(Fr. P. M. Mathews Punnasseril)
വെട്ടിക്കുന്നേൽ പള്ളി ഇടവകയിൽ നിന്നും മംഗലപള്ളി കുടുംബത്തിൽ നിന്നുമുള്ള ആദ്യ പട്ടക്കാരൻ,രണ്ടാമത്തെ ശെമ്മാശൻ
രണ്ട് പ്രധാന മെത്രാസനങ്ങളിലെ കത്തീഡ്രൽ പള്ളി വികാരി
ജനനം
1906 ഡിസംബർ 3
[1082വ്യശ്ചികം 17]
‘കുഞ്ചു’ എന്ന വിളിപ്പേരിൽ മാതാപിതാക്കളുടെ ആദ്യപുത്രനായി
മാതാപിതാക്കൾ
വാകത്താനം മംഗലപ്പള്ളി പുന്നശേരിൽ മത്തായി മത്തായി (പാപ്പി) പനയമ്പാല പീലികുഴിയിൽ ശോശാമ്മ
സഹോദരങ്ങൾ
അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും
വിദ്യാഭ്യാസം
വാകത്താനം കണ്ണഞ്ചിറ CMS LP School
വാകത്താനം English Middle UP (Baselios) School
കോട്ടയം MD Seminary High School (HSS)
കോട്ടയം CMS College (1927ൽ ഇൻറ്റർമീഡിയേറ്റ് പാസ്സായി)
മ്സമ്രോനോ പട്ടം
മാത്യൂസ് എന്ന ബാലന് 13വയസ്സുള്ളപ്പോൾ,1919 മെയ് 4ന് (സുറിയാനി കണക്ക് 1919 നീസോൻ 21,കൊല്ലവർഷം 1094 മേടം 21) കോട്ടയം മെത്രാസനത്തിൻ്റെ മൂന്നാമത്തെ മെത്രാപ്പോലീത്ത കാരുചിറ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി (പിന്നീട് 1925ൽ,പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ഒന്നാമൻ കാതോലിക്കാ ബാവ) വാകത്താനം വള്ളിക്കാട്ട് ദയറായിൽ വച്ച് വാകത്താനം മോർ ഗീവർഗീസ് സഹദായുടെ പള്ളിക്ക് വേണ്ടി (വെട്ടിക്കുന്നേൽ പള്ളി) മ്സമ്രോനോ പട്ടം (Reader)നൽകി.കുഴിമറ്റം പട്ടശ്ശേരിൽ അലക്സന്ത്രയോസ് കത്തനാർ (പിന്നീട് കോർ എപ്പീസ്കോപ്പ),ചക്കുപുരയ്ക്കൽ പുന്നുസ് കത്തനാർ,കൂരിച്ചാണ്ടിൽ ശെമ്മാശൻ (ക്നാനായ) എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ പട്ടംകൊട നടന്നത്.ഡീക്കൻ പി.എം.മാത്യുസ് (പുന്നശേരിൽ ശെമ്മാശു/ശെമ്മാശൻ) എന്നദേഹം അറിയപ്പെട്ടു തുടങ്ങി.
വളളിക്കാട്ട് ദയറായിൽ
1919ൽ പട്ടം ഏറ്റനാൾ മുതൽ പഴയ സെമിനാരിയിൽ പ്രവേശനം ലഭിക്കുന്ന 1927 വരെയും വള്ളിക്കാട്ട് ദയറായിലെ നിത്യസന്ദർശകനും പിന്നീട് അവിടുത്തെ അന്തേവാസിയുമായിരുന്നു പുന്നശേരിൽ മത്തായി ശെമ്മാശൻ.പരിശുദ്ധ വള്ളിക്കാട്ട് ബാവായുടെ ഡയറി കുറിപ്പുകളിൽ ഈ കാര്യം വ്യക്തമാണ്.സുറിയാനി പഠനത്തിനായി പലപ്പോഴും അവിടെ ചെന്നിരുന്ന ശെമ്മാശൻ പിന്നീട് പരിശുദ്ധ വള്ളിക്കാട്ട് ബാവായെ പല യാത്രകളിലും അനുഗമിക്കുന്നതായും ബാവായുടെ സാനിധ്യത്തിൽ പ്രസംഗങ്ങൾ നടത്തുന്നതായും കാണാം.1928ൽ ബാവായുടെ പെട്ടന്നുണ്ടായ ദേഹവിയോഗം മറ്റു ശിഷ്യരെപോലെ ശെമ്മാശനെയും അതിവദുഃഖത്തിലാഴ്ത്തി.
