
ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട് എന്നത് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണ്. കോതമംഗലം ചെറിയ പള്ളിക്കേസുമായി ബന്ധപ്പെട്ട് കേരള ആഭ്യന്തര സെക്രട്ടറി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ പ്രസ്താവനകള്‍ സത്യവിരുദ്ധമാണെന്ന്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സഭാതര്‍ക്കത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി ഈ പ്രശ്‌നം ചര്‍ച്ചകളില്‍ കൂടി പരിഹരിക്കാമെന്നും, അതുവരെയും കോടതിവിധികള്‍ നടപ്പാക്കുവാന്‍ ആവശ്യപ്പെടുകയില്ല എന്നും ഇരുകൂട്ടരും സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഇത് വാസ്തവ വിരുദ്ധമാണ്.
കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുകയോ, താമസിപ്പിക്കുകയോ ചെയ്യത്തക്കവിധത്തില്‍ ഒരു ധാരണയും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് ചര്‍ച്ചകളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടി ഹാജരായ വ്യക്തി എന്ന നിലയില്‍ ഉറപ്പിച്ച് പറയുവാന്‍ സാധിക്കും. സുപ്രീം കോടതി വിധികളുടെയും, അതിനെ അടിസ്ഥാനപ്പെടുത്തി മറ്റു കോടതികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന തീര്‍പ്പുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ സഭാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളു എന്ന നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ എന്നും സ്വീകരിച്ചിട്ടുള്ളത്. ബഹു. മുഖ്യമന്ത്രിയുമായി മൂന്നു വട്ടം നടത്തിയ ചര്‍ച്ചകളിലും അതേ നിലപാടു തന്നെ ഉറപ്പിച്ചു പറയുകയാണ് ചെയ്തിട്ടുള്ളത്. അനന്തമായി ചര്‍ച്ചകള്‍ നീട്ടി പ്രശ്‌ന പരിഹാരം കണ്ടെത്താമെന്നും വിധി നടത്തിപ്പ് താമസിപ്പിക്കാമെന്നും ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും സമ്മതിച്ചിട്ടില്ല.
ഈ കാര്യങ്ങള്‍ എല്ലാം സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളുടെ മിനിട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ രേഖകള്‍ക്കു വിരുദ്ധമായാണ് അഭ്യന്തര സെക്രട്ടറി സത്യവാങ്ങമൂലം സമര്‍പ്പിച്ചിട്ടുള്ളത്. കോടതിവിധിക്കനുസൃതമായി ഇരുവിഭാഗങ്ങളും യോജിക്കുന്നതിനാണ് ഓര്‍ത്തഡോക്‌സ് സഭ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ അത്തരമൊരു യോജിപ്പിന് പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറല്ല എന്ന് മാദ്ധ്യമങ്ങളില്‍കൂടി വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നു.
മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകള്‍ സംബന്ധിച്ച് തെറ്റായ വ്യാഖ്യാനം ബഹു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അഭ്യന്തര സെക്രട്ടറി രേഖപ്പെടുത്തിയിട്ടുള്ളത് കോടതിയെ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ്. ശക്തമായ ഇടപെടലിലൂടെ കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിന്റെ വൈമനസ്യമാണ് ഈ സത്യവാങ്ങ്മൂലത്തില്‍ കാണുന്നത്. ഇത് വസ്തുതാവിരുദ്ധവും, അസത്യവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.