കാലം കാത്തിരുന്നു, ഒരു വാചകത്തിൽ ഗുരു – ശിഷ്യ ബന്ധം വീണ്ടും തളിരിടാൻ

ഹൃദയബന്ധം… പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും പ്രീഡിഗ്രിക്ക് ഇംഗ്ലിഷ് പഠിപ്പിച്ച അധ്യാപകൻ മാത്യു ഡാനിയലും മുപ്പതു വർഷത്തിനുശേഷം ഒന്നിച്ചപ്പോൾ. ഇന്നലെ പത്തനംതി‌ട്ട പ്രതിഭാ കോളജിലെ മെറിറ്റ് ഡേ ആയിരുന്നു വേദി.

പത്തനംതിട്ട ∙ കാലം മായ്ച്ചു കളയാൻ ശ്രമിച്ചൊരു ഗുരു–ശിഷ്യബന്ധത്തിന് വഴിമുടക്കി നിന്നു ആ വാചകം. ‘‘ഇൗ വാതിൽ ഒരു ദിവസം നിനക്കു വേണ്ടിയും തുറക്കപ്പെടും’’ ശവമഞ്ചത്തിൽ സാധാരണ എഴുതിവയ്ക്കാറുള്ള ആ വാചകമാണ് ഒരു ശിഷ്യന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അതു പ്രീഡിഗ്രിക്കാർക്ക് പഠിപ്പിച്ചുകൊടുത്ത അധ്യാപകന്റെ ജീവിതവും മാറ്റിമറിച്ചത് ആ വാചകം തന്നെ. ഇരുവരും തമ്മിലുള്ള 30 വർഷത്തെ അകലം ആ വാചകത്തിലൂടെ ഒരു ആലിംഗനത്തോളം അടുപ്പത്തിലേക്ക് കുറഞ്ഞപ്പോൾ ഇരുവരും കണ്ണീരണിഞ്ഞു.

സദസ് എഴുന്നേറ്റുനിന്നു. ആ ശിഷ്യൻ മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരൻ ബെന്യാമൻ. അധ്യാപകൻ മഞ്ഞനിക്കര സ്വദേശി മാത്യൂ ഡാനിയേൽ ഇന്നലെ പത്തനംതിട്ട പ്രതിഭ കോളജിലാണ് അപൂർവ ഗുരുശിഷ്യ സംഗമത്തിന്റെ കണ്ണീർപൂക്കൾ വീണത്.ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകുന്നതിനാണ് എഴുത്തുകാരനായ ബെന്യാമിനെ കോളജ് അധികൃതർ ക്ഷണിച്ചത്. താനും ഇവിടത്തെ പൂർവ വിദ്യാർഥിയായിരുന്നുവെന്ന കാര്യം പ്രസംഗത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. തന്റെ ഇപ്പോഴത്തെ നോവലിന് പ്രചോദനമായ ഒരു വാചകമുണ്ട്.

‘‘ഇൗ വാതിൽ ഒരു ദിവസം നിനക്കു വേണ്ടിയും തുറക്കപ്പെടും’’ എന്നത്. മുപ്പതു വർഷം മുൻപ് ഇവിടെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിച്ചപ്പോൾ ഇംഗ്ളിഷ് അധ്യാപകൻ മഞ്ഞനിക്കര സ്വദേശി മാത്യൂസ് സാർ പറഞ്ഞ വാചകമാണിത്. അധ്യാപകന്റെ ജീവിതം മാറ്റിമറിച്ചത് ആ വാചകമാണെന്നും തന്നെ അധ്യാപകൻ പറഞ്ഞിരുന്നുവെന്നു ബെന്യാമിൻ ഓർമിച്ചു. ജീവിതമാകെ തന്നെ പിന്തുടർന്ന ആ വാചകമാണ് തന്റെ പുതിയ നോവലായ ‘ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളു’ടെ തുടക്കവും അവസാനവുമെന്നും ആ അധ്യാപകൻ ഇപ്പോൾ എവിടെയാണെന്നറിയില്ലെന്നുമാണ് ബെന്യാമിൻ പറഞ്ഞത്.

പ്രസംഗിച്ചു നിന്ന ബെന്യാമിന്റെ പിറകിൽ തലോടികൊണ്ട് ഒരാൾ പറഞ്ഞു. ഞാനാണ് നീ അന്വേഷിക്കുന്ന ആ അധ്യാപകൻ….വേദിയിൽ തന്നെ ഉണ്ടായിരുന്ന മാത്യൂസ് സാർ എഴുന്നേറ്റ് വന്ന് ബെന്യാമിനോട് പറയുമ്പോൾ ഇരുവരും വിതുമ്പിക്കര‍ഞ്ഞു. കെട്ടിപ്പിടിച്ചു. സദസ് എഴുന്നേറ്റ് കയ്യടിച്ചു. സൈനികസേവനത്തിൽ നിന്നു വിരമിച്ച ശേഷമാണ് മാത്യു ഡാനിയേൽ പ്രതിഭ കോളജിൽ പഠിപ്പിക്കാനെത്തിയത്. പിന്നീട് വിദേശത്തു പോയി. അടുത്തകാലത്താണ് വീണ്ടും നാട്ടിൽ പഠിപ്പിക്കാനെത്തിയതും. കോളജ് പ്രിൻസിപ്പൽ എസ്പി നായർ, സർവകലാശാലാ സിൻഡിക്കറ്റംഗം വി.എസ് പ്രവീൺകുമാർ, ജില്ലാ പഞ്ചായത്തംഗം എംജി കണ്ണൻ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.