഹത്തെ അലക്‌സാന്ത്രിയന്‍ പൂര്‍വ്വമാതൃകയില്‍ 12 വൈദികര്‍ ചേര്‍ന്ന് സഭയുടെ തീരുമാനപ്രകാരം കൈവച്ച് ഒന്നാം മാര്‍ത്തോമ്മാ എന്ന പേരില്‍ അഭിഷേകം ചെയ്‌തു. പകലോമറ്റം തറവാട്ടുകാരനായ ഇദ്ദേഹമാണ് മലങ്കരസഭാചരിത്രത്തിലെ മലയാളിയായ ആദ്യത്തെ മെത്രാന്‍.
അലക്‌സാണ്ടര്‍ വൈദ്യന്‍, ഫാ.: തേവലക്കര വാഴയില്‍ ഫാ. പി. കെ. മത്തായി വൈദ്യന്റെ മകന്‍. ജനനം 22–1–1955. 25–8–1978 ല്‍ വൈദികന്‍. കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം ലഭിച്ച ഇദ്ദേഹം തിരുവനന്തപുരം, നാലാഞ്ചിറ, പേരൂര്‍ക്കട, കുമാരപുരം തുടങ്ങിയ ഇടവകകളില്‍ വികാരി, ഭദ്രാസന ഓഫീസ് സിക്രട്ടറി, വൈദികയോഗം സെക്രട്ടറി, സഭാ മാനേജിംഗ് കമ്മറ്റിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
അലക്‌സാണ്ടര്‍ കെ. എം., ഫാ. (1925–1984): മാവേലിക്കര പുതിയകാവ് കെ. സി. മത്തായിയുടെ പുത്രന്‍. ജനനം 27–8–1925. കല്‍ക്കട്ടായില്‍ നിന്ന് ബി.ഡി. അമേരിക്കയില്‍ നിന്ന് എസ്.റ്റി.എം.. 15–5–1958 ന് വൈദികന്‍. കല്‍ക്കട്ട, താഴത്തങ്ങാടി, കാരാപ്പുഴ, മാന്നാര്‍, കുട്ടംപേരൂര്‍, വേങ്ങല്‍, തിരുവല്ല എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. വൈദികസെമിനാരിയില്‍ (കോട്ടയം) വൈസ് പ്രിന്‍സിപ്പല്‍, ധ്യാനപ്രസംഗകന്‍, മാനേജിംഗ് കമ്മറ്റിയംഗം. 18–11–1984 ല്‍ അന്തരിച്ചു.
അലക്‌സന്ത്രയോസ് മല്‌പാന്‍ (1865–1938): നിരണം മട്ടയ്ക്കല്‍ കുടുംബാംഗം. കോട്ടയം പഴയസെമിനാരിയില്‍ മാനേജര്‍. വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്‌തന്‍. കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍. സി. ജെ. കുര്യന്റെ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റു. കുര്‍ബ്ബാന തക്‌സായും പ്രുമിയോനുകളും തര്‍ജ്ജിമ ചെയ്‌തു. 1938 ആഗസ്റ്റ് 29–ന് നിര്യാതനായി. നിരണം വലിയപള്ളിയില്‍ കബറടക്കി.
ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍: 1653–ല്‍ ഒന്നാം മാര്‍ത്തോമ്മാ ആലങ്ങാട്ട് വച്ച് മെത്രാനായി വാഴിക്കപ്പെട്ടപ്പോള്‍ നിയമിക്കപ്പെട്ട നാലു വൈദിക ഉപദേഷ്‌ടാക്കളില്‍ ഏറ്റവും വിശ്വസ്‌തനായി നിന്ന ആള്‍. കല്ലിശ്ശേരിയില്‍ വെട്ടിക്കുന്നേല്‍ തറവാട്ടില്‍ ജനനം. ഉപദേഷ്‌ടാക്കളില്‍ മറ്റുള്ളവര്‍ കൂറുമാറി എങ്കിലും ഇദ്ദേഹം ത്യാഗബുദ്ധിയോടെ ഒന്നാം മാര്‍ത്തോമ്മായെ വിശ്വസ്‌തതയോടെ അനുഗമിച്ച് മൃത്യു വക്ത്രത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചു. കുശാഗ്രബുദ്ധിയായ ഇദ്ദേഹം മാര്‍ത്തോമ്മായോടൊപ്പം തടവിലാക്കപ്പെട്ടു എന്നും സന്ദര്‍ശകരായ രണ്ടു പേരുടെ വേഷം ധരിച്ച് രക്ഷപ്പെട്ടു എന്നും ചരിത്രം പറയുന്നു. പോര്‍ച്ചുഗീസുകാരുടെ റോമ്മന്‍ അധീശതന്ത്രങ്ങളെ ജീവിതകാലം മുഴുവന്‍ ചെറുത്തു. ഒന്നാം മാര്‍ത്തോമ്മായോടുകൂടി പോര്‍ത്തുഗീസുകാരുടെയും കത്തോലിക്കരുടേയും ഒറ്റപ്പെടുത്തല്‍, പരിഹാസം, വധഭീഷണി തുടങ്ങിയവയെ അതിജീവിച്ചു. കൂനന്‍കുരിശു സത്യം പാലിക്കുവാന്‍ ത്യാഗപരമ്പരകള്‍ അനുഭവിച്ചു. 1659 മേടം 27–ന് അന്തരിച്ച് കല്ലിശ്ശേരി പള്ളിയില്‍ സംസ്‌ക്കരിക്കപ്പെട്ട ഇദ്ദേഹം പൌലൂസിന്റെ ചരിത്രം എന്ന ഒരു പദ്യകൃതി രചിച്ചു. മാര്‍ഗ്ഗംകളിപ്പാട്ടുകള്‍ ഇദ്ദേഹം ക്രോഡീകരിക്കുകയോ രചിക്കുകയോ ചെയ്‌തിട്ടുണ്ട്.
ഇട്ടീരാ മല്‌പാന്‍, എം. റ്റി.: കോതമംഗലം ചെറിയപള്ളിയിലെ മാറാച്ചേരില്‍ കുടുംബാംഗം. കോനാട്ട് മാത്തന്‍ മല്‌പാന്‍ ഗുരു. കുറ്റിക്കാട്ടില്‍ പൌലൂസ് മാര്‍ അത്താനാസ്യോസില്‍ നിന്ന് കശ്ശീശാപട്ടം ഏറ്റു. പാമ്പാക്കുട വലിയപള്ളിയിലും കോതമംഗലം ചെറിയപള്ളിയിലും സേവനം. പാമ്പാക്കുടയിലും ആലുവാ സെമിനാരിയിലും മല്‌പാനായി പ്രവര്‍ത്തിച്ചു. ചേലാട്ട് കുളങ്ങാട്ടില്‍ അച്ചാമ്മയാണ് ബസ്‌ക്യാമ്മ. ഭപരിശുദ്ധാത്മാവും പട്ടത്വവും’ എന്ന പ്രാമാണികഗ്രന്ഥം രചിച്ചു. 1961 ഒക്‌ടോ. 10 ന് അന്തരിച്ചു. കോതമംഗലം ചെറിയപള്ളിയില്‍ കബറടക്കപ്പെട്ടു.
ഇട്ടൂപ്പ് കത്തനാര്‍, ചക്കരയകത്തൂട്ട്: പകലോമറ്റം കുടുംബവാഴ്‌ച നിലനിന്നുകാണുവാന്‍ അത്യധ്വാനം ചെയ്‌ത അങ്കമാലിയിലെ ഈ വൈദികനാണ് 7–ാം മാര്‍ത്തോമ്മാ അകാലനിര്യാണം പ്രാപിച്ചപ്പോള്‍ ദത്ത് മൂലം പകലോമറ്റം കുടുംബക്കാരനായി മേല്‍വിലാസം നേടിയ വൈദികനെ മരണശയ്യയ്ക്ക് സമീപം വിളിച്ചുവരുത്തി ശയ്യാവലംബിയായിരുന്ന ഏഴാം മാര്‍ത്തോമ്മായുടെ ചേതനയറ്റുകൊണ്ടിരുന്ന കൈ തലയില്‍ വച്ച് ഭകൈവെപ്പ്’ പ്രാപിച്ചു എന്ന് അവകാശപ്പെട്ട് എട്ടാം മാര്‍ത്തോമ്മായെ മെത്രാനാക്കാന്‍ നേതൃത്വം നല്‍കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അകാനോനികവും അനധികൃതവുമായ ഈ വാഴ്‌ച പകലോമറ്റം കുടുംബവാഴ്‌ചയുടെ അസ്‌തമയം ഉറപ്പുവരുത്തി.
ഈപ്പന്‍, ഫാ. ഡോ. സി. റ്റി: 1895 ഫെബ്രുവരി 25–ന് അടൂര്‍ നെല്ലിമൂട്ടില്‍ ചാവടിയില്‍ കുടുംബത്തില്‍ ജനിച്ചു. സെറാമ്പൂര്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വേദശാസ്‌ത്രജ്ഞന്‍. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും അദ്ദേഹം സ്ഥാനം സ്വീകരിച്ചില്ല. മാനേജിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി, ഇന്റര്‍ ചര്‍ച്ച് കമ്മറ്റി ഇവകളില്‍ അംഗം. വൈദികസെമിനാരി അദ്ധ്യാപകന്‍, ശാസ്‌താംകോട്ട റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ സ്ഥാപകന്‍, സ്റ്റാര്‍ ഓഫ് ദി ഈസ്റ്റിന്റെ സ്ഥാപകന്‍, ഇവാന്‍സ്റ്റണ്‍ അഖിലലോക സഭാകൌണ്‍സില്‍ അസംബ്ലിയില്‍ സഭാപ്രതിനിധി, രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ നിരീക്ഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം സംഭാവന ചെയ്‌ത സ്ഥലത്താണ് ശാസ്‌താംകോട്ട മാര്‍ തേവോദോസ്യോസ് മെമ്മോറിയല്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 1977 ഏപ്രില്‍ 1–ന് ദിവംഗതനായി.
ഈപ്പന്‍ പി. എം., ഫാ.: തിരുവനന്തപുരം പ്ലാവിനാല്‍ മത്തായിയുടെ പുത്രന്‍. 1929 ജനുവരി 16 ന് ജനിച്ചു. 28–11–1953 ല്‍ വൈദികനായി. തിരുവനന്തപുരം പള്ളിയില്‍ സുദീര്‍ഘകാലം വികാരിയായിരുന്നു. തിരുവനന്തപുരം പള്ളിക്ക് ചാപ്പലുകള്‍ ഉണ്ടായതും വിവാദവിഷയമായിത്തീര്‍ന്ന മാര്‍ ബസ്സേലിയോസ് സ്‌മാരക കെട്ടിടം പണിയിക്കാന്‍ നേതൃത്വം നല്‍കിയതും വിവാഹിതനായ ഇദ്ദേഹമാണ്. കൌണ്‍സിലംഗം, സമാജം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പട്ടം മരപ്പാലം ഗാര്‍ഡന്‍സിലുള്ള വസതിയില്‍ വിശ്രമജീവിതം നയിക്കുന്നു.
ഈപ്പന്‍, ഫാ. ഡോ. പി. സി.: കാതോലിക്കേറ്റ് ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായിരുന്ന വെണ്ണിക്കുളം പി. ഇ. ചെറിയാന്റെ സീമന്തപുത്രന്‍. ബസേലിയോസ് ഗീവറുഗീസ് രണ്ടാമന്‍ ബാവായുടെ സെക്രട്ടറി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, കോളജ് പ്രൊഫസര്‍, കോയമ്പത്തൂര്‍ പള്ളി വികാരി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു. 2006–ല്‍ നിര്യാതനായി.
ഈവാനിയോസ്, യൂയാക്കീം മാര്‍ (1858–1925): കണ്ടനാട്ട് കരോട്ടുവീട്ടില്‍ 1858–ല്‍ ജനിച്ചു. കോനാട്ട് മാര്‍ യൂലിയോസ് ആയിരുന്നു ഗുരു. മാര്‍ യൂലിയോസില്‍നിന്ന് ശെമ്മാശുപട്ടവും കശ്ശീശാപട്ടവും സ്വീകരിച്ചു. പഴയസെമിനാരിയിലും പരുമല സെമിനാരിയിലും ദീര്‍ഘകാലം താമസിച്ചു. യെരുശലേമില്‍ വച്ച് മാര്‍ അബ്‌ദുള്ളാ പാത്രിയര്‍ക്കീസ് റമ്പാന്‍ സ്ഥാനം നല്‍കി. 1913 മകരം 26 ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് അബ്‌ദല്‍ മശിഹാ പാത്രിയര്‍ക്കീസ് മാര്‍ ഈവാനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിച്ചു. തുമ്പമണ്‍, കണ്ടനാട് മെത്രാസനങ്ങളുടെ ചുമതല വഹിച്ചു. പരുമലയായിരുന്നു ആസ്ഥാനം. 1925 ജൂണ്‍ 6 ന് നിര്യാതനായി. പരുമല സെമിനാരിയില്‍ കബറടങ്ങി.
ഈവാനിയോസ്, പാറേട്ട് മാത്യൂസ് മാര്‍ (1889–1980): പുതുപ്പള്ളി വലിയപാറേട്ട് മാത്തു – അച്ചാമ്മ ദമ്പതിമാരുടെ പുത്രന്‍. 1889 ജനുവരി 19–ന് ജനിച്ചു. പഴയസെമിനാരിയിലും കല്‍ക്കട്ട ബിഷപ്‌സ് കോളജിലും വൈദികവിദ്യാഭ്യാസം. 7–6–1899 ന് പുതുപ്പള്ളി വലിയപള്ളിയില്‍ വച്ച് കടവില്‍ പൌലോസ് മാര്‍ അത്താനാസ്യോസ് കോറൂയോ സ്ഥാനം നല്‍കി. 17–5–1908 ല്‍ യെരുശലേമില്‍ വച്ച് ഊര്‍ശ്ലേം പാത്രിയര്‍ക്കീസ് പൂര്‍ണ്ണശെമ്മാശുപട്ടം നല്‍കി. 7–6–1920 ന് പരുമലസെമിനാരിയില്‍ വച്ച് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കശ്ശീശാപട്ടം നല്‍കി. ദീര്‍ഘകാലം പുതുപ്പള്ളിപള്ളി വികാരി. മെത്രാന്‍സ്ഥാനത്തേക്ക് പലപ്പോഴും തെരഞ്ഞെടുത്തു. 11–5–1953 ന് ഗീവറുഗീസ് ദ്വിതീയന്‍ പഴയസെമിനാരിയില്‍ വച്ച് റമ്പാന്‍ സ്ഥാനവും 1953 മെയ് 15–ന് ഏലിയാ ചാപ്പലില്‍ വച്ച് ഈവാനിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പാ സ്ഥാനവും നല്‍കി; 1959 ജൂലൈ 12–ന് മെത്രാപ്പോലീത്താ സ്ഥാനവും നല്‍കി. ആദ്യം കോട്ടയത്തിന്റെ സഹായി. പിന്നീട് പൂര്‍ണ്ണചുമതല. പുലിക്കോട്ടില്‍ ദ്വിതീയന്‍ മെത്രാപ്പോലീത്തായുടെ അന്ത്യകാലം, വട്ടശ്ശേരില്‍ മെത്രാച്ചന്റെയും പ. ഗീവറുഗീസ് ദ്വിതീയനുള്‍പ്പെടെ ആദ്യത്തെ 3 കാതോലിക്കാമാരുടെയും ഭരണകാലം, അബ്‌ദുള്ളാ, അബ്‌ദുല്‍ മശിഹാ, ഏലിയാസ് തൃതീയന്‍ എന്നിവരുടെ മലങ്കരസഭാ സന്ദര്‍ശനം, സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്, മാര്‍ ഏലിയാസ് യൂലിയോസ് എന്നിവരുടെ ജീവിതം, കാതോലിക്കാ വാഴ്‌ച, ബഥനി മെത്രാച്ചന്റെ സഭാഭ്രംശം, സഭാഭരണഘടനയുടെ രൂപീകരണത്തിലെ പ്രതിസന്ധികള്‍ തുടങ്ങി സഭാചരിത്രത്തിലെ പല നിര്‍ണ്ണായകഘട്ടങ്ങള്‍ക്കും ഇദ്ദേഹം ദൃക്‌സാക്ഷിയും പങ്കാളിയുമാണ്. തത്തൂലം ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ സഭാചരിത്രരചനയില്‍ വിലപ്പെട്ട സമകാല സാക്ഷ്യമായി പരിഗണിക്കപ്പെടുന്നു. ചരിത്രകാരന്‍ ഇസ്സഡ്. എം. പാറേട്ടിന്റെ സഹോദരന്‍ കൂടിയാണിദ്ദേഹം. പാമ്പാടി ദയറാ ആസ്ഥാനമായി സഭാഭരണം നിര്‍വഹിച്ചു. മാത്യൂസ് പ്രഥമന്‍ കാതോലിക്കായുടെ സ്ഥാനാരോഹണത്തില്‍ സീനിയര്‍ മെത്രാപ്പോലീത്തായെന്ന നിലയില്‍ മുഖ്യനേതൃത്വം വഹിച്ചു. 1980 ഒക്‌ടോബര്‍ 31–ന് കാലം ചെയ്‌തു. പാമ്പാടി ദയറായില്‍ കബറടക്കി. ആധുനിക കോട്ടയം മെത്രാസനത്തിന്റെ ശില്‌പിയായി ഇദ്ദേഹം അറിയപ്പെടുന്നു. കോട്ടയം ബസേലിയോസ് കോളജിന്റെ സ്ഥാപനത്തിന് നേതൃത്വം നല്‍കി. ഇദ്ദേഹത്തിന്റെ ജീവചരിത്രം കെ. വി. മാമ്മന്‍ എഴുതിയിട്ടുണ്ട്.
ഈവാനിയോസ്, ഗീവറുഗീസ് മാര്‍: ഓതറ കീയത്ത് ജോര്‍ജ് – അന്നമ്മ ദമ്പതികളുടെ മകന്‍. 1940 നവംബര്‍ 14–ന് ജനിച്ചു. ഫാത്തിമാ കോളജില്‍നിന്ന് ബി.എസ്.സി. ഇംഗ്ലണ്ടിലെ മാന്‍സ്‌ഫീല്‍ഡ് കോളജില്‍ നിന്ന് ഹീബ്രു–സുറിയാനി എം. എ., ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്‌ത്രത്തില്‍ എം. എ.
1963 മാര്‍ച്ചില്‍ ശെമ്മാശ്ശന്‍. 1973 ഡിസംബറില്‍ കശ്ശീശാ. കാരാപ്പുഴ ചാപ്പല്‍ വികാരി. മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ 1979 മാര്‍ച്ചില്‍ റമ്പാന്‍സ്ഥാനം നല്‍കി. 1982 ഡിസംബര്‍ 28–ന് തിരുവല്ല അസോസ്യേഷന്‍ മേല്‌പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. വൈദികസെമിനാരി അദ്ധ്യാപകന്‍ ആയ ഇദ്ദേഹത്തെ പുതിയകാവ് പള്ളിയില്‍ വച്ച് മാര്‍ ഈവാനിയോസ് എന്ന പേരില്‍ മാത്യൂസ് പ്രഥമന്‍ ബാവാ എപ്പിസ്‌കോപ്പാ ആയി വാഴിച്ചു. 1985 ആഗസ്റ്റ് 1–ന് കോട്ടയത്തിന്റെ ചുമതല നല്‍കി. പലവട്ടം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം കോട്ടയത്തിന് ഒരു പുതിയ ആസ്ഥാനം (മാര്‍ കുറിയാക്കോസ് ഗ്രീഗോറിയോസ് സെന്റര്‍) കോട്ടയം പട്ടണത്തില്‍ സ്ഥാപിച്ചു. ഭഹൃദയശുദ്ധീകരണം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. എഴുത്തുകാരന്‍, ധ്യാനഗുരു എന്നീ നിലകളില്‍ അറിയപ്പെടുന്നു. ഇപ്പോള്‍ സെന്റ് തോമസ് വൈദികസംഘത്തിന്റെ അദ്ധ്യക്ഷന്‍ ആണ്.
എപ്പിപ്പാനിയോസ്, മാത്യൂസ് മാര്‍: കൊല്ലം ഭദ്രാസനാധിപന്‍. 1928 നവം. 25–ന് കൊട്ടാരക്കര ചെങ്കുളത്ത് ജനിച്ചു. 1957–ല്‍ ശെമ്മാശന്‍; 1958–ല്‍ കശ്ശീശ. 1978–ല്‍ സന്യാസം സ്വീകരിച്ചു. ചെങ്ങമനാട് ആശ്രമത്തില്‍ അംഗമായി. കോട്ടയം എം. ഡി. എച്ച്. എസ്. അദ്ധ്യാപകന്‍, ചൊവ്വല്ലൂര്‍ ബേസിക് ട്രെയിനിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ആശ്രമം സുപ്പീരിയര്‍, കൊല്ലം ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1983 മെയ് 14–ന് റമ്പാന്‍. 1985 മെയ് 15–ന് മാത്യൂസ് പ്രഥമന്‍ കാതോലിക്കാ മേല്‌പട്ടസ്ഥാനം നല്‍കി. കൊല്ലം സഹായ മെത്രാനായി നിയമിച്ചു. 1991 മെയ് മുതല്‍ കൊല്ലത്തിന്റെ പൂര്‍ണ്ണ ചുമതല. സണ്ടേസ്‌കൂള്‍ പ്രസ്ഥാനം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ധ്യാനഗുരുവാണിദ്ദേഹം.
ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പാ, ടി. എസ്. (1896–1984): മലങ്കര സഭാ വൈദികട്രസ്റ്റി. അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ കുടുംബാംഗം. എം. ജി. എം. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍. ബോംബെ, അയിരൂര്‍ മതാപ്പാറ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. പ. വട്ടശ്ശേരില്‍ പിതാവിന്റെ പ്രശ്‌നസങ്കീര്‍ണ്ണമായ കാലത്ത് മലങ്കര മെത്രാപ്പോലീത്തായ്ക്ക് പിന്തുണയേകി. 1984 ഒക്‌ടോ. 30–ന് അന്തരിച്ചു.
ഏബ്രഹാം, ഫാ. ഡോ. വി. എം.: വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി. തുമ്പമണ്‍ ഏറം മാത്തൂര്‍ വടുതല വീട്ടില്‍ പി. എ. മാത്യൂസിന്റെ പുത്രന്‍. സെറാമ്പൂരില്‍ നിന്നു ബി. ഡി. യും ചിക്കാഗോയില്‍ നിന്നും ഡോക്‌ടറേറ്റും ലഭിച്ചു. അവിവാഹിതന്‍. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ശതാബ്‌ദിക്കു ചുക്കാന്‍ പിടിക്കുന്നു. നല്ല പ്രസംഗകനും സംഘാടകനും.
