കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോർമ്മപ്പെടുത്തൽ / ഫാ.ജോൺസൺ പുഞ്ചക്കോണം

ലോകത്തിലെ തന്നെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ സംസ്കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങൾ  സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന്‌ പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ച്‌  വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്. (യെശയ്യാവു 11:11). വേട്ടക്കാരൻ എന്ന നിലയിൽ ഒതുങ്ങികഴിഞ്ഞുകൂടിയിരുന്ന മനുഷ്യൻ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഊടാടി സഞ്ചരിച്ചുകൊണ്ടിരുന്നു. നവീനശിലായുഗ കാലഘട്ടത്തിൽത്തന്നെ മനുഷ്യൻ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു. അന്ന് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. വെങ്കലയുഗകാലത്തായിരുന്നു ഇന്നിന്റെ വളർച്ചക്ക് കാരണമായ ആധുനികസംസ്കാരത്തിന്റെ ആരംഭം. എന്നാൽ അവർ ശിനാർ ദേശത്ത് ഒരു നഗരവും ആകാശം വരെയെത്തുന്ന ഒരു ഗോപുരവും നിർമ്മിക്കുവാൻ തീരുമാനിച്ചു. മനുഷ്യരുടെ ഈ പ്രവൃത്തിയെ വലിയൊരു ധിക്കാരമായിട്ടാണ് ദൈവം വിലയിരുത്തിയത്. ഈ ധിക്കാരത്തിനു ശിക്ഷയായി മനുഷ്യർക്കിടയിൽ പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കാത്ത വിധത്തിൽ വിവിധ ഭാഷകൾ സൃഷ്ടിക്കുകയും ചെയ്തു. അതോടെ നഗരത്തിന്റെ പണി പൂർത്തിയാക്കുവാൻ കഴിയാതെ വിവിധ ദേശങ്ങളിലേക്കു ഊടാടി സഞ്ചരിക്കുന്ന സമൂഹങ്ങൾക്ക് തുടക്കമായി. പിന്നീട് മെസപ്പൊട്ടേമിയയിൽ തുടങ്ങി വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്കൃതസമൂഹങ്ങൾ രൂപം പ്രാപിക്കുകയും തങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയും ചെയ്തു. ബി.സി. 550 മുതല്‍ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങള്‍ പിറവിയെടുത്തു. വെള്ളക്കൂറുള്ള നദീതടങ്ങളിൽ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യൻ സൃഷ്ടിച്ചെടുത്ത അധിനിവേശത്തിന്റെ കഥകൾ പറയുന്ന സവിശേഷ സംസ്കാരങ്ങളാണ് നദീതട സംസ്കാരങ്ങൾ. ഇന്നിന്റെ ലോക നെറുകയിൽ കാണുന്ന  ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഉറവിടം നദീതടങ്ങളായിരുന്നു എന്ന് നിസംശയം പറയാം. ഗോത്രജീവിതത്തിൽ നിന്നും ആസൂത്രിതമായ ഒരു നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്കാരികധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളിൽ വച്ചായിരുന്നു. പിൽക്കാലത്ത് സിന്ധുനദിയുടെ പാർശ്വങ്ങളിലേക്ക് കുടിയേറി പാർത്തവർ സിന്ധുക്കളെന്നും പിന്നീട് പേർഷ്യൻ സമൂഹം അവരെ ഹിന്ദുക്കളെന്നും വിളിച്ചു.
ആദിമ കാലങ്ങളിൽ ജനവിഭാഗങ്ങൾ  ഗോത്രം ഗോത്രമായി വികാസം പ്രാപിക്കുകയായിരുന്നു. കാലി മേയ്ക്കലും കൃഷിയുമായി ഗോത്രങ്ങൾ വികസിച്ചു. ഇത്തരം ഗോത്രങ്ങൾക്ക് ഗോത്രതലവൻ ഉണ്ടായിരുന്നു. കാലി മേയ്ക്കുന്നവരിൽ പ്രമുഖനോ ഏറ്റവും അധികം ഗോക്കൾ ഉള്ളയാളോ ആയിരിക്കും ഗോത്രതലവൻ. ഗോത്രത്തിനും കീഴിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതും ക്ഷേമം നോക്കിയിരുന്നതും ഇയാളോ ഇയാൾക്കൊപ്പമുള്ള ആൾക്കാരോ ആയിരിക്കാം. ഗോത്രങ്ങൾ വളർന്നപ്പോൾ ഇത് ചെറിയ ഘടകങ്ങൾ ആയി വിഭജിച്ച് കൂടുതൽ ഗോത്രത്തലവന്മാർ ഉണ്ടാകുകയും ഈ ഗോത്രങ്ങളുടെ എല്ലാം തലവന്മാരുടെ തലവനെ ഗോക്കളുടെ അധിപൻ എന്ന് വിളിച്ചിരിക്കാം. പിന്നീട് അത് “ഗോപൻ” അല്ലെങ്കിൽ  “കോൻ” എന്ന് ചുരുക്കി  രാജാവിനെ സംബോധന ചെയ്തു വന്നു. “കോൻ” എന്ന പദത്തിന് “ഇടയൻ” എന്നൊരു അർത്ഥവുമുണ്ട് . കോൻ അല്ലെങ്കിൽ കോൽ എന്നതുമായി ഇതിന് ബന്ധമുണ്ടാകാം. ഒരുപക്ഷെ ചെങ്കോൽ എന്നത് ആട്ടിടയന്മാരുടെ കോൽ എന്നതിന്റെ ഒരു പ്രതീകമാവാം. കാലികളാണ് സമ്പത്തിന്റെ ആധാരം എന്ന് ഒരു മാനദണ്ഡം അന്നുണ്ടായിരുന്നു. വ്യാപകമായി കാലികവർച്ചയും ഗോത്രങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ഇത് മൂലം പല വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അങ്ങനെ ഗോത്രങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾക്ക് നേതൃത്വം നൽകിയിരുന്നവരായിരുക്കണം പിൽക്കാലത്ത് രാജാക്കന്മാരായി അറിയപ്പെട്ടതെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ഗോത്ര വ്യവസ്ഥ ശക്തിപെട്ട് മുന്നോ നാലോ രാജസ്ഥാനങ്ങൾ ഉടലെടുത്തു. ചേരർ, ചോഴർ, പാണ്ട്യർ എന്നിവരും മലനാട് എന്നതുമാണ് അത്. ഇതിൽ മലനാട് പിന്നീട് ഒരു സ്വതന്ത്ര്യ രാഷ്ട്രപദവി നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളുടെ ഭാഗമായിത്തീർന്നു എന്നതാണ് ചരിത്രം.
