ആരെന്നു പിരിഞ്ഞു? | ഡോ. എം. കുര്യന്‍ തോമസ്

കുറച്ചു കാലമായി പാടിക്കളിക്കുന്ന ഒരു പദമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്ഥാപിതമായത് 1912-ല്‍ മാത്രമാണന്ന്! കോടികളെറിഞ്ഞുള്ള പ്രചരണം നടത്തുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ബോധപൂര്‍വമായി ഈ അബദ്ധ പ്രസംഗത്തിനു വമ്പന്‍ പ്രചാരണവും ചില മൂന്നാംകിട മാദ്ധ്യമങ്ങള്‍ നടത്തുന്നുണ്ട്. കുറെയെങ്കിലും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍  ഈ പ്രചരണം കൊണ്ട് സാധിക്കുന്നുമുണ്ട്.
ഈ വ്യാജപ്രചരണത്തിന്റെ നിജസ്ഥിതി മനസിലാക്കണമെങ്കില്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്നു ജാതിപരമായ വിശേഷിപ്പിക്കപ്പെടുന്ന മലങ്കര നസ്രാണികളുടെ ഇടയില്‍ പിരിച്ചിലുകള്‍ എന്നൊക്കെ, എന്തു കാരണത്താല്‍ സംഭവിച്ചു എന്നു ചുരുക്കത്തില്‍ മനസിലാക്കണം. അപ്പോസ്‌തോലിക വിശ്വാസം നെസ്‌തോറിയ വിശ്വാസത്തിനു വഴിമാറുകയും പിന്നീട് അടിച്ചേല്‍പ്പിക്കപ്പെട്ട റോമന്‍ കത്തോലിക്കാ വിശ്വാസത്തിനു കീഴിലാവുകയും ചെയ്ത മദ്ധ്യ കാലഘട്ടം (Middle Ages) വരെയുള്ള നൂറ്റാണ്ടുകളില്‍ മലങ്കര നസ്രാണികള്‍ ഒരു ഗാത്രം ആയിരുന്നു. അവരെ അക്കാലത്ത് ഭരിച്ചിരുന്നത് തദ്ദേശീയരായ അര്‍ക്കദ്‌യക്കോന്‍ അഥവാ ജാതിക്കുതലവന്‍ എന്ന സ്ഥാനി ആയിരുന്നു.
ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ അധിനിവേശത്തിനെതിരായി നടന്ന ആദ്യ സ്വതന്ത്ര്യ സമരമായ കൂനന്‍കുരിശു സത്യം നടന്ന 1653 ജനുവരി 3-ന് സുറിയാനി ക്രിസ്ത്യാനികള്‍ വിഭാഗീയത ഇല്ലാത്ത ഒറ്റ സഭ ആയിരുന്നു എന്ന അടിസ്ഥാനത്തിലാണ് ഈ കുറിപ്പു തയാറാക്കുന്നത്. കൂനന്‍കുരിശു സത്യം മൂലവും നസ്രാണികള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടായില്ല. കാരണം, അന്നത്തെ രണ്ടു ലക്ഷത്തില്‍ നാനൂറു കുറെ നസ്രാണികളും സത്യത്തെ പിന്തുണച്ചു ജാതിക്കു തലവനായ തോമ്മാ അര്‍ദ്‌യക്കോന്റെ കൂടെനിന്നു. അതായത് .002 % (ദശാശം പൂജ്യം പൂജ്യം രണ്ട് ശതമാനം) നസ്രാണികള്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ മെത്രാനായ ഫ്രാന്‍സിസ് ഗാര്‍ഷ്യയോടൊപ്പം നിന്നത്. ഇത്ര നിസാരമായ ഒരു കൂട്ടത്തെ വിഭാഗീയത എന്നു വിളിക്കാനാവില്ല.
മലങ്കര നസ്രാണികളില്‍ ആദ്യ വിഭജനം ഉണ്ടാകുന്നത് 1663-ല്‍ ആണ്. ആ വര്‍ഷം പറമ്പില്‍ ചാണ്ടി കത്തനാര്‍ മറുകണ്ടം ചാടി റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു മെത്രാനായി. അദ്ദേഹത്തോടൊപ്പം പോയ നസ്രാണികളെ പഴയകൂര്‍ എന്നും ജനങ്ങള്‍ തിരഞ്ഞെടുത്തു വാഴിച്ച മഹാനായ മാര്‍ത്തോമ്മാ ഒന്നമനെ പിന്തുണച്ച് കൂനന്‍കുരിശു സത്യത്തില്‍ ഉറച്ചുനിന്ന വീരനസ്രാണികളെ പുത്തന്‍കൂര്‍ എന്നും  തെറ്റായി സംബോധന ചെയ്തു. മലങ്കര നസ്രാണികള്‍ക്കിടയിലെ ആദ്യ വിഭജനം ഇതാണ്.
