പ്രാർഥനയും കണ്ണീരുമായി വിശ്വാസികൾ; മാർ അത്തനാസിയോസ് ഇനി ദീപ്ത സ്മരണ

ഒ‍ാതറ (തിരുവല്ല) ∙ പ്രാർഥനയും കണ്ണീരുമായി വിശ്വാസ സഹസ്രങ്ങൾ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനു വിട നൽകി. ദയറായുടെ വടക്കുഭാഗത്ത് പ്രത്യേകം തയാറാക്കിയ കബറിൽ അ‍ഞ്ചരയോടെ ഭൗതികശരീരം വച്ചപ്പോൾ വിശ്വാസികൾ പരിശുദ്ധ പിതാവേ സമാധാനത്തോടുകൂടി വസിക്കുകയെന്ന പ്രതിവാക്യം ഏറ്റുചെ‍ാല്ലി.

അവസാനഘട്ട ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ജോഷ്വ മാർ നിക്കോദീമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികരായിരുന്നു. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയും പങ്കെടുത്തു.