5. രണ്ടാമത് കെട്ടിയ കിടങ്ങന്‍ പൗലോസ് കത്തനാരെ കൊണ്ട് ആര്‍ത്താറ്റ് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കണമെന്ന് കുന്നംകുളങ്ങര പാറമേല്‍ കുര്യപ്പ എന്നവന്‍ ദുര്‍വാശി തുടങ്ങി പള്ളിയില്‍ വച്ച് വളരെ കലശലുകള്‍ക്കു ആരംഭിക്ക നിമിത്തം പോലീസില്‍ നിന്നും പള്ളി പൂട്ടി ഇടുന്നതിനു ഇടവരികകൊണ്ടു ആണ്ടുതോറും ആ പള്ളിയില്‍ കഴിച്ചുവന്ന കന്നി മാസം 8-ാം തീയതിയിലെ പെരുന്നാള്‍ മുടങ്ങുന്നതിനു ഇടവന്നു. 1867 മാണ്ടു കന്നി മാസം 8-നു പെരുനാള്‍ ആകുന്നു മുടങ്ങിയത്. ഈ തര്‍ക്കം സര്‍ക്കാരില്‍ വ്യവഹരിച്ച സമയം കൊച്ചി പൗലോസ് കത്തനാര്‍ രണ്ടാമതു കെട്ടിയതില്‍ പിന്നീട് ആര്‍ത്താറ്റ് മുതലായ പള്ളികളില്‍ കുര്‍ബാന ചൊല്ലി നടന്നു വരുന്നില്ലെന്നു പനയ്ക്കല്‍ അയ്പ്പൂരു മുതലായവരും കുര്‍ബാന ചൊല്ലി നടന്നുവരുന്നു എന്നു പാറമ്മന്‍ മുതലായവരും തമ്മില്‍ തര്‍ക്കപ്പെടുകയാല്‍ അപ്രകാരം സത്യം ചെയ്യണമെന്നു നിശ്ചയിക്കകൊണ്ടു സമയത്തു സത്യം ചെയ്യാതെ മടങ്ങുക നിമിത്തം ഉണ്ടായ ഉത്തരവിനു പകര്‍പ്പ്.
നമ്പ്ര് 329 മത്. പോലീസ്.
തലപ്പള്ളി കോവിലകത്തുംവാതുക്കല്‍ തഹശീല്‍ദാര്‍ക്കു എഴുതിയ ഉത്തരവ് എന്തെന്നാല്‍.
ആര്‍ത്താറ്റ് പള്ളി ഇടവകയില്‍ ചേര്‍ന്ന കിടങ്ങന്‍ പൗലോസ് കത്തനാര്‍ ആര്‍ത്താറ്റ്, കുന്നംകുളം, ചിറളയം, പുത്തന്‍പള്ളി, തെക്കേകുരിശ് ഈ അഞ്ചു പള്ളികളിലും കുര്‍ബാന ചൊല്ലി വരുവാറുണ്ടെന്നു ആ കത്തനാരും ആ ഭാഗത്തില്‍പ്പെട്ട പാറമ്മേല്‍ കുരിയപ്പന്‍ മുതല്‍പേരും ആ കത്തനാര്‍ രണ്ടാമത് വിവാഹം ചെയ്ക നിമിത്തം 1858 ഇടവത്തില്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അവര്‍കളുടെ മുടക്കം ഹേതുവാല്‍ കുര്‍ബാന ചൊല്ലി വരുവാറില്ലെന്നു പനയ്ക്കല്‍ യാക്കോബ് കത്തനാരും ആ ഭാഗത്തില്‍ ചേര്‍ന്ന പനയ്ക്കല്‍ അയിപ്പൂരു മുതലായവരും തമ്മില്‍ തര്‍ക്കിച്ചു കാര്യം ഉഭയസമ്മതപ്രകാരം സത്യത്തുമ്മേല്‍ തീര്‍ച്ച വരുത്തത്തക്കവണ്ണം നിശ്ചയിച്ചു സത്യപത്രം മുതലായവയോടുകൂടി തഹശീല്‍ദാര്‍ക്കു ഉത്തരവ് അയച്ചതിന്‍റെ ശേഷം യാക്കോബ് കത്തനാര്‍ മുതലായി ആ ഭാഗക്കാരുടെ കുറവിനാല്‍ സത്യത്തിനു മുടക്കം വന്നിരിക്കുന്ന സംഗതി ഇടപെട്ടു സഹശീല്‍ദാര്‍ ഹര്‍ജി ബോധിപ്പിച്ചിരിക്കുന്ന കാര്യത്തെപ്പറ്റി ദിവാന്‍ജി അവര്‍കള്‍ ഈ തുലാ മാസം 29-നു നമുക്ക് എഴുതി അയച്ചിരിക്കുന്നു. അതില്‍ പറയുന്ന വിവരങ്ങളില്‍ ആര്‍ത്താറ്റ് പള്ളിയില്‍ ഉച്ച കുര്‍ബാനയ്ക്കു മുമ്പില്‍ അവിടുത്തെ മര്യാദപ്രകാരം ബൈബിള്‍ പിടിച്ചു സത്യം ചെയ്തുകൊള്ളാമെന്നും അപ്രകാരം സത്യം ചെയ്തിട്ടില്ലെങ്കില്‍ കിടങ്ങന്‍ പൗലോസ് കത്തനാര്‍ മേല്‍പറഞ്ഞ പള്ളികളില്‍ ഊഴംപോലെ കുര്‍ബാന മുതലായതു നടത്തുന്നത് സമ്മതമാണെന്നും യാക്കോബ് കത്തനാരും അതിനെ അനുസരിച്ച് പനയ്ക്കല്‍ അയിപ്പൂരു മുതലായവരും ബോധിപ്പിച്ചു കയ്പീത്ത കൊടുത്തിരിക്കുന്നതായും അവരുടെ മുടക്കത്താല്‍ സത്യത്തിനു മുടക്കം വന്നിരിക്കുന്നതായും കണ്ടിരിക്കുന്ന അവസ്ഥയ്ക്കു യാക്കോബ് കത്തനാര്‍ മുതലായവരുടെ കയ്പീത്തുകളിലെ താല്‍പര്യം പോലെ കിടങ്ങന്‍ പൗലോസ് കത്തനാരെ മേല്‍ പ്രസ്താവിച്ച അഞ്ചു പള്ളികളിലും ഊഴംപോലെ കുര്‍ബാന മുതലായ കര്‍മ്മങ്ങള്‍ നടത്തുന്നതിലേക്കു യാതൊരുത്തരുടെയും ശല്യം കൂടാതെയിരിപ്പാന്‍ ചട്ടം കെട്ടേണ്ടതായി കാണുന്നതാകകൊണ്ടു അതപ്രകാരം അതിലേക്കു വേണ്ടുന്ന നിദാനങ്ങള്‍ വരുത്തി ആയവസ്ഥയ്ക്കു എഴുതി ബോധിപ്പിച്ചുകൊള്ളുകയും വേണം. ഇപ്പടിക്കു ദിവാന്‍ പേഷ്ക്കാര്‍ വെങ്കട സുബ്ബയ്യന്‍.
1043 മാണ്ടു തുലാ മാസം 13-ാം തീയതിക്കു 1867 മത നവംബര്‍ മാസം 7-നു തൃശിവപേരൂരില്‍ നിന്നും. (ഒപ്പ്)
രായസം……..