പുത്തന്‍കൂര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നസ്രാണി സമൂഹത്തെ മാര്‍ത്തോമ്മാ ഒന്നാമന്റെ പിന്‍ഗാമികളാണ് ഭരിച്ചുവന്നത്. മാര്‍ത്തോമ്മാ ആറാമന്‍ എന്ന വലിയ മാര്‍ ദീവന്നാസ്യോസ് മുതലുള്ള മലങ്കര മെത്രാന്മാര്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ രാജകീയ വിളമ്പരം നല്‍കിയിരുന്നു. അതിനാല്‍ വിഭാഗീയതകള്‍ ഉണ്ടായി എങ്കിലും വിഭജനങ്ങള്‍ ഉണ്ടായില്ല. ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ കാലം വരെയുള്ള സ്ഥിതി ഇതായിരുന്നു.
1842-ല്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നും  മേല്പട്ട സ്ഥാനം സ്വീകരിച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നും മേല്പട്ടസ്ഥാനം സ്വീകരിച്ച ആദ്യ നസ്രാണിയായ അദ്ദേഹം മലങ്കര മെത്രാന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. 1846 ഓഗസ്റ്റ് 30-ന് ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് മാര്‍ അത്താനാസ്യോസും പരദേശി യൂയാക്കീം മാര്‍ കൂറിലോസും മലങ്കര മെത്രാന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഈ തര്‍ക്കം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച കൊല്ലം പഞ്ചായത്ത് എന്ന മദ്ധ്യസ്ഥകോടതി മാര്‍ അത്താനാസ്യോസിന് അനുകൂലമായി 1848-ല്‍ വിധി പ്രസ്ഥാവിച്ചു. മലങ്കര മെത്രാന്‍ എല്ലായ്‌പ്പോഴും തദ്ദേശീയനായിരിക്കണമെന്നതായിരുന്നു ഈ വിധിയുടെ ഒരു അടിസ്ഥാന പ്രമാണം. വിധിയുടെ അടിസ്ഥാനത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാന്‍ ആയി അംഗീകരിച്ചുകൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ചു. ഇദ്ദേഹത്തിനെതിരായി ഉയര്‍ന്നുവന്ന പുലിക്കൊട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് രാജകീയ വിളംബരത്തിന്റെ പിന്‍ബലമുള്ള മാര്‍ അത്താനാസ്യോസിനെ  സ്ഥാനഭ്രഷ്ടനാക്കാന്‍ സാധിച്ചില്ല.
1876 മാര്‍ച്ച് 7-നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ മലങ്കര മെത്രാന്‍ സ്ഥാനം സിവില്‍ കോടതികളുടെ അധികാരത്തിന് വിധേയമാക്കി. 1876 ജൂണില്‍ മുളന്തുരുത്തിയില്‍ നടന്നതും മുളന്തുരുത്തി സുന്നഹദോസ് എന്നറിയപ്പെടുന്നതുമായ മലങ്കര പള്ളിയോഗം വ്യവസ്ഥാപിതമായ ചട്ടക്കൂടോടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും രൂപീകരിക്കുകയും മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ അതിന്റെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.
1877 ജൂണില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. അതിനെത്തുടര്‍ന്ന്  മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിയമാനുസൃത പിന്‍ഗാമി താനാണന്ന്  പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പുലിക്കൊട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കോടതിയെ സമീപിച്ചു. ഇന്നത്തെ ഇന്ത്യന്‍ സുപ്രീം കോടതി ഫുള്‍ ബഞ്ചിനു സമമായ തിരുവിതാംകൂര്‍ റോയല്‍ കോടതിയാണ് സെമിനാരിക്കേസ് എന്നറിയപ്പെടുന്ന ഈ വ്യവഹാരത്തിന്റെ അന്തിമവിധി 1889-ല്‍ പുറപ്പെടുവിച്ചത്. സെമിനാരിക്കേസില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ വിജയിച്ചു. ഇതിനെത്തുടര്‍ന്ന് പരാജിതനായ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസ് മലങ്കര മാര്‍ത്തോമ്മാ സഭ സ്ഥാപിച്ച് പിരിഞ്ഞുപോയി. ഇതാണ് പുത്തന്‍കൂര്‍ നസ്രാണികള്‍ക്കിടയിലെ രണ്ടാമത്തെ വേര്‍പിരിയല്‍.
സെമിനാരിക്കേസ്   വിധിയില്‍ സുപ്രധാനമായ മറ്റുചില ഘടകങ്ങള്‍കൂടി ഉണ്ടായിരുന്നു. അവയില്‍ 1876-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപികരിച്ചത് സാധുവാണ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരയില്‍ ലൗകീകാധികാരം ഇല്ല, മലങ്കര മെത്രാന് ജനങ്ങളുടെ തിരഞ്ഞെടുപ്പും  പാത്രിയര്‍ക്കീസിന്റെ കൈവെപ്പും തുല്യ പ്രാധാന്യത്തോടെ അത്യന്താപേഷിതമാണ് എന്നിവയായിരുന്നു ഏറ്റവും പ്രധാനം.
