കോട്ടയം: സുപ്രീം കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് സമീപനമാണെന്നും കോടതിവിധികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ.
പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്‌ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സുപ്രീം കോടതിയെ ധിക്കരിച്ച് യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധ പരിപാടിയില്‍ ഭരണകക്ഷിയുടെ എറണാകുളം ജില്ലയിലെ ഒരു പ്രമുഖ നേതാവ് പങ്കെടുത്തതു ശരിയാണോയെന്നു ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും വിലയിരുത്തണമെന്ന് കണ്ടനാട് ഈസ്‌റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു. നിലയ്‌ക്കലില്‍ നിരോധനാജ്‌ഞ ലംഘിച്ചവരെ അറസ്‌റ്റ് ചെയ്‌ത പോലീസ്, പിറവത്തു പള്ളിയില്‍ കയറാന്‍ കോടതി വിലക്കിയവരെ ആനയിക്കുകയാണു ചെയ്‌തത്. പോലീസും യാക്കോബായ വിഭാഗവും ചേര്‍ന്ന് നടത്തിയ നാടകമാണ് കഴിഞ്ഞ ദിവസം പിറവത്ത് അരങ്ങേറിയത്. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത് ഈ നാടകത്തിന്റെ ഭാഗമാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഒരിക്കലും സഭാസമാധാനത്തിന് എതിരു നിന്നിട്ടില്ല. പാത്രിയര്‍ക്കീസ് വിഭാഗം സഹകരിക്കാത്തതിനാലാണ് പ്രശ്‌നം തീരാത്തത്.
സുപ്രീം കോടതിവിധിയെയും നിയമസംവിധാനങ്ങളെയും അനുസരിക്കാതെ യുദ്ധത്തിന് ആഹ്വാനം ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തോട് എങ്ങനെയാണ് ചര്‍ച്ച ആരംഭിക്കുന്നതെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ചോദിച്ചു.
സഭാഭരണഘടനയുടെ അടിസ്‌ഥാനത്തിലല്ലാതെ ഒരു സമാധാനശ്രമത്തിനും ആഗ്രഹിക്കുന്നില്ലെന്ന് കണ്ടനാട് വെസ്‌റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വ്യക്‌തമാക്കി.
വൈദിക ട്രസ്‌റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്‌താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.