ഷെബാലി അച്ചനും ഓര്‍ത്തഡോക്സ് ഹെറാള്‍ഡും: ചില ഓര്‍മ്മകള്‍ | ജോയ്സ് തോട്ടയ്ക്കാട്


ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍

സാഹിത്യ രചനയിലുള്ള കഴിവു മൂലം സെമിനാരി വിദ്യാഭ്യാസത്തിനു (1977-1981) ശേഷം 1981-ല്‍ ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍ ചുമതലയില്‍ ഷെബാലി ശെമ്മാശന്‍ നിയമിതനായി. കവിയും ചിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ ഡോ. കെ. എം. ജോര്‍ജ് അച്ചനായിരുന്നു ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ പത്രാധിപര്‍. ഷെബാലി ശെമ്മാശന്‍റെ വരവോടെ യൂത്ത് മാസികയുടെ കെട്ടുമട്ടും മാറി. ഓഫ്സെറ്റ് പ്രിന്‍റിംഗൊന്നും വന്നിട്ടില്ലാത്ത അക്കാലത്ത് ട്രെഡില്‍ പ്രസ്സില്‍ അച്ചു നിരത്തി ഇറക്കിയ ആ ലക്കങ്ങള്‍ ഡിസൈന്‍, കാര്‍ട്ടൂണ്‍, കവിത, കഥ തുടങ്ങിയവയുടെ മികവുകൊണ്ട് ശ്രദ്ധേയമായി. യുവത്വത്തിന്‍റെ പ്രതികരണശേഷി പത്രാധിപകുറിപ്പുകളിലും ലേഖനങ്ങളിലും വിമര്‍ശനശരങ്ങളായി വന്നപ്പോള്‍ സഭാനേതൃത്വം തന്നെ അസ്വസ്ഥരായി. സഭാ മാനേജിംഗ് കമ്മിറ്റിയെ വിമര്‍ശിച്ചുകൊണ്ട് പത്രാധിപര്‍ എഴുതിയ എഡിറ്റോറിയല്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ലേഖനം എഴുതാനുണ്ടായ സാഹചര്യവും വിമര്‍ശനത്തിന്‍റെ അടിസ്ഥാനമെന്താണെന്നും വിശദീകരിച്ച് അടുത്ത ലക്കത്തില്‍ എഡിറ്റോറിയല്‍ എഴുതിയതല്ലാതെ ക്ഷമ പറഞ്ഞു തടിയൂരാന്‍ പത്രാധിപ സമിതി തയ്യാറായില്ല.

മുന്തിരി ചിത്രകഥ

മുന്തിരി ചിത്രകഥാ പരമ്പരയുടെ പ്രസിദ്ധീകരണത്തോടെയാണ് ഫാ. ഷേബാലിയുടെ പ്രസിദ്ധീകരണ രംഗത്തെ അരങ്ങേറ്റമെന്നു തോന്നുന്നു. അദ്ദേഹവും സുഹൃത്തുക്കളായ ചില വൈദികരും ചേര്‍ന്ന് മുന്തിരി ചിത്രകഥ എന്ന പേരില്‍ ബൈബിള്‍ കഥകള്‍ ചിത്രകഥകളായി പ്രസിദ്ധീകരിച്ചു തുടങ്ങി. ഫാ. കെ. ഇ. വര്‍ക്കി ആയിരുന്നു പ്രസാധകന്‍. യേശുക്രിസ്തു, ജൂഡിത്ത്, അബ്ശാലോം തുടങ്ങി ആറ് ചിത്രകഥകളിറങ്ങിയതോടെ സാമ്പത്തിക പ്രയാസങ്ങളില്‍പെട്ടതു മൂലമാവാം ആ പ്രസ്ഥാനം നിര്‍ത്തേണ്ടി വന്നു.

