പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944): 1874 ഡിസംബര്‍ 25-നു തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെയും ആണ്ടമ്മയുടെയും പുത്രനായി ജനിച്ചു. 1886 മുതല്‍ പരുമല സെമിനാരിയില്‍ പ. പരുമല തിരുമേനിയുടെയും വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാന്‍റെയും ശിഷ്യനായി വൈദിക പരിശീലനം നേടി. 1894 ഡിസംബര്‍ 14-നു പ. പരുമല തിരുമേനി ശെമ്മാശ പട്ടം നല്‍കി. തുടര്‍ന്ന് പരുമല തിരുമേനിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. 1901 ഫെബ്രുവരി 23-ന് പ. പരുമല തിരുമേനി കത്തനാരു പട്ടം കൊടുത്തു. 1901-1944 കാലത്ത് തിരുവനന്തപുരം സെന്‍റ് ജോര്‍ജ് പള്ളിയുടെ വികാരിയായി സ്തുത്യര്‍ഹമായി സേവനം ചെയ്തു. തിരുവിതാംകൂര്‍ രാജാവുമായി സഭാനേതൃത്വത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയ പ്രധാന കണ്ണി ആയിരുന്നു അച്ചന്‍.
വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്തനും കാനോന്‍ വിദഗ്ദ്ധനുമായിരുന്നു. സഭാക്കേസുകള്‍ തിരുവനന്തപുരത്ത് നടന്ന സമയത്ത് കേസു നടത്തിപ്പിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില്‍ തിരുമേനിയുടെ നിലപാടുകളെ വിമര്‍ശിച്ച ‘സുറിയാനി സഭ’ മാസികയ്ക്കെതിരെ ‘കാതോലിക് സഭ’ എന്ന മാസിക ആരംഭിച്ചു നടത്തി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയംഗം എന്ന നിലയില്‍ എപ്പിസ്ക്കോപ്പസിക്ക് മുന്‍തൂക്കം കിട്ടുവാന്‍ പരിശ്രമിച്ചു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനി സഭാ സമാധാന പരിശ്രമങ്ങള്‍ക്കായി മര്‍ദീനിലേക്കു നടത്തിയ അതി ക്ലേശകരമായ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. 1920-1930 കളിലെ സഭാപ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 1930-44 കാലത്ത് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. 1934-ല്‍ രൂപീകരിച്ച പ്രഥമ വര്‍ക്കിംഗ് കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചു (1934-44). മാര്‍ ഈവാനിയോസ് കത്തോലിക്കാ സഭയില്‍ ചേര്‍ന്ന 1930-കളില്‍ ‘റോമ്മാ സഭയും റീത്തുകളും’ എന്ന ഗ്രന്ഥം രചിച്ചു. 1931-ല്‍ നടന്ന മൂറോന്‍ കൂദാശയുടെ പ്രധാന ചുമതല വഹിച്ചു. 1941-ല്‍ തന്‍റെ ജന്മഗ്രാമം ആയ തട്ടയില്‍ സെന്‍റ് ജോര്‍ജ് പള്ളി സ്ഥാപനം നടത്തി.
സഭാകേസില്‍ കാനോന്‍ വിദഗ്ദ്ധന്‍ എന്ന നിലയില്‍ മൊഴി കൊടുത്തുകൊണ്ടിരിക്കെ കോടതിമുറിയില്‍ വച്ച് പക്ഷാഘാതം ഉണ്ടായി. രോഗിയായി കുറച്ചുനാള്‍ കിടന്നശേഷം തിരുവനന്തപുരത്തു വച്ച് 1944 ജൂണ്‍ 2-നു 69-ാമത്തെ വയസ്സില്‍ അന്തരിച്ചു. ഭൗതികദേഹം തുമ്പമണ്‍ സെന്‍റ് മേരീസ് കത്തീഡ്രലില്‍ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ, പുത്തന്‍കാവില്‍ കൊച്ചു തിരുമേനി തുടങ്ങിയ പിതാക്കന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കബറടക്കി. മക്കള്‍: ഒരാണും (സെക്രട്ടറിയേറ്റില്‍ ഡപ്യൂട്ടി സെക്രട്ടറി ആയിരുന്നു) നാല് പെണ്ണും.