ഐറേനിയസ്, ഡോ. യാക്കോബ് മാര്‍: കല്ലൂപ്പാറ ടി. ഒ. ചെറിയാന്റെ മകന്‍. 15–8–1949 ല്‍ ജനിച്ചു. ങ. അ. ങ. ഋറ., ആ.ഉ. ബിരുദങ്ങള്‍ നേടി. പത്തനാപുരം ട്രെയിനിംഗ് കോളജില്‍ അദ്ധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്‌ടറേറ്റ് നേടി. പത്തനാപുരം താബോര്‍ ആശ്രമാംഗം. 8–2–1975 ല്‍ കശീശാ ആയി. 1993 ആഗസ്റ്റ് 16 ന് പരുമല വച്ച് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ മെത്രാനായി വാഴിച്ചു. മലബാറിന്റെ അസിസ്റ്റന്റ് സ്ഥാനം 2006 വരെ വഹിച്ചു. മദ്രാസിന്റെ പൂര്‍ണ്ണ ചുമതല. വൈദിക ശമ്പള പരിഷ്‌ക്കരണ കമ്മറ്റി കണ്‍വീനര്‍, കോര്‍പ്പറേറ്റ് കോളജുകളുടെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് ആണ്.
ഒസ്‌താത്തിയോസ്, പത്രോസ് മാര്‍ (1886–1968): തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ ചെറിയാന്‍ – പുരവത്ത് കുഞ്ഞുമറിയാമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 20–6–1886. തിരുവനന്തപുരം മഹാരാജാസില്‍നിന്ന് ബി. എ. എല്‍. റ്റി. സെറാമ്പൂരില്‍ നിന്ന് ബി. ഡി. യൂയാക്കീം മാര്‍ ഈവാനിയോസ് 4–5–1926 ന് വൈദികപട്ടം നല്‍കി. അദ്ധ്യാപകജോലി രാജിവച്ചു. സമ്പാദ്യം സുവിശേഷവേലയ്ക്കും അധഃകൃതോദ്ധാരണത്തിനുമായി ചെലവാക്കി. ഹരിജനോദ്ധാരണത്തിന്റെ സ്‌പെഷല്‍ ഓഫീസറായി കൊച്ചി സര്‍ക്കാര്‍ നിയമിച്ചു. 1924 സെപ്‌തംബര്‍ 14 ന് സ്ലീബാദാസ സമൂഹം സ്ഥാപിച്ചു. ഇരുപതിനായിരത്തിലേറെ അധഃകൃതര്‍ അക്കാലത്ത് ക്രിസ്‌തുമതം സ്വീകരിച്ചു. 1943–ല്‍ ഗീവറുഗീസ് ദ്വീതിയന്‍ ബാവാ, റമ്പാന്‍ സ്ഥാനവും 1953 മെയ് 15 ന് ഏലിയാ ചാപ്പലില്‍ വച്ച് മാര്‍ ഒസ്‌താത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പാ സ്ഥാനവും ജൂലൈ 12–ന് കോട്ടയം പഴയസെമിനാരിയില്‍ വച്ച് മെത്രാപ്പോലീത്താ സ്ഥാനവും നല്‍കി. പുലിക്കോട്ടില്‍ ജോസഫ് ദീവന്ന്യാസോസ് ആരംഭിച്ച വിജാതീയ മിഷന്‍ പരുമല മാര്‍ ഗ്രീഗോറിയോസും അതേ തുടര്‍ന്ന് പത്രോസ് മാര്‍ ഒസ്‌താത്തിയോസും സുശക്തമാക്കി. മിഷന്‍ സെന്ററുകളില്‍ വാര്‍ഷിക സന്ദര്‍ശനം സമൂഹാധ്യക്ഷന്റെ നിര്‍ബന്ധ പരിപാടിയായിരുന്നു. അവികസിതമായിരുന്ന മലബാറിന്റെ ചുമതല ഇദ്ദേഹത്തിന് നല്‍കി. സംഭാവനയായി ലഭിച്ച കാറുകള്‍ പോലും സുവിശേഷവേലയുടെ ഫണ്ടിലേക്കായി വിറ്റു കാശാക്കിയ ഈ അഭിനവ പൌലോസ് അപ്പോസ്‌തലന്‍ വസ്‌ത്രം, ഭക്ഷണം, താമസസൌകര്യം, എഴുത്തുകുത്തുകള്‍ തുടങ്ങിയ ആവശ്യങ്ങളില്‍ അതീവ ലാളിത്യക്കാരന്‍ ആയിരുന്നു. മുളന്തുരുത്തി കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭദ്രാസനഭരണവും സുവിശേഷവേലയും നിര്‍വഹിച്ചുപോന്നു. 1968 ഫെബ്രുവരി 2 ന് ദിവംഗതനായി. കര്‍മ്മേല്‍ ദയറായില്‍ ആ കര്‍മ്മയോഗിയെ കബറടക്കി. കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഗണത്തില്‍ പേരെഴുതുവാന്‍ എന്തുകൊണ്ടും അര്‍ഹനായ ഇദ്ദേഹം വൈക്കം സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.
ഒസ്‌താത്തിയോസ്, ഡോ. ഗീവറുഗീസ് മാര്‍: മാവേലിക്കര മുണ്ടുവേലില്‍ കൊച്ചിട്ടി–മറിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 9–12–1918. ജബല്‍പ്പൂരില്‍ നിന്ന് ബി. ഡി., അമേരിക്കയിലെ ഡ്രൂം യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. എ., യൂണിയന്‍ സെമിനാരിയില്‍ നിന്ന് എസ്. റ്റി. എം. 9–8–1947 –ല്‍ ഔഗേന്‍ തീമോത്തിയോസ് കോറൂയോ; 10–5–1956 ല്‍ ദേവലോകത്ത് വച്ച് ഗീവറുഗീസ് കക ബാവാ കശ്ശീശാ സ്ഥാനങ്ങള്‍ നല്‍കി. കുഴിമറ്റം, കല്‍ക്കട്ട, ചങ്ങനാശ്ശേരി, കാരാപ്പുഴ, കോട്ടയം ഇവിടങ്ങളില്‍ സേവനം ചെയ്‌തു. കോട്ടയം വൈദികസെമിനാരിയില്‍ ദീര്‍ഘകാലം അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനങ്ങള്‍ വഹിച്ചു. 1964 ഒക്‌ടോ. 2 നും 1974 ഒക്‌ടോബര്‍ 2 നും കൂടിയ അസോസ്യേഷനുകള്‍ തെരഞ്ഞെടുത്തതിന്‍ പ്രകാരം 14–2–75 ന് പുത്തന്‍കാവ് പള്ളിയില്‍ വച്ച് ദാനിയേല്‍ മാര്‍ പീലക്‌സിനോസ് റമ്പാന്‍ സ്ഥാനവും 15–2–75 ന് നിരണത്ത് വച്ച് ഔഗേന്‍ ക കാതോലിക്കാ ഒസ്‌താത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ സ്ഥാനവും നല്‍കി. 1975 ഏപ്രില്‍ 1 മുതല്‍ നിരണത്തിന്റെ ചുമതലയേറ്റു. 2006–ല്‍ റിട്ടയര്‍ ചെയ്‌തു.
കെ. സി. സി. പ്രസിഡണ്ട്, സ്ലീബാദാസ സമൂഹം പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ആന്ധ്ര, ആഫ്രിക്ക, അര്‍മ്മീനിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‌കി. യുവജനപ്രസ്ഥാനം, മിഷന്‍ ബോര്‍ഡ്, വിവാഹസഹായനിധി, തിയോളജിക്കല്‍ ലിറ്ററേച്ചര്‍ കമ്മറ്റി, ബൈബിള്‍ സൊസൈറ്റി അധ്യക്ഷസ്ഥാനങ്ങള്‍ വഹിച്ചു. മാവേലിക്കര സെന്റ് പോള്‍സ് സുവിശേഷ പരിശീലനകേന്ദ്രം, പുതുപ്പാടി ആശ്രമവും ബാലഭവനവും പനയമ്പാല കരുണഗിരി ബാലഭവനം, യാച്ചാരം ബാലഗ്രാം, ഹരിപ്പാട് ബാലഭവനം, ബാംഗ്ലൂര്‍ ദയാ ഭവന്‍ എന്നിവയുടെ സ്ഥാപകന്‍. ദൈവശാസ്‌ത്രജ്ഞന്‍, കണ്‍വന്‍ഷന്‍ പ്രസംഗകന്‍ എന്നീ നിലകളില്‍ ലോകപ്രശസ്‌തനായ ഇദ്ദേഹം മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. പല ഗ്രന്ഥങ്ങളും പലവിദേശ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ലോക ക്രൈസ്‌തവസഭാ കേന്ദ്രങ്ങള്‍ പലവട്ടം സന്ദര്‍ശിച്ചു. ലോക കോണ്‍ഫ്രന്‍സുകളില്‍ നേതൃത്വം നല്‌കി. മലങ്കരസഭയുടെ ജീവകാരുണ്യ രംഗവും മിഷന്‍ രംഗവും ഇദ്ദേഹത്തിലൂടെയാണ് സജീവമായിരിക്കുന്നത്. ത്രിത്വാധിഷ്‌ഠിത ദൈവശാസ്‌ത്രത്തിന്റെ വക്താവായ ഇദ്ദേഹം ഇപ്പോള്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ (90) ആണ്.
കടമറ്റത്തു കത്തനാര്‍: കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തില്‍ (4–ാം ഭാഗം) ഇദ്ദേഹത്തെപ്പറ്റി ഒട്ടനവധി ഐതിഹ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കടമറ്റത്ത് പള്ളി സ്ഥാപിച്ച മാര്‍ ആബോയുടെ ശിഷ്യന്‍ ആണിദ്ദേഹമെന്നു പാരമ്പര്യം. കടമറ്റത്ത് സമ്പ്രദായം എന്ന മാന്ത്രികപദ്ധതി ഇദ്ദേഹം ശിഷ്യപരമ്പരയ്ക്കുപദേശിച്ച ശൈലീപദ്ധതിയാണെന്ന് പറയപ്പെടുന്നു. ശെമ്മാശനായിരിക്കേ വഴിതെറ്റി കാട്ടില്‍ മന്ത്രവാദികളുടെ കൈയിലകപ്പെട്ടുവെന്നും അവിടെവച്ച് മന്ത്രവിദ്യ പരിശീലിച്ചെന്നും പിന്നീട് തിരിച്ചെത്തി വൈദികനായി കടമറ്റത്ത് പള്ളിയില്‍ തുടര്‍ന്നുവെന്നും ഐതിഹ്യമാലയില്‍ കാണുന്നു. നിരണം ഗ്രന്ഥവരിയിലും കടമറ്റത്ത് അച്ചത്താരെപ്പറ്റി പരാമര്‍ശനമുണ്ട്.
കാക്കു മല്‌പാന്‍ ഒന്നാമന്‍ (യാക്കോബ്):
ആര്‍ത്താറ്റ് – കുന്നംകുളം ഇടവകയില്‍ രണ്ടു തലമുറകളായി പനയ്ക്കല്‍ കുടുംബത്തില്‍ നിന്ന് രണ്ടു പേര്‍ ഈ നാമത്തില്‍ അറിയപ്പെടുന്നു. ആദ്യത്തെ യാക്കോബ് മല്‌പാന്‍ 1850–കളില്‍ ജീവിച്ചു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് കക മലങ്കര മെത്രാപ്പോലീത്താ 1865–ല്‍ ആമീദില്‍ വച്ച് മേല്‌പട്ടക്കാരനായി അഭിഷേകം പ്രാപിച്ച് കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തം ഇടവകയിലേക്ക് സ്വാഗതം ചെയ്യുവാന്‍ കൊച്ചിയിലെത്തിയ സംഘത്തിന്റെ നേതാവ് പനയ്ക്കല്‍ കാക്കുമല്‌പാന്‍ ആയിരുന്നു. കുന്നംകുളത്ത് നവീകരണസംരംഭങ്ങളെ ചെറുത്തുനിന്ന ഇദ്ദേഹം 1873 ചിങ്ങം 25 ന് പരുമലയില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസ്യേഷനില്‍ പങ്കെടുക്കുകയും അന്ന് രൂപംകൊണ്ട സഭാ മാനേജിംഗ് കമ്മറ്റിയിലെ നാലു വൈദികരില്‍ രണ്ടാമനായി തെരഞ്ഞെടുക്കപ്പെടുകയും സഭാട്രസ്റ്റ് സ്വരൂപിക്കുന്നതിനുള്ള ചുമതലക്കാരിലൊരാളായി നിയമിക്കപ്പെടുകയും ചെയ്‌തു.
കാക്കു മല്‌പാന്‍ രണ്ടാമന്‍ (യാക്കോബ്):
കുന്നംകുളം പനയ്ക്കല്‍ കുടുംബത്തില്‍ നിന്ന് 19–ാം നൂറ്റാണ്ടിന്റെ ഒടുവില്‍ മറ്റൊരു കാക്കു മല്‌പാനച്ചന്‍ പ്രസിദ്ധി നേടി. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് മല്‌പാന്‍, കോനാട്ട് മാത്തന്‍ മല്‌പാന്‍ എന്നിവരൊന്നിച്ച് പനയ്ക്കല്‍ യാക്കോബ് മല്‌പാന്‍ കുറച്ചുകാലം കോട്ടയം വൈദികസെമിനാരിയില്‍ സുറിയാനി പഠിപ്പിച്ചു. ആരാധനാക്രമങ്ങള്‍ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ശ്‌ഹീമ്മാനമസ്‌കാരം, ആനീദ, ആണ്ടുതക്‌സാ, ഹാശാനമസ്‌കാരം എന്നിവയില്‍ നിന്ന് നിരവധി സുറിയാനി ഗീതങ്ങള്‍ അദ്ദേഹം വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്‌തു. ഇന്ന് പ്രയോഗത്തിലുള്ള പല ആരാധനാഗീതങ്ങളും ആദ്യം മലയാളത്തില്‍ അവതരിപ്പിച്ചത് സുറിയാനി പണ്ഡിതനായ പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ ആണ്. പുലിക്കോട്ടില്‍ തിരുമേനിയുടെ ശിഷ്യനായ ഇദ്ദേഹം പരുമലയില്‍ പഠിച്ച് പ. മാര്‍ ഗ്രിഗോറിയോസ് പിതാവില്‍ നിന്ന് പട്ടമേറ്റു. മലയാളം, സംസ്‌കൃതം, തമിഴ്, സുറിയാനി ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. സുറിയാനി കീര്‍ത്തനമാല, മാര്‍ ദീവന്നാസ്യോസ് വിംശതി തുടങ്ങി ഒരു ഡസനോളം കാവ്യങ്ങള്‍ ഇദ്ദേഹം രചിച്ചു. വിശ്വാസസംബന്ധമായ പ്രസംഗങ്ങളും ലേഖനങ്ങളും ലഘു പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ആദ്യത്തെ കുര്‍ബ്ബാനവ്യാഖ്യാനം 1905–ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വി. കുര്‍ബ്ബാനധ്യാനം ആണ്. പ്രതിഭാശാലിയായ ഇദ്ദേഹം ആര്‍ത്താറ്റ് സിംഹാസനപ്പള്ളി, ചേലക്കരപ്പള്ളി എന്നിവിടങ്ങളില്‍ സേവനം നടത്തി. ഒടുവില്‍ വിവാഹിതനായിരുന്നിട്ടുപോലും അദ്ദേഹത്തെ കത്തോലിക്കാസഭ സ്വീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്‌തു. കുന്നംകുളത്തിനടുത്ത് പുതുശ്ശേരിപള്ളിയില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് പൌലൂസ് ക (1836–1913): ഒന്നാം കാതോലിക്ക. കോലഞ്ചേരി മുറിമറ്റത്തില്‍ കുരിയന്‍–മറിയാമ്മ ദമ്പതികളുടെ മകന്‍. ജനനം 19–1–1836. പാമ്പാക്കുട യോഹന്നാന്‍ മല്‌പാന്‍ ഗുരു. യൂയാക്കീം കൂറിലോസ് ഉപരിപാഠങ്ങള്‍ അഭ്യസിപ്പിച്ചു. യൂയാക്കീം കൂറിലോസ് 1843–ല്‍ ശെമ്മാശനാക്കി. 1852–ല്‍ കശ്ശീശാ. കോലഞ്ചേരിപള്ളി വികാരി. 1877 മാര്‍ച്ച് 25–ന് കുറുപ്പമ്പടി പള്ളിയില്‍ വച്ച് പത്രോസ് കകക റമ്പാനാക്കി.
1877 മെയ് 17 പത്രോസ് തൃതീയന്‍ ബാവാ കുന്നംകുളം ചിറളയം പള്ളിയില്‍ വച്ച് മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്‌ത് കണ്ടനാടിന്റെ പ്രഥമ മെത്രാപ്പോലീത്താ ആയി നിയമിച്ചു. 1912 സെപ്‌തം. 15–ന് നിരണത്തുവച്ച് അബ്‌ദുല്‍ മശിഹാ പാത്രിയര്‍ക്കീസ് അദ്ധ്യക്ഷനായ സിനഡ് പൌരസ്‌ത്യ കാതോലിക്ക ആയി സ്ഥാനാരോഹണം നടത്തി. ഗീവറുഗീസ് പീലക്‌സിനോസ്, യൂയാക്കീം ഈവാനിയോസ് എന്നിവരെ ചെങ്ങന്നൂര്‍ വച്ച് പാത്രിയര്‍ക്കീസ് വാഴിച്ചപ്പോള്‍ സഹകാര്‍മ്മികന്‍. പരുമല മാര്‍ ഗ്രിഗോറിയോസിന്റെ കന്തീലയ്ക്കും കബറടക്കത്തിനും മുഖ്യകാര്‍മ്മികനായി. 1911 മുളന്തുരുത്തി മൂറോന്‍ കൂദാശയില്‍ സഹകാര്‍മ്മികന്‍. 1913 മെയ് 3 ന് കാലം ചെയ്‌തു. പാമ്പാക്കുട ചെറിയപള്ളിയില്‍ കബറടക്കി. പില്‌ക്കാലത്ത് പാറേട്ട് ഈവാനിയോസും മാത്യൂസ് പ്രഥമന്‍ ബാവായും കബറിടം ആധുനികരീതിയില്‍ രണ്ടു ഘട്ടമായി പരിഷ്‌ക്കരിച്ചു.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗ്ഗീസ് ക (1869–1928): രണ്ടാം കാതോലിക്ക. വാകത്താനം കാരുചിറ പൌലൂസിന്റെ രണ്ടാമത്തെ പുത്രന്‍. ജനനം 1869 ജനുവരി 11. കളപ്പുരയ്ക്കല്‍ പൌലൂസ് കത്തനാര്‍, വട്ടശ്ശേരില്‍ മല്‌പാന്‍, കോനാട്ട് മാത്തന്‍ മല്‌പാന്‍ എന്നിവര്‍ ഗുരുനാഥത്താര്‍. 1885 ജൂലൈ 16–ന് കോറൂയോ; 1892 സെപ്‌തം. 18–ന് ശെമ്മാശന്‍, 1896 ആഗസ്റ്റ് 16–ന് കശ്ശീശാ, 1896 ആഗസ്റ്റ് 23–ന് റമ്പാന്‍ എന്നീ സ്ഥാനങ്ങള്‍ കടവില്‍ അത്താനാസ്യോസില്‍ നിന്നും. 1908–1910 വരെ ആലുവാ തൃക്കുന്നത്തു സെമിനാരി മാനേജര്‍. അബ്‌ദുല്‍ മശിഹാ ബാവ 1913 ഫെബ്രുവരി 9–ന് മെത്രാപ്പോലീത്താ ആക്കി. കോട്ടയം–അങ്കമാലി മെത്രാനായി. ആലുവാ തൃക്കുന്നത്തു സെമിനാരി, പുതുശ്ശേരി എം. ജി. ഡി. സ്‌കൂള്‍, വാകത്താനം. എല്‍. പി. ബി. സ്‌കൂള്‍, എല്‍. പി. ജി. സ്‌കൂള്‍, ഇത്തിത്താനം സ്‌കൂള്‍, വള്ളിക്കാട്ട് ദയറാ ചാപ്പല്‍ പൂര്‍ത്തീകരണം എന്നിവ അദ്ദേഹത്തിന്റെ സംഭാവന. 1925 മെയ് 1 ന് നിരണം അസോസ്യേഷന്‍ തെരഞ്ഞെടുത്തതനുസരിച്ച് 1925 ഏപ്രില്‍ 30–ന് നിരണത്ത് വച്ച് ബസ്സേലിയോസ് ഗീവറുഗീസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്ക ആയി. ബഥനിയുടെ മാര്‍ ഈവാനിയോസിനെ വാഴിച്ചു. 1928 ഡിസം. 17–ന് നെയ്യൂര്‍ ആസ്‌പത്രിയില്‍ കാലം ചെയ്‌തു. ആസ്ഥാനമായ വള്ളിക്കാട്ട് ദയറായില്‍ കബറടക്കി. പ. മാത്യൂസ് പ്രഥമന്‍ ബാവാ ഈ കബറിടം ആധുനിക രീതിയില്‍ പുനര്‍ നിര്‍മ്മാണം ചെയ്‌തു.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗ്ഗീസ് കക (1874–1964): മൂന്നാം കാതോലിക്കാ. കുറിച്ചി കല്ലാശ്ശേരില്‍ ഉലഹന്നാന്‍–ആച്ചിയമ്മ ദമ്പതികളുടെ പുത്രന്‍. ജനനം 16–6–1874. പേര്‍ പുന്നൂസ്. 1890 ജൂണ്‍ 1 ന് കോറൂയോ – കടവില്‍ അത്താനാസ്യോസ്. 1892 ഏപ്രില്‍ 25 ന് ശെമ്മാശ്ശന്‍ – കടവില്‍ തിരുമേനി. 1898 നവം. 24 ന് (കോട്ടയം പഴയസെമിനാരി) റമ്പാന്‍ – പരുമല മാര്‍ ഗ്രിഗോറിയോസ്. 1911 സെപ്‌തം. 7 ന് കോട്ടയം എം. ഡി. അസോസ്യേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1912 സെപ്‌തം. 8 ന് പരുമലയില്‍ വച്ച് അബ്‌ദുല്‍ മശിഹാ ബാവാ മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാനാക്കി. നിരണത്തിന്റെ ചുമതല. 1929 ഫെബ്രു. 15 ന് കോട്ടയം ഏലിയാചാപ്പലില്‍ വച്ച് പൌരസ്‌ത്യ കാതോലിക്കയായി സിനഡ് സ്ഥാനാരോഹണം നടത്തി. 1934 ഡിസം. 26 എം. ഡി. അസോസ്യേഷന്‍ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുത്തു. സഭാസമാധാനത്തെ പ്രതി സിറിയയില്‍ അപ്രേം പ്രഥമനെ സന്ദര്‍ശിച്ചു. സന്ദര്‍ശനം വിഫലമായി. 1932 ഏപ്രില്‍ 22–നും 1951 ഏപ്രില്‍ 20–നും മൂറോന്‍ കൂദാശകള്‍ കോട്ടയം പഴയസെമിനാരിയില്‍ നടത്തി. ഒന്നാം കാതോലിക്കായുടെ സ്ഥാനാരോഹണം, ബഥനി ഈവാനിയോസിന്റെ മെത്രാന്‍വാഴ്‌ച, രണ്ടാം കാതോലിക്കാ, യൂയാക്കീം ഈവാനിയോസ് എന്നിരുടെ മെത്രാന്‍ വാഴ്‌ച, രണ്ടാം കാതോലിക്കാ വാഴ്‌ച എന്നിവയില്‍ സഹകാര്‍മ്മികന്‍.