കോറുയോ പട്ടം
മ്സമ്രോനോ പട്ടം സ്വീകരിച്ചിരുന്ന മത്തായി ശെമ്മാശന് പിന്നീട് കോറുയോ പട്ടവും നൽകുകയുണ്ടായി.
വൈദീക വിദ്യാഭ്യാസം
വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് പള്ളി പൊതുയോഗം ഇടവകപട്ടത്വത്തിലേയ്ക്ക് തെരഞ്ഞെടുത്തതിന് തുടർന്ന്,1927ൽ ഇടവക മെത്രാപ്പോലീത്ത കൂടിയായ മലങ്കരയുടെ രണ്ടാം കാതോലിക്ക പരിശുദ്ധ വള്ളിക്കാട്ട് ബാവാ മാത്യൂസ് ശെമ്മാശൻ്റെ പേർക്ക് കോട്ടയം പഴയ സെമിനാരി റീശ്മൽപ്പാന് (പ്രിൻസിപ്പാൾ) എഴുത്ത് (recommendation letter) നൽകി.അതെതുടർന്ന് ശെമ്മാശൻ്റെ സെമിനാരി വിദ്യാഭ്യാസം ആരംഭിച്ചു.1927 മുതൽ 1931 വരെയായിരുന്നു സെമിനാരി പഠനകാലം.മലങ്കര സഭയിലെ പ്രമുഖ വൈദീകരായി തീർന്ന പലരും ശെമ്മാശൻ്റെ സഹപാഠികൾ ആയിരുന്നു.
പാമ്പാടി ദയറായിൽ
1929 ഫെബ്രുവരിയിൽ വള്ളിക്കാട്ട് ബാവായുടെ പിൻഗാമിയും കോട്ടയം മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്തയുമായി പാമ്പാടി തിരുമേനി ചുമതല ഏൽക്കുന്നത് മുതലാണ് പാമ്പാടി ദയറാ കോട്ടയം മെത്രാസന ആസ്ഥാനമാകുന്നത്.അതിന് മുമ്പ് വള്ളിക്കാട്ട് ബാവായും പാമ്പാടി,മീനടം, വാഴൂർ തുടങ്ങിയ ഭാഗങ്ങളിലെ വൈദീക അർത്ഥികളെ സുറിയാനി പഠനത്തിനും മറ്റുമായി സൗകര്യാർത്ഥം പാമ്പാടി ദയറായിൽ കുറിയാക്കോസ് റമ്പാച്ചൻ്റെ (പിന്നീട് പാമ്പാടി തിരുമേനി) അടുക്കൽ അയച്ചിരുന്നു.പാമ്പാടി ദയറാ ആസ്ഥാനമായതോടെ വൈദീക അർത്ഥികളും മറ്റും ദയറായിൽ താമസമാക്കി.അതിൽ പുന്നശേരിൽ ശെമ്മാശനും ഉൾപ്പെടുന്നു.സെമിനാരി പഠനശേഷം വൈദീക പട്ടം ഏൽക്കുന്നതുവരെ ശെമ്മാശൻ പാമ്പാടി ദയറായിലെ താമസക്കാരനായിരുന്നു.അദേഹത്തിൻ്റെ സഹപാഠിയും സുഹ്യത്തുമായ കാനം അച്ചൻ്റെ ഡയറിയിൽ (ദിനവ്യത്താന്തക്കുറിപ്പുകൾ) ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശെമ്മാശൻ്റെ രണ്ട് പട്ടംകൊടകൾ (മ്ശംശോനോ,കശ്ശീശോ) നടന്നത് പാമ്പാടി ദയറായിൽ വച്ചാണ്.