1908 ഫെബ്രുവരി 27-ന് കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് റമ്പാനെ മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. അതേവര്‍ഷം ഏപ്രില്‍ 30-ന് യെറുശലേമില്‍വെച്ച് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുള്ളാ ദ്വിതീയന്‍ അദ്ദേഹത്തെ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ എന്ന സ്ഥാന നാമത്തോടെ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1909 ജൂലൈ 11-ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍  കാലം ചെയ്തതിനെ തുടര്‍ന്ന് വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹണം ചെയ്തു.
തനിക്ക് ആത്മീയ അധികാരം ലഭിച്ച 1889-ലെ സെമിനാരിക്കേസ് വിധിയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് തൃപ്തനല്ലായിരുന്നു. താനും തന്റെ മുന്‍ഗാമികളും ലക്ഷ്യമിട്ട മലങ്കരയുടെ ലൗകീകാധികാരം കോടതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ തന്റെ ലൗകീകാധികാരം സമ്മതിച്ച് റോയല്‍ കോടതി വിധിയെ നിര്‍വീര്യമാക്കുന്ന ഉടമ്പടി നല്‍കണമെന്നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമനോടും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയോടും പാത്രിയര്‍ക്കീസ് തുടര്‍ച്ചയായി ആവശ്യപ്പെട്ടങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതില്‍ പാത്രിയര്‍ക്കീസ് തികച്ചും അസംതൃപ്തനായിരുന്നു.
തന്നില്‍ നിക്ഷ്പ്തമായിരിക്കുന്ന ആത്മീയ അധികാരം ഉപയോഗിച്ച് മലങ്കരസഭയ്ക്ക് മേല്പട്ടസ്ഥാനവും വി. മൂറോനും നിഷേധിച്ച് ലൗകീകാധികാരത്തിനായി പാത്രിയര്‍ക്കീസ് വിലപേശുമെന്ന് കോനാട്ട് മാത്തന്‍ മല്പാനെപ്പോലെയുള്ളവര്‍ മനസിലാക്കി. ഈ ഭയം അസ്ഥാനത്തല്ല എന്ന് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്റെ മേല്പട്ട സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പില്‍ക്കാലത്ത് തെളിയിച്ചു.
മേല്പട്ടസ്ഥാനവും വി. മൂറോന്‍ കൂദാശയും മലങ്കരയില്‍ത്തന്നെ നടത്തുവാനുള്ള സംവിധാനം ഒരുക്കുക എന്നതുമാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി എന്നവര്‍ മനസിലാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ത്തന്നെ ഇതിനായുള്ള ശ്രമം ആരംഭിച്ചെു.
റോയല്‍ കോടതി വിധിമൂലം മലങ്കരസഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി സഭ അനുവര്‍ത്തിക്കുന്ന പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയം (West Syriac Ecclesiology)  ഉറച്ചിരുന്നു. അന്ന് നിലവിലിരുന്ന പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയമനുസരിച്ച്  പാത്രിയര്‍ക്കീസിനെ കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മദ്ധ്യപൗരസ്ത്യ ദേശത്ത് അസ്തമിച്ചു പോയിരുന്ന ബസേലിയോസ് എന്ന സ്ഥാനനാമമുള്ള മഫ്രിയാന സ്ഥാനിക്കും അന്ത്യോഖ്യന്‍ സുറിയാനി സഭയില്‍ ഈ രണ്ടു വൈദീക കര്‍മ്മവും നടത്താനുള്ള അധികാരം ഉണ്ടായിരുന്നു.
ഈ മഫ്രിയാന സ്ഥാനം മലങ്കരയില്‍ പുനഃസ്ഥാപിക്കുവാനുള്ള ശ്രമമാണ് മാത്തന്‍ മല്പാനെപ്പോലെയുള്ളവര്‍ അന്ന് ആരംഭിച്ചത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ സമ്മതത്തോടെ പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ മലങ്കരയില്‍ മഫ്രിയാന സ്ഥാനം സൃഷ്ടിച്ചാല്‍ തങ്ങള്‍ക്കു ഭാവിയില്‍ വരാവുന്ന പട്ടത്വ-മൂറോന്‍ പ്രതിസന്ധി ഒഴിവാക്കാമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ അന്നൊന്നും പാത്രിയര്‍ക്കീസ് ഇതിന് അനുകൂല നിലപാട് സ്വീകരിച്ചില്ല.