1929 ഫെബ്രു. 15–ന് ബഥനി ഈവാനിയോസിനെ മെത്രാപ്പോലീത്താ ആയി ഉയര്‍ത്തി. 1929 ഫെബ്രു. 26–ന് പാമ്പാടി മാര്‍ ഗ്രിഗോറിയോസ്, ബഥനി തെയോഫിലോസ് ഇവരെ മെത്രാത്താരാക്കി (മാര്‍ ഏലിയാ ചാപ്പല്‍). 1930 നവം. 3 ന് പരുമലയില്‍ വച്ച് പുത്തന്‍കാവ് പീലക്‌സീനോസിനെ മെത്രാനായി വാഴിച്ചു. 1933 മെയ് 25 – ജോസഫ് സേവേറിയോസ് മെത്രാനായി (തിരുവല്ല ബഥനി). 1934 ജൂണ്‍ 1 പാമ്പാടി ഗ്രിഗോറിയോസ്, പുത്തന്‍കാവ് പീലക്‌സീനോസ്, വാളക്കുഴി സേവേറിയോസ് എന്നിവരെ മെത്രാപ്പോലീത്തത്താരാക്കി (കോട്ടയം പഴയസെമിനാരി). 1938. ഏപ്രില്‍ 7 – അലക്‌സിയോസ് തേവോദോസിയോസ് മെത്രാന്‍ (കണ്ടനാട് കര്‍മ്മേല്‍ ദയറ). 1940 മെയ് 6 – തോമ്മാ ദീവന്നാസ്യോസ് മെത്രാന്‍ (പുതിയകാവ്). 1941 ഏപ്രില്‍ 8 – തേവോദോസ്യോസ്, ദീവന്നാസ്യോസ് എന്നിവരെ മെത്രാപ്പോലീത്തത്താരാക്കി (ആലുവാ യു. സി. കോളജ് ചാപ്പല്‍). മാര്‍ ബസ്സേലിയോസ് യല്‍ദൊ, പരുമല മാര്‍ ഗ്രിഗോറിയോസ് എന്നിവരെ പരിശുദ്ധത്താരായി പ്രഖ്യാപിച്ചു.
1953 മെയ് 15 – പത്രോസ് മാര്‍ ഒസ്‌താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അത്താനാസ്യോസ്, ദാനിയേല്‍ മാര്‍ പീലക്‌സീനോസ്, മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരെ മെത്രാത്താരാക്കി (കോട്ടയം ഏലിയാ ചാപ്പല്‍). 1959 ജൂലൈ 12 അഞ്ചു പേരെയും മെത്രാപ്പോലീത്തത്താരാക്കി (കോട്ടയം പഴയസെമിനാരി). 1942 ഒക്‌ടോ. 9–ന് ഔഗേന്‍ തീമോത്തിയോസിനെയും 1958 ഡിസം. 16–ന് മാര്‍ ഗ്രിഗോറിയോസ്, മാര്‍ സേവേറിയോസ്, മാര്‍ ക്ലിമ്മീസ്, മാര്‍ പീലക്‌സീനോസ് എന്നിവരെയും കാതോലിക്കേറ്റിലേക്ക് സ്വീകരിച്ചു. ദേവലോകം കാതോലിക്കാമാരുടെ ആസ്ഥാനമാക്കിയത് ഇദ്ദേഹമാണ്. പെങ്കീസാ സുറിയാനി നമസ്‌ക്കാരക്രമങ്ങള്‍ 2 വാല്യമായി അച്ചടിച്ചു. 1958–ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഭരണഘടനയ്ക്ക് വിധേയമായി സ്വീകരിച്ച് സഭയില്‍ സമാധാനം ഉണ്ടാക്കി. എഡിന്‍ബറോ സമ്മേളനത്തില്‍ പങ്കെടുത്തു. 1964 ജനുവരി 3–ന് കാലം ചെയ്‌തു. ദേവലോകം അരമനചാപ്പലില്‍ കബറടങ്ങി.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് ഔഗേന്‍ ക (1884–1975): നാലാം കാതോലിക്ക. വെങ്ങോല തുരുത്തി ചേട്ടാകുളത്തുംകര അബ്രഹാം കശ്ശീശാ – അന്നമ്മ ദമ്പതിമാരുടെ പുത്രന്‍. ജനനം 26–6–1884. ആദ്യനാമം മത്തായി. കോനാട്ട് മാത്തന്‍ മല്‌പാന്‍ സുറിയാനിയില്‍ ഗുരു. കോട്ടയം എം. ഡി. യിലും സിറിയായിലും ഉപരിപഠനം. കടവില്‍ പൌലൂസ് മാര്‍ അത്താനാസ്യോസില്‍ നിന്ന് ശെമ്മാശുപട്ടം. 1908–ല്‍ യരുശലേമിലെ ഔഗേന്‍ ദയറായില്‍ വച്ച് അബ്‌ദുള്ള ബാവായില്‍ നിന്ന് ഔഗേന്‍ എന്ന പേരില്‍ റമ്പാന്‍. കോട്ടയം ചെറിയപള്ളിയില്‍ വച്ച് സ്ലീബാ ഒസ്‌താത്തിയോസ് കശ്ശീശാപട്ടം നല്‍കി. 1927 മെയ് 15–ന് യരുശലേമിലെ മര്‍ക്കോസിന്റെ ദയറായില്‍ വച്ച് ഏലിയാസ് തൃതീയന്‍, തീമോത്തിയോസ് എന്ന പേരില്‍ കണ്ടനാടിന്റെ മെത്രാപ്പോലീത്തായായി വാഴിച്ച് നിയമിച്ചു. കോടനാട് സീയോന്‍ ആശ്രമം, വടകര ഹൈസ്‌കൂള്‍, പിറവം സെമിനാരി മിഡില്‍സ്‌കൂള്‍, കോലഞ്ചേരി ഹൈസ്‌കൂള്‍ എന്നിവ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമാധാനശ്രമങ്ങള്‍ വിഫലമായതിനെത്തുടര്‍ന്ന് 1942–ലെ കണ്ടനാട് ഭദ്രാസനയോഗ തീരുമാനപ്രകാരം കാതോലിക്കേറ്റില്‍ ചേര്‍ന്നു. അക്കാലത്താണ് പിറവത്തുവച്ച് അദ്ദേഹം ശാരീരികമായി മര്‍ദ്ദനം ഏറ്റത്. വൈദികസെമിനാരി പ്രിന്‍സിപ്പല്‍, കണ്ടനാട് – തുമ്പമണ്‍ ഭദ്രാസനാധിപന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹമാണ് മൂവാറ്റുപുഴ അരമനയുടെ സ്ഥാപകന്‍. വിശ്വാസസത്യങ്ങള്‍, മരണാനന്തരാവസ്ഥ, സുന്നഹദോസുകള്‍, പരമയാഗം, ആണ്ടടക്കമുള്ള ഹൂത്തോമ്മാ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. മൂറോന്‍കൂദാശ, വിവിധ തൈലം കൂദാശകള്‍, വിവിധ പട്ടംകൊടകള്‍, പള്ളിക്കൂദാശ, ഹൂത്തോമ്മോ, മൂന്നു നോമ്പിലേയും വലിയ നോമ്പിലേയും പെങ്കീസാ നമസ്‌കാരങ്ങള്‍ എന്നിവയുടെ വിവര്‍ത്തകന്‍, മാര്‍ ഗീവറുഗീസ് സഹദാ, മാര്‍ തോമ്മാ, പ. പരുമല തിരുമേനി എന്നിവരുടെ പെരുന്നാള്‍ പെങ്കീസാ നമസ്‌കാരത്തിന്റെ രചയിതാവ് തുടങ്ങിയ നിലകളില്‍ മലങ്കരയുടെ ആരാധനാ സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‌കി. മാത്തന്‍ മല്‌പാന്‍ രചിച്ച പുതിയനിയമ പരിഭാഷ ഇദ്ദേഹം പ്രസിദ്ധീകരണയോഗ്യമാക്കി.
1958–ലെ സഭാസമാധാനത്തിന് ശേഷം യോജിച്ച കണ്ടനാടിന്റെ സീനിയര്‍ മെത്രാപ്പോലീത്താ ആയി. 1962 മെയ് 17–ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 1964 മെയ് 22–ന് കോട്ടയം ഏലിയാ കത്തീഡ്രലില്‍ വച്ച് യോജിച്ച സഭയുടെ കാതോലിക്കാ ആയി യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തില്‍ സുന്നഹദോസ് സ്ഥാനാരോഹണം നടത്തി. 1965–ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലി സെലാസി അഡിസ് അബാബയില്‍ വിളിച്ചുകൂട്ടിയ ദേശീയ സഭാതലവത്താരുടെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ സിനഡില്‍ ഇന്ത്യന്‍ ദേശീയസഭയുടെ തലവന്‍ എന്ന നിലയില്‍ പങ്കെടുത്തു. പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ച് വി. തോമ്മാശ്ലീഹായുടെ ഭൌതികാവശിഷ്‌ടം മലങ്കരയില്‍ കൊണ്ടുവന്നു. ബോംബെയില്‍ വച്ച് പോള്‍ ആറാമന്‍ മാര്‍പ്പാപ്പായെ സന്ദര്‍ശിച്ച് സംഭാഷണങ്ങള്‍ നടത്തി.
1966 ആഗസ്റ്റ് 24–ന് കോലഞ്ചേരിയില്‍ വച്ച് ഡോ. ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, തോമസ് മാര്‍ തീമോത്തിയോസ് എന്നീ മൂന്നു മെത്രാപ്പോലീത്തത്താരെ വാഴിച്ചു. 1967 ഡിസംബര്‍ 21–ന് കോട്ടയം പഴയസെമിനാരിയില്‍ വച്ച് മൂറോന്‍ കൂദാശ ചെയ്‌തു. മാര്‍ത്തോമ്മായുടെ പൌരോഹിത്യം നിഷേധിക്കുന്ന 1970–ലെ കുപ്രസിദ്ധമായ 203–ാം നമ്പര്‍ കത്തിന് പണ്ഡിതോചിതമായി പ്രതിഷേധ ക്കത്തയച്ചു. സമീപകാലത്ത് ലോകം കണ്ട ഏറ്റവും മികച്ച സുറിയാനി പണ്ഡിതനാണിദ്ദേഹം. ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം 1975 സെപ്‌തം. 24–ന് സ്ഥാനത്യാഗം ചെയ്‌തു. 1975 ഡിസം. 8–ന് കാലം ചെയ്‌തു. ദേവലോകം ചാപ്പലില്‍ കബറടങ്ങി.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ്സ് മാര്‍ത്തോമ്മാ മാത്യൂസ് ക (1907–1996): അഞ്ചാം കാതോലിക്കാ. കോട്ടയം വടക്കന്‍മണ്ണൂര്‍ വട്ടക്കുന്നേല്‍ കുരിയന്‍ കത്തനാര്‍–മറിയാമ്മ ദമ്പതിമാരുടെ ഇളയപുത്രന്‍. ജനനം 1907 മാര്‍ച്ച് 27. തിരുവനന്തപുരം മഹാരാജാസ് കോളജിലും കല്‍ക്കട്ട ബിഷപ്പ്‌സ് കോളജിലും പഠിച്ചു. 1945 ആഗസ്റ്റ് 18 ന് മ്‌സമ്രോനോ – ഗീവറുഗ്ഗീസ് ദ്വിതീയന്‍. കോട്ടയം പഴയസെമിനാരി. ആഗസ്റ്റ് 19. പൂര്‍ണ്ണശെമ്മാശന്‍ (ഏലിയാ ചാപ്പല്‍). 1946 ഒക്‌ടോ. 27. കശീശാ (ഏലിയാ ചാപ്പല്‍). 1951 മെയ് 17 എം. ഡി. അസോസ്യേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1951 സെപ്‌തം. 21. റമ്പാന്‍ (പഴയസെമിനാരി). 1953 മെയ് 15. മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പാ (ഏലിയാ ചാപ്പല്‍). 1959 ജൂലൈ 12–ന് മെത്രാപ്പോലീത്താ (പഴയസെമിനാരി). 1960 ബാഹ്യകേരള ഭദ്രാസനാധിപന്‍. 1970 ഡിസം. 31. എം. ഡി. അസോസ്യേഷന്‍ പൌരസ്‌ത്യ കാതോലിക്കായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. 1975 സെപ്‌തം. 24. മലങ്കര മെത്രാപ്പോലീത്താ. 1975 ഒക്‌ടോ. 27. പൌരസ്‌ത്യ കാതോലിക്കായായി പഴയസെമിനാരിയില്‍ വച്ച് സിനഡ് വാഴിച്ചു.
1977 ഏപ്രില്‍ 1–ന് കോട്ടയം പഴയസെമിനാരിയിലും 1988 മാര്‍ച്ച് 25–ന് ദേവലോകത്തും വി. മൂറോന്‍ കൂദാശകള്‍ നിര്‍വ്വഹിച്ചു. 1978 മെയ് 15–ന് യാക്കോബ് മാര്‍ പോളിക്കാര്‍പ്പോസ്, ഗീവര്‍ഗീസ് മാര്‍ ദീയസ്‌ക്കോറോസ്, സഖറിയ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ്, യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എന്നീ അഞ്ചു പേരെയും 1985 മെയ് 15–ന് മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ്, ഫീലിപ്പോസ് മാര്‍ യൌസേബിയോസ്, തോമസ് മാര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, പൌലോസ് മാര്‍ മിലിത്തിയോസ് എന്നീ അഞ്ചുപേരെയും എപ്പിസ്‌ക്കോപ്പത്താരായി വാഴിച്ചു. 1981 ഫെബ്രു. 28–ന് ആദ്യ ബാച്ചിലെ നാലുപേരെ മെത്രാപ്പോലീത്തത്താരായി ഉയര്‍ത്തി. ഒന്നും രണ്ടും കാതോലിക്കാമാരുടെ കബറിടങ്ങള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചു. അല്‍വാറിസ് മാര്‍ യൂലിയോസിന്റെ ഭൌതികാവശിഷ്‌ടങ്ങള്‍ കണ്ടെത്തി അവ സമാഹരിച്ച് കബര്‍ ഗോവാ പള്ളിയില്‍ ക്രമീകരിച്ചു. ദേവലോകം അരമനയുടെ പണി പൂര്‍ത്തിയാക്കി.
റഷ്യന്‍ പാത്രിയര്‍ക്കീസ് ദി ഓര്‍ഡര്‍ ഓഫ് സെന്റ് വ്‌ളാഡിമര്‍, റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ സെമിനാരി അക്കാദമി ഫെല്ലോ, ജോര്‍ജ്ജിയന്‍ കാതോലിക്കാ ദി ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ്, അമേരിക്കയിലെ നോബിള്‍ കാനോനിയന്‍ ഓഫ് ദി സ്വാന്‍, ഗ്രാന്‍ഡ് പ്രിലേറ്റ്, ഗ്രാന്‍ഡ് കോളര്‍ എന്നീ ബഹുമതികള്‍ നല്‍കി. കൂദാശകള്‍ എന്ന ഗ്രന്ഥം രചിച്ചു. സെറാമ്പൂര്‍ സര്‍വ്വകലാശാല മധുരയില്‍ വച്ച് ഡോക്‌ടറേറ്റ് നല്‍കി ആദരിച്ചു. റഷ്യാ, റുമേനിയ, അര്‍മ്മീനിയ, ബള്‍ഗേറിയ, അമേരിക്ക, റോം, വത്തിക്കാന്‍ തുടങ്ങിയ ക്രൈസ്‌തവകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. സംഘാടകന്‍, മികച്ച ഭരണകര്‍ത്താവ്, കാനോന്‍ വിദഗ്‌ദ്ധന്‍, സെമിനാരി പ്രിന്‍സിപ്പല്‍, വര്‍ക്കിംഗ് കമ്മറ്റി ഉപാധ്യക്ഷന്‍, കാതോലിക്കേറ്റ് സ്‌കൂള്‍ ബോര്‍ഡ് പ്രസിഡണ്ട്, കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്‌കൂള്‍ മാനേജര്‍, 1977 ലെ റഷ്യയിലെ അഖിലലോക സര്‍വമതസമ്മേളനത്തിന്റെ രക്ഷാധികാരി, മോസ്‌കോയില്‍ വച്ചു നടന്ന നിരായുധീകരണ സമ്മേളനത്തിന്റെ അധ്യക്ഷന്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് മദ്രാസ്, ബോംബെ, ഡല്‍ഹി, കല്‍ക്കട്ട, അമേരിക്ക, കുന്നംകുളം, ചെങ്ങന്നൂര്‍, തിരുവനന്തപുരം, സുല്‍ത്താന്‍ബത്തേരി എന്നീ പുതിയ ഭദ്രാസനങ്ങള്‍ ഉണ്ടായതും സെമിനാരിയിലെ ദിവ്യബോധന പദ്ധതി, ലിറ്റര്‍ജിക്കല്‍ മ്യൂസിക് സ്‌കൂള്‍ ആയ ശ്രുതി എന്നിവ ആരംഭിച്ചതും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുമായി ആദ്യം പാപ്പായുടെ ആസ്ഥാനത്തുവച്ചും പിന്നീട് കാതോലിക്കായുടെ കത്തീഡ്രല്‍ ആയ കോട്ടയം ഏലിയാ കത്തീഡ്രലില്‍ വച്ചും നടന്ന സൌഹൃദ സംഭാഷണങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. സഭാകവി വെണ്ണിക്കുളം സി. പി. ചാണ്ടിയുടെ സഹായത്തോടെ ദുഃഖവെള്ളി നമസ്‌ക്കാരം, പെരുന്നാള്‍ ശുശ്രൂഷാക്രമങ്ങള്‍, കൂദാശാക്രമങ്ങള്‍, കന്തീല, കഹനൈത്താ ക്രമങ്ങള്‍, കുര്‍ബ്ബാനയുടെ അതത് ദിവസത്തെ ഗീതങ്ങള്‍, ബുധനാഴ്‌ച നമസ്‌കാരം എന്നിവ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ആരാധനാസാഹിത്യത്തിന് മികച്ച മുതല്‍ക്കൂട്ടായി. എന്‍. സി. സി., കെ. സി. സി. എന്നിവയില്‍ ഇക്കാലത്ത് സഭ അംഗത്വമെടുത്തു. എന്‍. സി. സി. യില്‍ ബഹുമതി നേടി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ആരാധനാക്രമങ്ങള്‍ സുന്നഹദോസ് അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചു. ബാലിക–ബാല സമാജങ്ങള്‍ ആരംഭിച്ചു. 1991 ഏപ്രില്‍ 27–ന് സ്ഥാനത്യാഗം ചെയ്‌തു. 1996 നവം. 8–ന് കാലം ചെയ്‌തു. ദേവലോകം കാതോലിക്കേറ്റ് അരമനചാപ്പലില്‍ കബറടക്കി.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് കക (1915– 2006): ആറാം കാതോലിക്ക. കൊല്ലം പെരിനാട് പുതുശേരഴികത്ത് പുത്തന്‍വീട്ടില്‍ ഇടിക്കുള–അന്നമ്മ ദമ്പതിമാരുടെ മൂത്തപുത്രന്‍. ജനനം 30–1–1915. 1938 കോറൂയോ – ഗീവറുഗീസ് ദ്വിതീയന്‍ (കുണ്ടറ സെമിനാരി). 1941 മെയ് 6 പൂര്‍ണ്ണശെമ്മാശന്‍ (പൊങ്ങലടി). 1941 മെയ് 25. കശീശ്ശ (കോട്ടയം പഴയസെമിനാരി). 1951 സെപ്‌തം. 21 റമ്പാന്‍ (പഴയസെമിനാരി). 1953 മെയ് 15. മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പാ (ഏലിയാ ചാപ്പല്‍). 1959 ജൂലൈ 12 മെത്രാപ്പോലീത്താ (പഴയസെമിനാരി). 1965 കൊല്ലം ഭദ്രാസനാധിപന്‍. 1980 മെയ് 1. എം. ഡി. അസോസ്യേഷന്‍ കാതോലിക്കായുടെ പിന്‍ഗാമിയാക്കി. 1991 ഏപ്രില്‍ 27–ന് മലങ്കര മെത്രാപ്പോലീത്താ. 1991 ഏപ്രില്‍ 29–ന് ഫീലിപ്പോസ് മാര്‍ തെയോഫിലോസിന്റെ നേതൃത്വത്തില്‍ സിനഡ് പൌരസ്‌ത്യ കാതോലിക്കാ ആയി വാഴിച്ചു (പരുമല).
1991 ഏപ്രില്‍ 30–ന് ഇയ്യോബ് മാര്‍ പീലക്‌സീനോസ്, കുറിയാക്കോസ് മാര്‍ ക്ലീമ്മീസ്, ഗീവറുഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ പരുമല വച്ചും 25–10–1993 ല്‍ പൌലോസ് മാര്‍ പക്കോമിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ് എന്നിവരെ പരുമല വച്ചും എപ്പിസ്‌ക്കോപ്പത്താരായി വാഴിച്ചു. ഏഴു പേരെയും കോട്ടയം പഴയസെമിനാരിയില്‍ വച്ച് മെത്രാപ്പോലീത്തത്താരാക്കി.
ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. സഖറിയ മാര്‍ തെയോഫിലോസ്, ഔഗേന്‍ മാര്‍ ദീവന്നാസ്യോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവരെ പരുമലയില്‍ വച്ച് 2005–ല്‍ എപ്പിസ്‌ക്കോപ്പത്താരാക്കി. മാവേലിക്കര, യു. കെ. & യൂറോപ്പ് എന്നീ ഭദ്രാസനങ്ങള്‍ പുതുതായി രൂപീകരിച്ചു. 1999 മാര്‍ച്ച് 26–ന് ദേവലോകത്ത് വച്ച് മൂറോന്‍ കൂദാശ നടത്തി.
ഓതറ ദയറായില്‍ വൈദികനായി കഴിയുമ്പോള്‍ മുതല്‍ സുറിയാനി– ഇംഗ്ലീഷ് ഭാഷാപണ്ഡിതനായ അദ്ദേഹം ഏയ്‌ഞ്ചല്‍ അച്ചന്‍ എന്ന് അറിയപ്പെട്ടു. മികച്ച ധ്യാനഗുരു, കണ്‍വന്‍ഷന്‍ പ്രസംഗകന്‍, സെമിനാരി അദ്ധ്യാപകന്‍ എന്ന നിലയിലും അറിയപ്പെട്ട അദ്ദേഹം കൊല്ലത്തിന്റെ ആദ്യത്തെ മുഴുവന്‍സമയ മെത്രാന്‍ എന്ന നിലയില്‍ ഭദ്രാസനത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. പള്ളികള്‍, സ്‌കൂളുകള്‍, കോളജുകള്‍, ദയറാകള്‍, കോണ്‍വെന്റുകള്‍ തുടങ്ങി അദ്ദേഹം സ്ഥാപിച്ച അത്രയും സ്ഥാപനങ്ങള്‍ സമീപകാലത്ത് ഒരു മേല്‌പട്ടക്കാരനും സ്ഥാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാലത്ത് 1995–ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രീംകോടതിയുടെ വിധിയുണ്ടായി. 2002–ല്‍ സുപ്രീംകോടതി നിരീക്ഷകന്‍ ജസ്റ്റീസ് മളീമഠിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അസോസിയേഷന്‍ താത്വികമായി യോജിച്ച മലങ്കരസഭയുടെ അധിപനായി പൌരസ്‌ത്യ കാതോലിക്കാ പ. മാത്യൂസ് ദ്വിതീയനെ വീണ്ടും തിരഞ്ഞെടുപ്പു നടത്തി സ്ഥിരീകരിച്ചു. മറുഭാഗം പരുമല അസോസ്യേഷന്‍ ബഹിഷ്‌കരിച്ചതുമൂലം ഫലത്തില്‍ യോജിപ്പുണ്ടായില്ല. എങ്കിലും അങ്കമാലി, തൃശൂര്‍, കണ്ടനാട് മെത്രാസനങ്ങള്‍ ഭാഗികമായി ഐക്യത്തിലേക്ക് വന്നു. മാര്‍ തോമസ് അത്താനാസ്യോസ്, മാര്‍ അബ്രഹാം സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാ മാര്‍ നിക്കോളവോസ് എന്നിവര്‍ കാതോലിക്കേറ്റിലേക്ക് സ്വീകരിക്കപ്പെട്ടു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ഭപരിശുദ്ധന്‍’ എന്നും സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസ്യോസ് ഭസഭാജ്യോതിസെ’ന്നും ഉള്ള സിനഡ് നിശ്ചയം ഇദ്ദേഹം പ്രഖ്യാപിച്ചു.
