203/1970 Letter by Ignatius Yacob III Patriarch (Syriac)
Syrian Patriarcate
of Antioch and all the East
Damascus – Syria
No. 203/70
(മുദ്ര)
ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്.
സാഹോദര്യ ചുംബനത്തിനും ബഹുമാന്യനായ അങ്ങയുടെ ക്ഷേമാന്വേഷണത്തിനും ശേഷം പറയുന്നതെന്തെന്നാല്‍.
അങ്ങയുടെ എഴുത്തിന് വളരെ നാളുകള്‍ക്കു മുമ്പ് മാര്‍ത്തോമ്മായുടെ സിംഹാസനം എന്ന തലവാചകത്തില്‍ എഴുതിയിട്ടുള്ളതായി ഒരു കത്ത് നാം വായിച്ച് വളരെ അത്ഭുതപ്പെട്ടു. നാലാം നൂറ്റാണ്ടില്‍ കാതോലിക്കാസ്ഥാപനം ഉണ്ടായതു മുതല്‍ ഈ നാമം കാതോലിക്കാമാരിലോ മപ്രിയാനാമാരിലൊ ആരും ഉപയോഗിച്ചിട്ടില്ലാ എന്നതാണ് കാര്യം. രണ്ടാമതായി മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം എന്നു പറയപ്പെടത്തക്കവിധത്തില്‍, മാര്‍ത്തോമ്മാ ശ്ലീഹാ ഏതെങ്കിലും ഒരു സിംഹാസനം സ്ഥാപിച്ചിട്ടേയില്ല. യൂഹാനോന്‍റെ ഏവന്‍ഗേലിയോനില്‍നിന്നും (20:21 – 24) വ്യക്തമാകുന്ന പ്രകാരം അദ്ദേഹം ഒരു പുരോഹിതനായിട്ടില്ലായിരുന്നു. ഒരു പുരോഹിതന്‍ പോലും ആകാതിരിക്കെ എങ്ങനെ മഹാപുരോഹിതനായി. ഒരു മഹാപുരോഹിതന്‍ അല്ലാതിരിക്കെ എങ്ങനെ സിംഹാസനം സ്ഥാപിച്ചു. അതുകൊണ്ട് പൂര്‍വിക ചരിത്രകാരന്മാരിലാരും തന്നെ അദ്ദേഹം ആരെയും എപ്പിസ്കോപ്പാ ആയി പട്ടം കെട്ടിയതായോ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചതായോ പ്രസ്താവിച്ചിട്ടില്ല.
……………………………………………………………………………………………………….
നമ്മുടെ ശ്ലൈഹിക ആശീര്‍വാദങ്ങള്‍ വാത്സല്യ മെത്രാപ്പോലീത്തന്മാര്‍ക്കും നമ്മുടെ മക്കളായ വൈദികര്‍ക്കും അവിടെയുള്ള ജനത്തിനും നല്‍കുക. പാത്രിയര്‍ക്കാ അരമനാംഗങ്ങള്‍ അങ്ങയുടെ കൈ ചുംബിക്കുകയും പ്രാര്‍ത്ഥനകളെ ആശ്ലേഷിക്കുകയും ചെയ്യുന്നു. ഇവ ഇവിടെ അവസാനിക്കട്ടെ. കര്‍ത്താവിന്‍റെ കൃപ അങ്ങയോടുകൂടെ.
ദമസ്കോസ്
27 – 6 – 1970
(മലയാളം വിവര്‍ത്തനം)
മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യം: കാതോലിക്കാ ബാവായുടെ മറുപടി
(മുദ്ര)
No. 155/70
അന്ത്യോക്യായുടെയും കിഴക്കൊക്കെയുടെയും ഭാഗ്യവാനായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ പരിശുദ്ധതയ്ക്ക്.
