ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ ബലിയര്‍പ്പണം

റിയാദ്: കടുത്ത ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി `കോപ്റ്റിക് സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റിയാദിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസിയുടെ ഭവനത്തില്‍ വെച്ച് ഡിസംബര്‍ 1 ശനിയാഴ്ച അര്‍പ്പിച്ച ബലിയര്‍പ്പണത്തിന് കെയ്റോയിലെ ഷോബ്രാ ഖേയിമായിലെ മെത്രാനായ അവാ മോര്‍ക്കോസാണ് നേതൃത്വം നല്‍കിയത്. കോപ്റ്റിക് ക്രൈസ്തവരല്ലാത്തവര്‍ കൂടി ഉള്‍പ്പെട്ട ഒരു വലിയ വിശ്വാസി സമൂഹമാണ് കുര്‍ബാനയില്‍ പങ്കെടുക്കുവാനെത്തിയത്.

അള്‍ത്താരയായി ഉപയോഗിക്കേണ്ട മേശ, കുര്‍ബാനക്കാവശ്യമായി മറ്റ് വസ്തുക്കള്‍ തുടങ്ങിയവ ബിഷപ്പ് കെയ്റോയില്‍ നിന്നും കൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുള്ള സൗദിയിലെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയും, ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണമനുസരിച്ചാണ് മൂന്നാഴ്ചത്തെ അജപാലക സന്ദര്‍ശനത്തിനായി ബിഷപ്പ് അവാ മോര്‍ക്കോസ് സൗദിയിലെത്തിയത്. ഡിസംബര്‍ 17-ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചു പോകും.

മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ കരീമുമായി റിയാദില്‍ വെച്ച് മെത്രാന്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. ഈജിപ്ത് അംബാസഡര്‍ ഒസാമ-നുഗാലി തുടങ്ങിയ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം തീവ്ര ഇസ്ളാമിക നിലപാട് തുടരുന്ന സൗദിയില്‍ ക്രൈസ്തവ സമൂഹത്തിന് ബലിയര്‍പ്പിക്കുവാന്‍ കൈവന്ന അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്. വരും നാളുകളില്‍ ക്രൈസ്തവ സമൂഹത്തിന് പരസ്യ ബലിയര്‍പ്പണം നടത്തുവാന്‍ കൈവരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ക്രൈസ്തവര്‍.