പ്രാകൃതങ്ങളായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ദ്രാവിഡ ആചാരങ്ങൾ ആയിരുന്നു പ്രാചീന കേരളീയർ പിന്തുടർന്നത്. കുലദൈവങ്ങളേയും നദികളേയും വൃക്ഷങ്ങളേയും അവർ ആരാധിച്ചു പോന്നു. ഋഗ്വേദ കാലത്ത് രണ്ടു വർണ്ണങ്ങളേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ആര്യവർണ്ണവും, ദാസവർണ്ണവും. വേദിക് വർഗ്ഗങ്ങൾ തങ്ങൾ സ്വയം ആര്യന്മാർ അതായത് ഉന്നത കുലജാതർ എന്നു സ്വയം കരുതി. മത്രമല്ല ഇക്കൂട്ടർ എതിർവർഗ്ഗങ്ങളെ ദാസ, ദസ്യു അല്ലെങ്കിൽ പാണി എന്നൊക്കെ വിളിച്ചു.വേദകാലത്ത് വർണ്ണത്തെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ദളിതർ എക്കാലവും ഈ വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കിയിരിക്കുന്നു.  ഇന്നലെകളിൽ ഇവരെ അയിത്തജാതിക്കാർ ആയി അകറ്റിനിർത്തിയിരിക്കുന്നു.
കാലത്തിന്റെ കടന്നൊഴുക്കിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തോടെ ക്രൈസ്തവ മിഷനറിമാർ ആരംഭിച്ച പള്ളിക്കൂടങ്ങൾ മറ്റൊരു സാമൂഹിക വിപ്ലവത്തിന് വഴിതെളിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസചരിത്രം പഠിക്കുമ്പോൾ വൈദിക കാലഘട്ടത്തിലാരംഭിച്ച ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടെയായിരുന്നു തുടക്കം എന്ന് പറയാം. ഗുരുവിന്റെ കൂടെ  താമസിച്ച് ഗുരുവിനെ സഹായിച്ചും ഗുരുവിന്റെ ജീവിതം നിരീക്ഷിച്ചുമായിരുന്നു  ശിഷ്യർ വിദ്യ അഭ്യസിച്ചിരുന്നത്. ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം സഹിഷ്ണുത, എളിമ, സേവനമനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവിസ്‌നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളും ശിഷ്യര്‍ ഗുരുകുലങ്ങളില്‍നിന്ന് അഭ്യസിച്ചിരുന്നു.എന്നാൽ ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസത്തിനു അർഹത ഉണ്ടായിരുന്നുള്ളു. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
കേരളത്തിലെ നവോത്ഥാനപാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കുന്നവർ 1599 -ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൽ കൈക്കൊണ്ട തീരുമാനങ്ങൾ വിസ്മരിക്കരുത്. ഹൈന്ദവ സംസ്കാരത്തില്‍ വേരുന്നിയ ഇന്ത്യന്‍ ക്രൈസ്തവരെ കോളനിവത്കരിച്ച ഒരു നീക്കമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ് എന്ന് വിലയിരുത്തുന്നവരും ഉണ്ട്. അയ്യന്‍കാളിക്കും ശ്രീനാരായണ ഗുരുവിനും മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഉദയംപേരൂര്‍ സുന്നഹദോസിന് കഴിഞ്ഞു എന്നത് തർക്കമറ്റ സംഗതിയാണ്. സ്വത്തു തർക്കം, ദത്തെടുക്കൽ വസ്ത്രധാരണരീതി, മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തീണ്ടൽ, തൊടീൽ, സാമൂഹിക വിവേചനങ്ങൾ, ബഹുഭാര്യത്വം, ബഹുഭർതൃത്വം, ക്ഷുദ്രക്രിയകൾ, കൂടോത്രം, ആഭിചാരക്രിയകൾ,  എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടു കേരള സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ ഒന്നായിരുന്നു ഉദയംപേരൂർ സൂനഹദോസ്.ആ സൂന്നഹദോസിലെ തീർപ്പുകൾ ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചു.
ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ
പതിനാലാം നൂറ്റാണ്ട്  മുതൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ ക്രിസ്തീയമത വിദ്യാഭ്യാസത്തിനായി  സെമിനാരികൾ സ്ഥാപിച്ചു. 1805 -ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകികൊണ്ട് സെമിനാരികൾ സ്ഥാപിച്ചു. 1806-ല്‍ കേരളത്തിലേക്ക് വന്ന പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ടോബ് ആണ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ കേരളത്തില്‍ സ്ഥാപിച്ചത്. എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌  ഈ  ഇംഗ്ലീഷ് സ്കൂളിൽ  പ്രവേശനം നൽകി. 1813-ല്‍ റിംഗിള്‍ ടോബിന്റെ മേല്‍നോട്ടത്തില്‍ ആറ് വിദ്യാലയങ്ങള്‍ ആരംഭിച്ചു. അന്നത്തെ തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായി സാമ്പത്തിക സഹായമുള്‍പ്പെടെ പല സഹായങ്ങളും നല്‍കികൊണ്ട്  റിംഗിള്‍ടോബിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ബഹുഭാഷാ പഠനകേന്ദ്രവും ബഹുവിഷയ പഠനകേന്ദ്രവുമാണ് “‘പഠിത്തവീട്”’ എന്നറിയപ്പെടുന്ന കോട്ടയം പഴയ സെമിനാരി 1815 -ൽ സ്ഥാപിതമായി. വൈദിക വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ സുറിയാനി സമുദായത്തിലെ വൈദികനേതൃസ്ഥാനത്തുണ്ടായിരുന്ന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ (ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ), ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോ, തിരുവിതാംകൂർ റാണി ലക്ഷ്മിഭായി എന്നിവരുടെ സഹായ സഹകരണത്തോടെ പഴയ സെമിനാരി സ്ഥാപിച്ചത്. കോട്ടയത്ത് ഗോവിന്ദപുരം കരയിൽ മീനച്ചിലാറിന്റെ തീരത്ത് പഴമയുടെ പ്രൗഡിയോടൊപ്പം ഏറെ പുതുമകളോടെയും 16 ഏക്കർ സ്ഥലത്ത് പഴയ സെമിനാരി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ഹൃദയമായി ഇന്നും പരിലസിക്കുന്നു. ഇഗ്ളീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച പഴയ സെമിനാരി കേരളത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതിയുടെ ആദ്യ നാഴികകല്ലായി മാറി എന്നത് ആർക്കും നിഷേധിക്കാനാവാത്ത ചരിത്ര യാഥാർഥ്യമാണ്. 1813 ഫെബ്രുവരി 15 ന് തറക്കല്ലിട്ടു പണി ആരംഭിച്ച സെമിനാരി 1815 ൽ പണി പൂർത്തിയാക്കി. തുടർന്ന് അച്ചടിശാല സ്ഥാപനം, പുസ്തക പ്രസിദ്ധീകരണം, പത്രപ്രവർത്തനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം തുടങ്ങി ബഹുവിധ പ്രവർത്തനങ്ങളിലൂടെ സഭയ്ക്കും സമൂഹത്തിനും വലിയ നന്മകൾ ചെയ്ത മാർ ദിവന്നാസ്യോസ് രണ്ടാമനാണ് മലയാള മനോരമ എന്ന പത്ര സ്ഥാപനത്തിന് തുടക്കമിട്ടത്. വൈദിക വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ സ്ഥപിതമായ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ‘പഠിത്തവീട് 1816-ല്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുരോഹിതന്മാര്‍ക്കുവേണ്ടി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ്.കോളേജിന്റെ തുടക്കത്തിനും കാരണമായി. ഇതോടുകൂടി  തിരുവിതാംകൂര്‍ പ്രദേശത്തെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാരംഭം കുറിച്ചു. കേരളത്തിലെ മിഷനറി പ്രവര്‍ത്തകര്‍ പലേടത്തും സെമിനാരികള്‍ സ്ഥാപിച്ചു എന്നത് മാത്രമല്ല അവയോടനുബന്ധിച്ചുകൊണ്ട് പള്ളിയോട് ചേർന്ന് പള്ളികൂടങ്ങളും നടത്തിവന്നിരുന്നു. 1866-ല്‍ ഈ സ്കൂള്‍ കോളജായി ഉയര്‍ത്തപ്പെട്ടു. കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്.  കോട്ടയം പഴയ സെമിനാരിയിൽ ആരംഭം കുറിച്ച ഈ പള്ളിക്കൂടം പിന്നീട് കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലേക്ക് മാറ്റിയതോടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജിന് തുടക്കമായി. ഇന്ന് നാം കാണുന്ന ആധുനിക രീതിയിലുള്ള കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആരംഭംകുറിച്ചത്  കോട്ടയം പഴയ സെമിനാരിയോടനുബന്ധിച്ചു തുടക്കമായ സി. എം. എസ്. കോളജിന്റെ സ്ഥാപനത്തോടുകൂടിയാണ്.
1817-ല്‍ ലണ്ടന്‍മിഷന്‍ സൊസൈറ്റിയുടെ പ്രതിനിധിയായി കേരളത്തില്‍ വന്ന റവ. ചാൾസ്  സ്മിത്തും  കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു സ്തുത്യര്‍ഹമായ സേവനം നൽകി. കേരളത്തിന്റെ പല ഭാഗത്തും വിദ്യാലയങ്ങള്‍ സ്ഥാപിച്ച ഇദ്ദേഹം സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനു വിലപ്പെട്ട സംഭാവനകൾ നല്‍കുകയുണ്ടായി. 1817-ല്‍ റാണി പാര്‍വതീഭായിയുടെ ഭരണകാലത്ത് വിദ്യാഭ്യാസച്ചുമതല ഗവണ്‍മെന്റ് ഏറ്റെടുത്തതോടെ പുതിയൊരു മാറ്റത്തിന് തുടക്കമായി.
കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടതും ക്രിസ്ത്യൻ മിഷനറിമാരാണ്. 1820-ൽ ചാൾസ് സ്മിത്ത്  നാഗർകോവിലിലാരംഭിച്ച വ്യവസായ സ്‌കൂളിൽ കലകൾ, പ്രിന്റിംഗ്, ബുക്ക് ബൈന്റിംഗ്, ലതർ നിർമാണം എന്നിവയിൽ പരിശീലനം നൽകിയിരുന്നു. നെച്ചൂർ എന്ന സ്ഥലത്താരംഭിച്ച വ്യവസായ സ്‌കൂളിൽ പേപ്പർ നിർമാണം, നെയ്ത്ത്, പട്ടുനൂൽപുഴു വളർത്തൽ എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. മിഷനറിമാരുടെ ഈ മാതൃക ഉൾക്കൊണ്ടുകൊണ്ടാണ് അധികാരികൾ 1862-ൽ തിരുവനന്തപുരത്ത് സ്‌കൂൾ ഓഫ് ആർട്ട്‌സ് സ്ഥാപിക്കുന്നത്.
1834-ല്‍ സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് നാഗര്‍കോവില്‍ സെമിനാരിയിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന റോബര്‍ട്ട്സിനെ ഒരു ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്തേക്കു ക്ഷണിച്ചുവരുത്തിയതോടെയാണ്  കേരളത്തിന്റെ  തലസ്ഥാന നഗരിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. 1834-ല്‍ റോബര്‍ട്ട്സ് നടത്തിവന്ന ഇംഗ്ലീഷ് സ്കൂള്‍ പിന്നീട് സർക്കാർ ഏറ്റെടുത്ത് എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്കൂള്‍ (ഇപ്പോഴത്തെ എസ്. എല്‍. ബി. ഹൈസ്കൂള്‍) എന്നു നാമകരണം ചെയ്തു. ആദ്യമായി 1864-ല്‍ ഏഴുപേര്‍ ഈ സ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷയ്ക്ക് ചേര്‍ന്നു. 1866-ല്‍ എച്ച്. എച്ച്. ദ് രാജാസ് ഫ്രീ സ്കൂള്‍ ഇന്നത്തെ മഹാരാജാസ് കോളജായി മാറി. കോട്ടാര്‍, ചിറയിന്‍കീഴ്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സ്കൂളുകള്‍ ആരംഭിക്കുകയുണ്ടായി. ആദ്യമായി ഒരു പാഠപുസ്തകക്കമ്മിറ്റി രൂപവത്കരിച്ചതും ഇക്കാലത്തു തന്നെയാണ്. ഇതിനെതുടർന്ന് തിരുവിതാംകൂറില്‍ സ്വകാര്യമേഖലയിലും പല വിദ്യാലയങ്ങളും സ്ഥാപിക്കപ്പെട്ടു.
റവ. ഡാസന്‍ 1818-ല്‍ മട്ടാഞ്ചേരിയില്‍ സ്ഥാപിച്ചതാണ് കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍. തൃശൂരിലും തൃപ്പൂണിത്തുറയിലും 1837-ല്‍ ഓരോ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1890-ല്‍ ആറു സർക്കാർ ഇംഗ്ലീഷ് സ്കൂളുകളും 18 പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂളുകളും കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അടിമകൾക്കും മനുഷ്യോചിതമായി ജീവിക്കാനവകാശമുണ്ടെന്നും അവരെ സ്വാതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1847 -ൽ ചാൾസ് സ്മിത്ത്, ചാൾസ് മോൾട്ടൻ, ഹെൻറി ബേക്കർ, സാമുവേൽ പീറ്റീർ എന്നീ മിഷനറിമാർ തിരുവിതാംകൂർ മഹാരാജാവിന് നിവേദനം സമർപ്പിച്ചതായി ചരിത്രം സാക്ഷിക്കുന്നു. 1854 ൽ അടിമ വ്യാപാരം നിർത്തലാക്കിക്കൊണ്ടും അവർക്ക് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകിക്കൊണ്ടും അടിമക്കച്ചവടം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടും തിരുവിതാംകൂർ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രേരണയാലാണ്. 1854 -ൽ മിഷനറിമാരുടെ സമ്മർദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.ക്രിസ്ത്യൻ മിഷനറിമാർ അടിമകളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകി. സ്‌കൂളിലെത്തിയ കുട്ടികളുടെ സകല ചിലവും മിഷനറിമാർ വഹിച്ചു. അടിമക്കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന് കുട്ടി ഒന്നിന് ഒരു പണം വീതം കൂടുതൽ വേതനം നൽകാനും മിഷനറിമാർ ശ്രദ്ധിച്ചു.