ഒ.വി.ബി.എസ്. പുസ്തകങ്ങള്‍

വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ നടത്തിയിരുന്ന അവധിക്കാലത്തെ പഠന കോഴ്സിന്‍റെ പുസ്തകങ്ങളും മറ്റ് സാധനങ്ങളും വാങ്ങി ഉപയോഗിച്ചുകൊണ്ടാണ് നമ്മുടെ സഭയില്‍ വി.ബി.എസ്. 1970-കളില്‍ ആരംഭിച്ചത്. അത് പിന്നീട് ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ എന്ന പേരില്‍ സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ പ്രധാന ചുമതലയില്‍ ആരംഭിച്ചപ്പോള്‍ പുസ്തകങ്ങളും മറ്റും തയ്യാറാക്കാന്‍ ഏല്പിച്ചത് ഷെബാലി അച്ചനെയും സുഹൃത്തുക്കളെയുമാണ്.

മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്

ഷെബാലി ശെമ്മാശനെ ഇതിനകം പ. മാത്യൂസ് പ്രഥമന്‍ ബാവാ ശ്രദ്ധിച്ചിരുന്നു. “സഭാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നമുക്കും ഒരു പ്രതിവാര പ്രസിദ്ധീകരണം വേണ്ടേ” എന്നു ഷെബാലി ശെമ്മാശന്‍ ചോദിച്ചതോടെയാണ് സഭാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രതിവാര പത്രം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചത്. കെ. എം. തരകന്‍, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, പോള്‍ മണലില്‍ തുടങ്ങിയ സഭാംഗങ്ങളായ സാഹിത്യകാരന്മാരെ വരുത്തി ഈ ആശയം ചര്‍ച്ച ചെയ്തു. ഡോ. സാമുവല്‍ ചന്ദനപ്പള്ളിയെ ഹോണററി ചീഫ് എഡിറ്ററാക്കി മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന പേരില്‍ സഭാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രതിവാര പത്രം ആരംഭിക്കുവാന്‍ തീരുമാനിച്ചു. 1982 സെപ്റ്റംബര്‍ 12-ന് ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. കാതോലിക്കേറ്റ് സപ്തതി ആഘോഷം വിപുലമായി കോട്ടയത്ത് ആഘോഷിച്ച മഹാസമ്മേളനത്തില്‍ ആദ്യ ലക്കം പ്രകാശനം ചെയ്തു. ഷെബാലി അച്ചന്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1982-ല്‍ എളിയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹെറാള്‍ഡ് വളര്‍ന്നതോടെ 1983-ല്‍ ഫാ. സി. എ. ഐസക്കും (അസോസിയേറ്റ് എഡിറ്റര്‍) 1985-ല്‍ ഫാ. രാജു വര്‍ഗീസും (മാനേജര്‍) പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ കല്പനപ്രകാരം പ്രവര്‍ത്തകരായി എത്തി. ദേവലോകം മാനേജരായിരുന്ന സി. കെ. ജോസഫ് റമ്പാനായിരുന്നു പ്രസാധകന്‍.

പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ പ്രസംഗങ്ങളും, സഭാ വാര്‍ത്തകളും, കഥകളും കവിതകളും നോവലുമൊക്കെ ഹെറാള്‍ഡ് പ്രസിദ്ധപ്പെടുത്തി. സഭാംഗങ്ങളും അല്ലാത്തവരുമായ സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ അതിലൂടെ വെളിച്ചം കണ്ടു. പ്രശസ്ത സാഹിത്യകാരനായ കെ. എം. തരകന്‍ രചിച്ച നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ഫാ. ഡോ. ജേക്കബ് ചെറിയാന്‍ (ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്) ധ്യാനപംക്തി കൈകാര്യം ചെയ്തു. പ്രൊഫ. കെ. വി. തമ്പി തര്‍ജമ ചെയ്ത ക്രിസ്തനുകരണം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ജോയന്‍ കുമരകം, പോള്‍ മണലില്‍ തുടങ്ങിയവരുടെ ലേഖനങ്ങളും വൈദികട്രസ്റ്റിയും പ. വട്ടശേരില്‍ തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഫാ. ജേക്കബ് മണലിലിന്‍റെ സഭാസ്മരണകളും ഒ. എം. മാത്യു ഒരുവെട്ടിത്തറയുടെ സഭാചരിത്ര ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. പ്രൊഫ എന്‍. ഐ നൈനാന്‍ ശൂരനാട് ആരാധനാ ഗാനങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ‘ആരാധനാഗീത സമീക്ഷ’ എന്ന പംക്തി എഴുതി. കല്ലുപുരയ്ക്കല്‍ പാപ്പച്ചന്‍ കണ്ടെത്തിയ ‘നിരണം ഗ്രന്ഥവരി’യുടെ കൈയെഴുത്തുപ്രതിയില്‍ നിന്ന് കുറെയേറെ ഭാഗം പ്രസിദ്ധീകരിച്ചു. ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, എബ്രഹാം സഖറിയാ ചെമ്പകമഠം, എം. കുര്യന്‍ തോമസ്, തോമസ് നീലാര്‍മഠം, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ, ജോയ്സ് തോട്ടയ്ക്കാട്, ജേക്കബ് കൊച്ചേരി, ജോണ്‍ കക്കാട്, ടി. എ. പാലമൂട്, കോന്നിയൂര്‍ എം. എം. പി., അന്തീനാട് ജോസ്, എസ്. ഡി. ചുള്ളിമാനൂര്‍, ജോര്‍ജ് തഴക്കര, പി. സി. ജയിംസ് പാമ്പാടി തുടങ്ങി പലരും ഹെറാള്‍ഡിലൂടെ എഴുതി തെളിഞ്ഞു. ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി, തുളസി കോട്ടുക്കല്‍ തുടങ്ങിയ അക്രൈസ്തവരായ എഴുത്തുകാരുടെ രചനകളും വായിച്ചതോര്‍ക്കുന്നു.

