ഫാ. റ്റി. സി. ജോണ്‍: നന്മയുടെ കാല്‍പ്പാടുകള്‍


മലങ്കരസഭയിലെ മഹാനായ തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ 1954- ല്‍ എത്തിയപ്പോള്‍ തണ്ടളത്ത് റ്റി. കെ. കൊച്ചുണ്ണിയെ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ ഒരു മകനെ എനിക്ക് വേണം.

മുതുകുളം സ്വദേശിയായ റ്റി. കെ. കൊച്ചുണ്ണിയും തോമാ മാര്‍ ദിവന്നാസിയോസും സ്നേഹിതരാണ്. മുതുകുളത്ത് ഒരു ദേവാലയം നിര്‍മ്മിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുമേനിയുമായി ആത്മബന്ധം സൃഷ്ടിച്ചുള്ളവരാണ് ഇരുവരും. കൊച്ചുണ്ണിക്ക് നാല് ആണ്‍മക്കള്‍. എല്ലാവരും പള്ളിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം തിരുമേനിയോടു പറഞ്ഞു:
“തിരുമേനി, മുതിര്‍ന്നവര്‍ മൂന്നുപേര്‍ ഉണ്ട്. ആരെയാണ് വേണ്ടത് എടുത്താട്ടെ.”
സന്തോഷഭരിതനായ തോമാ മാര്‍ ദിവന്നാസിയോസ് തിരുമേനി ഓരോരുത്തരേയും വിളിച്ചു കുശലാന്വേഷണം നടത്തി. ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്ന മൂന്നാമനായ തണ്ടളത്ത് റ്റി. സി. ജോണിനെയും വിളിച്ചു.

“നിനക്ക് അച്ചന്‍ ആകുവാന്‍ ഇഷ്ടമാണോടാ.”

“അതേ,” എന്നു ഉത്തരം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ തിരുമേനി മടിയില്‍ ഇരുത്തി, ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചു. പിന്നീട് എപ്പോള്‍ മാര്‍ ദിവന്നാസിയോസ് ചേപ്പാട്ട് എത്തിയാലും പോയി കാണുകയും കുശലാന്വേഷണം നടത്തുകയും ചെയ്യും. സ്കൂള്‍ ഫൈനല്‍ പരീക്ഷയായ എസ്.എസ്.എല്‍.സി കഴിഞ്ഞയുടനെ മാര്‍ ദിവന്നാസിയോസ് തിരുമേനിയെ കാണുകയും കോട്ടയം സെമിനാരിയില്‍ പഠിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. പഴയ സെമിനാരിയില്‍ 1959- ലെ ബാച്ചില്‍ 27-ാമത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന റ്റി. സി ജോണ്‍ ദൈവകൃപയിലും ആത്മീയ ജ്ഞാനത്തിലും ഇടയപരിപാലനത്തിന്‍റെ കര്‍മ്മമേഖലകള്‍ ചവുട്ടിക്കയറി, 2017- ല്‍ എഴുപത്തിയേഴിന്‍റെ നിറവില്‍ എത്തി പ്രകാശം പരത്തുന്ന മഹത്തായ വ്യക്തി പ്രഭാവമാണ്. ഇടവക ശുശ്രൂഷയില്‍ അരനൂറ്റാണ്ടില്‍ അധികമായി വികാരിയായി സേവനം അനുഷ്ഠിക്കുന്ന ചേപ്പാട് തണ്ടളത്ത് ഫാ. റ്റി. സി. ജോണ്‍ വൈവിധ്യമാര്‍ന്ന ഇടയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

1. വിളിയും നിയോഗവും

ഇടയ ശുശ്രൂഷ ഒരു വിളിയും നിയോഗവുമാണ്. ക്രൂശിന്‍റെയും കാല്‍വറിയുടെയും അനുഭവങ്ങള്‍ അനവരതം സന്നിവേശിക്കുന്ന ഇടയപരിപാലനത്തില്‍ ദൈവവിളിയും നിയോഗത്തെക്കുറിച്ചുള്ള ബോധ്യവും അനുസ്യൂതം ഉള്‍ക്കൊള്ളണം. ഇടയ ശുശ്രൂഷക്കായി നിയോഗം ലഭിച്ച് പരിശീലനത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തിയ 1959 മുതല്‍ നിലപാടുകളില്‍ ധീരതയും സഭാപാരമ്പര്യങ്ങളില്‍ വിശ്വാസ സ്ഥിരതയും പിതാക്കന്മാരോടുള്ള സമീപനത്തില്‍ വിശ്വസ്തതയും ജനങ്ങളോടു സാഹോദര്യ മനോഭാവവും പുലര്‍ത്തുന്ന ഫാ. റ്റി. സി. ജോണ്‍ വിളിയും നിയോഗവും അനുനിമിഷം തിരിച്ചറിഞ്ഞ് കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തുന്ന അജപാലകനാണ്.

സ്കൂള്‍ ഫൈനല്‍ പാസ്സായിട്ടാണ് വൈദിക സെമിനാരിയില്‍ എത്തിയതെങ്കിലും ഉറച്ച നിശ്ചയദാര്‍ഢ്യവും ക്രമീകൃതമായ ശിക്ഷണവും ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നതിനാല്‍ എം. എ വരെ പഠിക്കുവാന്‍ നിയോഗം ഉണ്ടായി.