പൂർണ്ണശെമ്മാശു പട്ടം
സെമിനാരി പഠനം പൂർത്തിയാക്കിയ മാത്യൂസ് ശെമ്മാശൻ താനൊരു അവിവാഹിത പട്ടക്കാരനായിരിപ്പാൻ ആഗ്രഹിക്കുന്നതായി ഇടവക മെത്രാപ്പോലീത്ത പാമ്പാടി തിരുമേനിയെ അറിയിച്ചു.1931 നവംബർ 15ന് (1931 തെശ്രീൻ കെദിം 02) പാമ്പാടി മോർ കുറിയാക്കോസ് ദയറായിൽ വച്ച് പേഴമറ്റത്ത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് (പാമ്പാടി തിരുമേനി) മെത്രാപ്പോലീത്ത വാകത്താനം മോർ ഗീവർഗീസ് സഹദായുടെ പള്ളിക്ക് വേണ്ടി (വെട്ടിക്കുന്നേൽ പള്ളി) കോറുയോ മാത്യൂസ് ശെമ്മാശന് മ്ശംശോനോ പട്ടം (ആറാം പട്ടമായ പൂർണ്ണശെമ്മാശു പട്ടം) നൽകി.അവിവാഹിത പട്ടക്കാരൻ ആകുന്നതിനാലാകാം ശെമ്മാശന് യഫ്പദ്യക്നോ (Sub Deacon) പട്ടം നൽകാതെ മ്ശംശോനോ (Full Deacon) പട്ടം തന്നെ നൽകിയത്.
വൈദീക പട്ടം
1931 നവംബർ 29ന് (1931 തെശ്രീൻ കെദിം 16) പാമ്പാടി മോർ കുറിയാക്കോസ് ദയറായിൽ വച്ച് പാമ്പാടി തിരുമേനി വാകത്താനം മോർ ഗീവർഗീസ് സഹദായുടെ പള്ളിക്ക് വേണ്ടി (വെട്ടിക്കുന്നേൽ പള്ളി) മ്ശംശോനോ മാത്യൂസ് ശെമ്മാശന് കശീശ പട്ടം (എഴാം പട്ടമായ വൈദീക പട്ടം ) നൽകി.25ആം വയസ്സിൽ അദ്ദേഹം വൈദീകനായി തീർന്നു.
അഞ്ചേരിക്കാരൻ ഇട്ടി എന്ന വ്യക്തിക്ക് (പിന്നീട് വടക്കുംപാടത്ത് വി.റ്റി.എബ്രഹാം കോർ എപ്പീസ്കോപ്പ) കോറുയോ പട്ടവും അന്ന് നൽകുകയുണ്ടായി.പുത്തേട്ടുകടുപ്പിൽ ശെമ്മാശനായിരുന്നു (പിന്നീട് ഫാ.പി.എം.ഫീലിപ്പോസ്) അന്ന് പ്രസംഗം നടത്തിയത്.
പുത്തൻ കുർബ്ബാന
1931 ഡിസംബർ 2ന് പാമ്പാടി തിരുമേനിയുടെ സാനിധ്യത്തിൽ നവാഭിഷിക്തനായ പുന്നശേരിൽ മാത്യൂസ് കത്തനാർ പാമ്പാടി ദയറായിൽ പുത്തൻകുർബ്ബാന ചൊല്ലി.ഡിസംബർ 10ന് പുന്നശേരിൽ അച്ചനും ചെങ്ങന്നൂർ അച്ചനും (?) ആഘോഷമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചതായും കാണുന്നു.