മുഖം നോക്കാതെയുള്ള വിമര്‍ശനം

സഭാനേതൃത്വത്തിലുള്ളവര്‍ക്ക് വഴിതെറ്റുമ്പോള്‍ മുഖം നോക്കാതെ ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് വിമര്‍ശിച്ചു. മാനേജിംഗ് കമ്മിറ്റിയില്‍ ഹെറാള്‍ഡിനെക്കുറിച്ച് ചോദ്യവും ഉത്തരവുമൊക്കെയുണ്ടായി. സെക്രട്ടറിയുടെ ബജറ്റിനെപ്പറ്റി ‘എംപ്റ്റി ബജറ്റ്’ എന്നെഴുതിയതു അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന എം. റ്റി. പോളിനെ ചൊടിപ്പിച്ചു. പുലിക്കോട്ടില്‍ രണ്ടാമനു മലയാള മനോരമയില്‍ ഉണ്ടായിരുന്ന ഷെയറിനെക്കുറിച്ച് അന്വേഷിച്ചത് അന്ന് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന കെ. എം. മാത്യുവിന്‍റെ അനിഷ്ടത്തിനും കാരണമായി.
പുസ്തക പ്രസിദ്ധീകരണം

പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ റോം, ഗള്‍ഫ് യാത്രയുടെ വിവരണം ‘മരുശ്വാദലങ്ങളില്‍’ എന്ന പേരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഫാ. സഖറിയാ പേരങ്ങാട്ടിനെക്കൊണ്ട് (പിന്നീട് ഔഗേന്‍ മാര്‍ ദീവന്നാസ്യോസ്) എഴുതിച്ച് പ്രസിദ്ധീകരിച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് പുസ്തക പ്രസിദ്ധീകരണ രംഗത്തേക്കും കടന്നു. പ. മാത്യൂസ് പ്രഥമന്‍ ബാവാ ചര്‍ച്ച് വീക്ലിയില്‍ എഴുതിയ പ്രഭാഷണങ്ങള്‍ സമാഹരിച്ച് 1988-ല്‍ “വചനത്തിന്‍റെ സുവര്‍ണ്ണം” എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