2005 നവം. 30–ന് സ്ഥാനത്യാഗം ചെയ്‌തു. 2006 ജനുവരി 26–ന് ദേവ ലോകം അരമനയില്‍ വച്ച് കാലം ചെയ്‌തു. അദ്ദേഹം മരണപത്രത്തില്‍ നിര്‍ദ്ദേശിച്ചപ്രകാരം ശാസ്‌താംകോട്ടചാപ്പലില്‍ ജനു. 27–ന് കബറടക്കി.
പ. മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് ക: ഏഴാം കാതോലിക്ക. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസ് –ശോശാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രന്‍. ജനനം 29–10–1921. 1942 മാര്‍ച്ച് 11–ന് കോറൂയോ ഗീവറുഗ്ഗീസ് കക (കാരാപ്പുഴ ചാപ്പല്‍). 12–5–1947 പൂര്‍ണ്ണശെമ്മാശന്‍ (തിരുവല്ല ബഥനി അരമനചാപ്പല്‍). 25–1–1950 കശ്ശീശാ (പത്തനാപുരം താബോര്‍ ദയറ). 28–12–1965. എം. ഡി. അസോസ്യേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 24–8–1966. മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (കോലഞ്ചേരി – പ. ഔഗേന്‍ ബാവാ). 11–11–1966. മലബാറിന്റെ അസിസ്റ്റണ്ട്. 2–2–1968. മലബാറിന്റെ പൂര്‍ണ്ണചുമതല. 10–9–1992 പരുമല അസോസ്യേഷന്‍ കാതോലിക്കായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. 2005 ഒക്‌ടോ. 30–ന് മലങ്കര മെത്രാപ്പോലീത്താ ആയി. ഒക്‌ടോബര്‍ 31–ന് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് അധ്യക്ഷനായ സിനഡ് അദ്ദേഹത്തെ പൌരസ്‌ത്യ കാതോലിക്കാ ആയി വാഴിച്ചു. പത്തനാപുരം ദയറായുടെ അധിപന്‍, അദ്ധ്യാപകന്‍, കോളജ് പ്രിന്‍സിപ്പല്‍, യുവജനപ്രസ്ഥാനം അധ്യക്ഷന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു. മലബാറിന്റെ അവികസിതാവസ്ഥ മാറ്റിയെടുത്തു. താല്‌ക്കാലിക ഷെഡുകള്‍ സ്ഥിരം കെട്ടിടപ്പള്ളികള്‍ ആയി. ചാത്തമംഗലത്ത് ആര്‍. ഇ. കോളജിന് സമീപം മൌണ്ട് ഹെര്‍മ്മോന്‍ അരമന പണിയിച്ച് പുതിയ ആസ്ഥാനം ഉണ്ടാക്കി.
അങ്കമാലിയുടെയും ഇടുക്കിയുടെയും ക്‌നാനായ ഭദ്രാസനത്തിന്റെയും ചുമതല വഹിക്കുന്നു. 2006 സെപ്‌തം. 21, ഒക്‌ടോബര്‍ 12 എന്നീ തീയതികളില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരുമല അസോസ്യേഷന്‍ 8–ാം കാതോലിക്കാ ആയി കുന്നംകുളം മെത്രാസനത്തിന്റെ പൌലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തു.
കായംകുളം പീലിപ്പോസ് റമ്പാന്‍:
ചെങ്ങന്നൂര്‍ പഴയ സുറിയാനിപ്പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഈവാനിയോസിന്റെ ശിഷ്യന്‍. ഗുരു ഇദ്ദേഹത്തേയും 7–ാം മാര്‍ത്തോമ്മായെയും ഒന്നിച്ച് റമ്പാത്താരാക്കി. ഡോ. ബുക്കാനന്‍ ആവശ്യപ്പെട്ടതനുസരിച്ച് ആറാം മാര്‍ത്തോമ്മാ വേദപുസ്‌തക പരിഭാഷയ്ക്കായി വടക്ക് നിന്ന് പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെയും തെക്കുനിന്ന് പീലിപ്പോസ് റമ്പാനെയും നിയമിച്ചു. ഇരുവരും ചേര്‍ന്നാണ് 1811–ലെ മലയാളം ബൈബിളിന്റെ പരിഭാഷ നിര്‍വഹിച്ചത്. കണ്ടനാട് സുന്നഹദോസിന്റെ നിശ്ചയപ്രകാരം ഇരുവരും 8–ാം മാര്‍ത്തോമ്മായുടെ ഔദ്യോഗിക ഉപദേഷ്‌ടാക്കളായി നിയമിക്കപ്പെട്ടു. പകലോമറ്റം കുടുംബവാഴ്‌ചയ്ക്കെതിരെ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും ഇദ്ദേഹവും ശക്തമായി പ്രതികരിക്കുകയും കേണല്‍ മണ്‍റോ ഉള്‍പ്പെടെയുള്ള നേതാക്കളെ സന്ദര്‍ശിച്ച് ഔദ്യോഗികമായി പരാതി ബോധിപ്പിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് പകലോമറ്റം കുടുംബത്തില്‍ നിന്നു മാത്രം മലങ്കര മെത്രാത്താരെ വാഴിക്കുന്ന 1665 മുതലുള്ള പതിവിന് മാറ്റമുണ്ടായത്. പല മല്‌പാന്‍ ഗൃഹങ്ങളിലും രണ്ട് റമ്പാത്താരും സഞ്ചരിച്ച് പഠിപ്പിച്ചുവന്നു. കോട്ടയം സെമിനാരി നിര്‍മ്മാണത്തിന് മുമ്പ് 1811 തുലാം 28–ന് ഇദ്ദേഹം അന്തരിച്ചു. അടൂര്‍ കണ്ണങ്കോട് പള്ളിയില്‍ കബറടങ്ങി. നിര്യാണത്തില്‍ അനുശോചിച്ച് പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ (പഴയസെമിനാരി സ്ഥാപകന്‍) സുറിയാനി കൂക്കോയോ രാഗത്തില്‍ ഒരു വിലാപ കാവ്യം എഴുതിയിട്ടുണ്ട്.
കുറിയാക്കോസ് ഒ. സി. കോറെപ്പിസ്‌ക്കോപ്പാ: തേവനാല്‍ വെട്ടിക്കല്‍ ഓലിയില്‍ കൂനപ്പിള്ളില്‍ ചാക്കോയുടെ മകന്‍. 24–6–1927 –ല്‍ ജനിച്ചു. ബി. എ., ബി. റ്റി., ബിരുദങ്ങള്‍ക്ക് ശേഷം ലണ്ടനില്‍ നിന്ന് പി. ഡി., പി. റ്റി. ബിരുദം നേടി. വിവാഹിതന്‍. 1953–ല്‍ വൈദികന്‍. 1982–ല്‍ കോറെപ്പിസ്‌ക്കോപ്പാ. ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍, തലക്കോട് സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍, തലക്കോട് സെന്റ് മേരീസ് ബോയ്‌സ് ഹോം, ഐ. ടി. സി. എന്നിവയുടെ സ്ഥാപകന്‍.
കുറിയാക്കോസ് ഒ. ഐ. സി., ഫാ.: കോട്ടയം താഴത്തങ്ങാടി കാക്കരോത്ത് കുടുംബാംഗം. ബഥനി ആശ്രമാംഗം. രണ്ടു തവണ സുപ്പീരിയര്‍ ആയി സേവനമനുഷ്‌ഠിച്ചു. ഏറെക്കാലം കുന്നംകുളം ബഥനി ആശ്രമത്തിന്റെ മാനേജര്‍. ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും, മലമുകളിലെ മഹര്‍ഷിമാര്‍, ബഥനി: മലമടക്കിലെ കെടാവിളക്ക് എന്നീ കൃതികള്‍ രചിച്ചു. ജോസഫ് മുണ്ടശ്ശേരി അവതാരിക എഴുതിയ ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണകൃതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. 1995–ല്‍ അന്തരിച്ചു.
കുര്യാക്കോസ് കോറെപ്പിസ്‌ക്കോപ്പാ, പാറയ്ക്കല്‍: മീനടം പാറയ്ക്കല്‍ മാത്തന്റെ മകന്‍. 30–11–1916 –ല്‍ ജനിച്ചു. പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. 1929–ല്‍ കോറൂയോ. 1937–ല്‍ ശെമ്മാശന്‍. 1938–ല്‍ വിവാഹാനന്തരം കശ്ശീശാപട്ടം. 1987–ല്‍ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കി. പുതുപ്പള്ളി, മീനടം, തോട്ടയ്ക്കാട്, പള്ളം, കൈതമറ്റം എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. അധ്യാപകനും വാഗ്മിയും കഥാപ്രസംഗകനും. ഭദ്രാസന സിക്രട്ടറി, മാനേജിംഗ് കമ്മറ്റി അംഗം, മദ്യവര്‍ജ്ജന സമിതി സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 5–12–1988 –ല്‍ അന്തരിച്ചു.
കുറിയാക്കോസ് റമ്പാന്‍, എം. സി. (1901–1958): പാത്താമുട്ടം മാളികയില്‍ കുടുംബത്തില്‍ 1901 ആഗസ്റ്റ് 31–ന് ജനനം. 1929–ല്‍ അധ്യാപകജോലി രാജിവച്ച് ശെമ്മാശുപട്ടം സ്വീകരിച്ചു. 1930–ല്‍ പാമ്പാടി മാര്‍ ഗ്രീഗോറിയോസില്‍ നിന്ന് കശ്ശീശാപട്ടം സ്വീകരിച്ചു. കോട്ടയം പഴയസെമിനാരിയില്‍ മാനേജര്‍ ആയിരുന്നു. പാത്താമുട്ടം സ്ലീബാ പള്ളി, ദയറാ, പാത്താമുട്ടം ചാപ്പല്‍ എന്നിവ സ്ഥാപിച്ചു. 1936–ല്‍ റമ്പാന്‍. സമുദായ സെക്രട്ടറി ആയിരുന്ന സമയത്ത് കാതോലിക്കാ ദിനപ്പിരിവ് ആരംഭിച്ചു. കോട്ടയം മെത്രാസന സെക്രട്ടറി, മലങ്കരസഭ മാസികയുടെ പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം നിരവധി ലേഖനങ്ങളും ശ്രദ്ധേയങ്ങളായ ചില കൃതികളും രചിച്ചിട്ടുണ്ട്. 1958 ജൂലായ് 17–ന് അന്തരിച്ച് പാത്താമുട്ടത്ത് കബറടക്കി.
കൂറിലോസ്, അമ്പാട്ട് ഗീവറുഗ്ഗീസ് മാര്‍: അമ്പാട്ട് വടക്കന്‍ എന്ന കുടുംബക്കാര്‍ പാലൂര്‍ ചാട്ടുകുളങ്ങര ഇടവകയില്‍ നിന്ന് 18–ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ടിപ്പു സുല്‍ത്താന്റെ മതപീഡനത്തെത്തുടര്‍ന്ന് അങ്കമാലി പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരാണ്. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് 1876 ഡിസംബര്‍ 10–ന് വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച് ഇദ്ദേഹത്തെ മെത്രാപ്പോലീത്താ ആയി അഭിഷേകം ചെയ്‌തു. അങ്കമാലി മെത്രാസനത്തിന്റെ ചുമതലയേല്‌പിക്കുകയും ചെയ്‌തു. 1891 മാര്‍ച്ച് 9–ന് അന്തരിച്ചു. അങ്കമാലി സെന്റ് മേരീസ് പള്ളിയില്‍ കബറടക്കപ്പെട്ടു.
കൂറിലോസ്, ഗീവറുഗ്ഗീസ് മാര്‍: 1949–ല്‍ കോട്ടയത്തിനടുത്ത് കൊല്ലാട്ട് ജനിച്ചു. കാലിക്കറ്റ്, ശ്രീ വെങ്കിടേശ്വരാ യൂണിവേഴ്സിറ്റികളില്‍ നിന്ന് ബി. എ., എം. എ. ബിരുദങ്ങളും ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയും നേടി. 1975–ല്‍ വൈദികനായി. തിരുവനന്തപുരം സ്റ്റുഡന്റ് സെന്റര്‍ വാര്‍ഡന്‍, വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ക്രിസ്‌ത്യന്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ പല അന്താരാഷ്‌ട്ര സമ്മേളനങ്ങളിലും പങ്കെടുത്തു. 1989–ല്‍ മേല്‌പട്ടസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രില്‍ 30–ന് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ പരുമലയില്‍ വച്ച് അഭിഷേകം ചെയ്‌തു. ബോംബെയുടെ സഹായ മെത്രാനായും ഡോ. പീലിപ്പോസ് മാര്‍ തെയോഫിലോസിന്റെ കാലശേഷം മെത്രാപ്പോലീത്താ ആയും നിയമിക്കപ്പെട്ടു. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായി സേവനം അനുഷ്‌ഠിക്കുന്നു.
കോനാട്ട് ജോണ്‍സ് ഏബ്രഹാം, ഫാ. ഡോ.: പാമ്പാക്കുട സെന്റ് ജോണ്‍സ് വലിയപള്ളിയില്‍പ്പെട്ട മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്‌പാനച്ചന്റെ മകന്‍. ഞാര്‍ത്താങ്കല്‍ കോരത് മല്‌പാന്റെ ജാമാതാവ്. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ ചേര്‍ന്നു ജി. എസ്. റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്‌ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്‌ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തി മാസ്റ്റര്‍ ബിരുദം (ങ. ഠവ.) കരസ്ഥമാക്കി. 1985 മുതല്‍ വൈദികസെമിനാരിയില്‍ സുറിയാനിയും സഭാചരിത്രവും പഠിപ്പിക്കുന്നു. കണ്ടനാട് ഭദ്രാസന സെക്രട്ടറിയായും അഖില മലങ്കര വൈദിക സംഘം ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു വരുന്നു. ചരിത്രപ്രസിദ്ധമായ കോനാട്ട് ഗ്രന്ഥശേഖരത്തിന്റെ ഉടമ കൂടിയാണിദ്ദേഹം. ഇപ്പോള്‍ മലങ്കര സഭാ വൈദികട്രസ്റ്റി.
കോരുത് മല്‌പാന്‍ ഞാര്‍ത്താങ്കല്‍, ഫാ. എന്‍. കെ.: വടവുകോട് ഞാര്‍ത്താങ്കല്‍ കുടുംബത്തില്‍ 1914–ല്‍ ജനിച്ചു. ഔഗേന്‍ തീമോത്തിയോസ്, അബ്‌ദല്‍ ആഹാദ് റമ്പാന്‍ എന്നിവര്‍ മുഖ്യ ഗുരുനാഥത്താര്‍. വടവുകോട്, മലേക്കുരിശ് ദയറാ, കോട്ടയം പഴയസെമിനാരി എന്നിവയില്‍ സുറിയാനി മല്‌പാന്‍. 1945 മുതല്‍ മരണംവരെ വടവുകോട് വികാരി. ഏറെക്കാലം കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസിന്റെ സെക്രട്ടറി ആയിരുന്നു. ഈ സംഗീത കലാകാരന്‍ പാടിയ ആരാധനാഗീതങ്ങളും എക്കാറ ഗീതങ്ങളും കാസറ്റുകളില്‍ ലഭ്യമാണ്. മലങ്കര മല്‌പാന്‍ എന്ന ബഹുമതി നല്‍കി മലങ്കരസഭ ഇദ്ദേഹത്തെ ബഹുമാനിച്ചു. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, സീയോന്‍ സന്ദേശം മാസികയുടെ പത്രാധിപര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001 ഡിസംബര്‍ 23–ന് അന്തരിച്ചു.
ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍: നിരണം ഭദ്രാസനത്തിലെ കവിയൂര്‍ കോട്ടൂര്‍ മണ്ണില്‍ പുത്തന്‍പുരയില്‍ യോഹന്നാന്‍–ഏലിയാമ്മ ദമ്പതികളുടെ മകന്‍. 7–1–1955–ല്‍ ജനിച്ചു. സെറാമ്പൂരില്‍ നിന്ന് ബി. ഡി., എം. റ്റി. എച്ച്. ബിരുദങ്ങളും അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ സെമിനാരിയില്‍ നിന്ന് ഡോക്‌ടര്‍ ബിരുദവും നേടി. 19–4–80 ന് അവുപ്പദ്‌യക്കിനോ. 29–5–82 ന് ശെമ്മാശന്‍. 5–6–82 ന് കശ്ശീശാ. 28–1–98 ന് റമ്പാന്‍. 5–3–2005 ന് പരുമലയില്‍ വച്ച് എപ്പിസ്‌ക്കോപ്പാ ആയും 23–2–2006 ന് മെത്രാപ്പോലീത്താ ആയും പ. മാത്യൂസ് കക കാതോലിക്കാ സ്ഥാനം നല്‍കി. 21–1–2007 മുതല്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്താ.
മുണ്ടുകുഴി, ഇലവുങ്കല്‍, പെരുമ്പെട്ടി, കടമങ്കുളം, മടത്തുംഭാഗം നോര്‍ത്ത്, തുങ്കൂര്‍, ഡാവന്‍കേരി, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. തിരുവനന്തപുരം കാരുണ്യ ഗൈഡന്‍സ് സെന്റര്‍, കാരുണ്യ വിശ്രാന്തി ഭവന്‍ എന്നിവയുടെ കോ–ഓര്‍ഡിനേറ്റര്‍, മാവേലിക്കര മിഷന്‍ സെന്റര്‍, നെയ്യാറ്റിന്‍കര ബാലഭവന്‍, എം. എ. എഫ്., എസ്. എ. എഫ്., സേവ് എ ഹാര്‍ട്ട് എന്നിവയുടെ കോ–പ്രസിഡണ്ട്, പനയമ്പാല കരുണഗിരി ബാലഭവന്‍, മാവേലിക്കര മിഷന്‍ പരിശീലനകേന്ദ്രം എന്നിവയുടെ അധ്യക്ഷന്‍, നാഗ്‌പ്പൂര്‍ സെമിനാരി വിസിറ്റിംഗ് പ്രൊഫസര്‍, കാരുണ്യ സന്യാസസമൂഹം സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിക്കുന്നു.
ക്ലീമ്മിസ്, കുറിയാക്കോസ് മാര്‍: 1936–ല്‍ കോഴഞ്ചേരി നെല്ലിക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. 1964–ല്‍ വൈദികനായി. പത്തനംതിട്ട ബേസില്‍ ദയറാ അംഗം. തുമ്പമണ്‍ ഭദ്രാസന വൈദിക സെക്രട്ടറി. മങ്ങാട് (പുല്ലാട്), വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ വികാരി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ബോട്ടണി അധ്യാപകനായിരുന്നു. 1989 ഡിസം. 28–ന് അസോസ്യേഷന്‍ മേല്‌പട്ടസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. 1991 ഏപ്രില്‍ 30–ന് പരുമലയില്‍ വച്ച് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ മെത്രാന്‍ സ്ഥാനം നല്‍കി. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്നു.
ഗീവറുഗ്ഗീസ്, ഫാ. ചീരന്‍: 19–ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ പഴഞ്ഞി മങ്ങാട് കാങ്ങുവിന്റെ മകനായി ജനിച്ചു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് 1883 ഏപ്രില്‍ 2–ന് ശെമ്മാശുപട്ടവും 1886 സെപ്‌തംബര്‍ 21–ന് കശ്ശീശപട്ടവും നല്‍കി. പരുമല സെമിനാരിയില്‍ മാര്‍ ഗ്രീഗോറിയോസ് ഗുരു. പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലെ ആയുഷ്‌ക്കാല വികാരി. പെങ്ങാമുക്ക്, ചേലക്കര പള്ളികളിലും വികാരി. കാട്ടകാമ്പാല്‍, മലേപ്പാട്, ഓട്ടുപാറ പള്ളികള്‍ സ്ഥാപിച്ചു. പില്‌ക്കാല ഇടവകകളായിത്തീര്‍ന്ന മങ്ങാട്, പെരുന്തുരുത്തി, കരിക്കാട് എന്നിവിടങ്ങളില്‍ വായനാ യോഗങ്ങള്‍ സ്ഥാപിച്ചു. പഴഞ്ഞി, കരിക്കാട്, കാട്ടകാമ്പാല്‍, പെങ്ങാമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഏഴു സ്‌കൂളുകള്‍ സ്ഥാപിച്ചു. നവീകരണക്കാരോടുള്ള വ്യവഹാരം സഫലമായി നയിച്ചു. വിവാഹിതനായ ഇദ്ദേഹം 1933 കര്‍ക്കിടകം 15–ന് അന്തരിച്ചു. പഴഞ്ഞി പള്ളിയില്‍ കബറടക്കപ്പെട്ടു.
ഗീവറുഗ്ഗീസ് അഞ്ചല്‍, ഫാ. കെ.: മണ്ണൂര്‍ ചങ്ങരംപള്ളില്‍ കോശിയുടെ പുത്രന്‍. 10–1–1914 ല്‍ ജനിച്ചു. 17–2–1938 ല്‍ വൈദികനായി. അഞ്ചല്‍ അച്ചന്‍ എന്ന പേരില്‍ പ്രസിദ്ധനായി. അന്നാമ്മയും പാസ്റ്ററും എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. സുപ്രസിദ്ധ സുവിശേഷ പ്രസംഗകന്‍. 1995 സെപ്‌റ്റംബര്‍ 14–ന് നിര്യാതനായി.
ഗീവറുഗ്ഗീസ് റമ്പാന്‍: മാവേലിക്കര പുതിയകാവ് കളയ്ക്കാട്ട് കുറ്റിയില്‍ സി. കോശിയുടെ പുത്രന്‍. 29–11–1932 ല്‍ ജനിച്ചു. ബി. ഡി., എസ്. റ്റി. എം., എം. എ. ബിരുദങ്ങള്‍ നേടി. 22–8–1970 ല്‍ വൈദികനായി. കാതോലിക്കേറ്റ് അരമനയില്‍ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച തിരുവിതാംകോട് സെന്റ് മേരീസ് പള്ളി വക നഷ്‌ടപ്പെട്ട സ്ഥലങ്ങള്‍ വീണ്ടെടുത്ത് പള്ളി പുനരുദ്ധരിച്ച് സഭയ്ക്ക് മുതല്‍ക്കൂട്ടാക്കിയ സന്യാസിവര്യന്‍.