വൈദിക സെമിനാരി പഠനം പൂര്‍ത്തിയാക്കി നിരണം ഭദ്രാസനാധിപന്‍ തോമാ മാര്‍ ദിവന്നാസിയോസിന്‍റെ സെക്രട്ടറിയായി 1964 ജൂണ്‍ 8 മുതല്‍ ചുമതല ഏറ്റെടുത്തു. കൂടെ കല്ലൂപ്പാറക്കാരന്‍ റ്റി. എം. ജോസഫ് ശെമ്മാശനും ഉണ്ടായിരുന്നു. തിരുമേനിയോടൊപ്പം പല സ്ഥലങ്ങളും പള്ളികളും സന്ദര്‍ശിക്കുവാനും ആരാധനയില്‍ പങ്കുചേരുവാനും അവസരം ലഭിച്ചു. വിവിധ തരത്തിലുള്ള വ്യക്തികളെ കാണുവാനും അവരുമായി സംവേദിക്കുവാനും അവസരം ലഭിച്ചപ്പോള്‍ കൂടുതല്‍ പഠിക്കണമെന്ന് ബോധ്യപ്പെട്ടു. അതിന്‍പ്രകാരം ഡിഗ്രിക്ക് പഠിച്ചാല്‍ കൊള്ളമെന്ന് തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായോട് പറയുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു.

പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ 1966-68 കാലത്ത് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായി ചേരുകയും തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ ചേര്‍ന്നാണ് ബി. എ ഇക്കണോമിക്സ് പഠിച്ചത്. സെക്കന്‍ഡ് ലാംഗേജായി പഠിച്ചത് സുറിയാനിയായിരുന്നു. അന്ന് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ സുറിയാനി ഇല്ലായിരുന്നെങ്കിലും പ്രശസ്തനായ കണിയാംപറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്കോപ്പയില്‍ നിന്നും പ്രത്യേകമായി സുറിയാനി അഭ്യസിച്ചാണ് പരീക്ഷ എഴുതിയത്. സുറിയാനി പഠനത്തിനായി പലപ്പോഴും തിരുവല്ലായില്‍ കണിയാംപറമ്പില്‍ അച്ചന്‍റെ അടുത്തു പോകുമായിരുന്നു. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും ബി. എ ഇക്കണോമിക്സ് സെക്കന്‍ഡ് ക്ലാസ്സോടെ പാസ്സായതിനെ തുടര്‍ന്ന് കോട്ടയത്ത് പൈക്കടാസ് കോളേജില്‍ എം. എ.യ്ക്ക് പഠിക്കുവാനായി ചേര്‍ന്നു.

സ്കൂള്‍ ഫൈനലും വൈദിക വിദ്യാഭ്യാസവും മാത്രം നേടി ഇടയ ശുശ്രൂഷയിലേക്ക് പ്രവേശിക്കേണ്ട ഫാ. റ്റി. സി. ജോണ്‍ ഉന്നത വിദ്യാഭ്യാസം നേടിയത് സ്വതസിദ്ധമായ നിശ്ചയദാര്‍ഢ്യവും ദൈവവിശ്വാസവും ജീവിതത്തില്‍ സമന്വയിച്ചതിനാലാണ്. ഇടയ പരിപാലനത്തില്‍ നിസ്തുലമായ സേവന മുദ്ര പതിക്കുവാനുള്ള ചാലകശേഷി ലഭ്യമായത് ഈ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും ലഭ്യമായ ഊര്‍ജപ്രവാഹമാണ്.

2. ബോധ്യവും ബോധനവും

തണ്ടളത്ത് റ്റി. സി. ജോണ്‍ എന്ന സെമിനാരി വിദ്യാര്‍ത്ഥിയുടെ ജീവിതത്തിന്‍റെ ബോധ്യങ്ങള്‍ക്ക് ചിറകുപകര്‍ന്ന രണ്ടു പിതാക്കന്മാരാണ് തോമാ മാര്‍ ദിവന്നാസിയോസും പ. ഗീവര്‍ഗീസ് ദ്വതീയന്‍ കാതോലിക്കാ ബാവായും. ബാല്യത്തില്‍ തന്നെ തോമാ മാര്‍ ദിവന്നാസിയോസില്‍ ആകൃഷ്ടമായത് അദ്ദേഹം നിരണം ഭദ്രാസന മെത്രാപ്പീലാത്തായായി പടിഞ്ഞാറന്‍ മേഖലകളിലും മാതൃ ഇടവകയായ ചേപ്പാട് പള്ളിയിലും എത്തിയതിനാലാണ്. അദ്ദേഹത്തിന്‍റെ പ്രൗഢഗാഭീര്യവും അനുതാപം സൃഷ്ടിക്കുന്നതുമായ ആരാധന ഏവര്‍ക്കും ഹൃദ്യമാണ്. തോമാ മാര്‍ ദിവന്നാസിയോസ് തിരുമേനി പകര്‍ന്ന ആരാധന ജീവിതവും ദര്‍ശനവും ഉള്‍ക്കൊണ്ട് പഴയ സെമിനാരിയില്‍ എത്തിയ റ്റി. സി ജോണ്‍ എന്ന യുവാവ് കണ്ടെത്തുന്നത് 84 വയസ്സെത്തിയ മലങ്കരയിലെ വലിയ ബാവായായ പ. ഗീവര്‍ഗീസ് ദ്വതീയന്‍ കാതോലിക്കാ ബാവായെയാണ്.