1931 ഡിസംബർ 13 ഞായറാഴ്ച പുന്നശേരിലച്ചൻ മാത്യു ഇടവകയായ വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് പള്ളിയിൽ പുത്തൻകുർബ്ബാന ആഘോഷമായി ചൊല്ലി.കുർബ്ബാനയ്ക്ക് ശേഷം ഘോഷയാത്രയായിട്ടാണ് അച്ചന് വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
വെട്ടിക്കുന്നേൽ പള്ളി വികാരി
1932-ൽ പുന്നശേരിൽ മാത്യൂസ് കത്തനാര് വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് പള്ളി വികാരിയായി ഇടവക മെത്രാപ്പോലീത്ത പാമ്പാടി തിരുമേനി നിയമിച്ചു. 1936 വരെ ഈ ചുമതല അദ്ദേഹം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിൽ 1934-ൽ പട്ടക്കാരുടെ ദൗർലഭ്യം നിമിത്തം പള്ളം സെൻ്റ് പോൾസ് പള്ളിയിൽ മാസത്തിൽ രണ്ട് തവണ നടത്തുന്നതിന് ഇടവക മെത്രാപ്പോലീത്ത അദ്ദേഹത്തെ നിയമിച്ചാക്കി.
തിരുവനന്തപുരം പള്ളി
അച്ചൻ്റെ സ്വരമാധുര്യത്തിലും ഭരണനൈപുണ്യത്തിലും ആക്യഷ്ടനായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രഫസറും പള്ളം പള്ളി ഇടവകാംഗവുമായ ഇടത്തുംപടിക്കൽ പ്രാഫ. ഇ. റ്റി. തോമസ്, അച്ചനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചു.ഈ കാര്യം തിരുവനന്തപുരം പള്ളിയുടെ (പാളയം സെൻ്റ് ജോർജ് കത്തീഡ്രൽ) സ്ഥാപക വികാരിയായ (1901 – 1944) പൂതക്കുഴിയിൽ അബ്രഹാം കത്തനാരെ അദ്ദേഹം അറിയിക്കുകയുണ്ടായി. തിരുവനന്തപുരം പള്ളിയിൽ സൗകര്യാർത്ഥം രണ്ട് കുർബ്ബാന ആരംഭിച്ച സമയമായിരുന്നു അത്.
പുതക്കുഴിയിൽ അച്ചൻ്റെ ആവശ്യപ്രകാരം പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വീതീയൻ കാതോലിക്കാ ബാവ തിരുവനന്തപുരം പള്ളിയുടെ സഹവികാരിയായി പുന്നശേരിൽ മാത്യൂസ് കത്തനാര് 1936ൽ നിയമിച്ചു. 1936 മുതൽ 1945വരെ ആ ഇടവകയുടെ സഹവികാരിയായും 1945 മുതൽ 1951വരെ ആ ഇടവകയുടെ രണ്ടാമത്തെ വികാരിയായും 15വർഷക്കാലം മാതൂസ് അച്ചൻ അവിടെ പ്രവർത്തിച്ചു.തിരുവനന്തപുരം ഇടവകയുടെ ആത്മിയ ദൗതീക പുരോഗതിക്ക് അടിത്തറ പാകിയത് പള്ളി നിർമ്മാണത്തിന് നേത്യത്വം നൽകിയ കൊച്ചുപറമ്പിൽ പൗലൂസ് റമ്പാച്ചനും (പിന്നീട് പൗലൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പാണമ്പടി), ആദ്യവികാരി പൂതക്കുഴിയിൽ അച്ചനും, രണ്ടാമത്തെ വികാരി പുന്നശേരിലച്ചനും ആയിരുന്നു. 1951-ൽ മാത്യൂസ് അച്ചൻ വികാരി സ്ഥാനം മാറുകയും ചെറിയമഠത്തിൽ സി. ജെ. സ്കറിയ മൽപ്പാൻ (1926,1951 – 1953) വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു.തലസ്ഥാന നഗരിയിലെ പതിനഞ്ച് വർഷത്തെ താമസം കൊണ്ട് പല പ്രമുഖ വ്യക്തികളെയും പരിചയപ്പെടുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും അച്ചന് സാധിച്ചു.