“ക്രിസ്തീയ മിഷനറിമാർ ഇല്ലായിരുന്നെങ്കിൽ ഹൈന്ദവ സമുദായത്തിലെ താണപടിയിൽപെട്ട ഇവർ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു എന്ന് തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ വി. നാഗയ്യ കയ്യൊപ്പ് ചാർത്തി.  താണപടിയിൽപെട്ടവരുടെ വാസസ്ഥലങ്ങളിൽ പോയി ഉത്തമാംവിധം ഈ ലോകത്തിൽ ജീവിക്കുന്നതിനുള്ള ഒരു ബോധം അവരിൽ ഉൽഭൂതമാക്കിയെന്നുള്ള മേന്മയ്ക്ക് ക്രൈസ്തവ മിഷനറിമാരാണ് അവകാശികൾ.” 1931 -ലെ സെൻസസ് റിപ്പോർട്ടിൽ തിരുവിതാംകൂർ ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എൻ. കുഞ്ഞൻപിള്ള ഇപ്രകാരം എഴുതി: ”സമുദായത്തിന്റെ താണപടിയിലുള്ള തങ്ങളുടെ നിർഭാഗ്യരായ സഹോദരന്മാരെ കഴിഞ്ഞ കാലങ്ങളിൽ അവഗണിച്ചിരുന്നതിന്റെ ദുരന്തഫലങ്ങൾ ഉന്നതജാതികൾക്കു മനസിലാക്കികൊടുത്തത് ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളാണ്.” അധഃകൃതരുടെ സാമൂഹിക നവോത്ഥാനത്തിന് ക്രിസ്ത്യൻ മിഷനറിമാർ നൽകിയ സംഭാവനകളെക്കുറിച്ച് കൊച്ചി രാജ്യചരിത്രത്തിൽ പ്രമുഖ ചരിത്രകാരൻ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ”ക്രിസ്ത്യൻ മിഷനറിമാരുടെ സ്തുത്യർഹമായ ഔദാര്യം കൊണ്ട് ചെറുമക്കളുടെയും പുലയരുടെയും അവസ്ഥ നന്നായി വന്നിട്ടുണ്ട്. അവർ താഴ്ന്ന ജാതികൾക്ക് അമൂല്യമായ വിദ്യാധനം നൽകുകയും സാമുദായിക വ്യവസ്ഥയിൽ അവരെ ഉയർത്തുകയും ചെയ്തുകൊണ്ട് പൊതുജനാഭിവൃദ്ധിക്കുണ്ടായിട്ടുള്ള സഹായത്തെ ചിന്തിച്ച് നാം അവരെ അഭിനന്ദിക്കേണ്ടതാണ്. താഴ്ന്ന ജാതിക്കാർ അഭിവൃദ്ധിയെ അഭിഗമിക്കുന്നു എന്നുള്ളത് ചാരിതാർത്ഥ്യജനകമാണ്.” സമഭാവനയുടെ പൊതുനിരത്തുകളിൽ സഞ്ചരിക്കാനും സമത്വബോധത്തിന്റെ നിലപാടുകളിൽ കാലുകളുറപ്പിക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ഏതു ജാതിയിൽപെട്ടവരാണെങ്കിലും ദൈവത്തിന്റെ മക്കളാണെന്ന്‌ വിശ്വസിക്കുന്ന ക്രൈസ്തവരാണെന്നതിന് ചരിത്രം തന്നെ സാക്ഷി.കേരളത്തിന്റെ സാമൂഹിക നവോത്ഥാനരംഗത്ത് അനാചാരങ്ങളും ഉച്ചനീചത്വങ്ങളും അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന സ്ഥിതി മാറ്റിയെടുക്കുവാൻ  ക്രിസ്തീയ സഭകൾ നൽകിയിട്ടുള്ള സംഭാവനകൾ ആർക്കും നിഷേധിക്കുവാൻ സാധ്യമല്ല.
ജാത്യാചാരപ്രകാരം പുരുഷന്മാര്‍ കുപ്പായമിടുന്നതും സ്ത്രീകള്‍ മാറുമറയ്ക്കുവാൻ വേണ്ടി മേൽമുണ്ട്  ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി മേൽജാതിക്കാർ വ്യാഖ്യാനിച്ചിരുന്നുവെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നത്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനുവേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന് പരശുരാമന്‍ വിലക്കിയിരുന്നെന്ന അസംബന്ധ കഥയായിരുന്നത്രെ ഈ ദുഷിച്ച ജാത്യാചാരത്തിന്റെ പിന്നാമ്പുറ കഥകൾ. അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാന്‍ മാടമ്പിതമ്പുരാക്കന്മാര്‍ ഒരുകാലത്തും തയ്യാറായിരുന്നില്ല. സവർണരുടെ പ്രേരണയ്ക്കു വഴങ്ങി, ചാന്നാർ സ്ത്രീകൾ മാറുമറയ്ക്കരുതെന്ന് 1829 ഫെബ്രുവരി മൂന്നിന് സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. ഈ നീചനിയമത്തിനെതിരെ ക്രൈസ്തവ മിഷനറിമാർ ശക്തമായ പ്രക്ഷോഭമാണുയർത്തിയത്. ക്രിസ്ത്യൻ മിഷനറിമാർ മദ്രാസ് ഗവർണ്ണറായ സർ ചാൾസ് ട്രിവില്ല്യമിന് പരാതി നൽകിയതിന്റെ ഫലമായി  1859 ജൂലൈ 26 ന് തിരുവിതാംകൂർ മഹാരാജാവ് മാറുമറയ്ക്കാനുള്ള അവകാശം കൊടുത്തു.