ഈ ശ്രമങ്ങളുടെ പരിസമാപ്തിയായി ആണ് 1912 സെപ്റ്റംബര്‍ 15-നു നിരണത്തു പള്ളിയില്‍വെച്ച് പ. ഇഗ്‌നാത്തിയോസ് അബ്ദല്‍മ്ശീഹാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, മലങ്കരയിലെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ സഹകരണത്തോടെ പൗലൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ ബസേലിയോസ് എന്ന സ്ഥാനനാമത്തോടെ പൗരസ്ത്യ സിംഹാസനത്തിലേയ്ക്കു കാതോലിക്കാ അഥവാ മഫ്രിയാനാ ആയി പിന്തുടര്‍ച്ചാ അവകാശത്തോടെ വാഴിച്ചത്. ഇനി മലങ്കരസഭയ്ക്ക് സ്വയം കാതോലിക്കാമാരെ തിരഞ്ഞെടുത്തു വാഴിക്കാമെന്നു വ്യക്തമാക്കിയ അദ്ദേഹം, പാത്രിയര്‍ക്കീസ് എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിരുന്ന മലങ്കരയില്‍ മേല്പട്ടക്കാരെ വാഴിക്കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനുമുള്ള ആത്മീയ അധികാരവും മലങ്കരയിലെ കാതോലിക്കായ്ക്കു നിരുപാധികം വിട്ടുകൊടുത്തു.
ഈ കാതോലിക്കാ വാഴ്ചകൊണ്ട് മാര്‍ ദീവന്നാസ്യോസ് ആറാമനെ പിന്തുണയ്ക്കുന്നവര്‍ പുതിയ ഒരു സഭയുണ്ടാക്കി എന്ന് സ്ഥാപിക്കാനാവില്ല. അതിന് നിയമസാധുത (legitimacy) എന്നൊരു വിഷയമുണ്ട്. നിയമാനുസൃത ഭരണാധികാരിയുടെ അധികാരത്തെ നിഷേധിച്ച് പുതിയൊരു അധികാര കേന്ദ്രം സൃഷ്ടിച്ച് സമാന്തര ഭരണത്തിനു മുതിരുമ്പോഴാണ് പുതിയ സഭ സ്ഥാപിച്ചു എന്നു പറയാനാവുന്നത്. നിയമപരമായി മലങ്കരസഭയുടെ ഭരണത്തലവന്‍ അന്നും ഇന്നും മലങ്കര മെത്രാപ്പോലീത്തായാണ്.  അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിക്ഷിപ്തമായിരുന്ന മേല്പട്ട വാഴ്ച, വി. മൂറോന്‍ കൂദാശ എന്നീ  ആത്മീക അധികാരങ്ങള്‍ പൗരസ്ത്യ കാതോലിക്കായ്ക്ക് വിട്ടു കൊടുക്കുക മാത്രമാണ് 1912-ല്‍ ഉണ്ടായത്. പക്ഷേ അതും അപരിമതമല്ലന്നു അബ്ദല്‍ മ്ശീഹാ പാത്രിയര്‍ക്കീസ് വ്യക്തമാക്കിയിരുന്നു. പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കായ്ക്ക് നല്‍കിയ സ്ഥാത്തിക്കോനില്‍ “…ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസ്സോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി പരിശുദ്ധ സഭയുടെ ക്രമപാലനത്തിനാവശ്യമായ എല്ലാ ആത്മിക അംശങ്ങളും പൊതുവായി ശുശ്രൂഷിപ്പാന്‍ അദ്ദേഹത്തിനു പരിശുദ്ധ റൂഹായാല്‍ അധികാരം നല്‍കപ്പെട്ടു…” എന്നാണ് സ്ഥാത്തിക്കോന്‍ വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍ കാതോലിക്കായുടെ ആത്മീയ അധികാരങ്ങള്‍പോലും മലങ്കരസഭയുടെ നിയമാനുസൃത ഭരണാധികാരികളായ മലങ്കര മെത്രാപ്പോലീത്തായുടേയും മലങ്കര അസോസിയേഷന്റെയും നിയന്ത്രണത്തിലാണ്. അതായത്, യഥാര്‍ത്ഥ അധികാര കേന്ദ്രം മാറിയില്ല. അതിനാല്‍ കാതോലിക്കാ വാഴ്ചമൂലം പുതിയ സഭ സ്ഥാപിച്ചു എന്ന വാദം നിലനില്‍ക്കുകയുമില്ല.