പഴയ സെമിനാരിയില്‍ പഠിച്ച 1959- 1964 കാലഘട്ടത്തില്‍ പ. ബാവാ തിരുമേനിയുടെ കൂടെ വി. കുര്‍ബ്ബാനയ്ക്ക് ധൂപം അര്‍പ്പിക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ പ്രായം 18 വയസ്സു മാത്രം. വൈദിക സെമിനാരി പഠനകാലത്ത് എല്ലാ ഞായറാഴ്ചകളിലും കഷ്ടാനുഭവ ആഴ്ചകളിലും പരിശുദ്ധ ബാവായോടൊപ്പം ആരാധനയ്ക്ക് കൂടുവാന്‍ നിയോഗം ലഭിച്ചത് തണ്ടളത്ത് റ്റി. സി. ജോണിനാണ്. കൂടെ സഹപാഠിയായ എം. ഇ. പോളും (ഫാ. പോള്‍ മടത്തേത്ത്) ഉണ്ടായിരുന്നു. ആ സുവര്‍ണ്ണകാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു: എന്‍റെ സെമിനാരി പഠനകാലത്ത് പ്രിന്‍സിപ്പാള്‍ വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തയായിരുന്നു. ഫാ. റ്റി. ജെ. ജോഷ്വാ, ഫാ. എം. വി. ജോര്‍ജ്, ഫാ. കെ. എം. അലക്സാണ്ടര്‍, ഫാ. യൂഹാനോന്‍ മല്പാന്‍, ഫാ. വര്‍ഗീസ് ക്ലെറി, ഫാ. പോള്‍ വര്‍ഗീസ് എന്നിവര്‍ അദ്ധ്യാപകരായി പ്രവര്‍ത്തിച്ചിരുന്നു. ഫാ. കെ. ഫിലിപ്പോസ് വൈസ ്പ്രിന്‍സിപ്പാളായിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായുള്ള സ്നേഹ സൗഹൃദം അത്യധികം ഹൃദ്യമായിരുന്നു. എന്നെ പഠിപ്പിച്ച അദ്ധ്യാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് 90 വയസ്സായ വന്ദ്യ. ഡോ. റ്റി. ജെ. ജോഷ്വാച്ചന്‍ മാത്രം!

സെമിനാരിയില്‍ ഇത്രയധികം അദ്ധ്യാപകര്‍ ഉണ്ടായിട്ടും ആരാധന കാര്യങ്ങളിലും ശുശ്രൂഷയിലും പരിശീലനം നേടുവാന്‍ റ്റി. സി. ജോണിനെ അയച്ചത് പ. കാതോലിക്കാ ബാവാ തിരുമേനിയോടൊപ്പമാണ്. ആ ദീര്‍ഘമായ കാലഘട്ടത്തില്‍ എന്നും ഓര്‍ത്തിരിക്കുന്നത് 1963 ല്‍ ദേവലോകത്ത് നടത്തിയ കഷ്ടാനുഭവ ശുശ്രൂഷയാണ്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനി അവസാനമായി നടത്തിയ ഹാശാ ശുശ്രൂഷയായിരുന്നു അത്. പ. ബാവാ തിരുമേനി ദുഃഖവെള്ളിയാഴ്ച കബറടക്ക ശുശ്രൂഷ നടത്തുമ്പോള്‍ അംശവടിയും ആണ്ടുതക്സായും പിടിച്ച് പ്രദിക്ഷണത്തിനു മുമ്പില്‍ പോകുന്ന യാത്ര പ്രത്യേകമായ ഒരു അനുഭൂതി ആയിരുന്നു എന്ന് റ്റി. സി. ജോണ്‍ അച്ചന്‍ പറയുന്നു. ആ കഷ്ടാനൂഭവ ആഴ്ച ശുശ്രൂഷ കഴിഞ്ഞ് ദേവലോകത്തു നിന്നും വീട്ടില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ പെട്ടി തുറന്ന് ഒരു പുതിയ പത്തുരൂപാ നോട്ടു നല്‍കിയത് ഒരു നിധി കിട്ടിയ അനുഭവമായി ഓര്‍ക്കുന്നു. പ. ബാവായോടു പുലര്‍ത്തിയ വാത്സല്യവും ഭക്തിയും സ്നേഹവും ഉള്‍ക്കൊണ്ട് 1963 ജൂണ്‍ 8 ന് റ്റി. സി. ജോണിന് പ. ബാവാ കോറൂയോ പട്ടം നല്‍കി.