മദ്രാസ് ബ്രോഡ് വേ പള്ളി
1952 മുതൽ പരിശുദ്ധ ഗീവർഗീസ് ദ്വീതിയൻ ബാവ അച്ചന് മദ്രാസ് പള്ളിയുടെ (ബ്രാഡ് വേ സെൻ്റ് തോമസ് കത്തീഡ്രൽ) വികാരിയായി നിയമിച്ചു.1953 വരെ അദ്ദേഹം അവിടെ വികാരിയായിരുന്നു.
മൂന്നാർ പള്ളി
പുതുതായി ആരംഭം കുറിച്ച മൂന്നാർ പളളിയുടെ പ്രഥമ വികാരിയായി 1954 മാർച്ച് 10ന് പരിശുദ്ധ ഗീവർഗീസ് ദ്വീതിയൻ ബാവ അച്ചന് നിയമിച്ചു.ഇന്ന് കാണുന്ന മനോഹരമായ മൂന്നാർ പള്ളിയുടെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട് കൂദാശ ചെയ്യുന്നതും ആ പള്ളി ഒരു ഇടവകയായി മാറുന്നതും അച്ചൻ്റെ കാലത്താണ്.പലവിധമായ അസൗകര്യങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യത്തിലും ആ ജനത്തോട് ചേർന്ന് അവരിൽ ഒരാളായി അച്ചൻ പ്രവർത്തിക്കുകയും,മൂന്നാറിൽ മലങ്കര സഭയുടെ നാമം ശാശ്വതമാക്കുകയും ചെയ്തു.പതിനൊന്ന് വർഷക്കാലം (1954 – 1965) മൂന്നാർ പള്ളിയുടെ ചുമതല വഹിച്ച അച്ചൻ ആ ദേശത്തിന് ഏറ്റം പ്രിയപ്പെട്ട ആത്മീയ നേതാവായി മാറി.
തിരിച്ച് നാട്ടിൽ
1965-ൽ മൂന്നാറിലെ ദൗത്യം പൂർത്തിയാക്കി അച്ചൻ നാട്ടിൽ തിരിച്ചെത്തി.1965 മുതൽ 1967 വരെ അഞ്ചേരി സെൻ്റ് പീറ്റേഴ്സ് പള്ളിയിലും, 1967 മുതൽ 1969 വരെ താഴത്തങ്ങാടി മാർ ബസേലിയോസ് ചാപ്പലിലും (പള്ളി),1969 മുതൽ 1971 വരെ തിരുവാർപ്പ് മർത്തശ്മൂനി പള്ളി,ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ചാപ്പൽ (പള്ളി) എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചു.
വെട്ടിക്കുന്നേൽ പള്ളി, നാലുന്നാക്കൽ പള്ളി
1971-ൽ അച്ചന് വെട്ടിക്കുന്നേൽ പള്ളിയിലും നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് പള്ളിയിലും (കൊച്ചുപള്ളി) സഹവികാരിയായി കോട്ടയം മെത്രാസനത്തിൻ്റെ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നിയമിച്ചു. വെട്ടിക്കുന്നേൽ പള്ളിയിൽ മാസത്തിൽ ഒരു തവണയും നാലുന്നാക്കൽ പള്ളിയിൽ മാസത്തിൽ രണ്ട് തവണയും നടത്തുന്നതിനായിരുന്നു നിയമനം.
മരണം
1984-ൽ എഴുപത്തിയെട്ടാമത്തെ വയസ്സിൽ അച്ചൻ ഔദ്യാഗിക ചുമതലകളിൽ നിന്ന് വിരമിച്ചു. ഈ കാലത്താണ് വെട്ടിക്കുന്നേൽ പള്ളിയുടെ പുനർ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നത്.