താന്‍ ആവശ്യപ്പെട്ടതുപോലെ മലങ്കരയുടെ ലൗകീകാധികാരം പാത്രിയര്‍ക്കീസിന് അടിയറ വയ്ക്കാതിരുന്നതിനാല്‍ മാര്‍ ദീവന്നാസ്യോസ് ആറമാനെ നിയമവിരുദ്ധമായി 1911-ല്‍ പാത്രിയര്‍ക്കീസ് മുടക്കി. ഈ മുടക്കുമൂലം മാര്‍ ദീവന്നാസ്യോസ് ആറാമന്റെ മലങ്കര മെത്രാന്‍സ്ഥാനം ഇല്ലാതായെന്നും, പകരം കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസിനെയും അദ്ദേഹം കാലംചെയ്തശേഷം കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസിനേയും മലങ്കര മെത്രാപ്പോലീത്തായായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യവഹാര പരമ്പര ആരംഭിച്ചത്. വട്ടിപ്പണക്കേസ് എന്നറിയപ്പെടുന്ന ഈ വ്യവഹാരത്തിന് 1923-ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ന്നിന്നുണ്ടായ അന്തിമ വിധിയില്‍ മുടക്ക് അസാധുവാണന്നും മാര്‍ ദീവന്നാസ്യോസ് നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആണന്നും അസന്നിഗ്ദമായി വിധിച്ചു.  കൂടാതെ, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ അധികാരം ഏകപക്ഷീയമായി മലങ്കരയില്‍ ഉപയോഗിക്കാനാവില്ല എന്നും 1912-ല്‍ മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചവര്‍ അതുമൂലം സഭയ്ക്ക് ഇതരരാകുന്നില്ല എന്നും വ്യക്തമാക്കി. ചുരുക്കത്തില്‍ 1934-ല്‍ കാലം ചെയ്യുന്നതുവരെ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്താ ആയി അവിഭക്ത മലങ്കരയുടെ സഭാദ്ധ്യക്ഷസ്ഥാനത്തു തുടര്‍ന്നു. അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സഭയ്ക്ക് ഇതരര്‍ ആയുമില്ല.
1889-ലെ റോയല്‍ കോടതി വിധി ശരിവെച്ച മുളന്തുരുത്തി സുന്നഹദോസിന്റെ കാനോനാകള്‍ പ്രകാരം മലങ്കരസഭയ്ക്ക് ആവശ്യമായ ചട്ടങ്ങളും ഉപചട്ടങ്ങളും കാലാകാലങ്ങളില്‍ നിര്‍മ്മിക്കുവാന്‍ മലങ്കര അസോസിയേഷന് അധികാരമുണ്ട്. ഇതനുസരിച്ച് മലങ്കര സഭയ്ക്ക് സമഗ്രമായ ഒരു ഭരണക്രമം രൂപീകരിക്കാനുള്ള ശ്രമത്തിനിടയിലാണ് പ. വട്ടശ്ശേരില്‍ തിരുമേനി കാലംചെയ്യുന്നത്. തുടര്‍ന്ന് 1934 ഡിസംബര്‍ 26-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ മലങ്കരസഭാ ഭരണഘടന പാസാക്കുകയും പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ പ്രക്രിയയില്‍ ഒരിടത്തും മലങ്കര മെത്രാപ്പോലീത്താ എന്ന പരമ്പരാഗതവും നൈയ്യാമികവുമായ അധികാര സ്ഥാനം ഇല്ലാതാക്കപ്പെടുകയോ വെട്ടിച്ചുരുക്കപ്പെടുകയോ ചെയ്തിട്ടില്ല. 1934-ലെ മലങ്കര സഭാ ഭരണഘടന മലങ്കരയില്‍ ഒരു എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് രൂപികരിയ്ക്കുകയും പൗരസ്ത്യ കാതോലിക്കായെ അതിന്റെ അദ്ധ്യക്ഷനാക്കുകയും ചെയ്തു. വിശ്വാസം, പട്ടത്വം, അച്ചടക്കം ഈ ആത്മീയ വിഷയങ്ങള്‍ മലങ്കര അസോസിയേഷന്‍, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിനു വിട്ടുകൊടുത്തു. മലങ്കര സഭയുടെ ലൗകീക ഭരണം മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ തുടര്‍ന്നു. അതായത് മുളന്തുരുത്തി സുന്നഹദോസ് രൂപംകൊടുത്ത ഘടനാപരമായ ഭരണ ചട്ടക്കൂടിന് ഭരണഘടനമുലം മാറ്റം വന്നില്ല. 1876-ല്‍ മുളന്തുരുത്തി സുന്നഹദോസിന്റെ കാലത്ത് മലങ്കര മെത്രാപ്പോലീത്താ മാത്രമായിരുന്നു മേല്പട്ടക്കാരനായി മലങ്കരയില്‍ ഉണ്ടായിരുന്നത് എന്നുംകൂടി മനസിലാക്കണം.
എന്നാല്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതാക്കുകയോ, അധികാരം പൗരസ്ത്യ കാതോലിക്കായില്‍ കേന്ദ്രീകരിക്കുകയോ ചെയ്തിരുന്നെങ്കില്‍ വാദത്തിനുവേണ്ടിയെങ്കിലും പുതിയ സഭ സ്ഥാപിച്ചു എന്നു വാദിക്കാമായിരുന്നു. രണ്ടും സ്ഥാനങ്ങളും രണ്ടായി നിര്‍വചിക്കുകയും എന്നാല്‍ ഇരുസ്ഥാനങ്ങളും ഒരാള്‍തന്നെ വഹിക്കണമെന്നു ഭരണഘടന നിഷ്‌കര്‍ഷിക്കുകയും ചെയ്തു. (ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജി പോലെ.) ഈ വസ്തുത മനസിലാക്കിയാണ് മൂന്നാം സമുദായക്കേസില്‍ “…മലങ്കര മെത്രാപ്പോലീത്താ സ്ഥാനം കൂടി വഹിക്കുന്ന പൗരസ്ത്യ കാതോലിക്കാ മലങ്കര സഭയുടെ ആത്മീകവും ലൗകീകവും കൗദാശികവുമായ പരമാധികാരിയാണ്...” എന്ന് 2017-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ചത്.
