കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം

ന്യൂഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര  ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കരസഭയെ സംബന്ധിച്ചുള്ള 1958, 1995, 2017 വിധികള്‍ ഈ പള്ളിക്കു ബാധകമാണെന്ന് ബഹു സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യകതമാക്കി.

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയും മലങ്കര മെത്രാപൊലീത്തായും കാതോലിക്കായുമായ മാത്യൂസ്‌ ദ്വിതിയന്‍ ബാവായാല്‍ നിയമിതനായ ഫാ ജോണ്‍ ഈപ്പന്‍ ആണ് പള്ളിയുടെ നിലവിലെ വികാരി എന്ന് കോടതി വ്യകതമാക്കി. 1934-ലെ സഭാ ഭരണഘടന അനുസരിച്ച് മാത്രമേ ഈ പള്ളിയുടെ സ്വത്തുക്കള്‍ ഭരിക്കപ്പെടാവൂ എന്നും കോടതി വ്യക്തമാക്കി. 2017 ജൂലായ്‌ 3-ലെ വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ എല്ലാം നിലനിര്‍ത്തിയ കോടതി ഇന്ത്യന്‍ ഭരണഘടയുടെ അനുച്ഛേദം 25, 26 അനുസരിച്ചുള്ള വിശ്വാസ സ്വാതന്ത്ര്യം മലങ്കര സഭയുടെ പള്ളികളില്‍ നിലനില്‍ക്കില്ല എന്ന് കണ്ടെത്തി തള്ളുകയും ചെയ്തു.

ജസ്റ്റിസ്‌മാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവടങ്ങിയ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. മലങ്കര സഭയ്ക്ക് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് സി യു സിംഗ്, സദറുള്‍ അനാം, എസ്.  ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.

_______________________________________________________________________________________

 

2017 ജൂലൈയിലെ വിധി കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തിനും ബാധകം; പള്ളി ഭരണം നടത്തേണ്ടത് 1934ലെ ഭരണഘടന പ്രകാരമെന്ന് സുപ്രീംകോടതിയുടെ നിർണ്ണായക വിധി; വിശ്വാസികൾ ഏറെയുണ്ടെങ്കിലും കായംകുളത്തെ ചാപ്പലും യാക്കോബായക്കാർക്ക് നഷ്ടമാകും; മലങ്കര സഭാ തർക്കത്തിൽ വീണ്ടും ഓർത്തഡോക്‌സ് സഭയ്ക്ക് നിയമ വിജയം; യാക്കോബായ സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

ന്യൂഡൽഹി: കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തിലെ ഭരണതർക്കം സംബന്ധിച്ച കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസിൽ വിധി പറഞ്ഞത്. 2017 ജൂലൈ 3ലെ വിധി ഈ പള്ളിക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. 1934ലെ ഭരണഘടന അനുസരിച്ച് പള്ളി ഭരണം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ വിശ്വാസികൾ കൂടുതലുണ്ടെങ്കിലും എല്ലാ പള്ളികളും യാക്കോബായ സഭയ്ക്ക് നഷ്ടമാകുമെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. കേരളത്തിൽ യാക്കോബായ സഭയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയിലാക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ വിധി പ്രഖ്യാപിച്ചിരുന്നു. കോലഞ്ചേരി,വരിക്കോലി,മണ്ണത്തൂർ പള്ളികളിലുണ്ടായ തർക്കത്തെ തുടർന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് കട്ടച്ചിറ സെന്റ് മേരീസ് ദേവാലയത്തിലെ പ്രശ്‌നത്തിൽ യാക്കോബായ സഭ ചോദ്യം ചെയ്ത്. മലങ്കര സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇരുസഭകൾക്കും കീഴിൽ 2000 പള്ളികളാണ് ഉള്ളത്. 1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇടവകളിൽ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയിൽ പ്രത്യേകം പറയുന്നു. 1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ൽ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്നാൽ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയിൽ ഭരണം നടത്തി.

ഇതിനെതിരെ ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയിൽ മാറ്റം വരുത്താൻ സുപ്രീം കോടതി തയാറായില്ല. സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തർക്കം പരിഹരിച്ച് പള്ളികൾ ഏകീകൃത ഭരണത്തിൻ കീഴിൽ വരേണ്ടതുണ്ട്. എന്നാൽ ചില ദേവാലയങ്ങളിൽ യാക്കോബായ സഭയ്ക്കാണ് കൂടുതൽ വിശ്വാസികളുള്ളത്. ഇത്തരത്തിലൊരു പള്ളിയായിരുന്നു കട്ടച്ചിറ. ഇവിടേയും കോടതി വിധി എതിരാകുന്നതോടെ വിശ്വാസികൾ കൂടുതലുള്ള പള്ളികളും സഭയ്ക്ക് നഷ്ടമാകും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ നടക്കുന്ന ഒത്തുതീർപ്പ് ചർച്ചകൾ ഇനി നിർണ്ണായകമാകും. അല്ലാത്ത പക്ഷം യാക്കോബായ സഭയ്ക്ക് എല്ലാ പള്ളികളും നഷ്ടമാകാനാണ് സാധ്യത.