തിരുമനസ്സിലെ കുശലാന്വേഷണത്തിനും ക്ഷേമാശംസയ്ക്കും ശേഷം അറിയിക്കുന്നത്:-
കഴിഞ്ഞ 27 – 6 – 70 ല്‍ അയച്ച തിരുമനസ്സിലെ കത്ത് ലഭിച്ചു. അതിലെ താല്പര്യപ്രകാരം നമ്മുടെ ബ. മെത്രാപ്പോലീത്തന്മാരെയും പ്രധാനപ്പെട്ട ചില കശ്ശീശന്മാരെയും വിവരങ്ങള്‍ അറിയിച്ചു. ഇതില്‍ അവരെല്ലാവരും വളരെ അത്ഭുതപ്പെടുകയും ഏറ്റവും ദുഃഖിക്കുകയും ചെയ്തു. മാര്‍ത്തോമ്മാശ്ലീഹായുടെ പൗരോഹിത്യം, സിംഹാസനം, കാതോലിക്കേറ്റിന്‍റെ അധികാരം ഇവയെ സംബന്ധിച്ചുള്ള തിരുമനസ്സിലെ കത്തിലെ പ്രസ്താവന സത്യത്തിനും സഭാവിശ്വാസത്തിനും യോജിക്കാത്തതും, പിതാക്കന്മാരുടെ ചരിത്രത്തിനും കാനോനാകള്‍ക്കും എതിരുമാണെന്നും, തന്‍നിമിത്തം അവ ഒരിക്കലും സ്വീകാര്യങ്ങളല്ലെന്നും, പ്രതിഷേധാര്‍ഹങ്ങളാണെന്നുമാണ് ഇവിടെ എല്ലാവരുടെയും അഭിപ്രായം. ഇതേപ്പറ്റി ഇവിടെ കൂടിയ സിനഡ് നിശ്ചയിച്ചതനുസരിച്ച് അതിന്‍റെ സെക്രട്ടറി വിശദമായി തിരുമനസ്സിലേക്ക് പിന്നീട് എഴുതുന്നതാണ്.
പ. സഭയെ കലക്കുന്നതിനും നശിപ്പിക്കുന്നതിനും അന്തി ക്രിസ്തു ആഗ്രഹിക്കുന്നതിന്‍റെ ഫലമായി മതപരമായ ജീവിതമോ വിശ്വാസമോ ഇല്ലാത്തവരും സഭയുടെ തത്വങ്ങളെ സംബന്ധിച്ച് പരിജ്ഞാനമില്ലാത്തവരുമായ ചുരുക്കം ചില വഴക്കാളികള്‍ മാത്രം ഈദൃശ സംഗതികളില്‍ തല്പരന്മാരായി ഉണ്ടായേക്കാം. എന്നാലും സഭയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇത് വളരെ സങ്കടകാരണമായിരിക്കുന്നു.
നമ്മുടെ മുന്‍ഗാമി കാലം ചെയ്ത മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാലത്ത് ഈവിധ സംഗതികളെക്കുറിച്ച് അവിടുന്ന് എഴുതിയിരുന്നതായും അന്ന് സമുചിതമായ മറുപടി അതിനു നല്‍കിയതായും അറിയുന്നു. കൂടുതലായി തല്‍ക്കാലം നാം ഒന്നും എഴുതുന്നില്ല. പാത്രിയര്‍ക്കാ സിംഹാസനവും കാതോലിക്കാ സിംഹാസനവും തമ്മില്‍ കാനോനികമായും മലങ്കരസഭാ ഭരണഘടന പ്രകാരവും ഉള്ള ഐക്യബന്ധം ഏറ്റക്കുറച്ചില്‍ കൂടാതെ സംരക്ഷിക്കപ്പെട്ടു കാണ്മാന്‍ ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു. പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമെന്നു ഞങ്ങള്‍ അഭിമാനിക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങള്‍ അവിടുന്ന് പുനഃചിന്തനം ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങയുടെ ജ്ഞാനത്തിന് ഇതു മതി.ഞാന്‍ വാക്കുകള്‍ ചുരുക്കുകയാണ്.
ദൈവം അങ്ങേയ്ക്ക് ദീര്‍ഘായുസ്സും ആത്മശരീര സൗഖ്യവും അവിടുത്തെ അധികാരത്തിന്‍ കീഴിലുള്ള ബ. മെത്രാപ്പോലീത്തന്മാര്‍ക്കും കശീശ്ശന്മാര്‍ക്കും വിശ്വാസമുള്ള ജനത്തിനും സമാധാനവും ക്ഷേമവും നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഇവിടെയുള്ള ബ. മെത്രാപ്പോലീത്തന്മാരും കശീശ്ശന്മാരും വിശ്വാസികളായ ജനങ്ങളും തൃക്കരം മുത്തുകയും അങ്ങയുടെ ശുശ്രൂഷകര്‍ക്ക് ക്ഷേമം നേരുകയും ചെയ്യുന്നു.
Catholicate palace
Kottayam – 4, 26 – 8 – 1970
Baselius Augen I
Catholicos of the East