എത്യോപ്യയൊന്നും ഇവിടെ നടക്കൂല്ല! / ഡോ. എം. കുര്യന്‍ തോമസ്


എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തൊവാഹിതോ സഭയില്‍ ഭിന്നിച്ചു നിന്ന ഇരുവിഭാഗങ്ങളും ഐക്യകരാര്‍ ഒപ്പിട്ട് ഒന്നായി. പ്രവാസത്തിലായിരുന്ന പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് നാട്ടില്‍ മടങ്ങിയെത്തി. ക്രൈസ്തവലോകത്ത് സമീപകാലത്ത് നടന്ന ഏറ്റവും ശുഭോദോര്‍ക്കമായ സംഭവമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

ഈ മാതൃക പിന്തുടര്‍ന്ന് മലങ്കരസഭയിലും ഐക്യവും സമാധാനവും ഉണ്ടാക്കിക്കൂടെ എന്നു പലരും ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യത്തിനു ഈ ലേഖകന്‍റെ ഉത്തരം നിഷേധാത്മകമാണ്. അതിന്‍റെ കാരണങ്ങളിലേയ്ക്ക് കടക്കുംമുമ്പ് എന്തായിരുന്നു എത്യോപ്യയിലെ ഭിന്നത എന്നു പരിശോധിക്കാം. 1974-ല്‍ നടത്തിയ അട്ടിമറിയിലൂടെ ലോകത്തിലെ ഏക ക്രൈസ്തവ ചക്രവര്‍ത്തിയായ ഹെയ്ലിസെലാസിയെ പുറത്താക്കി മാര്‍സിസ്റ്റ്-ലെനിനിസ്റ്റ് ദെര്‍ഗ് എത്യോപ്യയുടെ അധികാരം പിടിച്ചടക്കി. അദ്ദേഹം വധിക്കപ്പെട്ടു. 1991-ല്‍ ജനാധിപത്യ കക്ഷികള്‍ സംഘടിച്ച് 17 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചു.

ഇതിനിടെ 1976-ല്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആയ അബൂനാ തെയോഫിലോസിനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്താക്കുകയും 1979-ല്‍ വധിക്കുകയും ചെയ്തു. 1976-ല്‍ അദ്ദേഹത്തിനു പകരമായി ആബൂനാ തെക്ലെ ഹെയ്മ്നോട്ടും 1988-ല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ആബൂനാ മെര്‍ക്കോറിയോസും വാഴിക്കപ്പെട്ടു. 1991-ല്‍ എത്യോപ്യയില്‍ ജനാധിപത്യം നിലവില്‍ വന്നതോടെ ആബൂനാ മെര്‍ക്കോറിയോസ് സ്ഥാനമൊഴിയാനും തുടര്‍ന്ന് നാടുവിടാനും നിര്‍ബന്ധിതനായി.

തുടര്‍ന്ന് ആബൂനാ പൗലോസ് പാത്രിയര്‍ക്കീസ് ആയി സ്ഥാനാരോഹണം ചെയ്തു. പക്ഷേ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ആബൂനാ മെര്‍ക്കോറിയോസിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ഉണ്ടായിരുന്നു. അവര്‍ മെത്രാന്മാരെ വാഴിക്കുകയും അമേരിക്ക ആസ്ഥാനമാക്കി സമാന്തര സുന്നഹദോസ് സ്ഥാപിക്കുകയും ചെയ്തു. കോപ്റ്റിക് സഭയടക്കം ആബൂനാ പൗലോസിനെയാണ് കാനോനിക പാത്രിയര്‍ക്കീസ് ആയി അംഗീകരിച്ചത്. ആബൂനാ തെയോഫിലോസ് വധിക്കപ്പെട്ടു എന്ന് അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടശേഷമാണ് ആബൂനാ പൗലോസിനെ അംഗീകരിച്ചതെന്ന് കോപ്റ്റിക് സഭയിലെ മെത്രാന്‍ അന്‍ബാ ബിഷോയി ഈ ലേഖകനോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ആബൂനാ പൗലോസ്, എത്യോപ്യന്‍ സഭയും കോപ്റ്റിക്ക് സഭയുമായി നിലനിന്നിരുന്ന മൂപ്പിളമ പ്രശ്നം വ്യക്തമായ ലിഖിത കരാറിന്‍റെ അടിസ്ഥാനത്തില്‍ 1994-ല്‍ അവസാനിപ്പിച്ചു. ഇന്നും ആ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ട്.