പിന്നീട്, പല പ്രധാന സന്ദര്‍ഭങ്ങളിലും ഡീക്കന്‍ റ്റി. സി. ജോണ്‍ പ. ബാവായോടൊപ്പം ഉണ്ടായിരുന്നു. അക്കാലത്ത് പ. ബാവായുടെ പ്രധാന സെക്രട്ടറിമാര്‍ ഫാ. റ്റി. എം. സഖറിയായും, ഫാ. റ്റി. ജി. സഖറിയായും ആയിരുന്നു. ആരാധനയില്‍ അവര്‍ പ. ബാവായുടെ ഇടത്തും വലത്തുമായി നിലനിന്നിരുന്നു. പ. ബാവായ്ക്ക് തൈലാഭിഷേക ശുശ്രൂഷ നല്‍കുമ്പോഴും അദ്ദേഹത്തിന്‍റെ അന്ത്യനിമിഷങ്ങളിലും ഡീക്കന്‍ റ്റി. സി. ജോണ്‍ സാക്ഷ്യം വഹിച്ചു. അദ്ദേഹം പറയുന്നു: പ. ബാവാ തിരുമേനിയുടെ അന്ത്യ നിമിഷങ്ങളില്‍ സാക്ഷ്യം വഹിക്കുവാന്‍ എനിക്ക് കഴിഞ്ഞു. ആ സമയത്തു പ. ബാവായെ ശുശ്രൂഷിക്കാന്‍ ഞാനും അറുപാല ഗീവര്‍ഗീസും (ഇപ്പോള്‍ അമേരിക്ക) ഉണ്ടായിരുന്നു. 1964 ജനുവരി 3-ന് രാത്രിയില്‍ ആ പുണ്യപിതാവ് ഞങ്ങളുടെ കൈകളിലേക്ക് ചരിഞ്ഞാണ് നിത്യതയിലേക്ക് പ്രവേശിക്കുന്നത്. പ. ബാവാ തിരുമേനിയോടൊപ്പം ആരാധനയില്‍ പങ്കുചേര്‍ന്നതും അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായതും എങ്ങനെ എനിക്ക് വിസ്മരിക്കുവാന്‍ കഴിയും?

ഗുരുക്കന്മാരായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ നല്‍കിയ അവസാനത്തെ കോറൂയോ ശുശ്രൂഷയും (1963 ജൂണ്‍ 8), തോമാ മാര്‍ ദിവന്നാസിയോസ് നല്‍കിയ അവസാനത്തെ (1966 ജൂണ്‍ 8) കശ്ശീശാ പട്ടം കൊട ശുശ്രൂഷയും തണ്ടളത്ത് ഫാ. റ്റി. സി. ജോണിനായിരുന്നു. കോറൂയോ സ്ഥാനം നല്‍കുമ്പോള്‍ പരിശുദ്ധ ബാവയ്ക്ക് 89 വയസും കശ്ശീശ പട്ടം നല്‍കുമ്പോള്‍ തോമാ മാര്‍ ദിവന്നാസിയോസിന് 80 വയസ്സുമായിരുന്നു. പ്രതിഭാശാലികളും ഋഷിവര്യരുമായ ഈ പിതാക്കന്മാര്‍ പകര്‍ന്ന ബോധ്യവും ബോധനവും ഫാ. റ്റി. സി. ജോണിന്‍റെ ജീവിതത്തിന് വഴിയും വെളിച്ചവും പകര്‍ന്നു.

3. ഇടയ പരിപാലനവും നേതൃത്വവും

ഇടയപരിപാലനത്തില്‍ അരനൂറ്റാണ്ടിന്‍റെ സുദീര്‍ഘമായ പാരമ്പര്യമാണ് റ്റി. സി. ജോണ്‍ അച്ചനുള്ളത്. ശെമ്മാശു പദവിയിലേക്ക് 23 വയസ്സിലും വൈദിക ശുശ്രൂഷയിലേക്ക് 28-ാം വയസ്സിലും പ്രവേശിച്ച ഫാ. റ്റി. സി. ജോണ്‍ 77-ാം വയസ്സിലും വികാരിയായി ശുശ്രൂഷ അനുഷ്ഠിക്കുന്നു. 2014 മുതല്‍ തഴക്കര എം. എസ്. സെമിനാരിയുടെ മാനേജരും വികാരിയുമായി സ്തുത്യര്‍ഹമായി ശുശ്രൂഷിക്കുന്നു.

ധീരമായ നേതൃത്വം, സംഘടനാശേഷി, കര്‍മ്മ കുശലത, പൈതൃക വാത്സല്യം എന്നിവ സ്വതസിദ്ധമാക്കിയ ഫാ. റ്റി. സി. ജോണിന്‍റെ ഇടയ ശുശ്രൂഷകള്‍ വളരെ ദൈര്‍ഘ്യമുള്ളതാണ്. കാരിച്ചാല്‍ സെന്‍റ്. ജോര്‍ജ് പള്ളിയില്‍ വികാരിയായി സേവനം അനുഷ്ടിച്ചത് 12 വര്‍ഷമാണ്. കരുവാറ്റ മാര്‍ യാക്കോബ് പള്ളിയിലും കാര്‍ത്തികപ്പള്ളി സെന്‍റ് തോമസ് പള്ളിയിലും ഹരിപ്പാട് സെന്‍റ് മേരീസ് പള്ളിയിലും വികാരിയായി സേവനം അനുഷ്ഠിച്ചത് ഏഴു വര്‍ഷം വീതമാണ്. മാതൃ ദേവാലയമായ ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയിലും ഒരു വര്‍ഷം വികാരിയായിരുന്നു. വലുതും ചെറുതുമായ പലയിടവകയിലും റ്റി. സി. ജോണ്‍ അച്ചന്‍റെ സേവനം ലഭ്യമായിട്ടുണ്ട്. ഇടയ ശുശ്രൂഷകള്‍ അധികവും നിരണം ഭദ്രാസനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു.

