സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫ്രൻസ് ക്വിക് ഓഫ് ഡിസംബർ 9 ഞായറാഴ്ച  

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെയും, സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും ക്വിക് ഓഫ്  ഡിസംബർ 9 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ  എല്ലാ ദേവാലയങ്ങളിലും നടക്കും. ഭദ്രാസന തല ക്വിക് ഓഫ്  ഡിസംബർ 8 ശനിയാഴ്ച  ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിക്കും.  2019  ജൂലൈ 17  മുതൽ 20  വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിലാണ് കോൺഫറൻസ് അരങ്ങേറുക. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.)
ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും, ഭദ്രാസന കൗൺസിലിൻറെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും   വിവിധ കമ്മറ്റികൾ ഇതിനോടകം പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉത്ഘാടനം നിർവഹിക്കും.  മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോൺഫ്രൻസ് നടത്തുന്നത്. ഏരിയ/ റീജിയണൽ  തല കോൺഫ്രൻസുകൾ ഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു.    മുന്നൂറിൽപ്പരം വരുന്ന യുവതീ-യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപ്പരം വിശ്വാസികൾ  പങ്കെടുക്കുന്ന സമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.