ഇക്കാലത്തൊക്കയും സമാന്തരഭരണവും പരസ്പരഭിന്നതയും ശക്തമായിത്തന്നെ നിലനിന്നിരുന്നു. ഇതിനിടയിലും ഐക്യചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും ഫലവത്തായില്ല. അവസാനം എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളാണ് എത്യോപ്യന്‍ സഭയിലെ ഐക്യകരാറിലും പ്രവാസത്തിലായിരുന്ന ആബൂനാ മെര്‍ക്കോറിയോസിന്‍റെ പുനരാഗമനത്തിലും കലാശിച്ചത്.

ഈ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ മാതൃക എന്തുകൊണ്ട് മലങ്കരയില്‍ പ്രായോഗികമാകില്ല എന്നു പരിശോധിക്കാം. ഒന്നാമതായി, സമന്തരഭരണം നിലനിന്നകാലത്തും ഇരു നേതൃത്വവും കാംക്ഷിരുന്നത് ഏകീകൃത സഭയായിരുന്നു. വിഭജനം എന്നൊരു ആശയംപോലും അവര്‍ സ്വപ്നം കണ്ടിരുന്നില്ല. ദൈവാശ്രയത്തോടെ ആ ലക്ഷ്യപ്രാപ്തിക്കായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിജയത്തിലെത്തിയത്. മലങ്കരയിലോ? ഭൂരിപക്ഷം ജനങ്ങളും സമാധാനവും ഐക്യവും കാംക്ഷിക്കുമ്പോള്‍ ഒരുവിഭാഗം നേതാക്കള്‍ അതിനു പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്ഥാനമോഹികള്‍ നേതിനേതി വിളിച്ച് അവരെ പിന്തുണയ്ക്കുന്നു. സുപ്രീം കോടതി സാദ്ധ്യമല്ല എന്നു പറഞ്ഞ പൈശാചിക വിഭജനത്തിനായി പുറംവാതിലിലൂടെ ശ്രമിക്കുന്നു. ദൈവത്തിനു പകരം കായബലത്തിലും വിധിബലത്തിലും ആശ്രയിക്കുന്നു.

രണ്ടാമതായി, പ്രൊട്ടസ്റ്റന്‍റ് കടന്നുകയറ്റം എന്ന ഭികരമായ പൊതുശത്രുവിന്‍റെ ഭീഷണിയാണ് എത്യോപ്യന്‍ സഭയിലെ ഐക്യപ്രക്രിയ ത്വരിതപ്പെടുത്തിയത്. ഇവിടെയോ? ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ശത്രുവിന്‍റെ ശത്രു മിത്രം എന്ന നിലയില്‍ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യുകയല്ലേ? വര്‍ത്തമാനകാലത്ത് കുമ്പസാരം എന്ന കൂദാശ ആക്രമിക്കപ്പെട്ടപ്പോള്‍ മണര്‍കാട് പള്ളി ഇടവകാംഗവും റിട്ട. പ്രിന്‍സിപ്പാളുമായ ഫാ. മാത്യു മണവത്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇവിടെ പ്രസക്തമാണ്. …മെത്രാന്മാരുടെയും, വൈദികരുടെയും, വിശ്വാസികളുടെയും ഒരു കൂട്ടായ്മ ആവശ്യമാണ്. എല്ലാം നഷ്ടപ്പെട്ടിട്ട്, ഒരു പൊതുശത്രുവിന്‍റെ കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെട്ടു കഴിയുമ്പോള്‍, മരക്കുരിശും പിടിച്ച് അരമനയും ഭവനങ്ങളും വിട്ടിറങ്ങി, തെരുവിലോ, ഒരു പൊതു പ്ലാറ്റ്ഫോമിലോ കുരിശും കെട്ടിപ്പിടിച്ച് അന്ന് ഞങ്ങള്‍ ഒന്നാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല… ഇത് മലങ്കരയില്‍ ആരും മനസിലാക്കുന്നില്ല.

