കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിങ്ങിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താന്‍ ധാരണയായി. മാങ്ങാനം സ്‌പിരിച്വാലിറ്റി സെന്ററില്‍ ഇരുസഭകളും തമ്മില്‍ നടന്ന ഔദ്യോഗിക സഭൈക്യ ചര്‍ച്ചയെത്തുടര്‍ന്നാണിത്.
സാമൂഹികപ്രശ്‌നങ്ങളിലും ധാര്‍മികപ്രതിസന്ധികളിലും ഒന്നിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും. അജപാലന മേഖലകളില്‍ പുതിയ സഹകരണതലങ്ങള്‍ കണ്ടെത്തി പരസ്‌പരബന്ധം ബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്‌തുവിജ്‌ഞാനീയം സംബന്ധിച്ചും നിബന്ധനകള്‍ക്കു വിധേയമായി കൂദാശകള്‍ പങ്കുവയ്‌ക്കുന്നതിലും പള്ളിയും സെമിത്തേരിയും പങ്കുവയ്‌ക്കുന്നതിലുമുണ്ടായ പൊതുധാരണകളുടെ തുടര്‍ച്ചയായാണ് പൊതുസാക്ഷ്യത്തിന്റെയും സഹകരണത്തിന്റെയും മേഖലകള്‍ തുറക്കുന്നത്.
വത്തിക്കാനിലെ സഭകളുടെ ഐക്യത്തിനുള്ള കാര്യാലയ സെക്രട്ടറി ആര്‍ച്ചുബിഷപ് ബ്രയാന്‍ ഫാരലും യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തായും അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, ഫാ. മാത്യു വെള്ളാനിക്കല്‍, ഫാ. റെജി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് യൂഹാനോന്‍ മാര്‍ ദിമിത്രയോസ് (കോ-ചെയര്‍മാന്‍), യാക്കൂബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്, ഫാ. ഒ. തോമസ്, ഫാ. ടി.ഐ. വര്‍ഗീസ്, ഫാ. ബേബി വര്‍ഗീസ്, ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. റജി മാത്യു, ഫാ. ജോസ് ജോണ്‍, ഫാ. കോശി വൈദ്യന്‍, ഫാ. ഫിലിക്‌സ് യോഹന്നാന്‍, ഫാ. ഏബ്രഹാം തോമസ് എന്നിവരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബിഷപ് ബ്രയാന്‍ ഫാരല്‍ (കോ-ചെയര്‍മാന്‍), മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ തോമസ് കൂറിലോസ്, മാര്‍ സെല്‍വിസ്‌റ്റര്‍ പൊന്നുമുത്തന്‍, ഫാ. സേവ്യര്‍ കൂടപ്പുഴ, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. മാത്യു വെള്ളാനിക്കല്‍, ഫാ. അഗസ്‌റ്റിന്‍ കടേപ്പറമ്പില്‍, ഫാ. ഹൈസിന്‍ദേ ഡെസ്‌റ്റിവെല്ലെ, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.