മലങ്കര സഭാക്കേസിൽ സുപ്രീം കോടതി 1995-ലും 2017-ലും പുറപ്പെടുവിച്ച വിധികളിൽ വൈരുധ്യമുണ്ടെന്നാണ് യാക്കോബായ സഭ കോടതിയിൽ വാദിച്ചത്. 1995-ലെ വിധിയിൽ പറയുന്ന പ്രധാന തീരുമാനങ്ങൾക്കു വിരുദ്ധമാണ് 2017-ലെ വിധിയെന്നു യാക്കോബായ സഭയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചിരുന്നു. സമുദായക്കേസിൽ പാത്രിയർക്കീസ് ബാവ കക്ഷിയല്ലാതിരുന്നിട്ടും അദ്ദേഹത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതാണ് 2017-ലെ ഡിവിഷൻ ബെഞ്ച് വിധി. മലങ്കരസഭ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒരു ഡിവിഷനാണെന്നും ആകമാന സഭയുടെ പരമാധ്യക്ഷൻ അന്തോഖ്യാ പാത്രിയർക്കീസാണെന്നും 1995-ലെ മൂന്നംഗ ബെഞ്ച് തീർപ്പാക്കിയതാണ്. അതിനു വിരുദ്ധമാണ് 2017-ലെ വിധിയെന്നും വാദമയുർത്തി.

ഒരു ട്രസ്റ്റ് എപ്പോഴും ട്രസ്റ്റായി തന്നെ നിലനിൽക്കണം. രജിസ്റ്റർ ചെയ്യാത്ത ഉടമ്പടിയുടെ പേരിലാണു വിശ്വാസികളുടെ മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഒരു ട്രസ്റ്റിലെ ട്രസ്റ്റി ട്രസ്റ്റിന്റെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ ട്രസ്റ്റി പുറത്തുപോകേണ്ടതിനു പകരം ബഹുഭൂരിപക്ഷം വരുന്ന ട്രസ്റ്റി അംഗങ്ങളെ പുറത്താക്കുന്നത് നിയമപരമായ വഞ്ചനയാണ്. ഇടവക പള്ളികൾ സ്വതന്ത്ര ട്രസ്റ്റാണെന്ന 1995-ലെ വിധിക്കു ഘടകവിരുദ്ധമാണ് 2017-ലെ വിധി. കൂദാശകൾ മൂലമുള്ള രക്ഷപ്രാപിക്കുന്നത് പാത്രിയർക്കീസിൽനിന്നു ലഭിക്കുന്ന പൗരോഹിത്യ നൽവരം വഴിയാണ്. ഇത് തങ്ങളുടെ വിശ്വാസത്തിനു തിരക്കാത്തതും പാത്രിയർക്കീസിൽനിന്നു പൗരോഹിത്യ നൽവരം ലഭിക്കാത്തതുമായ വൈദികൻ മുമ്പാകെ കുമ്പസാരിക്കുന്നത് വിശ്വാസവിരുദ്ധമാണ്.

ഇന്ത്യൻ ഭരണഘടന 25, 26 ന്റെ ലംഘനമാണ് 2017-ലെ വിധിയിലുള്ളത്. കട്ടച്ചിറ പള്ളി മാത്യൂസ് മോർ കുറിലോസിന്റെ പേരിൽ ഇടവകക്കാർ എഴുതിക്കൊടുക്കുമ്പോൾ അദ്ദേഹം പാത്രിയർക്കീസിനു കീഴിലുള്ള മെത്രാപ്പൊലീത്തയായിരുന്നു. എന്നാൽ അദ്ദേഹം പാത്രിയർക്കീസിനെ ധിക്കരിച്ച് ഇടവക ട്രസ്റ്റിൽനിന്നു പുറത്തായി. അദ്ദേഹത്തിനു പള്ളി അവകാശപ്പെടുത്തിക്കൊടുക്കുക, മറ്റ് ഇടവക ട്രസ്റ്റി അംഗങ്ങളുടെ അവകാശം ഇല്ലാതാക്കുകയാണു ചെയ്യുന്നതെന്നും വാദിച്ചു. എന്നാൽ ഇതൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല.

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലെ മാതാവിന്റെ ഫ്‌ളക്‌സ് ചിത്രത്തിൽ നിന്ന് സുഗന്ധകണ്ണുനീർ വരുന്നുവെന്ന പ്രചരണം ഏറെ വിവാദമായിരുന്നു. കട്ടച്ചിറപള്ളി, ഓർത്തഡോക്‌സ് – യക്കോബായ സഭാതർക്കം മൂലം കേസിലായിരുന്നതിനാൽ യാക്കോബായക്കാർ പ്രാർത്ഥനയ്ക്കായി ഉണ്ടാക്കിയ താല്കാലിക ഷെഡ്ഡിലാണ് സുഗന്ധ കണ്ണുനീർ വന്നതെന്നായിരുന്നു പ്രചരണം. 2009 ഒക്ടോബർ 21 നാണ് ആദ്യമായി കണ്ണുനീർ വന്നതെന്ന് രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

കഥയറിഞ്ഞ് വിശ്വാസികൾ എത്തിത്തുടങ്ങി. ഇതൊരു തുടർന്ന് സഭാനേതൃത്വം കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ പള്ളിയുടെ നിയന്ത്രണമാണ് ഇപ്പോൾ യാക്കോബായ സഭയ്ക്ക് പൂർണ്ണമായും നഷ്ടമാകുന്നത്.

Source