1934-ലെ എം.ഡി. സെമിനാരി അസോസിയേഷനും ഗീവര്‍ഗീസ് ദ്വിതീയനെ മലങ്കര മെത്രാനായി തിരഞ്ഞെടുത്തതിനെതിരയും സഭാ ഭരണഘടന പാസാക്കിയതിനെതിരെയും കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് മുതല്‍പേര്‍ കോടതിയില്‍ പോയി. പകരം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കാലശേഷം കക്ഷിചേര്‍ന്ന ഏബ്രഹാം മാര്‍ ക്ലിമ്മീസിനേയും മലങ്കര മെത്രാപ്പോലീത്താമാരായി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 1958-ല്‍ മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം സാധുവാണ് എന്നും, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ അധികാരം അസ്തമിക്കുന്ന ബിന്ദുവിലെത്തി എന്നും, 1934-ലെ എം.ഡി. സെമിനാരി ഏസോസിയേഷനും അവിടെ പാസാക്കിയ മലങ്കരസഭാ ഭരണഘടനയും സാധുവാണ് എന്നും ഇന്ത്യന്‍ സുപ്രീം കോടതി വിധിച്ചത്. ഈ വിധിയെത്തുടര്‍ന്നാണ് ഗീവര്‍ഗീസ് ദ്വിതീയനെ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ ആയി നിരുപാധികം അംഗീകരിച്ച് മലങ്കരസഭയില്‍ സമാധാനം ഉണ്ടാക്കുവാന്‍ പാത്രിയര്‍ക്കീസ് നിര്‍ബന്ധിതനായത്.
സെമിനാരിക്കേസു മുതല്‍ ഒരു കാലത്തും ഒരു വിഭജനം മലങ്കര സഭ ആഗ്രഹിച്ചിരുന്നില്ല. എതിര്‍ കക്ഷിയായ പാലക്കുന്നത്തു തോമസ് മാര്‍ അത്താനാസ്യോസിനു ഉപധികളോടെ സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ തയാറായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും, വിരോധം തന്നോടു വ്യക്തിപരമാണങ്കില്‍ നിയമാനുസൃതം തിരഞ്ഞെടുക്കപ്പെടുന്ന ഒരു മലങ്കര മെത്രാന് അധികാരം കൈമാറാമെന്ന് പാത്രിയര്‍ക്കീസിനെ നേരിട്ടറിയിച്ച മാര്‍ ദീവന്നാസ്യോസ് ആറാമനും, തന്റെ മനഃസാക്ഷിക്കു വിരുദ്ധവും അകാനോനികവുമാണെങ്കിലും സ്തിരീകരണം സ്വീകരിക്കാന്‍ തയാറായ പ. ഗീവര്‍ഗീസ് ദ്വിതീയനും, പാത്രിയര്‍ക്കീസു ഭാഗത്തുള്ള ഒരു പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വികാരിയെ നിയമിച്ചാല്‍ പകുതി തവണയെങ്കിലും പിടിക്കാം എന്നറിയിച്ചവരോട് “മുറിക്കാന്‍ ഞാനില്ല” എന്ന് അസന്നിഗ്നമായി കല്പിച്ച പ. മാത്യൂസ് പ്രഥമന്‍ ബാവായും വ്യവഹാര വിജയത്തിനുശേഷം എതിര്‍ പക്ഷം തന്റെ മലങ്കര മെത്രാന്‍ സ്ഥാനത്തെ ചോദ്യംചെയ്തപ്പോള്‍ വിഷയം മലങ്കര അസോസിയേഷന്റെ വിശ്വാസ വോട്ടെടുപ്പിനു വിട്ട പ. മാത്യൂസ് ദ്വിതീയനും ശ്രമിച്ചത് വിഭജനം ഒഴിവാക്കാനാണ്.