സഭയില്‍ റീത്ത് അധിനിവേശവും പ്രൊട്ടസ്റ്റന്‍റ് സ്വാധീനവും ഉണ്ടായ സമയങ്ങളില്‍ ഇടവകകളെ ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ അക്ഷീണം യത്നിച്ച റ്റി. സി. ജോണ്‍ അച്ചന്‍ ഇടവക ശുശ്രൂഷാ കാലത്ത് സഭാ വിശ്വാസം ത്യജിച്ചവരെ പ്രത്യേകം സന്ദര്‍ശിച്ച് വിശ്വാസ പ്രബോധനം നടത്തി ഇടവകയിലേക്ക് തിരികെ കൊണ്ടുവന്ന നിരവധി ചരിത്രം ഉണ്ട്. കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദ്ദാന പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചപ്പോള്‍ റീത്ത് സഭയില്‍ ചേര്‍ന്ന കാവനാട്ട് അച്ചനെ പല പ്രാവശ്യം സന്ദര്‍ശിച്ച് പ്രബോധനങ്ങള്‍ നടത്തി തിരികെ മലങ്കര സഭയില്‍ കൊണ്ടുവരാന്‍ പ്രത്യേകം താല്‍പര്യം പ്രകടമാക്കി. പിന്നീട് കാവനാട്ട് അച്ചനെ പരുമല സെമിനാരി ആശുപത്രിയുടെ ചാപ്ലനായി പ. മാത്യൂസ് പ്രഥമന്‍ ബാവ നിയമിച്ചു. ഇത്ര ധീരമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ റ്റി. സി. ജോണ്‍ അച്ചന് കഴിഞ്ഞത് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായുള്ള ബന്ധവും വാത്സല്യവും വഴി ലഭ്യമായ സ്വാധീനമായിരുന്നു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്മാരായ ആറ് കാതോലിക്കാ ബാവാമാരുടെ വാത്സല്യവും സ്നേഹവും സ്വീകരിക്കുവാന്‍ റ്റി. സി. ജോണ്‍ അച്ചന് സാധിച്ചിട്ടുണ്ട്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ, പ. ഔഗേന്‍ ബാവ, പ. മാത്യൂസ് പ്രഥമന്‍ ബാവ, പ. മാത്യൂസ് ദ്വതീയന്‍ ബാവ, പ. ദിദിമോസ് ബാവ, ഇപ്പോഴത്തെ പ. പൗലോസ് ദ്വതീയന്‍ കാതോലിക ബാവ എന്നിവരുടെ ഉപദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് വിവിധ നിലകളില്‍ ഇടയ പരിപാലനം നിര്‍വ്വഹിച്ചു. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്ന റ്റി. സി. ജോണ്‍ അച്ചന്‍ 2002 ല്‍ മാവേലിക്കര ഭദ്രാസനം ഉണ്ടായപ്പോള്‍ മാവേലിക്കര ഭദ്രാസനത്തിന്‍റെ അഡ്ഹോക്ക് കമ്മിറ്റിയിലും ഭദ്രാസന വൈദിക സംഘത്തില്‍ എട്ടുവര്‍ഷം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇടുക്കി ഭദ്രാസനത്തിലെ ഉപ്പുതറ സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്നുള്ള മലങ്കര അസോസിയേഷന്‍ പ്രതിനിധിയായും ശുശ്രൂഷിക്കുന്നു.

എവിടെ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചാലും സഭയുടെ നിയമം, ചട്ടം, പാരമ്പര്യം എന്നിവ കര്‍ശനമായി പരിപാലിക്കുന്നതില്‍ റ്റി. സി. ജോണ്‍ അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശ്വാസ പ്രബോധനത്തിലും സഭാ ബന്ധത്തിലും ഇടവക ജനങ്ങളെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഭരണകാര്യങ്ങളില്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും ഇടവക ജനങ്ങളെ പ്രത്യേകം സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്നു. ഇടവകയിലെ എല്ലാ വിഭാഗത്തിലുമുള്ളവരെ ഒരുപോലെ സ്നേഹിക്കുവാനും നയിക്കുവാനും കഴിയുന്ന ഇടയ പരിപാലന നൈപുണ്യമാണ് റ്റി. സി. ജോണച്ചനില്‍ പ്രകാശം പരത്തുന്നത്.

