90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി

അങ്കാര: 90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നു. പള്ളി നിര്‍മ്മിക്കുന്നതിന് തുര്‍ക്കി ഭരണകൂടം അനുമതി നല്‍കി. 1923ന് ശേഷം ഇതാദ്യമാണ് തുര്‍ക്കിയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കുന്നത്. 1923ലാണ് ഓട്ടോമന്‍ സാമ്രാജ്യം തുര്‍ക്കിയിലെ ഭരണത്തില്‍ നിന്നും അധികാരമൊഴിയുന്നത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ സിറിയക്ക് വിശ്വാസികള്‍ അല്ലെങ്കില്‍ സുറിയാനി വിശ്വാസികള്‍ക്ക് വേണ്ടിയാണ് ദേവാലയം പണികഴിപ്പിക്കുന്നത്.

മര്‍മര കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന യെസില്‍കോയിലാണ് ദേവാലയം പണിയുന്നത്. ഗ്രീസിലെ യാഥാസ്ഥിതിക വിഭാഗക്കാര്‍, അര്‍മേനിയന്‍ വിഭാഗക്കാര്‍ എന്നീ വിഭാഗക്കാര്‍ക്കായി ഇവിടെ നിലവില്‍ പള്ളികളുണ്ട്. ജനാധിപത്യ രാജ്യമായതിന് ശേഷം തുര്‍ക്കിയില്‍ നിരവധി പള്ളികള്‍ പുനരുദ്ധാരണം നടത്തുകയും പൊതുജനങ്ങള്‍ക്കായി നിരവധി പള്ളികള്‍ തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പുതിയ പള്ളികള്‍ നിര്‍മ്മിച്ചിട്ടില്ല.

99 ശതമാനവും മുസ്ലിം ജനസംഖ്യയുള്ള തുര്‍ക്കിയില്‍ സുറിയാനി വിഭാഗക്കാര്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണുള്ളത്. പ്രാദേശിക സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പള്ളി നിര്‍മ്മിക്കുന്നത്. ഭൂമിയ്ക്കുള്ള പണം വിശ്വാസികള്‍ സമാഹരിച്ച് നല്‍കും.

ഓട്ടോമന്‍ ഭരണത്തിന് സമാപ്തി കുറിച്ച് കെമാല്‍ അത്താത്തുര്‍ക്കിന്റെ നേതൃത്വത്തിലാണ് 1923ല്‍ തുര്‍ക്കി ഒരു റിപ്പബഌക്കായി മാറിയത്. കെമാല്‍ തന്നെയായിരുന്നു തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റും.