തേവർവേലിൽ ജോസഫ് കത്തനാർ ( – 1953) / റ്റിബിൻ ചാക്കോ തേവർവേലിൽ

തേവർവേലിൽ ഈശോ ഐപ്പയുടെയും , ഓമല്ലൂർ വടക്കേടത്ത് കൈതമൂട്ടിൽ ഗീവർഗീസ് കത്തനാരുടെയും പുത്രി മറിയാമ്മയുടെയും നാലാമത്തെ മകനായി റ്റി. ഐ ജോസഫ് അച്ചൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കോട്ടയം എം. ഡി സെമിനാരിയിലും കോളജ് വിദ്യാഭ്യാസം കോട്ടയത്തും നടത്തി. ബി. എ പാസായശേഷം ശെമ്മാശപട്ടം സ്വീകരിച്ചു. വൈദികനായ ശേഷം കോട്ടയം വൈദിക സെമിനാരിയിൽ പഠിപ്പിച്ചു. കാനഡയിൽ ടൊറന്റോ ട്രിനിറ്റി കോളജിൽ നിന്നും എം. എ, ബി.ഡി പാസായി. അക്കാലത്ത് വിദേശത്ത് പോയി എം. എ, ബി.ഡി. പാസായ ചുരുക്കം ചില വൈദികരിൽ ഒരാളായിരുന്നു. അദ്ദേഹം

ഒരു മേൽപട്ടക്കാരനായി കാണമെന്ന് തുമ്പമൺ ഭദ്രാസനം വളരെ ആഗ്രഹിച്ചിരുന്നതായി , ഭദ്രാസന മാനേജിംഗ് കമ്മറ്റി മിനിട്ട്സുകളിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. പക്ഷെ ദൈവഹിതം മറിച്ചായിരുന്നു. അദ്ദേഹം തിരുവല്ല പൈനുംമൂട്ടിൽ ശ്രീ ചെറിയാന്റെ മകൾ ഡോ. ശോശാമ്മയെ വിവാഹം ചെയ്തു. ഡോ. ശോശാമ്മ മദ്രാസ് ഗവൺമെന്റ് സർവീസിൽ സേവനം അനുഷ്ഠിച്ചിരുന്നു. കാനഡാ , സിംഗപ്പൂർ, ബോബെ, കുനൂർ , കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോബെ ദാദറിലുള്ള പഴയ സെന്റ് മേരീസ് പള്ളി, കോയമ്പത്തൂർ സെന്റ് മേരീസ് പള്ളി എന്നിവ അച്ചന്റെ ശ്രമഫലത്തിന്റെ കൂടെ ഫലമായി രൂപീകൃതമായവയാണ്. കോയമ്പത്തൂരിലെ ആദ്യ കാല മലയാളം ഹൈസ്കൂൾ (സെന്റ് മേരീസ് ) ഈ വൈദികന്റെ പ്രയത്നത്താൽ രൂപീകൃതമായതാണ്.

അമേരിക്ക, കാനഡ, യൂറോപ്പ്, വിശുദ്ധ നാടുകൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച അച്ചന് മലയാളം, ഇംഗ്ലീഷ് ഭാഷകൾ കൂടാതെ സംസ്കൃതം, തമിഴ്, ലത്തീൻ, ഗ്രീക്ക് , എബ്രായാ , സുറിയാനി ഭാഷകളും വശമുണ്ടായിരുന്നു.അച്ചന്റെ പ്രഭാഷണങ്ങൾ ഉന്നത നിലവാരം പുലർത്തുന്നതും , ആകുല ചിത്താകുലർക്ക് ഉത്തേജനവും, കരുശേഷിയും പകരുന്നവയും ആയിരുന്നു. മത സംസ്ക്കാരത്തെ കുറിച്ചും , ദർശനങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ ധാരാളം ആളുകൾക്ക് വെളിച്ചം പകർന്നു നൽകി.

ഇദ്ദേഹം 1953 ഏപ്രിൽ 8 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. കോയമ്പത്തൂർ സെന്റ് മേരീസ് പള്ളിയിൽ സംസ്ക്കരിച്ചു. അദ്ദേഹത്തിന്റെ ഏക പുത്രി ഡോ. മേരി ജോസഫ് 2008 ൽ നിര്യാതയായി.ഈ പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.