ബഥനി കല കുവൈത്ത് ഗ്രാമം: ശിലാസ്ഥാപനം ഇന്ന്

റാന്നി പെരുനാട് ∙ ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, ഭവന–ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന് ഒരേക്കർ സൗജന്യമായി നൽകി. കുവൈത്ത് കേരള ആർട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) പങ്കാളിത്തത്തോടെയാണ് വീടുകൾ പണിതു നൽകുന്നത്. ബഥനി കല കുവൈത്ത് ഗ്രാമം എന്ന പേരിൽ ഇവിടം അറിയപ്പെടും. സുകർമ ഹെൽത്ത് ഫൗണ്ടേഷൻ ഇ.കെ. നായനാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

വീടൊന്നിന് നാലു ലക്ഷം രൂപ ചെലവഴിക്കാനാണ് പദ്ധതി. കല കുവൈത്താണ് സാമ്പത്തിക സഹായം നൽകുന്നത്. ഇന്ന് ഒൻപതിന് നിർമാണത്തിനു ശിലയിടും. ബഥനി ആശ്രമത്തിലെ വൈദികർ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, രാജു ഏബ്രഹാം എംഎൽഎ എന്നിവർ പങ്കെടുക്കുമെന്ന് കല കുവൈത്ത് സെക്രട്ടറി ജി.തോമസ്, സുകർമ ഹെൽത്ത് ഫൗണ്ടേഷൻ സെക്രട്ടറി പി.കെ.ബിനു എന്നിവർ അറിയിച്ചു.