4. ഭരണ നൈപുണ്യവും ശുശ്രൂഷയും

ദീര്‍ഘമായ ഇടവക പരിപാലന ശുശ്രൂഷയോടൊപ്പം സഭയുടെ വിവിധങ്ങളായ ഭരണ സമിതികളില്‍ കര്‍മ്മനിരതനായി പ്രവര്‍ത്തിക്കുവാന്‍ റ്റി. സി. ജോണ്‍ അച്ചന് അവസരം ലഭിച്ചു. മലങ്കര സഭ മാനേജിങ്ങ് കമ്മിറ്റി അംഗം എന്ന നിലയില്‍ ഏകദേശം കാല്‍നൂറ്റാണ്ടില്‍ അധികം ശുശ്രൂഷിച്ചു. സഭാ മാനേജിങ്ങ് കമ്മിറ്റിയില്‍ 1980- 2002 വരെയും 2007- 2012 വരെയും അംഗമായ റ്റി. സി. ജോണ്‍ അച്ചന്‍ ഒറീസാ ദുരിതാശ്വാസ കമ്മിറ്റിയിലും മിഷന്‍ സൊസൈറ്റിയിലും അംഗമായിരുന്നു. സഭയുടെ കേന്ദ്രതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം ഭദ്രാസന തല പ്രവര്‍ത്തനങ്ങള്‍ക്കും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. നിരണം ഭദ്രാസന കൗണ്‍സിലില്‍ അംഗമായും ഭദ്രാസന തലത്തിലുള്ള വിവിധ സമിതികള്‍ക്ക് നേതൃത്വം നല്‍കി. സെന്‍റ് തോമസ് വൈദിക സംഘത്തിന്‍റെ കേന്ദ്ര കോ- ഓഡിനേറ്ററായും പ്രവര്‍ത്തിച്ചു.

പരുമല സെന്‍റ് ഗ്രിഗോറിയോസ് ആശുപത്രി കൗണ്‍സില്‍ അംഗമായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. ഹരിപ്പാട്ടു നിന്നും പ്രസിദ്ധീകരിക്കുന്ന ‘സ്നേഹ ലോകം’ മാസികയുടെ പ്രിന്‍ററും പബ്ളിഷറുമായി രണ്ട് ദശാബ്ദമായി പ്രവര്‍ത്തിക്കുന്നു. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല എക്യുമെനിക്കല്‍ രംഗത്തും റ്റി. സി. ജോണ്‍ അച്ചന് പങ്കാളിത്തം ഉണ്ടായിരുന്നു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ നിരണം ഭദ്രാസനത്തില്‍ നിന്നുള്ള പ്രതിനിധിയായി വളരെക്കാലം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. സഭയേയും സമൂഹത്തേയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സ്വാംശീകരിക്കുവാന്‍ വിശാലമായ ഐക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളില്‍ കൂടി സാധിച്ചിട്ടുണ്ട്. സഭാ കാര്യങ്ങളില്‍ വളരെ യാഥാസ്ഥികനും എന്നാല്‍ സാമൂഹിക കാഴ്ചപ്പാടുകളില്‍ ഉത്പതിഷ്ണുവുമായ വ്യക്തിത്വമാണ് വന്ദ്യ. റ്റി. സി. ജോണ്‍ അച്ചന്‍.

ഗള്‍ഫ് നാടുകളില്‍ എത്തി ആരാധനയ്ക്ക് നേതൃത്വം നല്‍കുവാന്‍ 1989 കാലഘട്ടത്തില്‍ അവസരം ലഭിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍ 1990 ല്‍ പര്യടനം നടത്തുവാനും വിവിധ സ്റ്റേറ്റുകളിലായി 15 ലധികം പള്ളികളില്‍ വിശുദ്ധ ആരാധനയ്ക്ക് നേതൃത്വം നല്‍കുവാനും സാധിച്ചു. 2008 ല്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് മസ്ക്കറ്റ് ഇടവകയിലായിരുന്നു. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും എപ്പോഴും ഓര്‍ത്തിരിക്കുന്നത് വിശുദ്ധനാട് സന്ദര്‍ശനമാണ്. യേശുക്രിസ്തുവിന്‍റെ രക്ഷണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യരുശലേം പുണ്യനാട് കാണുവാനുള്ള അവസരം ലഭിച്ചത് 2010 ലാണ്. ആ യാത്രയിലെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷമായിരുന്നു 2010 ഒക്ടോബര്‍ ഏഴ്. അന്നേ ദിവസം സെഹിയോന്‍ മാളികയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ റ്റി. സി. ജോണ്‍ അച്ചന് അവസരം ലഭിച്ചു.

ഫാദര്‍ റ്റി. സി. ജോണ്‍ മലങ്കര സഭയില്‍ ആധുനിക കാലത്ത് നടന്ന (1967-1999) നാല് മൂറോന്‍ കൂദാശകളില്‍ പങ്കെടുത്ത് നേതൃത്വം നല്കി. പ. ഔഗേന്‍ ബാവ പഴയ സെമിനാരിയില്‍ 1967 ഡിസംബര്‍ 21-ന് മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ ആദ്യമായി അതില്‍ സംബന്ധിച്ചു. അക്കാലത്ത് ശെമ്മാശനായി തോമാ മാര്‍ ദിവാന്നാസിയോസിന്‍റെ സെക്രട്ടറിയായി ശുശ്രൂഷിക്കുകയായിരുന്നു. പിന്നീട് സഭയില്‍ നടന്ന എല്ലാ മൂറോന്‍ കൂദാശകളിലും ഫാ. റ്റി. സി. ജോണ്‍ സജീവമായി പങ്കുചേര്‍ന്നു. 1977 ഏപ്രില്‍ ഒന്നിന് പ. മാത്യൂസ് പ്രഥമന്‍ ബാവ പഴയ സെമിനാരിയില്‍ നടത്തിയ മൂറോന്‍ കൂദാശയില്‍ 12 വൈദികരില്‍ ഒരാളായി ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ദേവലോകം അരമനയില്‍ 1988 മാര്‍ച്ച് 25-നും 1999 മാര്‍ച്ച് 26-ന് പ. മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവ നടത്തിയ മൂറോന്‍ കൂദാശകളിലും ഫാ. റ്റി. സി. ജോണ്‍ 12 വൈദികരില്‍ ഒരാളായി ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.