 1877 ൽ മലയാളത്തിൽ പുറത്തിറങ്ങിയ ‘ഘാതകവധം’ എന്ന നോവലിൽ വിദ്യാസമ്പന്നയായ മറിയം എന്ന പെൺകുട്ടിയെപറ്റി പറയുന്നതിങ്ങനെയാണ്. ”പുസ്തകം വായിക്കുന്ന പെണ്ണുങ്ങൾ തന്നെ ഗുണം എന്നുഞാൻ എണ്ണീട്ടില്ല. അവർ നല്ല ഭാര്യമാരാകുന്നത് പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തിൽ അയക്കാൻ പോയത്?” ഇത്തരം സ്ത്രീ വിരുദ്ധ നിഷേധാത്മക മനോഭവം നിലവിലിരുന്ന ഒരു സമൂഹത്തിലേക്കാണ് സ്ത്രീ വിദ്യാഭ്യാസം ശാക്തീകരണത്തിനായി ചാവറയച്ചനും മിഷനറിമാരുമൊക്കെ ഇറങ്ങിയത്. മിഷനറിയായ ചാൾസ് സ്മിത്തിന്റെ  സഹധർമ്മിണി ജോഹന്ന സെലസ്റ്റീന ഹോറിസ്റ്റ് 1818 ൽ നാഗർകോവിൽ പെൺകുട്ടികൾക്കുവേണ്ടി ഒരു ബോർഡിംഗ് ഹൗസ് വിദ്യാലയവും ആരംഭിക്കുന്നുണ്ട്. 1818 ൽ തന്നെ ബെഞ്ചമിൻ ബെയ്‌ലിയുടെ ഭാര്യ മിസിസ് എലിസബത്ത് എല്ല അവരുടെ ഭവനത്തിൽ തന്നെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ആരംഭിച്ചു. 1819 ൽ ആലപ്പുഴയിൽ റവ. തോമസ് നോർട്ടന്റെ ഭാര്യ മിസിസ് ആൻ നോർട്ടനും പെൺകുട്ടികൾക്കുവേണ്ടി ബോർഡിംസ് സ്‌കൂൾ ആരംഭിച്ചിട്ടുണ്ട്. സാധാരണ പാഠ്യവിഷയങ്ങൾക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും, തുന്നലും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നു. ഇവിടത്തെ റേന്തത്തയ്യലുകൾ ലണ്ടൻ, പാരീസ്, ചിക്കാഗോ എന്നിവടങ്ങളിൽ സമ്മാനാർഹമായതോടെ നല്ല വ്യവസായമായി തയ്യൽരംഗം വളരുകയുണ്ടായി. 1859 ലെ കണക്കനുസരിച്ച് തിരുവിതാംകൂറിൽ 2003 പെൺകുട്ടികളാണ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കിൽ 1897 ആകുമ്പോഴേക്കും അത് 36652 ആയി ഉയരുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുണ്ടെങ്കിൽ അതിന് നന്ദിപറയേണ്ടത് ലാഭേച്ഛയില്ലാതെ സേവനം ചെയ്ത ക്രിസ്ത്യൻ  മിഷനറിമാരോടാണ്.
കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനം  1653 ൽ നടന്ന കൂനൻ കുരിശുസത്യമാണ്. തദ്ദേശീയ ഭരണകർത്താക്കൾക്കുവേണ്ടി മാർത്തോമാ സഭയുടെ പള്ളിയോഗ പ്രതിനിധികൾ കൂടിച്ചേർന്ന 1787 ലെ അങ്കമാലി പടിയോലയും ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന യാഥാർഥ്യങ്ങളാണ്. ഭാരതത്തിൽ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യപുസ്തകമാണ് പാറേമ്മാക്കൽ തോമാക്കത്തനാരുടെ വർത്തമാനപുസ്തകം. ഇന്ത്യൻ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്‌നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമ്മാക്കത്തനാർ ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. കോൺഗ്രസിന്റെ സ്ഥാപകനായ എ.ഒ. ഹ്യൂം ക്രിസ്ത്യാനിയായിരുന്നു. മഹാത്മാഗാത്സി ഏറ്റെടുക്കുന്നതുവരെ ക്രൈസ്തവരല്ലേ കോൺക്രസിനെ നയിച്ചിരുന്നത്. ഗാന്ധിയുടെ ‘യംഗ് ഇന്ത്യ’ മോട്ടിലാൽ നെഹ്‌റുവിന്റെ ‘ഇൻഡിപെന്റന്റ്’ എന്നിവ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചിരുന്നത് ക്രൈസ്തവനായ ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു. 1935 ലെ ഇന്ത്യൻ ആക്റ്റിൽ ഉണ്ടായിരുന്ന വർഗീയ നിയോജക മണ്ഡലങ്ങൾക്കെതിരെ ഗാന്ധിജി സമരമുഖം തുറന്നത് ക്രൈസ്തവരുടെ ശക്തമായ പിന്തുണയോടെയാണ്. 1950 ൽ ഭാരതത്തിന്റെ ഭരണഘടന രൂപീകരിച്ചപ്പോൾ പ്രത്യേക മണ്ഡലങ്ങൾ വേണ്ടെന്നും ന്യൂനപക്ഷാവാശം മതിയെന്നും പറഞ്ഞ് ക്രൈസ്തവർ ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയ ധാരയിൽ ഇഴുകിചേരുവാൻ  തയ്യാറായി എന്നത് പ്രശംസനീയമാണ്.
അക്ഷരം പഠിച്ച ശൂദ്രനെ അകറ്റി നിർത്തണം എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവർണ്ണനെയും സവർണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാൻ ക്രൈസ്തവ മിഷനറിമാർ തയ്യാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാർ അവരെ ദൈവപുത്രരെന്നു വിളിച്ചു. ശൈശവവിവാഹവും സതിയും ബഹുഭാര്യ-ഭർതൃത്വ സമ്പ്രദായവും വിധവാദുരിതവും ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്ര്യചിന്തയും വളർത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നൽകിയത്.
ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡൽ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തിൽ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദർശനങ്ങളെയും കുറിച്ചറിയുവാൻ പ്രാഥമികവിദ്യാഭ്യാസത്തിലൂടെ ഇന്ത്യൻ ജനതയ്ക്കു കഴിഞ്ഞു. ക്രിസ്ത്യൻ മിഷനറിമാർ നമുക്ക് നൽകിയ വിദ്യാഭ്യാസമാണ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നും മോചനം നേടാനുള്ള ഇന്ത്യൻ സമൂഹത്തിന്റെ  ശ്രമങ്ങൾക്ക് ഉത്തേജനമായതും  മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. അടിമത്വത്തിന്റെ ആലസ്യമെന്ന കരിമ്പടം പുതച്ചുറങ്ങിയ കേരള സമൂഹ മനസാക്ഷി ഉണർത്തി അവരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാനയാത്രക്ക് പ്രേരകമായ മുഖ്യഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. തങ്ങളെ ആര് ഭരിക്കുന്നു, എന്തിന് ഭരിക്കുന്നു, എന്നൊന്നും അറിയാത്ത ഭാരതത്തിന്റെ നിരക്ഷര ഗ്രാമീണ കർഷകലക്ഷങ്ങളിൽ ഉണർവുണ്ടാക്കി അവരിൽ അന്തർലീനമായിരുന്ന ആർഷഭാരതത്തിന്റെ സംസ്‌കാരികൈക്യത്തിന് ദേശീയബോധത്തിന്റെതായ മാനം നൽകിയതും അവരെയെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ കൊണ്ടുവന്നതും മിഷനറി വിദ്യാഭ്യാസം ലഭിച്ച അഭ്യസ്തവിദ്യരുടെ പ്രവർത്തനഫലമാണ്.
ഭാരതീയ ഭാഷകളിൽ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവർത്തനങ്ങളാണ്. മിഷനറിമാർ സ്ഥാപിച്ച മുദ്രണാലയങ്ങളും അച്ചുകൂടങ്ങളും വഴി കൈവന്ന സാംസ്‌കാരികാഭിവൃദ്ധിയാണ് ഇവിടെ സാഹിത്യത്തെ ജനകീയമാക്കിയതും വിദ്യാസമ്പന്നരുടെ വലിയൊരു നിര കെട്ടിപ്പടുത്തതും. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി അക്കാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. താളിയോലപ്പതിപ്പുകളിൽ കോവിലകങ്ങൾ, ധനികഗൃഹങ്ങൾ എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന സാഹിത്യം ജനകീയമായി. സംസ്‌കൃത ഭാഷാവിജ്ഞാനികളായ ചുരുക്കം ചിലർമാത്രം അറിഞ്ഞിരുന്ന പുരാണേതിഹാസങ്ങൾ അച്ചടിയുടെ വ്യാപനം വഴി ജനങ്ങളിലെത്തി. പ്രാചീന മലയാളത്തിൽ സുലഭമായിരുന്നെങ്കിലും പിൽക്കാലത്ത് സംസ്‌കൃതത്തിനു വഴിമാറിക്കൊടുത്ത പല ദ്രാവിഡ പദങ്ങളും ഭാഷയിലേക്ക് പുനരാഗമനം നടത്തുന്നത് മിഷനറിമാരുടെ കാലഘട്ടത്തിലാണ്. മിഷനറി ഗദ്യത്തിലുള്ള സുറിയാനി, ലത്തീൻ, പോർച്ചുഗീസ് പദങ്ങളുടെ ധാരാളിത്തം ഭാരതീയഭാഷകളിലെ പദകോശത്തെ സമ്പന്നമാക്കി. ക്ഷേത്രത്തോടനുബന്ധിച്ച് മേൽജാതി ഹിന്ദുക്കൾക്കുമാത്രം പ്രവേശനമനുവദിച്ചുകൊണ്ടു നടത്തിപ്പോന്ന കലാപ്രകടനങ്ങൾ കാണാൻ സാധിക്കാതിരുന്ന സാധാരണക്കാർക്ക് പോർച്ചുഗീസുകാർ തുടങ്ങിവച്ച ‘ചവിട്ടുനാടകം’ വേനൽമഴപോലെ ഒരു ഉണർത്തുപാട്ടായിരുന്നു. നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയർ ആദ്യമായി പരിചയപ്പെട്ടത് ചവിട്ടുനാടകത്തിലൂടെയാണ്. ഒരു ജനതയുടെ ദീർഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതിയും ആദർശങ്ങളും ലോകതത്വങ്ങളും വസ്തുസ്ഥിതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകളെ ആദ്യമായി തേടിപ്പിടിച്ച് സംരക്ഷിച്ചത് നാട്ടുഭാഷ പഠിക്കാൻ മിനക്കെട്ടിറങ്ങിയ ക്രൈസ്തവ മിഷനറിമാരാണ്. സമസ്ത മനുഷ്യരുടെയും ജീവിതാന്തസ് ഒരുപോലെ വിലപ്പെട്ടതാണെന്നുള്ള സാമൂഹികബോധം വളർത്തിയെടുക്കുവാൻ മിഷനറി വിദ്യാഭ്യാസത്തിന് കഴിഞ്ഞു.  വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവർണ വിവേചന രഹിതമായി തുല്യ അവസരം വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളിൽ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും മിഷനറിമാർ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. ശാസ്ത്രത്തെ മതമൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ മിഷനറിമാർ അവതരിപ്പിച്ച പാശ്ചാത്യ സമ്പ്രദായം ഒട്ടൊന്നുമല്ല വിജയിച്ചത്.