മൂന്നാമതായി, ഭിന്നതയല്ല, എത്യോപ്യന്‍ സഭയുടെ ഐക്യമാണ് രാജ്യത്തിന്‍റെ പോലും പുരോഗതിക്കും, അഖണ്ഡതയ്ക്കും അനിവാര്യം എന്ന തിരിച്ചറിവോടെയാണ് രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തില്‍ ഇടപെട്ടത്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രം ഭരണക്കാര്‍ തിരിച്ചുംമറിച്ചും പ്രയോഗിക്കുന്നു. തങ്ങളുടെ ലക്ഷ്യം സാധിക്കുന്നു. പാവം നസ്രാണി മണ്ടനായി തമ്മിലടിക്കുന്നു. യോജിച്ചു നിന്ന സുവര്‍ണ്ണകാലത്ത് ക്നാനായക്കാര്‍ അടക്കം ഒരേസമയം 12 നിയമസഭാ സാമാജികര്‍ വരെ മലങ്കരസഭയ്ക്കുണ്ടായിരുന്നു. ഇന്നും ഏകീകൃത മലങ്കരസഭ കൊട്ടരക്കര മുതല്‍ അങ്കമാലി വരെ നിര്‍ണ്ണായക ശക്തിയാണ്. ഇതറിയാവുന്ന പലരും ഐക്യത്തിനു പ്രത്യക്ഷമായും പരോക്ഷമായും തുരങ്കം വയ്ക്കുന്നു.
നാലാമതായി, അസോസിയേഷന്‍ സെക്രട്ടറി, കൂട്ടു ട്രസ്റ്റികള്‍, മാനേജിംഗ് കമ്മറ്റി, സ്കൂള്‍-കോളേജ് ഗവേണിംഗ് ബോര്‍ഡ് മുതലായ മോഹിപ്പിക്കുന്ന സ്ഥാനങ്ങളൊന്നും എത്യോപ്യന്‍ സഭയിലില്ല. കണക്കും ഓഡിറ്റുമില്ലാത്ത പിരിവും ചിലവുമില്ല. അതിനാല്‍ ഐക്യത്തിനു സ്ഥാനമോഹികളുടെ തടസ്സവുമില്ല.

അഞ്ചാമതായി, ചര്‍ച്ചകളിലൂടെയാണ് എത്യോപ്യന്‍ സഭാ പ്രശ്നം പരിഹരിച്ചത്. അതിനു നേതൃത്വം കൊടുത്ത എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി, ആഡിസ് അബാബാ സര്‍വകലാശാലയുടെ ഐക്യത്തിനും സുരക്ഷയ്ക്കുമുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്നും (Institute of Peace and Security Studies University of Addis Ababa) മതപരമായ തര്‍ക്ക പരിഹാരം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത വ്യക്തിയാണ്. ഇരുഭാഗത്തെയും പ്രഗത്ഭരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തതും ചുക്കാന്‍ പിടിച്ചതും. മുമ്പ് അമേരിക്കയില്‍ മെത്രാനായിരുന്നപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്ത പാത്രിയര്‍ക്കീസ് ആബൂനാ മത്ഥ്യാസും ഇതില്‍ സജീവ പങ്കാളിത്തം വഹിച്ചു. ഇവിടെ മലങ്കരയിലോ ?

ഡോ. ലെജു പി. തോമസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയത് ഇവിടെ പ്രസക്തമാണ്.

(ചിലര്‍) ആഗ്രഹിക്കുന്നത് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി 2017 ജൂലൈ മുതല്‍ സുപ്രീം കോടതി തുടരെ പ്രഖ്യാപിച്ച വിധികളുടെ അടിസ്ഥാനത്തില്‍ മുന്‍ യാക്കോബായ വിഭാഗത്തിന്‍റെ സമ്പൂര്‍ണ്ണ കീഴടങ്ങലാണോ? സമ്മതിച്ചു. പക്ഷേ കീഴടങ്ങലുകള്‍ക്കു പിമ്പിലും എപ്പോഴും ഒരു ചര്‍ച്ചയും കരാറും ഉണ്ടാകും. 1971-ലെ ഇന്തോ-പാക്ക് യുദ്ധം തന്നെ ഉദാഹരണം.

പാകിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്‍റെ രൂപീകരണത്തില്‍ കലാശിച്ച 1971-ലെ ഇന്തോ-പാക്ക് യുദ്ധം ഇന്ത്യയുടെ ശാശ്വത സുരക്ഷയ്ക്ക് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി എടുത്ത ദീര്‍ഘവീക്ഷണമുള്ള ഒരു സുധീര കാല്‍വെയ്പ്പായിരുന്നു. ആ കെണിയില്‍ പാകിസ്താന്‍ ഭരണാധികാരി ജനറല്‍ യാഹ്യഖാന്‍ പെട്ടു. ഇന്തോ-പാക്ക് യുദ്ധം തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ പൊട്ടി. കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്നപേരില്‍ സ്വതന്ത്രരാജ്യമായത് പാകിസ്ഥാന് അംഗീകരിക്കേണ്ടിവന്നു. കിഴക്കന്‍ പാകിസ്താനിലുണ്ടായിരുന്ന ഏതാണ്ട് ഒരു ലക്ഷത്തോളം പാകിസ്താന്‍ പട്ടാളക്കാര്‍ക്കും സഹചാരികള്‍ക്കും മുമ്പില്‍ നാലുഭാഗത്തുനിന്നും വളഞ്ഞ ഇന്ത്യന്‍ പട്ടാളത്തിനു മുമ്പില്‍ കീഴടങ്ങുക അല്ലങ്കില്‍ മരിക്കുക എന്ന രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രം ശേഷിച്ചു.

അങ്ങിനെ ഐതിഹാസികമായ ആ കീഴടങ്ങല്‍ സംഭവിച്ചു. 1971 ഡിസംബര്‍ 16-ന് പാകിസ്താന്‍ പട്ടാളത്തിന്‍റെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജന. എ.എ.കെ. നിയാസി, ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജന. ജഗജിത് സിംഗ് അറോറായുടെ മുമ്പില്‍ കീഴടങ്ങി. ഏതാണ്ട് ഒരു ലക്ഷത്തോളം പാകിസ്താന്‍ പട്ടാളക്കാര്‍ ആണ് അതില്‍ ഉള്‍പ്പെട്ടത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തില്‍ പോലും സംഭവിക്കാത്ത ലോകചരിത്രത്തിലെ ഏറ്റവും വലിയ കീഴടങ്ങല്‍ എന്നു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സ് വരെ രേഖപ്പെടുത്തിയ ഡാക്കാ കീഴടങ്ങലിലും ഒരു ചര്‍ച്ചയും കരാറും ഉണ്ടായിരുന്നു.

കീഴടങ്ങിയ പാകിസ്താന്‍ പട്ടാളക്കാരുടെ സുരക്ഷിതത്വം, പാകിസ്താനിലേയ്ക്കുള്ള അവരുടെ യാത്ര, യുദ്ധകുറ്റവാളികളുടെ ഭാവി മുതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അവയെക്കുറിച്ചു വ്യക്തമായ കരാര്‍ ഉണ്ടാക്കിയാണ് കീഴടങ്ങള്‍ രേഖ യാഥാത്ഥ്യമാക്കിയത്. ഒരുപക്ഷേ ഇതു സമ്പൂര്‍ണ്ണ വിജയിയായ ഇന്ത്യ എഴുതിയതാവാം. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ പാകിസ്താന്‍ സമ്മതിച്ചതാവാം. പക്ഷേ അവിടെയും ഒരു ചര്‍ച്ചയും കരാറും ഉണ്ടായിരുന്നു എന്നതിനാണ് ഇവിടെ പ്രസക്തി.

2017 സുപ്രീം കോടതി വിധിക്കു ശേഷം എന്തു ചര്‍ച്ചയാണ് നടന്നത്? ആ വിധിയില്‍ സുപ്രീം കോടതിയും തുടര്‍ന്ന് കേരള സര്‍ക്കാരും, 2018 ഫെബ്രുവരിയിലെ പ. എപ്പിസക്കോാപ്പല്‍ സുന്നഹദോസും ആവശ്യപ്പെട്ടിട്ടും ഏതെങ്കിലും ഒരു ചര്‍ച്ചയ്ക്ക് സഭാ നേതൃത്വം തയാറായോ? ഇല്ല. കുറഞ്ഞപക്ഷം സഭയുടെ ഔദ്യോഗിക സമതികളിലെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്ത് മറുവിഭാഗവുമായി ചര്‍ച്ച ചെയ്യാന്‍ യോഗ്യരായവരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി ഉണ്ടാക്കാനെങ്കിലും തയാറായോ? ഇല്ല…