ഗീവറുഗ്ഗീസ് റമ്പാന്‍, മൂക്കഞ്ചേരില്‍ (1829–1898): ആര്‍ത്താറ്റ്– കുന്നംകുളം ഇടവകയില്‍ നിന്ന് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ താമസമാക്കിയ മൂക്കഞ്ചേരില്‍ കുടുംബാംഗം. 1829 മേടം 22–ന് ജനിച്ചു. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് 1840–ല്‍ ശെമ്മാശു പട്ടവും 1851–ല്‍ തൃപ്പൂണിത്തുറ നടമേല്‍ പള്ളിയില്‍ വച്ച് കശ്ശീശാപട്ടവും ഏറ്റു. 1875–ല്‍ പത്രോസ് തൃതീയന്‍ ബാവാ മുളന്തുരുത്തിയില്‍ വച്ച് സുന്നഹദോസിന്റെ പിറ്റേദിവസം റമ്പാന്‍ സ്ഥാനം നല്‍കി. പഴയസെമിനാരിയില്‍ മല്‌പാന്‍ ആയി പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്താ നിയമിച്ചു. മലങ്കരസഭയിലെ പ്രഥമ ദയറാ ആയി പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ സ്ഥാപിച്ച വെട്ടിക്കല്‍ ദയറായില്‍ 1894 മുതല്‍ റീശ് ദയറോ ആയി സേവനം അനുഷ്‌ഠിച്ചു. 1898 കര്‍ക്കിടകം 6–ന് അന്തരിച്ചു. തൃപ്പൂണിത്തുറ നടമേല്‍ പള്ളിയില്‍ കബറടക്കി.
ഗ്രീഗോറിയോസ്, ഗീവറുഗ്ഗീസ് മാര്‍ (പ. പരുമല തിരുമേനി) (1848–1902): മുളന്തുരുത്തി പള്ളത്തിട്ട ചാത്തുരുത്തില്‍ കൊച്ചുമത്തായി –മറിയ ദമ്പതികളുടെ മകന്‍. ജനനം 15–6–1848. ആശാന്‍ ഓണക്കാവില്‍ അയ്യാ, മാണി എന്നിവരില്‍ നിന്നും പിതൃവ്യന്‍ പള്ളത്തിട്ട ഗീവറുഗ്ഗീസ് മല്‌പാനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും സുറിയാനി ഭാഷാജ്ഞാനവും നേടി. കൊച്ചയ്‌പോരാ എന്നായിരുന്നു പേര്‍. 1857–ല്‍ സ്ലീബാപെരുന്നാളിന് കരിങ്ങാശ്ര പള്ളിയില്‍ വച്ച് പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസില്‍ നിന്ന് കോറൂയോ സ്ഥാനം സ്വീകരിച്ചു. കോനാട്ട് യോഹന്നാന്‍ മല്‌പാന്‍, യൂയാക്കീം കൂറിലോസ് എന്നിവരില്‍ നിന്ന് ഉപരിവിദ്യ നേടി. 1861–ല്‍ ശെമ്മാശുസ്ഥാനവും 1865–ല്‍ കശ്ശീശാ–കോറി സ്ഥാനങ്ങളും യൂയാക്കീം കൂറിലോസ് നല്‍കി. 1872 ഏപ്രില്‍ 7–ന് ഗുരുവായ പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസ്യോസ് ദ്വിതീയന്‍ മുളന്തുരുത്തിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കി താന്‍ സ്ഥാപിച്ച വെട്ടിക്കല്‍ ദയറായുടെ അധിപനായി നിയമിച്ചു. 1875–ല്‍ വന്ന പത്രോസ് തൃതീയന്‍ പരുമല സെമിനാരി മല്‌പാനായ റമ്പാനെ ദ്വിഭാഷിയാക്കി. 10–12–1876 ന് വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച് ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ ആക്കി നിരണത്തിന്റെ ചുമതല നല്‌കി. മലങ്കര മെത്രാന്റെ വിശ്വസ്‌ത അനുയായി ആയി പരുമലയില്‍ താമസിച്ചു. പരുമല അസോസ്യേഷന്‍, മുളന്തുരുത്തി സുന്നഹദോസ്, മൂറോന്‍ കൂദാശ, മെത്രാന്‍ വാഴ്‌ച എന്നിവയില്‍ പങ്കെടുത്തു. സന്ദിഗ്‌ദാവസ്ഥയില്‍, ശേഷം മെത്രാത്താരെ മലങ്കര മെത്രാന്റെ കീഴില്‍ അണിനിരത്തി. സിലോണില്‍ വച്ച് 1892 ഇടവം 14–ന് റിനി വിലാത്തി തീമോത്തിയോസിനെ മെത്രാനാക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഇംഗ്ലീഷ് സ്‌കൂളുകള്‍ സ്ഥാപിച്ചു. 1902 നവംബര്‍ 2–ന് 54–ാം വയസ്സില്‍ കൊച്ചുതിരുമേനി കാലം ചെയ്‌തു. പരുമലയില്‍ കബറടക്കി. 1896 മകരത്തില്‍ നടത്തിയ വിശുദ്ധനാട് സന്ദര്‍ശനത്തെപ്പറ്റി ഊര്‍ശ്ലേം യാത്രാവിവരണം എന്ന യാത്രാവിവരണ ഗ്രന്ഥമെഴുതി. മലയാള ഭായിലെ ലക്ഷണമൊത്ത പ്രഥമ യാത്രാവിവരണ ഗ്രന്ഥമാണിത്. 1947 നവം. 2–ന് അദ്ദേഹത്തെ പരിശുദ്ധനായി സിനഡ് പ്രഖ്യാപിച്ചു. ലോകമെങ്ങും അദ്ദേഹത്തിന്റെ നാമത്തില്‍ പള്ളികള്‍ വര്‍ദ്ധിച്ചു വരുന്നു.
ഗ്രീഗോറിയോസ്, ഗീവറുഗ്ഗീസ് മാര്‍ (1889–1966): അങ്കമാലി നെടുമ്പാശ്ശേരില്‍ പൈനാടത്ത് വയലിപ്പറമ്പില്‍ തോമസ്–ശോശാമ്മ ദമ്പതികളുടെ ദ്വിതീയ പുത്രന്‍. ജനനം 17–7–1889. ആലുവാ യു. സി. കോളജില്‍ നിന്ന് ബി. എ. കൊല്ലവര്‍ഷം 1107–ല്‍ ഏലിയാസ് തൃതീയന്‍ ബാവാ ശെമ്മാശനാക്കി. 1109–ല്‍ പൌലൂസ് മാര്‍ അത്താനാസ്യോസ് കശ്ശീശാപട്ടം നല്‍കി. നെടുമ്പാശ്ശേരി ഹൈസ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്ന ഇദ്ദേഹത്തെ 1946 കര്‍ക്കിടകം 22–ന് ഹോംസിലെ പാത്രിയര്‍ക്കാ ദേവാലയത്തില്‍ വച്ച് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ ആയി വാഴിച്ചു. അങ്കമാലിയുടെ അസിസ്റ്റന്റ് ആയ ഇദ്ദേഹം 1953 ജനുവരി 27–ന് അങ്കമാലിയുടെ പൂര്‍ണ്ണ ചുമതലയേറ്റു. സഭാചന്ദ്രിക മാസിക ഇദ്ദേഹമാണ് ആരംഭിച്ചത്. 1958–ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നു സഭയില്‍ സമാധാനമുണ്ടായപ്പോള്‍ കാതോലിക്കേറ്റില്‍ ചേര്‍ന്നു. 1959–ല്‍ കാതോലിക്കാ ഇദ്ദേഹത്തെ അങ്കമാലി മെത്രാനായി യോജിച്ച സഭയില്‍ നിയമിച്ചു. അന്ത്യംവരെ കാതോലിക്കേറ്റില്‍ ഉറച്ചു നിന്നു. 1966 നവം. 6–ന് അന്തരിച്ചു. ആലുവാ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ കബറടക്കി.
ഗ്രീഗോറിയോസ്, കുരിയാക്കോസ് മാര്‍ (പ. പാമ്പാടി തിരുമേനി 1885–1965): പാമ്പാടി പേഴമറ്റത്ത് ചാക്കോച്ചന്‍–ഇളച്ചി ദമ്പതികളുടെ ആറാമത്തെ പുത്രന്‍. ജനനം 5–4–1885. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ് മല്‌പാന്റെയും കോനാട്ട് മാത്തന്‍ മല്‌പാന്റെയും കീഴില്‍ പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം. 5–2–1899 ല്‍ ശെമ്മാശുപട്ടവും 28–7–1906 ല്‍ പാമ്പാടി വലിയപള്ളിയില്‍ വച്ച് കശ്ശീശാപട്ടവും ജൂലൈ 29–ന് റമ്പാന്‍ സ്ഥാനവും കടവില്‍ പൌലോസ് മാര്‍ അത്താനാസ്യോസ് നല്‍കി. 16–2–1929 ന് പ. ഗീവറുഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ കോട്ടയം ഏലിയാ ചാപ്പലില്‍ വച്ച് ഗ്രീഗോറിയോസ് എന്ന പേരില്‍ എപ്പിസ്‌ക്കോപ്പാ ആയി വാഴിച്ചു. 1934 ജൂണ്‍ 1–ന് മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. കോട്ടയം മെത്രാസനത്തിന്റെ ചുമതല വഹിച്ചു. കുന്നംകുളത്ത് പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ നിര്‍ദ്ദേശപ്രകാരം അവിടെയെത്തി കുന്നംകുളം നസ്രാണികളെ ആശ്വസിപ്പിക്കുകയും അവര്‍ക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുകയും ചെയ്‌തതിന്റെ ഫലമായി ആ ബാധ നീങ്ങിപ്പോയി. ഈ സംഭവത്തിന്റെ സ്‌മരണയ്ക്കായി എല്ലാ വര്‍ഷവും കുന്നംകുളം നസ്രാണികള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെരുന്നാളില്‍ സമൂഹമായി പോയി സംബന്ധിക്കുന്നു. മാതൃകാപരമായ ദയറാ ജീവിതത്തിന്റെ ഉടമ, അതിമനോഹരമായ സുറിയാനി കൈയക്ഷരം, മികച്ച പ്രാര്‍ത്ഥനാജീവിതം, മാതൃകാപരമായ ലാളിത്യം എന്നിവയുടെ പേരില്‍ പ്രശസ്‌തനായ അദ്ദേഹത്തെ ഒരു പരിശുദ്ധനായി സഭ അനൌദ്യോഗികമായി പരിഗണിക്കുന്നു. പാമ്പാടി പള്ളിയിലും പുതുപ്പള്ളി പള്ളിയിലും അദ്ദേഹത്തിന്റെ പേരില്‍ മദ്‌ബഹാകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1965 ഏപ്രില്‍ 5–ന് പാമ്പാടി ദയറായില്‍ ദിവംഗതനായി. പള്ളിയോട് ചേര്‍ന്ന് വടക്കുഭാഗത്ത് അദ്ദേഹത്തെ കബറടക്കി.
ഗ്രീഗോറിയോസ്, ഡോ. പൌലോസ് മാര്‍ (1922–1996): തൃപ്പൂണിത്തുറ തടിയ്ക്കല്‍ പൈലി–ഏലി ദമ്പതികളുടെ പുത്രന്‍. ജനനം 9–8–1922. ഇന്‍ഡ്യാനയില്‍ നിന്ന് ബി. എ., ഓക്‌ലോമ–ലിസ്റ്റല്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് എം. ഡിവും യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എസ്. റ്റി. എം. ബിരുദവും നേടി. ഓക്‌സ്‌ഫോര്‍ഡ്, ജര്‍മ്മനിയിലെ ഗ്രിഗറി ഓഫ് നിസ്സാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഗവേഷണം. സെറാമ്പൂരില്‍ നിന്ന് ഡോക്‌ടറേറ്റ്. റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാഡമി, ഹംഗറിയിലെ ബുഡാപ്പസ്റ്റ് ലൂതറന്‍ തിയോളജിക്കല്‍ അക്കാഡമി, ചെക്കോസ്ലോവാക്യയിലെ ജാന്‍ഹസ് ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ നിന്ന് ഓണററി ഡോക്‌ടറേറ്റ്.
1959 ജനുവരിയില്‍ ശെമ്മാശനായി. 2–11–62 ന് ഗീവറുഗ്ഗീസ് ദ്വിതീയന്‍ കശ്ശീശാപട്ടം നല്‍കി. 1975 ഫെബ്രു. 16–ന് നിരണത്തു വച്ച് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ഇദ്ദേഹത്തെ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്താ ആയി വാഴിച്ചു ഡല്‍ഹിയുടെ ചുമതല നല്‌കി.
പി. ആന്‍ഡ് റ്റി. തിരു–കൊച്ചി യൂണിയന്‍ അസോസ്യേറ്റ് സെക്രട്ടറി, വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ആലുവാ ഫെലോഷിപ്പ് ഹൌസ് സെക്രട്ടറി, എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്‌ടാവ്, എത്യോപ്യന്‍ വിദ്യാഭ്യാസ വകുപ്പ് ഉപദേഷ്‌ടാവ്, ഡബ്ല്യു. സി. സി. യുടെ എക്യുമിനിക്കല്‍ വിഭാഗം ഡയറക്‌ടര്‍, ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, ഡബ്ല്യു. സി. സി. പ്രസിഡണ്ട്, എന്‍. സി. സി. ചെയര്‍മാന്‍, ഭാരതീയ ദാര്‍ശനിക കോണ്‍ഗ്രസ് പ്രസിഡണ്ട്, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കരിക്കുലം കമ്മറ്റി ചെയര്‍മാന്‍, വൈദികസംഘം പ്രസിഡണ്ട്, ദിവ്യബോധനം ചെയര്‍മാന്‍, സ്റ്റാര്‍ ഓഫ് ദി ഈസ്റ്റ്, പുരോഹിതന്‍ എന്നിവയുടെ പത്രാധിപര്‍, സുന്നഹദോസ് സെക്രട്ടറി, ഫെയ്‌ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷന്‍ അംഗം, കേരള, സെറാമ്പൂര്‍ സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, അംഹാരിക്ക്, മലയാളം എന്നീ ഭാഷകളില്‍ നിരവധി പ്രബന്ധങ്ങള്‍ രചിച്ചു. കോസ്‌മിക് മാന്‍, ജോയ് ഓഫ് ഫ്രീഡം, സയന്‍സ് ഫോര്‍ സെയ്‌ന്‍ സൊസൈറ്റീസ്, ഹ്യൂമന്‍ പ്രസന്‍സ്, ഫ്രീഡം ആന്‍ഡ് അതോറിറ്റി തുടങ്ങിയ മുപ്പതിലേറെ വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ്, ചിന്തകന്‍, പണ്ഡിതന്‍, ദാര്‍ശനികന്‍, ദൈവശാസ്‌ത്രജ്ഞന്‍, ബൈബിള്‍ അധ്യാപകന്‍, പ്രഭാഷകന്‍, ജേര്‍ണലിസ്റ്റ്, എഴുത്തുകാരന്‍ എന്നിങ്ങനെ തിളക്കമാര്‍ന്ന വ്യക്തിത്വം. 1988–ലെ സോവ്യറ്റ്‌ലാന്‍ഡ് നെഹൃ അവാര്‍ഡ് ഉള്‍പ്പെടെ ഇരുപതോളം രാജ്യാന്തര അവാര്‍ഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചു. ലോകസമാധാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. സോഫിയാ സെന്റര്‍, ദിവ്യബോധനം പഠന പദ്ധതി, ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്, കോട്ടയം വൈദിക സെമിനാരിയുടെ പുതിയ കെട്ടിടങ്ങള്‍, തലക്കോട് മാര്‍ ഗ്രീഗോറിയോസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ബാലഭവനം, ഐ. ടി. സി. എന്നിവയും ഡല്‍ഹി ഭദ്രാസന കേന്ദ്രവും അദ്ദേഹത്തിന്റെ സംഭാവന.
പ്രമുഖ പൌരസ്‌ത്യ ഓര്‍ത്തഡോക്‌സ് വേദശാസ്‌ത്രജ്ഞന്‍. റോമ്മന്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ സഭകളുമായുള്ള ബന്ധത്തില്‍ മലങ്കരസഭയുടെ വിശ്വാസത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും വന്ന പൌരസ്‌ത്യ ഓര്‍ത്തഡോക്‌സിക്ക് നിരക്കാത്തവയെ വിവേചിച്ചറിയുവാനും വി. കൂദാശകളെയും മറ്റും വ്യാഖ്യാനിക്കുവാനും കഴിഞ്ഞു.
ഡല്‍ഹി ഭദ്രാസനാസ്ഥാനത്തു വച്ച് 1996 നവം. 24–ന് കാലം ചെയ്‌തു. ഭൌതികദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കോട്ടയം വൈദികസെമിനാരിയുടെ വടക്കേമുറിയില്‍ പിറ്റേന്ന് കബറടക്കി.
അന്താരാഷ്‌ട്രതലത്തില്‍ പ്രസിദ്ധീകരിച്ച നിരവധി വിജ്ഞാനകോശങ്ങളിലും ണവീ ശച്ച ംവീ കളിലും അദ്ദേഹത്തിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമഗ്ര ജീവചരിത്രം ‘പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര’ എന്ന പേരില്‍ ജോയ്‌സ് തോട്ടയ്ക്കാട് രചിച്ചു.
ഗ്രീഗോറിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍: 1948 ഫെബ്രു. 10–ന് ജനിച്ചു. സെറാമ്പൂരില്‍ നിന്ന് ബി. ഡി. യും പാരീസില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും നേടി. ഹീബ്രു, അറമൈക്ക്, ഗ്രീക്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യം സമ്പാദിച്ചു. സെറാമ്പൂരില്‍ നിന്ന് ഡോക്‌ടറല്‍ ബിരുദം നേടി. 1969 നവം. 4–ന് ഔഗേന്‍ കാതോലിക്കാ ശെമ്മാശുപട്ടവും 1974 ജനു. 8–ന് മാത്യൂസ് പ്രഥമന്‍ ബാവാ കശ്ശീശാപട്ടവും 2004 ആഗസ്റ്റ് 7–ന് മാത്യൂസ് ദ്വിതീയന്‍ ബാവ റമ്പാന്‍ സ്ഥാനവും നല്‍കി. അസോസ്യേഷന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2005 മാര്‍ച്ച് 5–ന് പരുമല സെമിനാരിയില്‍ വച്ച് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ മെത്രാന്‍സ്ഥാനം നല്‍കി. 2005 ജൂണ്‍ 24 മുതല്‍ തിരുവനന്തപുരം ഭദ്രാസനത്തിലേക്ക് നിയമിതനായി.
എഫ്. എഫ്. ആര്‍. ആര്‍. സി. യുടെ ഡയറക്‌ടര്‍, റജിസ്റ്റ്രാര്‍, ഓര്‍ത്തഡോക്‌സ്–മാര്‍ത്തോമ്മാ ഡയലോഗ് കമ്മിറ്റിയംഗം, ഓര്‍ത്തഡോക്‌സ്–ലൂതറന്‍ ഡയലോഗ് കമ്മിറ്റിയംഗം, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യാ (കേരള) കമ്മിറ്റിയംഗം, തിരുവല്ല റ്റി. എല്‍. സി. കമ്മിറ്റിയംഗം, സെറാമ്പൂര്‍ യൂണിവേഴ്സിറ്റി അക്കാഡമിക് കൌണ്‍സിലംഗം, ഓര്‍ത്തഡോക്‌സ് യൂത്ത് മാസികയുടെ അസോസ്യേറ്റ് എഡിറ്റര്‍, സണ്ടേസ്‌കൂള്‍ കരിക്കുലം എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്നീ സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം പഴയസെമിനാരി അധ്യാപകന്‍, വിവിധ ആശ്രമങ്ങളിലെ വിസിറ്റര്‍ ബിഷപ്പ്, ശുശ്രൂഷകസംഘം, വനിത പുനരധിവാസകേന്ദ്രം, സോഫിയാ ബുക്‌സ് എന്നിവയുടെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ എന്ന പ്രൊജക്‌ടിന്റെ ചീഫ് എഡിറ്റര്‍ ആണ്. ദൈവതേജസ്സിലേക്ക്, കുരിശും തേജസ്സും, ഗുരുമുഖത്തു നിന്നും, ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍, ഗുരുമുഖത്തുനിന്നും (രണ്ടാം ഭാഗം) എന്നീ ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ബര്‍മ്മിംഗ്‌ഹാം ജോര്‍ജ്ജ് ബെല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫെല്ലോ ആണ്.
ചാക്കുണ്ണി അച്ചന്‍, ചെറുവത്തൂര്‍: കണ്ടിയ്ക്കല്‍ അച്ചന്‍ എന്ന് സാധാരണ അറിയപ്പെട്ടിരുന്ന കുന്നംകുളം ചെറുവത്തൂര്‍ യാക്കോബ് കോര്‍എപ്പിസ്‌ക്കോപ്പാ കഴിഞ്ഞ തലമുറയിലെ പ്രശസ്‌ത വൈദികന്‍ ആയിരുന്നു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനെ അബ്‌ദുള്ളാ ബാവാ മുടക്കിയതിനെത്തുടര്‍ന്ന് വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന് പട്ടമേല്‌ക്കുവാന്‍ സഭയില്‍ ആരും തയ്യാറാകാതിരുന്ന കാലത്ത് ധീരമായ തീരുമാനമെടുത്ത് മുടക്കപ്പെട്ട മെത്രാപ്പോലീത്തായില്‍ നിന്ന് കശ്ശീശാപട്ടം സ്വീകരിക്കുവാന്‍ ത്യാഗപൂര്‍വ്വം സന്നദ്ധനായ ഓര്‍ത്തഡോക്‌സ് ദേശാഭിമാനി. പട്ടമേറ്റ് ആര്‍ത്താറ്റ് പള്ളിയില്‍ സേവനം ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ഉണ്ടായ വ്യവഹാരമാണ് ആര്‍ത്താറ്റ് പള്ളിക്കേസ് എന്ന പേരില്‍ സഭാ ചരിത്ര ഗ്രന്ഥങ്ങളില്‍ സ്ഥാനംപിടിച്ച വ്യവഹാരം. വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായെ പാത്രിയര്‍ക്കീസ് മുടക്കിയത് അസാധുവാണെന്ന് ആദ്യം കോടതി വിധി ഉണ്ടായത് ഈ കേസ്സിലാണ്. ഇദ്ദേഹം 1904 ഏപ്രില്‍ 19–ന് പഴഞ്ഞി പള്ളിയില്‍ വച്ച് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായില്‍ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. 1958–ല്‍ ദിവംഗതനായി, ആര്‍ത്താറ്റ് പള്ളിയില്‍ കബറടക്കപ്പെട്ടു.