”സുസ്ഥാപിതങ്ങളും സുവിദിതങ്ങളുമായ ഭാഷകളുമായി ഇടപെടുന്നതിന് പ്രയാസമില്ല. എന്നാൽ മിഷനറിമാർ അതും കവിഞ്ഞു മുന്നോട്ട് ചെന്ന് പ്രാദേശികഭാഷകളെയും പ്രാകൃതഭാഷകളെയും കൈകാര്യം ചെയ്ത് അവയ്ക്ക് ആകൃതിയും രൂപവും നൽകി. വ്യാകരണവും നിഘണ്ടുക്കളും നിർമ്മിച്ചു. മാത്രമല്ല, അവർ മലകളിലെയും വനങ്ങളിലെയും പ്രാകൃതരായ ആദിവാസികളുടെ സംസാരഭാഷയ്ക്കുവേണ്ടിപോലും യത്‌നിച്ച് അവയെ എഴുത്തിലാക്കി. സാധിക്കുന്ന സകലഭാഷകളിലേക്കും ബൈബിൾ തർജ്ജിമ ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ആഗ്രഹം അങ്ങനെ അനേകം ഇന്ത്യൻ ഭാഷകളുടെ വികാസത്തിൽ പര്യവസാനിച്ചു.” എന്ന് മിഷനറിമാരുടെ സംഭാവനകളെപ്പറ്റി ജവഹർലാൽ നെഹ്‌റു ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യിൽ പറയുന്നുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിൽ മിഷണറിമാരുടെപള്ളിക്കൂടങ്ങളിലാരംഭിച്ച് സർക്കാർപള്ളിക്കൂടങ്ങളുടെ വ്യാപനത്തിലൂടെയും സമുദായങ്ങൾ പടുത്തുയർത്തിയ വിദ്യാലയങ്ങളിലൂടെയും നാം ഇന്ന് കാണുന്ന നേട്ടത്തിൽ എത്തിച്ചേർന്നതിന്റെ ചരിത്രം പറയുന്നവർ കേരളത്തിന്റെ നവോദ്ധാനത്തിൽ ക്രൈസ്തവ സഭകൾ വഹിച്ച പങ്ക് ബോധപൂർവം മറക്കുവാൻ പാടുപെടുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്ക് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരിൽ വലിയൊരു ശതമാനത്തിന് അക്ഷരവിദ്യാഭ്യാസമെങ്കിലും നേടാനുളള സാഹചര്യം ഇതുമൂലമാണ്‌ ഉണ്ടായത് എന്ന് വിളിച്ചുപറയുവാൻ ഇക്കൂട്ടർ മടികാണിക്കുന്നു.
വിദ്യാഭ്യാസം സാർവത്രികമായതോടുകൂടി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ ഒരു വലിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റത്തിനു കാരണമായി. ക്രൈസ്തവ സഭകൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചതോടെ ഈഴവരെ പോലെ ഉള്ള ജാതിസമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകൾ ഉണ്ടായി വരികയും ഇത് കേരളത്തിലെ സാമൂഹ്യജീവിതത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു അന്നുവരെ കേരളത്തിലെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.
കീഴാളവർഗങ്ങളും പിന്നോക്ക ജാതികളുമായി കണക്കാക്കപ്പെട്ടിരുന്ന ജാതികളിൽ പെട്ടവരിൽ നിന്ന് നാരായണ ഗുരു, അയ്യൻകാളി തുടങ്ങിയവർ വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം ഉണ്ടായത് ക്രൈസ്തവ സഭകൾ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്തുടർച്ചയിലൂടെയാണ്. പിന്നീട് അത് ഉപജാതികൾക്കു അതീതമായി ചിന്തിക്കുവാനും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുവാനും  കാരണമായി. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായിരുന്നു  പുലയ-പറയ സമൂഹം. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല.ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം.
താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശം സാധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ വളരെയേറെ ക്രൈസ്തവരുണ്ടായിരുന്നു എന്നതും ചിലർ ബോധപൂർവ്വം മറച്ചുവെക്കുവാൻ ശ്രമിക്കുന്നു. കേരളത്തിലെ സമുദായ സൗഹാർദത്തിനു വേണ്ടി നിലകൊള്ളുവാൻ  കേരള ക്രൈസ്തവർ എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചപ്പോൾ ക്രൈസ്തവർ സ്വന്തമായൊരു പാർട്ടി രൂപീകരിക്കുവാൻ ശ്രമിച്ചില്ല. ആളും അർത്ഥവും സംഘടനാശേഷിയും ശക്തമായ നേതൃത്വവുമുണ്ടായിട്ടും ഭാരതീയ സമുദായത്തിന്റെ മുഖ്യധാരയിലൂടെ ഒഴുകാനാണ് ക്രൈസ്തവരെന്നും പരിശമിച്ചിട്ടുള്ളത്. തുമ്പയിലെ ബഹിരാകാശ വികസനകേന്ദ്രത്തിനുവേണ്ടി പള്ളിയിരിക്കുന്ന സ്ഥലം ചോദിച്ചപ്പോൾ അതു വിട്ടുകൊടുത്ത പാരമ്പര്യമാണ് ക്രൈസ്തവ സഭയ്ക്കുള്ളത് എന്നതും മലയാളി മനസ്സിന് മറക്കുവാൻ സാധ്യമല്ല.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് എത്ര വലിയ നവോത്ഥാനമതിലുകൾ കെട്ടിയുയർത്തുവാൻ ശ്രമിച്ചാലും കാലം ഒരിക്കലും ആധുനിക നവോത്ഥാനത്തിന്റെ കുപ്പായമണിയുവാൻ  ശ്രമിക്കുന്നവർക്ക്  മാപ്പ് നൽകില്ല.