മറുഭാഗത്തിനാകട്ടെ, കേസുകളില്‍ ജയിക്കാനായി മാത്രം കാതോലിക്കാ വാഴ്ച പോലുള്ള വിഷയങ്ങള്‍  കാലാകാലങ്ങളില്‍ ഉയര്‍ത്തിയതല്ലാതെ സഭയെ പിളര്‍ക്കണം എന്ന ആഗ്രഹം അന്ന് ഒരിക്കലും ഉണ്ടായിരുന്നില്ല. തങ്ങള്‍ ജയിക്കണം; തങ്ങള്‍ക്ക് അടച്ചു ഭരിക്കണം എന്നു മാത്രമായിരുന്നു അവരുടെ ഉദ്ദേശം എന്നാണ് കേസുകളുടെ നാള്‍വഴികളികളുടെ സഞ്ചരിക്കുമ്പോള്‍ മനസിലാകുന്നത്. അല്ലെങ്കില്‍ 1958-ല്‍ സുപ്രീം കോടതിയില്‍ നേരിട്ട സമ്പൂര്‍ണ്ണ പരജായത്തിനു ശേഷം 1889-ല്‍ പാലക്കുന്നത്തു തോമസ് മാര്‍ അത്താനാസ്യോസിനെപ്പോലെ പുതിയ സഭയുണ്ടാക്കി പുറത്തു പോകാമായിരുന്നു. അതുണ്ടായില്ല. 1958-നു ശേഷം ചിലര്‍ അതിനു കുറെക്കാലംകൂടി ശ്രമിച്ചു എന്നറിയാം. പക്ഷേ നടന്നില്ല.
ഇതു വ്യക്തമാക്കുന്നത് 1889-നു ശേഷം 1930-ല്‍ റോമന്‍ കത്തോലിക്കാ സഭയിലേയ്ക്കു ചേക്കേറിയ ബഥനിയുടെ മാര്‍ ഈവാനിയോസിനെയും അല്പജനത്തേയും ഒഴിവാക്കിയാല്‍ 1912-ല്‍ എന്നല്ല, 1934-ല്‍ എന്നല്ല, 1958-ല്‍ എന്നല്ല, 1974-ല്‍ എന്നല്ല 2002 വരെ പഴയ പുത്തന്‍കൂര്‍ സുറിയാനിക്കാരില്‍ ഒരു വിഭജനം ഉണ്ടായിട്ടില്ല എന്നു മാത്രമാണ്.
പുത്തന്‍കൂര്‍ സുറിയാനിക്കാരില്‍ ഗുരുതരമായ ഒരു വിഭാഗീയത ഉണ്ടാകുന്നത് 1970-74 കാലഘട്ടത്തിലാണ്. അതിനു കാരണം 1889-ലെ സെമിനാരിക്കേസ്, 1923-ലെ വട്ടിപ്പണക്കേസ്, 1958-ലെ ഒന്നാം സമുദായക്കേസ് എന്നിവയിലെ വിധികള്‍ക്കു വിപരീതമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരസഭയുടെ  ആത്മീയവും ലൗകീകവുമായ ആഭ്യന്തര ഭരണത്തില്‍ കൈകടത്താന്‍ ശ്രമിച്ചതിനാലാണ്. കൂട്ടത്തില്‍ അര്‍ഹതയില്ലാത്ത ചില മലങ്കര നസ്രാണികള്‍ ചുവന്നകുപ്പായം മോഹിച്ച് ആ കളത്തില്‍ കയറിയത് രംഗം കൊഴുപ്പിച്ചു. ഇതിന്റെ ആത്യന്തിക ഫലം രണ്ടാം സമുദായക്കേസ് ആയിരുന്നു.
ഈ കേസില്‍ സുപ്രീം കോടതി അന്തിമവിധി പ്രകാരം “…1912-ല്‍ അബ്‌ദേദ് മിശിഹാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, മലങ്കരസഭയില്‍ മെത്രാന്മാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും മറ്റ് ആത്മീയ കാര്യങ്ങള്‍ നടത്തുന്നതിനുമുള്ള അധികാരം നല്‍കിക്കൊണ്ട് കാതോലിക്കേറ്റ് പുനരുദ്ധരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് എന്നും1934-ലെ മലങ്കരസഭാ ഭരണഘടന ഇടവക പള്ളിക്കാര്യങ്ങളെയും നിയന്ത്രിക്കുന്നതും പ്രാബല്യത്തോടെ നിലനില്‍ക്കുന്നതുമാണ് എന്നും, ഈ സഭയില്‍ എല്ലാ സ്ഥാനികളും 1934-ലെ ഭരണഘടനയ്ക്കു വിധേയരായിരിക്കും, അവര്‍ ഭരണഘടന സത്യം ചെയ്തു സ്വീകരിക്കുകയും വേണം...” എന്നും നിശ്ചയിച്ചു.