പ. പരുമല തിരുമേനിയുടെ രണ്ടാമത്തെ ജീവചരിത്രം പ്രസിദ്ധീകരിച്ച ഫാ. ഇ. ജെ. എബ്രഹാം ദേവലോകത്തെ പഴയ അരമനക്കെട്ടിടത്തില്‍ ആയിരുന്നു ജീവിത സായാഹ്നത്തില്‍ താമസിച്ചിരുന്നത്. പരുമല സെമിനാരി മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അവിവാഹിതനായിരുന്നു. ആ കാലഘട്ടത്തില്‍ പരുമല തിരുമേനിയുടെ ജീവചരിത്രത്തിന്‍റെ പ്രസിദ്ധീകരണാവകാശം ഓര്‍ത്തഡോക്സ് ഹെറാള്‍ഡിന് അദ്ദേഹം നല്‍കുകയും അവര്‍ ഈ കൃതിയുടെ പതിനായിരം കോപ്പി പ്രസിദ്ധീകരിച്ച് സൗജന്യവിലയായ 10 രൂപയ്ക്ക് വിതരണം ചെയ്യുകയും ചെയ്തു. സൗജന്യനിരക്കില്‍ വിതരണം ചെയ്യാന്‍ ഒട്ടേറെപ്പേര്‍ ഹെറാള്‍ഡിനെ ചെറിയ തുകകള്‍ നല്‍കി സഹായിച്ചിരുന്നതായും ഓര്‍ക്കുന്നു.

പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ ചരമ രജത ജൂബിലി സ്മരണിക പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ജൂബിലി സ്മരണികകള്‍ മാസികാരൂപത്തില്‍ ഇറക്കിയിരുന്ന കാലത്താണ് അതില്‍ നിന്നു വ്യത്യസ്തമായി പുസ്തകരൂപത്തില്‍ അത് പ്രസിദ്ധീകരിച്ചത്.

വൈദിക സുഹൃദ് സംഘം

അമേരിക്കയില്‍ ജീവിച്ചിരുന്ന ഫാ. പി. സി. ഗീവറുഗീസിന്‍റെ താല്പര്യത്തില്‍ 1990-ല്‍ രൂപംകൊണ്ട വൈദികരുടെ കൂട്ടായ്മായ വൈദിക സുഹൃദ് സംഗമത്തിന്‍റെ പിന്നണിയിലും ഷെബാലി അച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കൂട്ടായ്മയുടെ ഒരു സമ്മേളനം പരുമല സെമിനാരിയില്‍ വച്ച് 1990 ജൂണ്‍ 27-നു നടന്നു. വിശ്വാസപരമായ ചില ലഘുലേഖകള്‍ ഈ കൂട്ടായ്മയുടെ പേരില്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1980-കളില്‍ ആരംഭിച്ച സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദിക സംഘം എന്ന സഭയിലെ വൈദികരുടെ സംഘടനയ്ക്ക് ബദലായി രൂപീകരിച്ചതാണ് വൈദിക സുഹൃദ് സംഗമം എന്ന തെറ്റിദ്ധാരണയില്‍ ഈ കൂട്ടായ്മയ്ക്കെതിരെ പരാതികള്‍ സഭാനേതൃത്വത്തിനു ലഭിച്ചു. സുന്നഹദോസ് ഈ വിഷയം ചര്‍ച്ച ചെയ്ത് വൈദികരുടെ സംഘടനയായി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദിക സംഘം മാത്രം മതി എന്ന തീരുമാനം എടുത്തു. ഷെബാലി അച്ചനും സഭാനേതൃത്വവുമായി അകലുവാന്‍ ഇതും ഒരു കാരണമായി ഭവിച്ചു.

ഒരു മികച്ച പ്രസിദ്ധീകരണത്തിന്‍റെ ദയനീയ അന്ത്യം

പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ സാമ്പത്തിക പിന്തുണയോടെ നടത്തി വന്ന ഹെറാള്‍ഡ് ബാവായുടെ അവസാന കാലത്ത് പ്രതിസന്ധി നേരിട്ടു. 1989 ഫെബ്രുവരിയില്‍ പത്രത്തിന്‍റെ ചുമതലക്കാര്‍ അക്കാര്യം സുന്നഹദോസിനെ അറിയിച്ചെങ്കിലും സഭാനേതൃത്വത്തില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതിനകം സ്വന്തമായി ഒരു ഓട്ടോമാറ്റിക്ക് പ്രസ്സ് വാങ്ങി അതില്‍ അച്ചടിക്കുവാന്‍ ആരംഭിച്ചിരുന്നു. അതിന്‍റെ ലോണ്‍ അടയ്ക്കലും ബാധ്യതയായി മാറി. പ. മാത്യൂസ് രണ്ടാമന്‍ ബാവാ കാതോലിക്കാ സ്ഥാനമേറ്റതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായതോടെ 1990-ല്‍ ഹെറാള്‍ഡിന്‍റെ പ്രസിദ്ധീകരണം നിലച്ചു. ഷെബാലി അച്ചന്‍ മദ്രാസ് ഭദ്രാസനത്തിലെ സേവനത്തിനായി കോട്ടയം വിട്ടു.

