ഐക്യത്തിന്റെ ഇടയന് നാടിന്റെ യാത്രാമൊഴി

ചെങ്ങന്നൂർ∙ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിപുരുഷനു ജന്മനാടും സഭാമക്കളും ആദരനിർഭരമായ യാത്രാമൊഴിയേകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം ഓതറ സെന്റ് ജോർജ് ദയറായിൽ കബറടക്കി. വിശ്വാസി സമൂഹവും മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാനെത്തി.

ശനിയാഴ്ച ബഥേൽ അരമനയിൽ നിന്നു പുത്തൻകാവ് കത്തീ‍‍ഡ്രലിൽ എത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോഴും ഒട്ടേറെപ്പേർ ആദരം അർപ്പിക്കാനെത്തി. ഇന്നലെ ഉച്ചയ്ക്കു ശേഷം പുത്തൻകാവിൽ നിന്നു നഗരികാണിക്കൽ ആരംഭിച്ചു. തുടർന്നു ചെങ്ങന്നൂർ ടൗൺ, കല്ലിശേരി, മംഗലം വഴി നാലുമണിയോടെ ഭൗതികശരീരം ഓതറ ദയറയിലേക്കെത്തിച്ചു.

തുടർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും സഹോദര മെത്രാപ്പൊലീത്തമാരുടെയും കാർമികത്വത്തിൽ അവസാന ഘട്ടം ശുശ്രൂഷകൾ നടത്തി. പരിശുദ്ധ ബാവാ അനുസ്മരണ പ്രസംഗം നടത്തി. അഞ്ചരയോടെ ദയറ ചാപ്പലിന്റെ വടക്കുഭാഗത്തു തയാറാക്കിയ കബറിൽ ഭൗതികശരീരം ഇറക്കി വച്ചതോടെ ശുശ്രൂഷകൾ പൂർത്തിയായി.

മുഖ്യമന്ത്രി പിണറായി വിജയൻ പുത്തൻകാവിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദയറയിലും ആദരാഞ്ജലിയർപ്പിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജി.സുധാകരൻ, മാത്യു ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള, എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള ,ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ, ക്നാനായ ആർച്ച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മലയാള മനോരമയ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ആദരാഞ്ജലി അർപ്പിച്ചു.