ചെറിയാന്‍, ഫാ. സി. സി.: കുന്നംകുളം മരത്തംകോട് ചുങ്കത്ത് ചേറുവിന്റെ പുത്രന്‍. തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബിരുദം നേടി. ബി. ഡി., എം. ടി. എച്ച്. ബിരുദങ്ങള്‍ എടുത്തു. കോട്ടയം വൈദിക സെമിനാരി ലൈബ്രേറിയന്‍ എന്ന നിലയില്‍ ഫാക്കല്‍ട്ടി അംഗമായി പ്രവര്‍ത്തിക്കുന്നു. ഡോ. പൌലൂസ് മാര്‍ ഗ്രീഗോറിയോസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സെമിനാരി ലൈബ്രറിയുടെ ആധുനീകരണത്തിലും, ആര്‍ക്കൈവ്‌സ്, മൈക്രോഫിലിം ലൈബ്രറി എന്നിവയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചു. സഭയിലെ അത്മായ വേദശാസ്‌ത്ര പരിശീലന പദ്ധതിയായ ദിവ്യബോധനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ തലത്തിലുള്ള കോഴ്സുകള്‍ക്ക് മുഖ്യ സംഘാടകനാകുകയും അതിന്റെ കോ–ഓര്‍ഡിനേറ്റര്‍, രജിസ്‌ട്രാര്‍, ഗ്രന്ഥരചയിതാവ് എന്നീ ചുമതലകള്‍ വഹിക്കുകയും ചെയ്‌തു. ദിവ്യബോധനത്തിന് വേണ്ടി രണ്ട് ഡസനിലേറെ പാഠപുസ്‌തകങ്ങള്‍ പ്രസാധനം ചെയ്‌ത് സഭയുടെ വേദശാസ്‌ത്ര സാഹിത്യശാഖയെ പോഷിപ്പിച്ചു. നേര്‍വഴിയില്‍, ഉപവാസം, പൌലൂസ് മാര്‍ ഗ്രിഗോറിയോസ്, വിശുദ്ധ നാട് സന്ദര്‍ശനം തുടങ്ങിയ സ്വതന്ത്ര കൃതികള്‍ രചിച്ച ഇദ്ദേഹം കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിക്കുന്നു.
ജേക്കബ് കുരിയന്‍, ഫാ. ഡോ.: പാമ്പാടി മണ്ണാത്തിപാറയ്ക്കല്‍ ചാക്കോ കുരിയന്റെ മകന്‍. 2–5–1950 ല്‍ ജനിച്ചു. കോട്ടയം നെടുമാവ് സ്വദേശി. 2–6–1979 ല്‍ വൈദികനായി. കോട്ടയം വൈദികസെമിനാരിയുടെ വൈസ് പ്രിന്‍സിപ്പല്‍. മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററും സഭാവിജ്ഞാനകോശത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും ആയിരുന്നു. ദിവ്യബോധനം ഗ്രന്ഥപരമ്പരയില്‍ ഗ്രന്ഥകാരന്‍. വിവിധ സഭാ ഡയലോഗുകളില്‍ അംഗം, പ്രഭാഷകന്‍, ലേഖകന്‍, സംഘാടകന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കരിക്കുലം ആക്‌ടിംഗ് സിക്രട്ടറി, കെ. സി. സി. ഡയലോഗ് കമ്മീഷന്‍ കണ്‍വീനര്‍, കങ്ങഴ ആശുപത്രി ആക്‌ടിംഗ് സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ജേക്കബ് മണലില്‍, ഫാ. (1901–1993): 1–10–1901 ല്‍ മാമ്മലശ്ശേരില്‍ വര്‍ക്കിയുടെ മകനായി ജനിച്ചു. 1933–ല്‍ പട്ടമേറ്റു. മാമ്മലശ്ശേരി, തെക്കന്‍പറവൂര്‍, മാന്തുരുത്തേല്‍ പള്ളികളില്‍ വികാരി. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായുടെ സിക്രട്ടറിയായിരുന്നു. 1958–ല്‍ പുത്തന്‍കാവ് അസോസിയേഷന്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുത്തു. മേല്‌പട്ടക്കാര്‍ സ്വകാര്യ സമ്പത്ത് സമ്പാദിക്കുന്ന അകാനോനിക പ്രവണതയോട് പൊരുത്തപ്പെടാനാകാതെ 1965–ല്‍ ട്രസ്റ്റിസ്ഥാനം രാജിവച്ചു. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സ്ഥാനം സ്വീകരിച്ചില്ല. വ്യവഹാരങ്ങള്‍ നടത്തുന്നതില്‍ നിസ്‌തുലമായ സേവനം അനുഷ്‌ഠിച്ചു. മരണംവരെ മാനേജിംഗ് കമ്മറ്റി അംഗം. ദീര്‍ഘകാലം വര്‍ക്കിംഗ് കമ്മിറ്റി അംഗം. 1993 ജനുവരി 17–ന് നിര്യാതനായി. മാന്തുരുത്തേല്‍ പള്ളിയില്‍ സംസ്‌ക്കരിക്കപ്പെട്ടു. മണലില്‍ അച്ചന്റെ സഭാ സ്‌മരണകള്‍ എന്ന ചരിത്ര പ്രധാനമായ കൃതി കെ. വി. മാമ്മന്‍ പ്രസിദ്ധീകരിച്ചു.
ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌ക്കോപ്പാ: ചാത്തമറ്റം എം.പി. പൌലൂസിന്റെ പുത്രന്‍. ജനനം 28–5–1945. 10–6–1970 ല്‍ വൈദികന്‍. ഭദ്രാസന സിക്രട്ടറി, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജര്‍, വൈദികക്ഷേമനിധി ജനറല്‍ സിക്രട്ടറി, ആലുവ ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ്, സഭാചന്ദ്രിക ചീഫ് എഡിറ്റര്‍, റൂള്‍ കമ്മിറ്റി മെമ്പര്‍, ട്രിബ്യൂണല്‍ (അസോസിയേഷന്‍) മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്യനിരോധനം, പൊതുപ്രവര്‍ത്തനം, സഭാപ്രവര്‍ത്തനം എന്നിവ പരിഗണിച്ച് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ജോര്‍ജ്ജ്, ഫാ. എം. പി.: പാമ്പാക്കുട കാരാനിലത്ത് എം. കെ. പൈലിയുടെ മകന്‍. 11–9–1954 ല്‍ ജനിച്ചു. ങ.അ., ആ. ഉ., ഏടഠ ബിരുദങ്ങള്‍ നേടി. റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയില്‍ നിന്ന് സംഗീതത്തില്‍ ഡിപ്ലോമ. ലണ്ടന്‍ സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളില്‍ നിന്ന് സംഗീതത്തില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നേടി. കോട്ടയം വൈദികസെമിനാരിയില്‍ അദ്ധ്യാപകനും ആരാധനാ സംഗീത പരിശീലനകേന്ദ്രമായ ശ്രുതിയുടെ ഡയറക്‌ടറും.
ജോര്‍ജ്ജ്, ഡീക്കന്‍ ഡോ. കെ. എ.: കണ്ടനാട് കല്ലറയ്ക്കല്‍ കെ.വി. ഏബ്രഹാമിന്റെ മകന്‍. 5–7–1934 ല്‍ ജനനം. ആ. ടര., ആ.ഉ, ങ. ഠവ. ബിരുദങ്ങള്‍ക്ക് ശേഷം വെസ്റ്റ് ജര്‍മ്മനി ഹാംബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്‌ടറേറ്റ്. വിവാഹിതന്‍. 24–6–1951 ല്‍ യൌപ്പദ്‌യക്കിനോ. ഗ്രന്ഥകാരന്‍. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അദ്ധ്യാപകന്‍.
ജോര്‍ജ്ജ് സി. വി. കോറെപ്പിസ്‌ക്കോപ്പാ: വാകത്താനത്ത് ചിറത്തലാട്ട് നൈനാന്‍ വറുഗ്ഗീസിന്റെയും അച്ചാമ്മയുടെയും മകന്‍. ബിരുദാനന്തരം ആലുവാ തൃക്കുന്നത്ത് സെമിനാരിയിലും മഞ്ഞനിക്കര ദയറായിലും വൈദികപഠനം നടത്തി. മിഖായേല്‍ മാര്‍ ദീവന്നാസ്യോസ് മ്‌സമ്രോനോ, ഏലിയാസ് തൃതീയന്‍ ബാവ കോറൂയോ സ്ഥാനങ്ങള്‍ നല്‍കി. 1943–ല്‍ കശ്ശീശാ. 1967–ല്‍ കോര്‍എപ്പിസ്‌കോപ്പാ. വാകത്താനം ജെരുശലേം മൌണ്ട് ഹൈസ്‌കൂളിന്റെ സ്ഥാപക ഹെഡ്‌മാസ്റ്റര്‍. 1966–ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് കരസ്ഥമാക്കി. സുവിശേഷ പ്രസംഗകന്‍, മാനേജിംഗ് കമ്മിറ്റി അംഗം, കോട്ടയം ഭദ്രാസന സെക്രട്ടറി, സണ്‍ഡേസ്‌കൂള്‍ ഡയറക്‌ടര്‍, സണ്‍ഡേസ്‌കൂള്‍ ഡയറക്‌ടര്‍ ജനറല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വിവാഹിതനായ ഇദ്ദേഹം വാകത്താനം, ചിങ്ങവനം പള്ളികളിലെ വികാരിയായിരുന്നു. നിര്യാതനായി.
ജോണ്‍, ഫാ. ഡോ. എം. ഒ.: തുമ്പമണ്‍ മഠത്തില്‍ എം. കെ. ഉമ്മന്റെ പുത്രന്‍. 11–11–1955 ല്‍ ജനിച്ചു. വിയറ്റ്‌നാം സര്‍വ്വകലാശാലയില്‍ നിന്ന് സഭാചരിത്രത്തില്‍ ഡോക്‌ടറേറ്റ് നേടി. ഏതാനും വര്‍ഷക്കാലം കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അദ്ധ്യാപകന്‍. ആലുവാ തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ആയി പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍, മലങ്കരസഭാദീപം എന്ന ദ്വൈവാരികയുടെ സ്ഥാപക പത്രാധിപര്‍. ഇപ്പോള്‍ മാനേജിംഗ് കമ്മിറ്റി അംഗം. അവിവാഹിതനാണ്.
ജോണ്‍സ് എബ്രഹാം, ഫാ. ഡോ.: പാമ്പാക്കുട കോനാട്ട് ഏബ്രഹാം മല്‌പാന്റെ പുത്രന്‍. 3–5–1966 ല്‍ ജനിച്ചു. ആ. അ., ആ. ഉ., ങ. ഠവ., ഡോക്‌ടറേറ്റ് ബിരുദങ്ങള്‍ നേടി. കോട്ടയം പഴയസെമിനാരിയില്‍ അദ്ധ്യാപകന്‍. കണ്ടനാട് വൈദികസംഘം സെക്രട്ടറി, സെന്റ് തോമസ് വൈദികസംഘം ജോ. സെക്രട്ടറി, പാമ്പാക്കുട എ. ടി. എം. ഹൈസ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2007 മാര്‍ച്ച് 21–ന് വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രന്ഥകാരനും വാഗ്മിയുമാണ്.
ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.: പത്രപ്രവര്‍ത്തകനും ഗവേഷകനും. കേരള സര്‍വ്വകലാശാലയില്‍ നിന്നു മലയാള ഭാഷയിലും സാഹിത്യത്തിലും എം. എ., സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.ഡി. യും കമ്മ്യൂണിക്കേഷനില്‍ എം. ടി. എച്ചും. മദ്രാസ് ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന് ജേര്‍ണലിസം. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം. ഫില്‍. ഗവേഷണ വിദ്യാര്‍ത്ഥി. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ 1995 മുതല്‍ അദ്ധ്യാപകന്‍. 5 കൃതികള്‍ രചിച്ചു.
ജോണി ജോര്‍ജ്ജ്, ഫാ.: മണ്ണത്തൂര്‍ തെങ്ങുംപിള്ളില്‍ സി. സി. വര്‍ഗ്ഗീസിന്റെ മകന്‍. 21–5–1944 ല്‍ ജനിച്ചു. ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്ററില്‍ പ്രോഗ്രാം സെക്രട്ടറി, ആലുവാ ഫെലോഷിപ്പ് ഹൌസ് സെക്രട്ടറി, കോലഞ്ചേരി ആശുപത്രി ചാപ്ലൈന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംഘാടകനും വാഗ്മിയും ഗ്രന്ഥകാരനുമാണ്.
ജോര്‍ജ്ജ്, ഫാ. ഡോ. കെ. എം.: ദാര്‍ശനികനും പൌരസ്‌ത്യ ഓര്‍ത്തഡോക്‌സ് വേദശാസ്‌ത്രജ്ഞനും കവിയും ചിത്രകാരനും. വടക്കന്‍മണ്ണൂര്‍ പുറകുളം മാത്യുവിന്റെ പുത്രന്‍. 1946–ല്‍ ജനിച്ചു. ബെല്‍ജിത്തിലെ ലുവെയ്‌ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വേദശാസ്‌ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും പാരീസ് കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്‌ടറേറ്റും നേടി. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അദ്ധ്യാപകന്‍, ഇപ്പോള്‍ പ്രിന്‍സിപ്പല്‍. ജനീവയില്‍ ബോസ്സെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസ്സര്‍, അസ്സോ. ഡയറക്‌ടര്‍, ഡല്‍ഹി ഓര്‍ത്തഡോക്‌സ് സെന്റര്‍ സെക്രട്ടറി, നാഷണല്‍ ക്രിസ്‌ത്യന്‍ കൌണ്‍സില്‍ സെക്രട്ടറി, അഖിലലോക സഭാകൌണ്‍സില്‍ പ്രോഗ്രാം മോഡറേറ്റര്‍, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ എഴുതുന്നു. സുപ്രസിദ്ധ പൌരസ്‌ത്യ ദൈവശാസ്‌ത്രജ്ഞന്‍. ദിവ്യബോധനം ഗ്രന്ഥാവലിയില്‍ രണ്ടു പുസ്‌തകങ്ങള്‍ എഴുതി. തിരുവചനഭാഷ്യത്തില്‍ റോമ്മാ ലേഖന വ്യാഖ്യാനമെഴുതി. തീര്‍ത്ഥാടനം, പ്രവാസത്തിന്റെ നാളുകള്‍, ദ് സൈലന്റ് റൂട്‌സ്, ഗോസ്‌പല്‍ ആന്റ് കള്‍ച്ചര്‍, എന്റെ കൃപ നിനക്കു മതി, ആധുനികതയുടെ ദാര്‍ശനിക മാനങ്ങള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിചാരശില്‌പികള്‍, കൊച്ചുരാജകുമാരന്‍ (തര്‍ജ്ജമ) എന്നീ കൃതികള്‍ രചിച്ചു. ഓര്‍ത്തഡോക്‌സ് യൂത്ത്, സ്റ്റാര്‍ ഓഫ് ദ് ഈസ്റ്റ്, പുരോഹിതന്‍ എന്നിവയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം മലങ്കരസഭയുടെ എല്ലാ ഡയലോഗു ഗ്രൂപ്പിലും നേതൃത്വം നല്‍കുന്നു. വിദേശ ലോകസമ്മേളനങ്ങളില്‍ മലങ്കരസഭയെ പ്രതിനിധാനം ചെയ്യുന്നു.
ജോഷ്വാ, ഫാ. ടി. ജെ.: കോന്നിയില്‍ തെക്കിനേത്ത് കുടുംബത്തില്‍ 1929–ല്‍ ജനിച്ചു. കല്‍ക്കട്ട ബിഷപ്പ്‌സ് കോളജില്‍ നിന്ന് ബി. ഡി. യും അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്.ടി. എം. ബിരുദവും നേടി. 1955 മുതല്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ അദ്ധ്യാപകനാണ്. സെമിനാരി വൈസ് പ്രിന്‍സിപ്പല്‍, ദിവ്യബോധനം ഡയറക്‌ടര്‍, സണ്‍ഡേസ്‌കൂള്‍ ഡയറക്‌ടര്‍ ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അച്ചന്‍ അനുഗൃഹീത കണ്‍വന്‍ഷന്‍ പ്രസംഗകനും മികച്ച സംഘാടകനുമാണ്. യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ് യൂത്ത് പത്രാധിപന്‍, തിരുവചനഭാഷ്യം ജനറല്‍ എഡിറ്റര്‍, സഭാവിജ്ഞാനകോശം മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശ്ശേരി, കാരാപ്പുഴ, കുറിച്ചി, ആര്‍പ്പൂക്കര, പള്ളം സെന്റ് പോള്‍സ് എന്നീ ഇടവകകളില്‍ പ്രവര്‍ത്തിച്ചു. പ്രകാശത്തിലേക്ക്, അപ്പോസ്‌തോല പ്രബോധനങ്ങള്‍, റോമ്മാ ലേഖന വ്യാഖ്യാനം തുടങ്ങി മുപ്പതിലേറെ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരു വര്‍ഷം യെരൂശലേമിലെ എക്യൂമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തി. റേഡിയോ – ടി. വി. പ്രഭാഷകന്‍, മനോരമയിലെ ചിന്താവിഷയ ലേഖകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ജോസഫ് കോറെപ്പിസ്‌കോപ്പാ പുലിക്കോട്ടില്‍: കുന്നംകുളം പുലിക്കോട്ടില്‍ മാണി–ഇട്ട്യേനം ദമ്പതികളുടെ മകന്‍. ജനനം 20–3–1929. കസ്റ്റംസ് വകുപ്പിലെ ജോലി രാജിവച്ചു. 25–11–1948 ന് ഗീവറുഗ്ഗീസ് കക ബാവ യൌപ്പദ്‌യക്കിനോ, 17–7–1951 ന് പൂര്‍ണ്ണ ശെമ്മാശുപട്ടം, 21–10–51 ല്‍ കശീശാപട്ടവും സ്വീകരിച്ചു. ഔഗേന്‍ ബാവ ഗുരു. ആര്‍ത്താറ്റ്–കുന്നംകുളം പള്ളികളില്‍ സുദീര്‍ഘകാലം വികാരി. മനപ്പള്ളി, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. കുന്നംകുളം ഇടവകയില്‍ മോളി തോലത്ത് സഹധര്‍മ്മിണി. 1992 നവം. 25–ന് മാര്‍ മിലിത്തിയോസ്, കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. ഭദ്രാസന കൌണ്‍സില്‍, മാനേജിംഗ് കമ്മറ്റി, സീയോന്‍ സന്ദേശം പത്രാധിപസമിതി എന്നിവയില്‍ അംഗമായ ഇദ്ദേഹം റേഡിയോ നാടകങ്ങളും ചെറുകഥകളും രചിച്ചിട്ടുണ്ട്. കോട്ടയം പഴയസെമിനാരി സ്ഥാപകന്റെയും പരുമല സെമിനാരി സ്ഥാപകന്റെയും ജീവചരിത്രങ്ങള്‍ രചിച്ച ഇദ്ദേഹം റിട്ടയര്‍ ചെയ്‌ത് 98 മുതല്‍ വിശ്രമജീവിതം നയിക്കുന്നു.
ജോസഫ് കോറെപ്പിസ്‌ക്കോപ്പാ, കെ. സി.: പഴഞ്ഞി കുറ്റിക്കാട്ടില്‍ ചുമ്മാര്‍–ഇട്ട്യേനം ദമ്പതികളുടെ മകന്‍. ജനനം 21–10–1932. ഗീവര്‍ഗ്ഗീസ് കക കാതോലിക്കാ 1951 ഏപ്രില്‍ 7–ന് പഴയസെമിനാരിയില്‍ കോറൂയോ, 1953–ല്‍ മാര്‍ അത്താനാസ്യോസ് യൌപ്പദ്‌യക്കിനൊ, 1954 ഏപ്രില്‍ 9–ന് കുന്നംകുളം പഴയപള്ളിയില്‍ വച്ച് ഔഗേന്‍ മാര്‍ തീമോത്തിയോസില്‍ നിന്ന് പൂര്‍ണ്ണശെമ്മാശന്‍, 54 ഏപ്രില്‍ 10–ന് പഴഞ്ഞിയില്‍ വച്ച് കശ്ശീശാ പട്ടവും നല്‌കി. പഴഞ്ഞി പ്രദേശത്തുള്ള എല്ലാ പള്ളികളുടെയും വികാരി. കുന്നംകുളം പഴഞ്ഞി സണ്ടെസ്‌കൂള്‍ അസോസ്യേഷന്റെ സ്ഥാപക സെക്രട്ടറി, കൊച്ചി ഭദ്രാസന സെക്രട്ടറി, ജില്ലാ ഇന്‍സ്‌പെക്‌ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കൊച്ചി ഭദ്രാസന ഡയറക്‌ടറിയുടെ എഡിറ്റര്‍ ആയ ഇദ്ദേഹം പഴഞ്ഞി എം. ഡി. കോളജ് സ്ഥാപക സെക്രട്ടറിയായിരുന്നു. ആര്‍ത്താറ്റ് അരമന കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകപങ്കു വഹിച്ചു. മൂലേപ്പാട് ഇടവകയില്‍ കൊച്ചന്നയാണ് ഭാര്യ. 1993–ല്‍ പൌലോസ് മാര്‍ മിലിത്തിയോസ് ഇദ്ദേഹത്തിന് കോര്‍എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. 2006 മുതല്‍ റിട്ടയര്‍ ചെയ്‌തു വിശ്രമജീവിതം നയിക്കുന്നു.
ജോസഫ് ചീരന്‍, ഫാ. ഡോ.: പഴഞ്ഞി ചീരന്‍ ഗീവറുഗ്ഗീസ് കശ്ശീശാ യുടെ പുത്രന്‍ മാത്തപ്പന്റെയും കുഞ്ഞാത്തിരിയുടെയും മകന്‍. ജനനം 1–7–1945. തൃശ്ശൂര്‍ സി. എം. എസ്. ഹൈസ്‌കൂളിലും, ആലുവാ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജിലും അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി. നേടി.
10.8.68–ല്‍ കോറൂയോ (കൊരട്ടി). 28.6.69–ന് യൌപ്പദ്‌യക്കിനോ (കൊരട്ടി), 4.3.72–ന് പൂര്‍ണ്ണ ശെമ്മാശുപട്ടം (കൊരട്ടി). 11.3.1972–ന് കശ്ശീശാപട്ടം (പഴഞ്ഞി) എന്നിവ ഗുരു കൂടെയായ യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്ന് സ്വീകരിച്ചു. കൊച്ചി, കുന്നംകുളം, തൃശൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ സേവനം ചെയ്‌തു. കൊച്ചി ഭദ്രാസന ഡയറക്‌ടറി (അസി. എഡിറ്റര്‍), പഴഞ്ഞി സുവനീര്‍ (എഡിറ്റര്‍), ചൊവ്വന്നൂര്‍ സുവനീര്‍ (എഡി.), മാര്‍ ദീവന്നാസ്യോസ് നവനി സുവനീര്‍ (എഡി.), സീയോന്‍ സന്ദേശം– ഇടവക പത്രിക (ചീഫ് എഡിറ്റര്‍) എന്നിങ്ങനെ പ്രവര്‍ത്തിച്ചു. മാര്‍ സേവേറിയോസ് ഫൌണ്ടേഷന്‍, മാര്‍ ദീവന്നാസ്യോസ് പഠനകേന്ദ്രം, എറണാകുളം സഭാചരിത്രസമിതി, കുന്നംകുളം ക്രിസ്‌ത്യന്‍ സ്റ്റഡി സെന്റര്‍ എന്നിവയുടെ സ്ഥാപക അധ്യക്ഷന്‍. രണ്ടു ഡസനിലധികം ഗ്രന്ഥങ്ങളും 250–ലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്ര കുറിപ്പുകള്‍ അന്താരാഷ്‌ട്ര തലത്തിലുള്ള ഗ്രന്ഥങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
യുവജനപ്രസ്ഥാനത്തിന്റെ ഭദ്രാസന സെക്രട്ടറി, വൈദിക സെക്രട്ടറി, കൌണ്‍സിലംഗം, ജില്ലാ ഇന്‍സ്‌പെക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ റിസര്‍ച്ച് ഗൈഡ് ആണ്. ഓര്‍ത്തഡോക്‌സ് സഭാവിജ്ഞാനകോശത്തില്‍ മുഖ്യ ലേഖകരിലൊരാളായും വിദ്യാര്‍ത്ഥിപ്രസ്ഥാനം തയാറാക്കുന്ന ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിളിന്റെ വിവര്‍ത്തകരിലൊരാളായും പ്രവര്‍ത്തിച്ചു. ഷഷ്‌ടിപൂര്‍ത്തി പ്രമാണിച്ച് ഭഅക്ഷരങ്ങളുടെ ആചാര്യന്‍’ എന്ന ഒരു സ്‌മാരകഗ്രന്ഥം ഇദ്ദേഹത്തെപ്പറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭസഭാ ദര്‍ശന്‍’ എന്ന പേരില്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുറിയാനി രാഗങ്ങളുടെ ഓഡിയോ കാസറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിപ്രസ്ഥാനം തയാറാക്കുന്ന ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിളിന്റെ ഭാഷാ വിദഗ്‌ദ്ധനായി സേവനം അനുഷ്‌ഠിക്കുന്നു.