1999-ല്‍ ഹൈദരബാദില്‍ വച്ചു നടന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ചാണ് പിന്നീട് ഞാന്‍ ഷെബാലി അച്ചനെ കണ്ടത്. യുവജനങ്ങള്‍ക്കായി സഭാപിതാക്കന്മാരുടെ രചനകള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഡിഡാക്കെയുടെ ഇംഗ്ലീഷ് പതിപ്പ് പോക്കറ്റ് സൈസില്‍ പ്രസിദ്ധീകരിച്ചതിന്‍റെ ഒരു കോപ്പി എനിക്കു തന്നു.

മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് വെബ്സൈറ്റും ഓണ്‍ലൈന്‍ പത്രവും

മദ്രാസ് ഭദ്രാസനത്തിലെ ഒരു പതിറ്റാണ്ട് നീണ്ട വൈദിക ശുശ്രൂഷയ്ക്കു ശേഷം 2002-ല്‍ ഷെബാലി അച്ചന്‍ അമേരിക്കയിലെത്തി. അതോടെ ദേവലോകത്തു നിന്നും പ. മാത്യൂസ് പ്രഥമന്‍ ബാവായുടെ ഭരണകാലത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയും 1990-ല്‍ പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്ത മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് 2002 മുതല്‍ ഓണ്‍ലൈനില്‍ സജീവമായി. ഇംഗ്ലീഷില്‍ സഭാ വാര്‍ത്തകളും വിശ്വാസപരമായ ലേഖനങ്ങളുമാണ് ഹെറാള്‍ഡിന്‍റെ വെബ്സൈറ്റില്‍ ആദ്യ കാലത്ത് പ്രസിദ്ധീകരിച്ചു വന്നത്. പിന്നീട് 2005-ല്‍ ഹെറാള്‍ഡ് പത്രം മലയാളത്തില്‍ പി.ഡി.എഫ്. രൂപത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. സാഹിത്യകാരനായ ജോര്‍ജ് തഴക്കരയുടെ സഹായത്തോടെയായിരുന്നു ഈ പ്രസിദ്ധീകരണം നടത്തിയിരുന്നത്. ഫാ. കുര്യാക്കോസ് തോട്ടുപുറം ചീഫ് എഡിറ്ററും ഷെബാലി അച്ചന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ജോര്‍ജ് തഴക്കര റസിഡണ്ട് എഡിറ്ററുമായി ആണ് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ഈ ഓണ്‍ലൈന്‍ പത്രം നടന്നത്. ആദ്യ വര്‍ഷങ്ങളില്‍ ആഴ്ചയില്‍ നാലു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് ആഴ്ചയില്‍ ഒന്നായി ചുരുങ്ങി. സഭയുടെ വിവിധ സമ്മേളനങ്ങളിലെ പ്രസംഗം വോയിഡ് റിക്കോര്‍ഡര്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്തത് എഴുതിയെടുത്ത് പ്രസിദ്ധീകരിക്കുന്നു എന്നത് ഈ പ്രസിദ്ധീകരണത്തിന്‍റെٶഒരു പ്രത്യേകതയായിരുന്നു. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്‍റെ ജീവിത സ്മരണകള്‍ വെളിച്ചം കണ്ടത് ഇതിലൂടെ ആയിരുന്നു. യാക്കോബായ വിഭാഗം ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച പല നുണക്കഥകളും പൊളിച്ചടുക്കാനും ഹെറാള്‍ഡിന് സാധിച്ചു. 2016-ല്‍ ഹെറാള്‍ഡിന്‍റെ വെബ്സൈറ്റ് നിര്‍ത്തി. അതിനു മുമ്പു തന്നെ സാമ്പത്തിക പ്രതിസന്ധി മൂലം ഓണ്‍ലൈന്‍ പത്രം നിര്‍ത്തിയിരുന്നു.