മലങ്കര സഭയിലെ വിഭാഗീയത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി പുറപ്പടുവിച്ചതാണ് 1995-ലെ വിധി. അത്തരമൊരു യൊജിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിധിയില്‍ മുന്‍ പാത്രിയര്‍ക്കീസ് പക്ഷം തടസങ്ങള്‍ ഉന്നയിച്ചതോടെ “മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ മലങ്കര മെത്രാപ്പോലീത്താ ആണോ” എന്ന വിഷയത്തില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 2002 മാര്‍ച്ച് 20-ന് പരുമലയില്‍ തീര്‍ച്ചപ്പെടുത്താന്‍ ഇന്ത്യന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
 ആദ്യഘട്ടത്തില്‍ കോടതിച്ചിലവിന്റെ പകുതി അടച്ച് സഹകരിച്ച പാത്രിയര്‍ക്കീസ് പക്ഷം അവസാന നിമിഷം കാരണമൊന്നും പറയാതെ സുപ്രീം കോടതി നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ നടന്ന അസോസിയേഷനില്‍നിന്നും പിന്മാറി. പകരം നിയമാനുസൃത അസോസിയേഷന് സമാന്തിരമായി പുത്തന്‍കുരിശില്‍ ഒരു യോഗം ചേര്‍ന്ന “യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച്്” എന്നൊരു സഭ ഉണ്ടാക്കി അതിനൊരു ഭരണഘടന സൃഷ്ടിക്കുകയും ചെയ്തതോടെയാണ് 1889-നു ശേഷം മലങ്കര സഭയില്‍ ഒരു വിഭജനം നാമമാത്രമായെങ്കിലും ഉണ്ടാകുന്നത്. ഈ വികൃതി Null and Void (അസാധുവും ശൂന്യവും)എന്നു കോടതി പിന്നീട് പ്രഖ്യാപിച്ചു. അതിനുത്തരവാദി മലങ്കര സഭയുമല്ല. ചുരുക്കത്തില്‍ 2002-ല്‍ ഏതൊക്കയോ സ്ഥാനങ്ങള്‍ നേടാനോ നിലനിര്‍ത്തനോ ആരൊക്കയോ ശ്രമിച്ചതിന്റെ  ഫലമാണ് മലങ്കരസഭയില്‍ ഇന്ന് ഉണ്ടന്നു പറയുന്ന വിഭജനം. അതില്‍ വിഘടിതര്‍ ഇന്നുവരെ വിജയിച്ചിട്ടില്ല. അതിനുത്തരവാദി മലങ്കര സഭയുമല്ല.
ഒന്നുമാത്രം വ്യക്തമാക്കാം. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഒരിക്കലും നസ്രാണി സമൂഹത്തില്‍ വിഭാഗയിതയ്ക്കു ശ്രമിച്ചിട്ടില്ല. അത്തരമൊരു ഉദ്ദേശം പ. സഭയ്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല; ഉണ്ടാവുയുമില്ല. അതേസമയം നസ്രാണി സമൂഹത്തെ വിഭജിക്കുന്നതും ആ സമൂഹത്തിന്റെ  സ്വയംഭരണത്തേയും സ്വയംശീര്‍ഷകത്വത്തേയും ഇല്ലാതാക്കുന്നഒരു നടപടിയും മലങ്കര സഭ അംഗീകരിക്കുന്നില്ല. വിഭജനത്തിനു ശ്രമിച്ചതും “യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച്” എന്ന പുതിയ സഭയും   അതിന് അസാധുവാക്കപ്പെട്ട ഒരു ഭരണഘടന ഉണ്ടാക്കിയും നിയമാനുസൃതമാല്ലാതെ കാതോലിക്കാ, മപ്രിയാന, മെത്രാന്മാര്‍ മുതലായ സ്ഥാനികളെ സൃഷ്ടിച്ചും വിഭജനം ഉണ്ടാക്കിയത് പുത്തന്‍കുരിശു കേന്ദരമാക്കിയ വിഘടന്മാര്‍ മാത്രമാണ്. 2017-ലെ സുപ്രീം കോടതിയുടെ അന്തിമ വിധിയും അതിന്റെ തുടര്‍വിധികളും 1934-ലെ മലങ്കരസഭാ ഭരണഘടന എല്ലാ ഇടവകപ്പള്ളികള്‍ക്കും ബാധകമാണന്നു വ്യക്തമാക്കിയ സ്ഥിതിയ്ക്ക് 2002-ലെ വിഭാഗീയത എത്രമാത്രം യാഥാര്‍ത്ഥ്യമാകും എന്നു കണ്ടറിയണം.
1889 മുതല്‍ മോഹഭംഗങ്ങള്‍ ഉള്ളിലൊതുക്കി നടക്കുന്നവര്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ “പ്രായം കുറച്ചു കാണാന്‍” വ്യഗ്രത ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒന്നു വ്യക്തമാക്കാം. 1653-ല്‍ മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍ ഇരുന്നതും 1877-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ആരോഹണം ചെയ്തതുമായ പ. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഡനായ നിയമാനുസൃത പിന്‍ഗാമിയാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍. അദ്ദേഹം ഭരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കുള്ളത് ആ പാരമ്പര്യമാണ്. നിയമാനുസൃതം വിളിച്ചു ചേര്‍ത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അവിടെയാണ് മുകളില്‍ പരാമര്‍ശിച്ച പിന്തുടര്‍ച്ചയുടേയും പാരമ്പര്യത്തിന്റെയും “നിയമസാധുത” (legitimacy) പ്രസക്തമാകുന്നത്. സത്യത്തെ പണംകൊണ്ടു മൂടാനാവില്ലന്നു കൂലിയെഴുത്തുകാര്‍ ഇനിയെങ്കിലും മനസിലാക്കുന്നത് നല്ലത്.