ഇടയ രംഗത്ത് ഭരണനേതൃത്വത്തിന് റ്റി. സി. ജോണ്‍ അച്ചന് മാതൃക പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും തോമാ മാര്‍ ദിവന്നാസിയോസ് തിരുമേനിയുമായിരുന്നു. ഭരണ നൈപുണ്യത്തില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെപോലെ അഗ്രഗണ്യനായ ഒരു പിതാവിനെ പിന്നീട് കണ്ടെത്തുവാന്‍ കഴിയില്ല. വിശ്വാസ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയ മഹാ വ്യക്തിത്വമായിരുന്നു തോമാ മാര്‍ ദിവന്നാസിയോസ്. ഇവരുടെ ഭരണ നൈപുണ്യവും വിശ്വാസദാര്‍ഢ്യവും റ്റി. സി. ജോണ്‍ അച്ചനെയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഇടവക ഭരണത്തില്‍ ദീര്‍ഘമായ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന റ്റി. സി. ജോണ്‍ അച്ചന്‍ പറയുന്നു: “ഇടവക ജീവിതത്തില്‍ ബലഹീനനായ എന്നെ സര്‍വ്വശക്തനായ ദൈവം സര്‍വ്വബലത്തിലും വഴി നടത്തി. ദൈവത്തിന്‍റെ മുമ്പില്‍ ഞാന്‍ ശിരസ് നമിക്കുന്നു. ഇടവക ശുശ്രൂഷയില്‍ കൈ ഒന്നു ചൂണ്ടിയാല്‍ ജനം അവിടെ നില്‍ക്കുമായിരുന്നു. അത് ദൈവം പകര്‍ന്ന നേതൃത്വഗുണമായി കരുത്തുന്നു. ജനത്തെ പൂര്‍ണ്ണമായും സ്നേഹിക്കാന്‍ ശ്രമിച്ചു. ജനങ്ങളും ഹൃദയപൂര്‍വ്വം എന്നെ സ്നേഹിച്ചത് നന്ദിയോടെ ഉള്‍ക്കെള്ളുന്നു.”

ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാനും ദൈവം നടത്തിയ വഴിയിലൂടെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തില്‍ ജീവിക്കുവാനും ദൈവകൃപയുടെ തണലില്‍ ജീവിതത്തെ ശക്തിപ്പെടുത്തുവാനും മാത്രം ആഗ്രഹിക്കുന്നതായി റ്റി. സി. ജോണ്‍ അച്ചന്‍ പറഞ്ഞു. ഇടവക ശുശ്രൂഷയില്‍ ഭരണനൈപുണ്യവും നേതൃശേഷിയും പ്രകടമാക്കിയ ഫാ. റ്റി. സി. ജോണ്‍ ദൈവകൃപയില്‍ നിറഞ്ഞ നീതി പൂര്‍വ്വമായ ഇടയപരിപാലനത്തിന്‍റെ മഹത്തായ പ്രകാശമാണ്.

5. സുവിശേഷ ദൗത്യവും പ്രതിബദ്ധതയും

സുവിശേഷദൗത്യത്തിന്‍റെ കാഹളം റ്റി. സി. ജോണ്‍ അച്ചനില്‍ ഉജ്ജ്വലിപ്പിച്ചത് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയാണ്. ബാല്യത്തില്‍ ലഭ്യമായ ഗുരുക്കന്മാരും പിതാക്കന്മാരുമായവരുടെ സ്ഥാനത്ത് റ്റി. സി. ജോണ്‍ അച്ചന് ലഭ്യമായ മൂന്നാമത്തെ മഹാ ഗുരുവാണ് ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത. 1975 ജനുവരി 16 ഞയറാഴ്ച നിരണം സെന്‍റ് മേരീസ് പള്ളിയില്‍ നടന്ന ഫാ. എം. വി. ജോര്‍ജിന്‍റെ മെത്രാപ്പോലീത്ത സ്ഥാന ശുശ്രൂഷയില്‍, വി. മദ്ബഹായിലെ ആരാധനയില്‍ പങ്കുചേര്‍ന്ന ഫാ. റ്റി. സി. ജോണ്‍, പിന്നീട് അദ്ദേഹത്തിന്‍റെ സന്തത സഹചാരിയായി. പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ ആയിരുന്നു, ആ മെത്രാന്‍ സ്ഥാനാഭിഷേകത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 1976 ഏപ്രില്‍ ഒന്നിന് നിരണം ഭദ്രാസനാധിപനായി ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു.