സ്വഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരവെ വാർദ്ധക്യത്തിൽ 1999 സെപ്റ്റംബർ മാസം 23-നു തൊണ്ണൂറ്റി മൂന്ന് വർഷത്തെ ഈ ലോകജീവിതയാത്ര പൂർത്തിയാക്കി ഈ വന്ദ്യ പുരോഹിതൻ നിത്യതയിലേയ്ക്ക് യാത്രയായി.
കബറടക്കം
സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം താൻ ശുശ്രൂഷ നിർവ്വഹിച്ച നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് പള്ളിയിലേയ്ക്ക് ഭൗതീകദേഹം ‘നഗരികാണിക്കലായി’ കൊണ്ടുപോയി. അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം ഇടവക പള്ളിയായ വെട്ടിക്കുന്നേൽ പള്ളിയിലേയ്ക്ക് ഭൗതീക ശരീരം കൊണ്ടുവന്നു.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതിയൻ കാതോലിക്കാ ബാവായുടെ നിർദേശപ്രകാരം അഭിവന്ദ്യരായ ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസ് (കോട്ടയം), മാത്യൂസ് മാർ എപ്പിഫാനിയോസ് (കൊല്ലം), ഡോ. മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട്, പിന്നീട് 2022-ൽ പരിശുദ്ധ മാത്യൂസ് ത്വീതീയൻ ബാവ), ഗീവർഗീസ് മാർ കൂറീലോസ് (ബോംബെ) എന്നീ മെത്രാപ്പോലീത്തന്മാരുടെ നേത്യത്വത്തിലും; ഔഗേൻ റമ്പാൻ (പിന്നീട്, 2005-ൽ ഔഗേൻ മാർ ദിവന്നാസിയോസ്) തുടങ്ങിയ വന്ദ്യരായ വൈദീകരുടെ സാനിധ്യത്തിലും സമാപന ശുശ്രൂകൾ നടത്തപ്പെടുകയും വെട്ടിക്കുന്നേൽ പള്ളിയുടെ വടക്കുകിഴക്കായി പ്രത്യകം ഒരുക്കിയ കബറിൽ കബറടക്കം നടത്തപ്പെടുകയും ചെയ്തു.
ഉപസംഹാരം
ദീർഘമായ തൊണ്ണൂറ്റിമൂന്ന് വർഷക്കാലം ഈ ഭൂമിയിൽ ജീവിച്ച ഈ വന്ദ്യ പുരോഹിതൻ, എൺപത് വർഷത്തെ തൻ്റെ പട്ടത്വ ശുശ്രൂഷയിൽ 12വർഷം ശെമ്മാശനായും 68 വർഷം പട്ടക്കാരനായും പ്രവർത്തിക്കുകയുണ്ടായി.ഈ കാലമത്രയും അനുഗ്രഹിതമായി ശുശ്രൂഷ നിർവ്വഹിപ്പാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയ സർവ്വശക്തനെ മഹത്വപ്പെടുത്താം.തിരുസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ ഈ ആചാര്യൻ്റെ സ്മരണ ശാശ്വതമായിരിക്കട്ടെ.
Bibliography
*കാരുചിറ ബാവായുടെ ഡയറിക്കുറിപ്പുകൾ & പട്ടംകൊട ബുക്ക്
*പാമ്പാടി തിരുമേനിയുടെ പട്ടംകൊട ബുക്ക്
*വെട്ടിക്കുന്നേൽ പള്ളി ചരിത്രം
*തിരുവനന്തപുരം പള്ളി ചരിത്രം
*മദ്രാസ് പള്ളി ചരിത്രം
*മൂന്നാർ പള്ളി ചരിത്രം
*മംഗലപ്പള്ളി കുടുംബ ചരിത്രം
*കാനം അച്ചൻ്റെ ഡയറി (ദിനവ്യത്താന്തക്കുറിപ്പുകൾ)