സിനിമാ സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ; ‘ഋ’ പ്രദര്‍ശനം തുടരുന്നു

സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ കാത്തുസൂക്ഷിച്ചിരുന്നെന്ന് ഫാദർ വർഗീസ് ലാൽ പറയുന്നു.

ഫാദർ വർഗീസ് ലാലിന കുട്ടിക്കാലം മുതൽ ഏറെ പ്രിയപ്പെട്ടത് സിനിമയായിരുന്നു. പ്രിയപ്പെട്ടവരുടെ ഇഷ്ടത്തിനൊപ്പം വൈദികജീവിതം സ്വീകരിച്ചെങ്കിലും ഉള്ളിലെ സിനിമയോടുള്ള മോഹം ആ കുട്ടി മറന്നിരുന്നില്ല. ആത്മീയ പാതയിൽ വ്യത്യസ്തനാക്കുന്ന ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേരിൽ തുടങ്ങുന്നു വ്യത്യസ്തത. വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോയുടെ അനുകല്പനമാണ് ചിത്രം.

പ്രണയത്തോടൊപ്പം ദളിത് രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം ക്യാംപസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എം.ജി. യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. ജോസ് കെ. മാനുവലിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റിങ്ങും ക്യാമറയും പ്രമുഖ സംവിധായകനും നടനുമായ സിദ്ധാർഥ്‌ ശിവയാണ്. രാജീവ് രാജനും നയന എൽസയുമാണ് നായികാ നായകൻമാർ.

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു എം.എ സിനിമ ആൻഡ് ടെലിവിഷൻ മൂന്നം റാങ്കോടെ പാസ്സായ ഫാദർ വർഗീസ് ലാല്‍, ‘സിനിമയുടെ കാലബോധം’ എന്ന വിഷയത്തിൽ എം.ഫിൽ പൂർത്തിയാക്കി. ഇപ്പോൾ, ‘സിനിമയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുകയാണ്.