മലങ്കരയിലെ പ്രതിഭാശാലികളായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായോടും തോമാ മാര്‍ ദിവന്നാസിയോസിനോടും പുലര്‍ത്തിയ സ്നേഹവും ഭക്തിയും ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രപ്പോലീത്തയിലേക്കും കവിഞ്ഞൊഴുകിയപ്പോള്‍ സുവിശേഷ ദൗത്യത്തോടും സാമൂഹിക പ്രതിബന്ധതയോടുമുള്ള കാഴ്ചപ്പാട് ശക്തിപ്പെട്ടു. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സുവിശേഷ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരണം ഭദ്രാസനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപിക്കുന്നതിനായി 1975-ല്‍ കാര്‍ത്തികപ്പള്ളിയില്‍ നടത്തിയ പ്രഥമ ആലോചന യോഗത്തില്‍ റ്റി. സി. ജോണ്‍ അച്ചന്‍റെ സാന്നിധ്യം സജ്ജീവമായിരുന്നു. പടിഞ്ഞാറന്‍ മേഖലകളിലെ 14 പള്ളികള്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് ഒരു സെന്‍റര്‍ ഉണ്ടാകുന്നതിനു വേണ്ടി രൂപികരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്‍റായി ഫാ. റ്റി. സി. ജോണ്‍ നിയമിതനായി. വൈസ് പ്രസിഡന്‍റ് വന്ദ്യ. എം. കെ മത്തായി അച്ചന്‍ ആയിരുന്നു. ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ ആണ്.

ഹരിപ്പാട് കേന്ദ്രീകരിച്ച് സുവിശേഷയോഗം, ആതുരസേവനം, മിഷന്‍ സെന്‍റര്‍ എന്നിവ ലക്ഷ്യമാക്കി ഒരു സ്ഥാപനം ആരംഭിക്കുന്നതിനായി വസ്തു കണ്ടെത്തുകയായിരുന്നു ആദ്യ ശ്രമം. വസ്തു സെന്‍റിന് 1000 രൂപ വെച്ച് ഒരു ഏക്കര്‍ 10 സെന്‍റ് സ്ഥലം അധികം താമസിക്കാതെ ഹരിപ്പാട് വലിയപറമ്പില്‍ കൊച്ചുകുഞ്ഞിന്‍റെ കൈയ്യില്‍ നിന്നും വാങ്ങി സെന്‍റ് തോമസ് മിഷന്‍ കേന്ദ്രം ആരംഭിച്ചു. ഇത് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ കര്‍മ്മമണ്ഡലം ഹരിപ്പാട് കേന്ദ്രീകരിച്ച് വ്യാപിപ്പിക്കുവാന്‍ മുഖാന്തിരമായി. പിന്നീട് സഭയുടെ വിവിധങ്ങളായ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയോടൊപ്പം പങ്കുചേരുകയും നേതൃത്വം നല്‍കുകയും ചെയ്തു. മാവേലിക്കര മിഷന്‍ ബോര്‍ഡിലും മിഷന്‍ സൊസൈറ്റിയിലും ദീര്‍ഘകാലം സജീവ അംഗമായിരുന്നു. ഹരിപ്പാട് മിഷന്‍ സെന്‍ററിന്‍റെ പ്രസിഡന്‍റായും (1978- 96), വൈസ് പ്രസിഡന്‍റായും ഹരിപ്പാട് ബാല ഭവന്‍റെ ഡയറക്ടറായും (1975- 1996) ഫാ. റ്റി. സി. ജോണ്‍ പ്രവര്‍ത്തിച്ചു. അതിജീവനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായ അദ്ദേഹം ആത്മീയ നിറവിലും ശിക്ഷണ ബോധ്യത്തിലും കര്‍മ്മമേഖല രൂപപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്തു.

സമൂഹത്തോടും പാവപ്പെട്ടവരോടും കാരുണ്യം പുലര്‍ത്തണമെന്നും സാമൂഹ്യ നീതിക്കായി ദാഹിക്കണമെന്നുള്ള ദര്‍ശനം വന്ദ്യ. റ്റി. സി. ജോണ്‍ അച്ചനില്‍ ഉറപ്പിച്ചത് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയാണ്. അദ്ദേഹത്തിന്‍റെ കല്പനകളും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ട റ്റി. സി. ജോണ്‍ അച്ചന്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്‍റെയും ഉത്തമശിഷ്യനും സന്തത സഹചാരിയുമായി തീര്‍ന്നു. 2012 ഫെബ്രുവരി 16 ന് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് നിറകണ്ണീരോടെയാണ് അദ്ദേഹം യാത്രാമൊഴി പകര്‍ന്നത്. ആരാധനയിലും സുവിശേഷ ദൗത്യത്തിലും അധിഷ്ഠിതമായ ആദ്ധ്യാത്മീക ശൈലി ഇടയശുശ്രൂഷയില്‍ രൂപപ്പെടുത്തണമെന്നു അത് സാമൂഹിക പ്രതിബദ്ധതയില്‍ കേന്ദ്രീകൃതമായിരിക്കണമെന്നും ഫാ. റ്റി. സി. ജോണ്‍ മിഷന്‍ രംഗത്തെ പുതുതലമുറയെ പ്രബോധിപ്പിക്കുന്നു.

  • ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