ജോസഫ് വെണ്ടറപ്പിള്ളി, ഫാ.: ത്യപ്പൂണിത്തുറ വര്‍ക്കി ഇട്ടന്റെ മകന്‍. ജനനം 23–2–1930. വടവ്‌കോട് രാജര്‍ഷി ഹൈസ്‌കൂളില്‍ അധ്യാപകന്‍. 3–5–1966 ല്‍ വൈദികന്‍. വൈദികസെമിനാരി അദ്ധ്യാപകന്‍, കൊച്ചി ഭദ്രാസന സെക്രട്ടറി, അഡ്‌മിനിസ്‌ട്രേറ്റര്‍, മര്‍ത്ത മറിയം സമാജം വൈസ് പ്രസിഡന്റ്, സണ്ടേസ്‌കൂള്‍ ഡയറക്‌ടര്‍, ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ആന്ധ്രാ സൈക്ലോന്‍ റിലീഫ് പ്രോജറ്റ്, ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ ബോര്‍ഡ്, പ്രീസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് എന്നിവയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം മികച്ച വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. സഭാ വിഭജനകാലത്ത് വടക്കന്‍ ഭദ്രാസനങ്ങളില്‍ ഇദ്ദേഹം നടത്തിയ പ്രസംഗ പര്യടനങ്ങള്‍ അവിസ്‌മരണീയമാണ്. ന്യൂയോര്‍ക്കിലെ ഗ്രീഗോറിയോസ് ഫൌണ്ടേഷന്റെ അവാര്‍ഡിന് അര്‍ഹനായി. ഡോ. പൌലൂസ് മാര്‍ ഗ്രിഗോറിയോസിന്റെ സെക്രട്ടറി ആയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ സണ്‍ഡേസ്‌കൂള്‍ കരിക്കുലം കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മിറ്റിയിലും വര്‍ക്കിംഗ് കമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം സീയോന്‍ സന്ദേശം മാസികയുടെ എഡിറ്റര്‍ ആയും അല്‌പകാലം പ്രവര്‍ത്തിച്ചു. 2006–ല്‍ നിര്യാതനായി.
ഡേവിഡ്, ഫാ. കെ.: കാതോലിക്കേറ്റിന്റെ ഭടന്‍. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍. സുദീര്‍ഘകാലം സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ കേന്ദ്രതല പ്രവര്‍ത്തകന്‍, ഡയറക്‌ടര്‍ ജനറല്‍, ടെക്‌സ്റ്റ് ബുക്ക് കമ്മറ്റി ചെയര്‍മാന്‍. ആദ്യകാല സണ്ടേസ്‌കൂള്‍ കരിക്കുലവും ടെസ്റ്റ് പുസ്‌തകങ്ങളും തയാറാക്കിയ പണ്ഡിതന്‍. കോറെപ്പിസ്‌ക്കോപ്പാ സ്ഥാനം ലഭിച്ചു. മലങ്കരസഭാ ചരിത്രം രചിച്ചു. ചന്ദനപ്പള്ളി സ്വദേശി. നിര്യാതനായി.
തിരുവാങ്കോട് റമ്പാന്‍: പുതുപ്പള്ളി തൃക്കോതമംഗലം മാര്‍ ശര്‍ബീല്‍ ദയറായുടെ സ്ഥാപകന്‍ കൂട്ടുങ്കല്‍ കെ. വി. ഗീവറുഗ്ഗീസ് റമ്പാന്‍ ഈ പേരില്‍ അറിയപ്പെടുന്നു. 1890 ജൂലായ് 14–ന് അദ്ദേഹം പുതുപ്പള്ളി എറികാട്ട് കൂട്ടുങ്കല്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. പേഴമറ്റത്ത് റമ്പാന്‍ (പാമ്പാടി തിരുമേനി), യൂയാക്കീം കൂറിലോസ്, മാര്‍ തീമോത്തിയോസ് (ഔഗേന്‍ ബാവ), കടവില്‍ മാര്‍ അത്താനാസ്യോസ് എന്നിവരുടെ ശിഷ്യന്‍. തൃക്കോതമംഗലം സെന്റ് മേരീസ് പള്ളി സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തു. 1930–ല്‍ മീഖായേല്‍ ദീവന്നാസ്യോസ് ഇദ്ദേഹത്തെ റമ്പാനാക്കി. ശര്‍ബീല്‍ ദയറായില്‍ കുറേക്കാലം പില്‌ക്കാല മെത്രാപ്പോലീത്തത്താരായ യൂഹാനോന്‍ മാര്‍ സേവേറിയോസ്, പറയരുകുളം യാക്കോബ് മാര്‍ തീമോത്തിയോസ്, മാടപ്പാട്ട് യാക്കോബ് മാര്‍ യൂലിയോസ് എന്നിവര്‍ റമ്പാച്ചന്റെ ശിഷ്യത്താര്‍ ആയിരുന്നു. റമ്പാച്ചന്‍ കുറെക്കാലം പിറമാടം ദയറായില്‍ താമസിച്ചു. 1941–ല്‍ തിരുവിതാംകോട്ട് നിയമിക്കപ്പെട്ടു. ദയറാ മാനേജരുമായി. മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച അരപ്പള്ളി എന്ന് ഐതിഹ്യമുള്ള പള്ളി ജീര്‍ണ്ണോദ്ധാരണം നടത്തി. കുലശേഖരം ഇടവക സ്ഥാപിക്കുകയും ചെയ്‌തു. ഭതിരുവിതാംകോട് തരീസാപ്പള്ളിയും ചരിത്രവും’ എന്ന പുസ്‌തകം എഴുതി. മിഷന്‍ പ്രവര്‍ത്തനത്തില്‍ സഫലമായി ഏര്‍പ്പെട്ടു. 1970 ജൂലായ് 15–ന് തിരുവിതാംകോട് വച്ച് ദിവംഗതനായി; അവിടെ കബറടക്കുകയും ചെയ്‌തു.
തെയോഫിലോസ്, ഡോ. ഫിലിപ്പോസ് മാര്‍: കോട്ടയം കല്ലുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും പുത്രന്‍. 1911 മെയ് 9–ന് ജനിച്ചു. ഇംഗ്ലണ്ടില്‍ കാന്റര്‍ബറി അഗസ്റ്റിന്‍ കോളജിലും കാര്‍ഡീലും ഉപരി വിദ്യാഭ്യാസം. കാര്‍ഡിഫ് ചിക്കാഗോ യൂണിവേഴ്സിറ്റി, ഏഷന്‍സ് യൂണിവേഴ്സിറ്റികളില്‍ നിന്ന് എം. എ., എം. ടി. എച്ച്., എം. സി. സി. ബിരുദങ്ങള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്‌ടറേറ്റ്. 1929–ല്‍ കോറൂയോ. 1944–ല്‍ പൂര്‍ണ്ണശെമ്മാശന്‍, അതേ വര്‍ഷം കശീശാ പട്ടങ്ങള്‍ എന്നിവ യഥാക്രമം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, പാമ്പാടി മാര്‍ ഗ്രിഗോറിയോസ്, ഗീവറുഗീസ് കക കാതോലിക്കാ എന്നിവരില്‍ നിന്നും സ്വീകരിച്ചു. കോട്ടയം ചെറിയപള്ളി വികാരി. 1966 ഫെബ്രു. 26–ന് റമ്പാന്‍സ്ഥാനവും 1966 ആഗസ്റ്റ് 24–ന് മെത്രാപ്പോലീത്താ പട്ടവും (കോലഞ്ചേരി) ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ നല്‍കി. 1967–ല്‍ അങ്കമാലിയുടെയും 1979–ല്‍ ബോംബെയുടെയും ചുമതലയേറ്റു.
എഡിന്‍ബറോ (1937), ആംസ്റ്റര്‍ഡാം (1939, 1948), ഇവാന്‍സ്റ്റണ്‍ (1954), ന്യൂഡല്‍ഹി (1961), ടോറന്റോ (1962), ആഡിസ് അബാബാ (1965), ലെനിന്‍ഗ്രാഡ് (1965), ബുഡാപെസ്റ്റ് (1965), ഉപ്‌സാല (1968), നൈറോബി (1975) തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അഖിലലോക വിദ്യാര്‍ത്ഥി–യുവജന–എക്യുമെനിക്കല്‍–ണ ഇ ഇ ദൈവശാസ്‌ത്ര കോണ്‍ഫ്രന്‍സുകളില്‍ മലങ്കരസഭയെ പ്രതിനിധീകരിച്ച ഇദ്ദേഹം മലങ്കരസഭയുടെ അംബാസഡര്‍ എന്ന് അറിയപ്പെടുന്നു. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി അധ്യാപകന്‍, പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ണഇഇ സെന്‍ട്രന്‍ കമ്മിറ്റി അംഗം, വിദ്യാര്‍ത്ഥിപ്രസ്ഥാനം പ്രസിഡണ്ട്, ആലുവാ അന്ധവിദ്യാലയം ചെയര്‍മാന്‍, എസ്. പി. എഫ്. പ്രസിഡണ്ട്, തടാകം ആശ്രമം, കിഴക്കമ്പലം കോണ്‍വെന്റ് ഇവയുടെ വിസിറ്റര്‍ ബിഷപ്പ്, വളയഞ്ചിറങ്ങര ബാലഗ്രാം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വൈദിക സെമിനാരി സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തതും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ കോട്ടയം, തിരുവനന്തപുരം, ബോംബെ, കോതമംഗലം, ആലുവാ ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചതും കോലഞ്ചേരി, കുന്നംകുളം മെഡിക്കല്‍മിഷന്‍ ആശുപത്രികള്‍ സ്ഥാപിച്ചതിലും ഇദ്ദേഹത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു. 1997 സെപ്‌തം. 28–ന് അന്തരിച്ചു. ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടക്കി.
തെയോഫിലോസ്, ഡോ. സഖറിയ മാര്‍: ചെങ്ങരൂര്‍ മഞ്ഞനാംകുഴിയില്‍ എം. പി. ചാണ്ടപ്പിള്ളയുടെ പുത്രനായി 16–9–1952 ല്‍ ജനിച്ചു. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍, ധ്യാനഗുരു. ദീര്‍ഘകാലം ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ഹോസ്റ്റലുകളുടെ വാര്‍ഡന്‍. പിന്നീട് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2005 മാര്‍ച്ച് 5–ന് മേല്‌പട്ടസ്ഥാനമേറ്റു. ആദ്യം മലബാര്‍ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ്. 2006–ല്‍ പൂര്‍ണ്ണ ചുമതല. ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ പ്രൊജക്‌ടിന്റെ കണ്‍വീനര്‍. മികച്ച സംഘാടകന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്‌റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്‌ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തുന്നു. രക്തദാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ്. ഇപ്പോള്‍ മര്‍ത്തമറിയം സമാജത്തിന്റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടും.
തേവോദോസ്യോസ്, അലക്‌സിയോസ് മാര്‍ (1888–1965): റാന്നി–പെരുനാട് ബഥനി ആശ്രമത്തിന്റെ സ്ഥാപകരിലൊരാള്‍. നിരണം മട്ടയ്ക്കല്‍ മത്തായി–കുഞ്ഞാണ്ടമ്മ ദമ്പതിമാരുടെ പുത്രന്‍. ജനനം. 28–8–1888. കോളജ് വിദ്യാഭ്യാസം കോട്ടയം സി. എം. എസ്. കോളജില്‍ പൂര്‍ത്തിയാക്കി. കോട്ടയം ചെറിയപള്ളിയില്‍ വച്ച് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് കക ശെമ്മാശുപട്ടം നല്‍കി. 1915 മുതല്‍ ഈസ്റ്റ് ബംഗാളിലെ ബാരിസോള്‍ ഡിവിനിറ്റി കോളജ്, ഇംഗ്ലണ്ടിലെ മെല്‍ഫിസിലിം, സെറാമ്പൂര്‍ എന്നിവിടങ്ങളില്‍ ദൈവശാസ്‌ത്രത്തില്‍ ഉപരിപഠനം. 1918–ല്‍ പരുമല വച്ച് യൂയാക്കീം മാര്‍ ഈവാനിയോസ് കശ്ശീശാപട്ടം നല്‍കി. 1920–ല്‍ ഫാ. പി. റ്റി. ഗീവര്‍ഗീസുമായി (മാര്‍ ഈവാനിയോസ്) ചേര്‍ന്ന് സന്യാസവ്രതം സ്വീകരിച്ച് ബഥനി ആശ്രമം സ്ഥാപിച്ചു. ബഥനി മാര്‍ ഈവാനിയോസ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നപ്പോള്‍ ആബോ അലക്‌സിയോസ് 1930–ല്‍ ബഥനി ആശ്രമത്തിന്റെ അധ്യക്ഷനായി. 1938 ഏപ്രില്‍ 7–ന് കര്‍മ്മേല്‍ ദയറായില്‍ വച്ച് ഗീവറുഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ മാര്‍ തേവോദോസ്യോസ് എന്ന നാമത്തില്‍ എപ്പിസ്‌ക്കോപ്പാ ആക്കി കൊല്ലത്തിന്റെയും ബാഹ്യകേരള ഭദ്രാസനത്തിന്റെയും ചുമതല നല്‌കി. ഇന്നത്തെ ബാഹ്യകേരള ഭദ്രാസനങ്ങള്‍ക്ക് അടിത്തറ പാകിയ ഇദ്ദേഹത്തെ 1941 ഏപ്രില്‍ 8–ന് ആലുവാ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളജ് ചാപ്പലില്‍ വച്ച് ഗീവറുഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ മെത്രാപ്പോലീത്താ ആക്കി ഉയര്‍ത്തി. മാര്‍ ഈവാനിയോസിന്റെ സഭാ ഭ്രംശത്തെത്തുടര്‍ന്ന് ബഥനി ആശ്രമത്തെ സുസംഘടിതമാക്കി പരിപോഷിപ്പിക്കുന്നതിനും പാത്രിയര്‍ക്കീസ് കക്ഷിയുടെ തത്വരഹിതമായ കപട സമാധാന ചര്‍ച്ചകളില്‍ ചതിവുകള്‍ പറ്റാതെ തത്വാധിഷ്‌ഠിത സിദ്ധാന്തങ്ങളില്‍ സഭയെ ചിട്ടപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന്റെ പങ്കാളിത്തവും നേതൃത്വവും ശ്രദ്ധേയമായിരുന്നു. ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നിന്ന് സുധീരം ഇറങ്ങിപ്പോയ അദ്ദേഹം ഭഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്താ ആയി കഴിയുവാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് പ്രസ്‌താവിച്ചു. മാര്‍ ഈവാനിയോസ്, മാര്‍ തെയോഫിലോസ്, വാളക്കുഴിയില്‍ ജോസഫ് മാര്‍ സേവേറിയോസ് എന്നിവര്‍ സഭാത്യാഗം ചെയ്‌തപ്പോള്‍ ബഥനിയെ അതിന്റെ സ്ഥാപനോദ്ദേശ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വം സഹായകമായി. മലങ്കരസഭയെ ലോക സഭകള്‍ക്ക് പരിചയപ്പെടുത്തുന്നതിലും, എക്യുമെനിക്കല്‍ രംഗത്തേക്ക് ആരംഭ ഘട്ടത്തില്‍ തന്നെ മലങ്കരസഭയെ പ്രവേശിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. അഖില ലോക സഭാ കൌണ്‍സിലിന്റെ കേന്ദ്ര കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1965 ആഗസ്റ്റ് 6–ന് കൂടാരപ്പെരുന്നാള്‍ ദിനത്തില്‍ ദിവംഗതനായി. റാന്നി–പെരുനാട് ബഥനി ആശ്രമം ചാപ്പലില്‍ കബറടക്കി.
തേവോദോസ്യോസ്, ഡോ. സ്‌തേഫാനോസ് മാര്‍: കോട്ടയം പാത്താമുട്ടം കയ്യാലത്ത് ചാക്കോ കുരിയന്‍–മറിയാമ്മ ദമ്പതികളുടെ 5–ാമത്തെ പുത്രന്‍. ജനനം 2–10–1924. ജെയ്‌പൂര്‍ സി. എ. ജെയിന്‍ കോളജില്‍ നിന്ന് ബി. എ., ജബല്‍പ്പൂര്‍ യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് എം. എ., ന്യൂയോര്‍ക്ക് ജനറല്‍ എപ്പിസ്‌കോപ്പല്‍ സെമിനാരിയില്‍ നിന്ന് ബി. ഡി., കോണറ്റ് ബര്‍ക്കിലി ഡിവിനിറ്റി സ്‌കൂളില്‍ നിന്ന് എസ്. റ്റി. എം. എന്നീ ബിരുദങ്ങള്‍ നേടി.
1946–ല്‍ ഗീവറുഗീസ് കക കാതോലിക്കാ ശെമ്മാശപ്പട്ടവും 1947–ല്‍ കശ്ശീശാപട്ടവും നല്‍കി. പാച്ചിറ, വാകത്താനം, പള്ളം, താഴത്തങ്ങാടി, ജബല്‍പ്പൂര്‍, ദാദര്‍, മലയാ, സിങ്കപ്പൂര്‍, ബഹറീന്‍, ദോഹ, അബുദാബി, ദുബായ്, ഭിലായ് എന്നിവിടങ്ങളില്‍ വികാരി.
1974–ലെ നിരണം അസോസ്യേഷന്‍ മെത്രാന്‍സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. 1975 ഫെബ്രു. 15–ന് പുത്തന്‍കാവില്‍ വച്ച് ദാനിയേല്‍ മാര്‍ പീലക്‌സീനോസ് റമ്പാന്‍ സ്ഥാനം നല്‍കി. 1975 ഫെബ്രു. 16–ന് നിരണത്തുവച്ച് ഔഗേന്‍ കാതോലിക്കാ, മാര്‍ തേവോദോസ്യോസ് എന്ന സ്ഥാന നാമത്തില്‍ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1976–79 വരെ മദ്രാസ് ഭദ്രാസനത്തിന്റെ ചുമതല വഹിച്ചു. 1979 മുതല്‍ കല്‍ക്കട്ടാ മെത്രാസനത്തിന്റെ ചുമതലയില്‍ തുടരുന്നു. 1991–ല്‍ ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി ഓണററി ഡോക്‌ടറേറ്റ് നല്‍കി.
ഭിലായ് സെന്റ് തോമസ് മിഷന്‍ ഡയറക്‌ടര്‍, ഭിലായ് സെന്റ് തോമസ് കോളജിന്റെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹമാണ് നാഗപ്പൂര്‍ വൈദിക സെമിനാരിയുടെ മുഖ്യ സംഘാടകന്‍. മക്കോഡിയ മിഷന്‍, ഭിലായ് മിഷന്‍ സെന്റര്‍, ആശ്രമം, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം സഭയുടെ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഭാവികാസത്തിനും നല്‍കിയ മികച്ച സേവനം പ്രശംസനീയമാണ്. 2007 നവം. 8–ന് മസ്‌ക്കറ്റില്‍ വച്ച് കാലംചെയ്‌തു. 10–ന് ഭിലായി സെന്റ് തോമസ് ആശ്രമത്തില്‍ കബറടക്കി. ഉത്തരേന്ത്യന്‍ മണ്ണിനെയും മനുഷ്യരെയും സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്‌ത ഭപ്രവാസികളുടെ ഇടയന്‍’ അങ്ങനെ കേരളത്തിന് വെളിയില്‍ കബറടക്കപ്പെടുന്ന മലയാളിയായ മലങ്കരസഭയിലെ ആദ്യ മെത്രാപ്പോലീത്തായായി.
തോമസ്, ഫാ. ഡോ. ഒ.: പ്രമുഖ കൌണ്‍സലര്‍, വാഗ്മി. ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ എം. എ. യും, സെറാംബൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. ഡി. യും, പാസ്റ്ററല്‍ കൌണ്‍സലിംഗില്‍ എം. ടി. എച്ചും, വെല്ലൂര്‍ ക്രിസ്‌ത്യന്‍ കൌണ്‍സലിംഗ് സെന്ററില്‍ നിന്നും കൌണ്‍സലിംഗില്‍ ഡിപ്ലോമയും, ലണ്ടന്‍ ഹിത്രോപ്പ് കോളജില്‍ നിന്നും മനഃശാസ്‌ത്രത്തില്‍ ബിരുദാനന്തര ഡിപ്ലോമയും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മനഃശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കി. കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫസര്‍, പ്രത്യാശാ കൌണ്‍സലിംഗ് സെന്റര്‍ കോ – ഓര്‍ഡിനേറ്റര്‍, സെന്റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്റര്‍ അദ്ധ്യാപകന്‍, പരുമല കൌണ്‍സലിംഗ് സെന്റര്‍ ഡയറക്‌ടര്‍, സ്‌നേഹലോകം മാസിക ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സഭാ വൈദികട്രസ്റ്റിയായിരുന്നു. 6 കൃതികള്‍ രചിച്ചു.
തോമസ് പി. മുണ്ടുകുഴി കോര്‍എപ്പിസ്‌ക്കോപ്പാ: മുണ്ടുകുഴി പീലിപ്പോസ് മത്തായിയുടെ മകന്‍. 24–6–1932 ല്‍ ജനിച്ചു. ബി. എ., എം. എ., ബി. ഡി. ബിരുദങ്ങള്‍ നേടി. വിവാഹിതന്‍. 27–11–1966 ല്‍ വൈദികന്‍. 15–7–1981 ല്‍ കോര്‍എപ്പിസ്‌ക്കോപ്പാ, സണ്ടേസ്‌കൂള്‍ ഡയറക്‌ടര്‍, വൈദിക സംഘം വൈസ് പ്രസിഡണ്ട്, മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എന്‍. എ. യോഹന്നാന്‍ മല്‌പാന്റെ (യൂഹാനോന്‍ മാര്‍ സേവേറിയോസ്) ഭവഴിത്തിരിവിലെ വെല്ലുവിളികള്‍’ എന്ന ഉപന്യാസ സമാഹാരവും വൈദിക മിത്രവും കാതോലിക്കാ സിംഹാസനചരിത്രവും പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ ഭദ്രാസനത്തില്‍ സേവനത്തിലിരിക്കവേ 2007–ല്‍ അന്തരിച്ചു.
തോമസ് മാര്‍ മക്കാറിയോസ്, ഡോ. : ഭമക്കാറിയോസ്, ഡോ. തോമസ് മാര്‍’ കാണുക.
