ഓർത്തഡോക്സ് സഭയുടെ പ്രളയ ദുരിതാശ്വാസ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്…

കേരളത്തിൽ ഉണ്ടായ അഭൂതപൂർവ്വമായ പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വസമായി രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ഏവരെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന നല്ല സൂചനയുടെയും പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും ജാതി-മത കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ഐക്യത്തോടെ വെല്ലുവിളികളെ നേരിടാൻ മലയാളികൾക്ക് കഴിയുമെന്നുള്ളതിന്റെയും ഉത്തമ ഉദാഹരണമാണത്.

ഭദ്രാസന-ഇടവക തലങ്ങളിലും ആദ്ധ്യാത്മീയ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിലും നടക്കുന്ന രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതാണ്. അടിയന്തരമായി വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ, പകർച്ചവ്യാധികൾ പകർന്നു പിടിക്കാതിരിക്കാൻ ഉള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, പാർപ്പിടം നഷ്ടപ്പെട്ടവരുടെ പുനരധിവാസം എന്നിവയിൽ ഊന്നികൊണ്ടുള്ള പ്രവർത്തനങ്ങൾ അത്യാവശമാണ്. തുടർന്നുള്ള പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ഡിയസ്കോറോസ് മെത്രാപ്പോലീത്ത പ്രസിഡന്റും മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കൺവീനറും ഫാ. എബിൻ അബ്രഹാം കോ-ഓർഡിനേറ്ററുമായി ഏഴംഗ സമിതിയെ പരിശുദ്ധ കാതോലിക്ക ബാവ നിയമിച്ചു.