തോമസ്, ഫാ. കെ. ഒ.: വടകര കരോട്ടുവീട്ടില്‍ യൌസേഫിന്റെ മകന്‍. 29–6–1917 ല്‍ ജനിച്ചു. എം. എ. ബിരുദം നേടി. കോനാട്ട് ഏബ്രഹാം മല്‌പാന്‍ വൈദിക ഗുരു. വിവാഹിതനായി. 1946 ഏപ്രിലില്‍ വൈദികനായി. മദ്രാസ്, കുറിച്ചി, വടകര എന്നീ ഇടവകകളില്‍ സേവനം. വടകര ഹൈസ്‌കൂള്‍ മാനേജര്‍, കോട്ടയം സി. എം. എസ്. കോളജ് അധ്യാപകന്‍, സുവിശേഷ പ്രസംഗകന്‍, ധ്യാനഗുരു, കണ്ടനാട് കൌണ്‍സില്‍ വൈസ് പ്രസിഡണ്ട്, മാനേജിംഗ് കമ്മിറ്റി മെമ്പര്‍, മദ്യവര്‍ജ്ജന കമ്മിറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സേവനം നിര്‍വഹിച്ചു. നിര്യാതനായി.
തോമസ്, ഫാ. എന്‍. എം.: പിറവം ഇടവകാംഗം. വടവുകോട് ആലപ്പാട്ട് ഫാ. എന്‍. ജെ. മത്തായിയുടെ മകന്‍. 5–8–1919 ല്‍ ജനിച്ചു. എം. എ. ബിരുദം നേടി. വിവാഹം കഴിഞ്ഞു. 29–8–1960 ല്‍ വൈദികനായി. എത്യോപ്യ, സാംബിയാ, ഏലൂര്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി കോണ്‍ഫറന്‍സ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. നിര്യാതനായി.
തെയോഫോറസ് റമ്പാന്‍ കോറെപ്പിസ്‌ക്കോപ്പാ: ആറാട്ടുപുഴ താഴത്തുതടത്ത് കുളഞ്ഞിക്കൊമ്പില്‍ ടി ഒ. ചാക്കോയുടേയും ശോശാമ്മയുടെയും മകന്‍. 9–8–1922 ല്‍ ജനിച്ചു. ആ. ടര., ആ. ഋറ., ആ. ഉ. ബിരുദങ്ങള്‍ നേടി. ഇംഗ്ലണ്ടിലെ അഗസ്റ്റിന്‍ കോളജില്‍ നിന്ന് ദൈവശാസ്‌ത്രത്തില്‍ പി. ജി. ഡിപ്ലോമ നേടി. പത്തനംതിട്ട ബേസില്‍ ദയറായില്‍ അംഗം. 25–11–1948 ല്‍ ശെമ്മാശന്‍. 1952–ല്‍ പൂര്‍ണ്ണ ശെമ്മാശന്‍, 17–9–60 ല്‍ കശ്ശീശ. ഫാ. ഉമ്മന്‍ എന്നായിരുന്നു പേര്‍. യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി. പ്രൈവറ്റ് സ്‌കൂള്‍ ഹെഡ്‌മാസ്റ്റേഴ്സ് അസോസ്യേഷന്‍ സംസ്ഥാന പ്രസിഡന്റ്, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, മാവേലിക്കര എം. എസ്. എസ്., തുമ്പമണ്‍ എം. ജി. എസ്., പത്തനംതിട്ട കാതോലിക്കേറ്റ്, പുത്തന്‍കാവ്, തിരുവല്ല എം. ജി. എം. ഹൈസ്‌ക്കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് 1969–ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡും 1976–ല്‍ ദേശീയ അവാര്‍ഡും ലഭിച്ചു. സുന്നഹദോസ് ഓഫീസ് സെക്രട്ടറി, ഓര്‍ത്തഡോക്‌സ് – കത്തോലിക്കാ ഡയലോഗ് അംഗം, ദേവലോകം അരമന മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മാനേജിംഗ് കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി, ഡിഫന്‍സ് കമ്മിറ്റി, പരുമല കൌണ്‍സില്‍, മിഷന്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് കോളജ്, സ്‌കൂള്‍ ബോര്‍ഡ് എന്നിവയില്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു. 1982 ജനു. 1–ന് മാത്യൂസ് ക ബാവാ കോറെപ്പിസ്‌ക്കോപ്പാ സ്ഥാനവും 1987 ഓഗസ്റ്റ് 29–ന് തെയോഫോറോസ് എന്ന പേരില്‍ റമ്പാന്‍ സ്ഥാനവും നല്‍കി. നിര്യാതനായി.
ദീയസ്‌ക്കോറോസ്, ഗീവറുഗീസ് മാര്‍: 1926 ഒക്‌ടോ. 12–ന് കോഴഞ്ചേരി തേവര്‍വേലില്‍ കുഞ്ഞുപാപ്പിയുടെയും അച്ചാമ്മയുടെയും മകനായി ജനിച്ചു. പി. ജി. ബിരുദം നേടി ബാങ്ക് സെക്രട്ടറിയായി. പിന്നീട് ജോലി രാജിവച്ച് 1963–ല്‍ ശെമ്മാശുപട്ടവും 1964–ല്‍ വൈദികപട്ടവും സ്വീകരിച്ചു. യരുശലേമില്‍ വേദശാസ്‌ത്ര പഠനം. 1970–ല്‍ റാന്നിയില്‍ ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപിച്ചു. തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി. 1978 മെയ് 15–ന് പഴഞ്ഞിയില്‍ വെച്ച് പ. മാത്യൂസ് ക കാതോലിക്കാ മെത്രാന്‍ സ്ഥാനം നല്‍കി. തിരുവനന്തപുരത്തിന്റെ പ്രഥമ മെത്രാന്‍. ഉള്ളൂര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെന്റര്‍, കുളത്തൂര്‍ വികലാംഗ ശിശുക്ഷേമകേന്ദ്രം, തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്‌കൂള്‍, കോണ്‍വെന്റ് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍. 23–7–1999 ന് ദിവംഗതനായി. റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ കബറടക്കപ്പെട്ടു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് പിതാവിന്റെ ഭാഗിനേയന്‍ ആണിദ്ദേഹം.
ദീവന്നാസ്യോസ്, കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍: പത്രോസ് തൃതീയന്‍ ബാവാ കുന്നംകുളം ചിറളയം പള്ളിയില്‍ വെച്ച് 1877 മെയ് 17– ന് മെത്രാപ്പോലീത്താ ആയി വാഴിച്ചു. കൊച്ചിയുടെ പ്രഥമ മെത്രാനായി നിയമിച്ചു. കൊച്ചിയിലെ പള്ളികള്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല. സ്വന്തം ഇടവകയായ കണ്ടനാട് പള്ളിയുടെ ഒരു മുറിയില്‍ താമസിച്ചു. അവിടെത്തന്നെ കുര്‍ബ്ബാന അര്‍പ്പിച്ചുപോന്നു. ഇദ്ദേഹം എഴുതിയ അപ്രകാശിത കയ്യെഴുത്ത് കൃതിയാണ് കണ്ടനാട് ഗ്രന്ഥവരി. 18–ാം നൂറ്റാണ്ടിലെ വിശദമായ മലങ്കരസഭാ ചരിത്രമാണിത്. 1886 ഒക്‌ടോബര്‍ 2–ന് കാലം ചെയ്‌തു. കടുങ്ങമംഗലം പള്ളിയില്‍ കബറടക്കപ്പെട്ടു. ഭകണ്ടനാട് ഗ്രന്ഥവരി’ കാണുക.
ദീവന്നാസ്യോസ് പ്രഥമന്‍, പുലിക്കോട്ടില്‍ ജോസഫ് മാര്‍ (1740–1816): പാലൂര്‍ ചാട്ടുകുളങ്ങര ആര്‍ത്താറ്റ് ഇടവകയില്‍ കുന്നംകുളം അങ്ങാടിയില്‍ പുലിക്കോട്ടില്‍ ചുമ്മാര്‍–ഏലിശ്‌ബാ ദമ്പതികളുടെ പുത്രന്‍. 1740 നവം. 25–ന് ജനിച്ചു. ഇട്ടൂപ്പ് (ഇട്ടി + യൌസേപ്പ്) എന്ന് വിളിക്കപ്പെട്ടു. കുന്നംകുളം തെക്കേക്കര പൈലപ്പന്‍ ആശാന്‍, കാണിപ്പയ്യൂര്‍ നമ്പൂതിരി എന്നിവരില്‍ നിന്ന് സാമാന്യ വിജ്ഞാനവും തച്ചുശാസ്‌ത്രവിദ്യയും പരിശീലിച്ച ഇട്ടൂപ്പ് പഴഞ്ഞി പള്ളിയിലെ മല്‌പാന്‍ പള്ളിക്കൂടത്തില്‍ സുറിയാനി അഭ്യസിച്ചു. വൈദികപഠനകാലത്ത് കുര്‍ബ്ബാനക്രമവും സങ്കീര്‍ത്തനപുസ്‌തകവും സുറിയാനിയില്‍ നിന്ന് പരിഭാഷപ്പെടുത്തി. 1751–ല്‍ മലങ്കരയിലെത്തി കുന്നംകുളം ചിറളയം പള്ളിയില്‍ താമസമാക്കിയ ശാക്രള്ള മഫ്രിയാന ഇട്ടൂപ്പിന് ശെമ്മാശുപട്ടം നല്‍കി. മുളന്തുരുത്തിയിലെ മല്‌പാന്‍ പള്ളിക്കൂടത്തില്‍ ഉപരിപഠനങ്ങള്‍ പരിശീലിച്ചു. ശാക്രള്ള മഫ്രിയാനയില്‍ നിന്ന് (?) കശ്ശീശാസ്ഥാനമേറ്റ നവവൈദികന്‍ കുന്നംകുളം ചിറളയം പള്ളിയില്‍ ഒരു മല്‌പാന്‍ പാഠശാല ക്രമീകരിച്ച് വൈദികവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. അങ്ങനെ ഇട്ടൂപ്പ് മല്‌പാന്‍ ആയി. കാട്ടുമങ്ങാട്ട് കൂറിലോസ് തിരു–കൊച്ചിയില്‍ നിന്ന് നാടുകടത്തപ്പെട്ടപ്പോള്‍ മല്‌പാന്‍ ആ സംഘത്തെ കൂട്ടിക്കൊണ്ടുവന്ന് ആദ്യം കുന്നംകുളത്തും പിന്നീട് തൊഴിയൂരിലും അഭയം കൊടുത്തു. തൊഴിയൂര്‍ പള്ളിയും നാലുകെട്ട് മാതൃകയില്‍ ആസ്ഥാനവും 1774–ല്‍ മല്‌പാന്‍ പണിയിച്ചു.
1789–ല്‍ ടിപ്പു സുല്‍ത്താന്‍ ആര്‍ത്താറ്റ് – പാലൂര്‍ ദേവാലയം അഗ്നിക്കിരയാക്കി. ആളുകളെ മതംമാറ്റത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാത്തവരെ ആര്‍ത്താറ്റ് വൃക്ഷശിഖരങ്ങളില്‍ തൂക്കിക്കൊന്നു. ആര്‍ത്താറ്റ് നിന്ന് സമീപ പ്രദേശങ്ങളിലേക്ക് സുറിയാനി ക്രിസ്‌ത്യാനികള്‍ ചിതറി ഓടി. മല്‌പാന്‍ അവരെ ധൈര്യപ്പെടുത്തി കുന്നംകുളത്തും പഴഞ്ഞിയിലും യഹൂദ മാതൃകയില്‍ നഗരവും അങ്ങാടിയും സംവിധാനം ചെയ്‌ത് അവിടെ പാര്‍പ്പിക്കുകയും രണ്ടിടത്തും ഉണ്ടായിരുന്ന പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. 1800–ല്‍ കുന്നംകുളം സന്ദര്‍ശിച്ച ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍, തന്നെ ശിഷ്യസമേതം സന്ദര്‍ശിച്ച അവിവാഹിതനും സസ്യഭുക്കുമായ മല്‌പാനെ കുറിച്ചെഴുതിയിട്ടുണ്ട്. വലിയങ്ങാടിയില്‍ പടിഞ്ഞാറും തെക്കും ഉണ്ടായിരുന്ന അന്തിമാളന്‍കാവുകള്‍ മണക്കുളം രാജാവും കൊച്ചിയുടെ ശക്തന്‍തമ്പുരാനും സുറിയാനിക്കാര്‍ക്ക് നല്‍കിയത് മല്‌പാന്‍ സ്വീകരിച്ച് ആരാധനാ സൌകര്യമൊരുക്കി. മേല്‌പുര കത്തി വര്‍ഷങ്ങളോളം തര്‍ക്കത്തിലിരുന്ന ആര്‍ത്താറ്റ് പള്ളി ശക്തന്‍തമ്പുരാന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെ വീണ്ടെടുക്കുകയും പള്ളി പുനര്‍നിര്‍മ്മാണം ചെയ്‌ത് ആരാധനായോഗ്യമാക്കുകയും ചെയ്‌തു.
സ്വാതന്ത്ര്യപ്രേമിയായ മല്‌പാന്‍ ഭആര്‍ത്താറ്റ് പടിയോല’ എന്ന സഭാസ്വാതന്ത്ര്യത്തിന്റെ മാഗ്നാക്കാര്‍ട്ടാ ചെമ്പുതകിടില്‍ വട്ടെഴുത്തില്‍ എഴുതിച്ച് 1806–ല്‍ ആറാം മാര്‍ത്തോമ്മായ്ക്കും ശക്തന്‍ തമ്പുരാനും നല്‌കി. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ആഗ്രഹപ്രകാരം മല്‌പാനും കായംകുളത്ത് പീലിപ്പോസ് റമ്പാനും ചേര്‍ന്ന് സുറിയാനിയില്‍ നിന്ന് വിവര്‍ത്തനം ചെയ്‌ത മലയാളം ബൈബിള്‍ പ്രസിദ്ധീകരണത്തിന് തയാറാക്കി. ഇതില്‍ പ്രീതനായ ബുക്കാനന്‍ ആര്‍ത്താറ്റ് പള്ളിയില്‍ ഒരു വലിയ സ്വര്‍ണ്ണ പത്താക്ക് സമ്മാനമായി സമര്‍പ്പിച്ചു. 7–ാം മാര്‍ത്തോമ്മായുടെ കാലശേഷം 1809–ല്‍ കണ്ടനാട് പടിയോല അദ്ദേഹം തയ്യാറാക്കിയത് കണ്ടനാട് സുന്നഹദോസ് അംഗീകരിക്കുകയും അദ്ദേഹത്തെ 8–ാം മാര്‍ത്തോമ്മായുടെ രണ്ട് ഉപദേശകരിലൊരാളായി നിയമിച്ചു. 1809 ചിങ്ങം 15–ന് മല്‌പാന്‍ 8–ാം മാര്‍ത്തോമ്മായില്‍ നിന്ന് കണ്ടനാട് തീരുമാനപ്രകാരം റമ്പാന്‍ സ്ഥാനമേറ്റു.
ബ്രിട്ടീഷ് റസിഡണ്ടും തിരുവിതാംകൂര്‍ റാണിയുമായി സൌഹൃദം നേടിയ റമ്പാന്‍ അവരുടെ സഹായത്തോടെ കോട്ടയത്ത് നാലുകെട്ടിന്റെ മാതൃകയില്‍ വൈദികസെമിനാരി നിര്‍മ്മിക്കുകയും 1815–ല്‍ 25 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. റമ്പാന്‍, സ്ഥാപക പ്രിന്‍സിപ്പല്‍ ആയി. റവ. തോമസ് നോര്‍ട്ടനെ അധ്യാപകനായി നിയമിച്ചു. സെമിനാരിപ്പണിക്ക് വട്ടിപ്പണത്തിന്റെ പലിശ സര്‍ക്കാര്‍ റമ്പാന് നല്‍കിയിരുന്നു. ഇതിന്റെ സാങ്കേതിക തടസം പരിഹരിക്കുവാന്‍ റമ്പാന്‍ തന്റെ ആത്മമാതാവായ പഴഞ്ഞിപ്പള്ളിയില്‍ വച്ച് തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവറുഗീസ് മാര്‍ പീലക്‌സീനോസില്‍ നിന്ന് 1815 മാര്‍ച്ച് 21–ന് മാര്‍ ദീവന്നാസ്യോസ് എന്ന സ്ഥാനപ്പേരില്‍ മലങ്കര മെത്രാപ്പോലീത്താ ആയി. 1816 ജനുവരി 10–ന് അദ്ദേഹത്തിന് അനുകൂലമായി തിരുവിതാംകൂര്‍–കൊച്ചി രാജാക്കത്താര്‍ രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തി. 8–ാം മാര്‍ത്തോമ്മാ അധികാരത്തില്‍ നിന്ന് ബഹിഷ്‌കൃതനായി. പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ കോട്ടയം പഴയസെമിനാരിയെ വൈദികപരിശീലനകേന്ദ്രത്തോടൊപ്പം മലങ്കര മെത്രാപ്പോലീത്തായുടെ ഔദ്യോഗിക ആസ്ഥാനവും, സഭയുടെ സെക്രട്ടറിയേറ്റും ആക്കിത്തീര്‍ത്തു. സെമിനാരിയുടെ ഭരണത്തിനും കൈവശത്തിനും കേണല്‍ മണ്‍റോയുടെ സഹായത്തോടെ ശ്രമിച്ച മിഷണറിമാര്‍ നിരാശരായി. ബൈബിള്‍ 1811–ല്‍ ബോംബെ കൊറിയര്‍ പ്രസില്‍ അച്ചടിച്ചത് ബുക്കാനന്‍ അയച്ചത് മെത്രാപ്പോലീത്താ എല്ലാ പള്ളികള്‍ക്കുമായി വിതരണം ചെയ്‌തു. ബൈബിള്‍ പഴയനിയമം മുഴുവന്‍ മിഷണറിമാരുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവര്‍ത്തനം ചെയ്‌തുവെങ്കിലും അത് ഭാഷാശുദ്ധി പോരെന്ന കാരണത്താല്‍ അച്ചടിക്കപ്പെട്ടില്ല. അദ്ദേഹം ആരംഭിച്ച ചാപ്പല്‍ നിര്‍മ്മാണം അദ്ദേഹത്തിന് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. 8–ാം മാര്‍ത്തോമ്മാ അനധികൃതമായി നിയമിച്ച ഒമ്പതാം മാര്‍ത്തോമ്മായെ സ്ഥാനഭ്രഷ്‌ടനാക്കി സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങി. ഹൈന്ദവക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കും മറ്റും സൌജന്യമായി ഊഴിയവേല ചെയ്യുവാനുള്ള ബാധ്യതയില്‍ നിന്ന് നിയമം മൂലം സുറിയാനിക്കാര്‍ ഒഴിവാക്കപ്പെട്ടതും ഞായറാഴ്‌ച ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടതും, സര്‍ക്കാര്‍ ഓഫീസുകളില്‍ ആദ്യമായി ക്രിസ്‌ത്യാനികള്‍ക്ക് നിയമനം ലഭിച്ചതും 1816–ല്‍ എല്ലാ സിവില്‍ കോടതികളിലും ഓരോ ക്രിസ്‌ത്യന്‍ ജഡ്‌ജിയെ നിയമിക്കുവാന്‍ ഭരണപരിഷ്‌ക്കാരമേര്‍പ്പെടുത്തിയതും പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ സര്‍ക്കാരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിട്ടാണ്. 1813–ല്‍ ക്രിസ്‌ത്യാനികളുടെ സ്ഥിതിയെക്കുറിച്ചന്വേഷിക്കുവാന്‍ നിയമിതനായ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് അന്നുണ്ടായിരുന്ന 52 പള്ളികളോടും ചേര്‍ത്തു ഓരോ സ്‌കൂള്‍ ആരംഭിക്കുവാന്‍ ഉത്തരവുണ്ടായതും ശ്രദ്ധേയമാണ്. സന്യാസ വ്രതാനുഷ്‌ഠാനങ്ങളില്‍ അന്ത്യംവരെയും സത്യസന്ധത പുലര്‍ത്തിയ ഇദ്ദേഹം 1816–ല്‍ തന്റെ വികാരി ജനറല്‍ ആയി പുന്നത്ര ജോര്‍ജ് കത്തനാരെ നിയമിച്ചു. പകലോമറ്റം മെത്രാത്താരുടെ കുടുംബവാഴ്‌ച അവസാനിപ്പിച്ച ഈ വിശുദ്ധന്‍ 1816 നവംബര്‍ 24–ന് ദിവംഗതനായി. 25–ന് കോട്ടയം പഴയസെമിനാരി ചാപ്പലില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ ജീവചരിത്രം ഫാ. ഡോ. ജോസഫ് ചീരന്‍ രചിച്ചു.
ദീവന്നാസ്യോസ്, പുന്നത്ര മാര്‍ (1817–1825): കോട്ടയം താഴത്ത് പുന്നത്ര കുടുംബാംഗം. കുര്യന്‍ എന്നും ജോര്‍ജ്ജ് എന്നും പേര്‍ കാണുന്നു. പഴയസെമിനാരി സ്ഥാപകന്റെ വികാരി ജനറല്‍ ആയിരുന്ന ഇദ്ദേഹത്തെ തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവറുഗ്ഗീസ് മാര്‍ പീലക്‌സീനോസ് കോട്ടയം ചെറിയപള്ളിയില്‍ വെച്ച് മാര്‍ ദീവന്നാസ്യോസ് എന്ന സ്ഥാനപ്പേരില്‍ 1817 ഒക്‌ടോബര്‍ 19–ന് അഭിഷേകം ചെയ്‌തു.
സെമിനാരി സ്ഥാപകന്റെ കാലശേഷം കിടങ്ങന്‍ മെത്രാച്ചന്റെ നിയന്ത്രണത്തില്‍ ഏല്‌പിക്കപ്പെട്ടിരുന്ന പഴയസെമിനാരിയില്‍ ഇതിനോടകം മിഷണറിമാര്‍ സകുടുംബം താമസിക്കാന്‍ തുടങ്ങിയതിനാല്‍ പുന്നത്ര മെത്രാന്‍ കോട്ടയം ചെറിയപള്ളിയുടെ കിഴക്കേവശത്ത് ഒരു മുറി പണിയിച്ച് അവിടെ താമസമാക്കുകയും പകല്‍ സെമിനാരിയില്‍ പോയി സായിപ്പുമാരുമായി ആലോചിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തുവന്നു. മിഷണറിമാരുമായി അക്കാലത്ത് നല്ല ബന്ധമായിരുന്നു. കല്ലട മണ്‍റോ തുരുത്ത്, മങ്കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ മെത്രാച്ചന്റെയും, സായിപ്പുമാരുടെയും പേരുകളില്‍ സംയുക്തമായി ആധാരം ചെയ്‌ത് വാങ്ങിയത് ഇക്കാലത്താണ്. ബെഞ്ചമിന്‍ ബെയിലി, ജോസഫ് ഫെന്‍, ഹെന്‍റി ബേക്കര്‍ എന്നിവരാണ് ഇക്കാലത്ത് സെമിനാരിയില്‍ താമസിച്ച മിഷണറിമാര്‍. സ്‌കൂള്‍ സ്ഥാപനം, പുസ്‌തക പ്രസിദ്ധീകരണം, സുവിശേഷഘോഷണം എന്നിവ തകൃതിയായി നടന്നു. 1820–ല്‍ പഴയസെമിനാരിയില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അച്ചടികേന്ദ്രം സ്ഥാപിതമായി.