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് എത്യോപ്യന്‍ മോഡല്‍ സമാധാനം ഇവിടെ പ്രായോഗികമല്ല എന്നു ആദ്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചര്‍ച്ചയും സമാധാനവും അനുരജ്ഞനവുമൊന്നും മലങ്കരയ്ക്ക് പുത്തരിയല്ല. 1769-ല്‍ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന ആറാം മാര്‍ത്തോമ്മാ ചെയ്തത് നിരണം ഗ്രന്ഥവരിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ……ഇങ്ങനെ ആകയാല്‍ മാര്‍ഗ്ഗത്തിനു അഴിവു വരുമെന്നും ബോധജ്ഞാനപ്പെട്ടു അശ്ചന്‍ നിശ്ചയിച്ചു ഏതുപ്രകാരമെങ്കിലും നിരപ്പായിട്ടു നടക്കണമെന്നും തമ്പുരാനില്‍ ശരണപ്പെട്ടു നിരൂപണ ഉറെച്ചു സ്വഭാവക്കേടുളള ആളുകളെ നീക്കി, മാറിവാനിയോസ അപ്പസ്ക്കോപ്പാ കല്ലിശേരി വന്നപ്പോള്‍ ചെങ്ങന്നൂ നിന്നും കല്ലിച്ചേരി ചെന്നു തമ്മില്‍ കണ്ടുപറഞ്ഞു ശത്രുക്കളുടെ വാക്കുകള്‍ രണ്ടു കൂട്ടക്കാരും നീക്കി ഏകോല്‍ഭവിച്ചു. … ഉണ്ടായിരുന്ന പിണക്കങ്ങളൊക്കെയും തമ്പുരാന്‍റെ തിരുമനസ്സാലെ മാര്‍ത്തോമ്മാശ്ലീഹായുടെ വാഴ്വാലെയും തീര്‍ന്നു നിരപ്പായിട്ടും ഒപിയാലയും ഐമോസ്യത്താലയും നടന്നുവരുമ്പോള്‍… എന്ന വിവരണത്തിനു ശേഷം തൊട്ടു പിന്നാലെ വരുന്നത് യോജിച്ച സഭ ഒരുമിച്ചുനിന്ന് പൊതുശത്രുവിനെ വിജയകരമായി നേരിടുന്നതാണ്.

ഇത് ഇന്നും പ്രസക്തമാണ്. ആദ്യം കലഹം ക്രിസ്തുമാര്‍ഗ്ഗത്തെ നശിപ്പിക്കുമെന്നു ബോദ്ധ്യപ്പെടണം. പരസ്പരം നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ദൈവത്തില്‍ ആശ്രയിച്ച് സമാധാനമുണ്ടാക്കണമെന്ന ദൃഢപ്രതിജ്ഞ എടുക്കണം. സ്വഭാവദൂഷ്യമുള്ള ഉപദേശകരെയും സ്ഥാപിത താല്‍പ്പര്യക്കാരെയും ഇരുകൂട്ടരും മാറ്റിനിര്‍ത്തണം. തെറ്റിദ്ധാരണകള്‍ മാറ്റണം. ചര്‍ച്ചചെയ്ത് സമാധാനം ഉണ്ടാക്കണം. അതാണ് മാര്‍ത്തോമ്മാ ആറാമനും മാര്‍ ഈവാനിയോസ് യൂഹാനോനും ചെയ്തത്.

പ്രസക്തമായ മറ്റൊരു വചനം കൂടിയുണ്ട്. പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസിനും അദ്ദേഹത്തിന്‍റെ സുന്നഹദോസിനുമുള്ള മുടക്ക് പിന്‍വലിച്ച എത്യോപ്യന്‍ സഭയുടെ ഐതിഹാസികമായ സുന്നഹദോസിനു ശേഷം എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥ്യാസ് പത്രസമ്മേളനത്തില്‍ പറഞ്ഞതാണത്. …യഥാര്‍ത്ഥ കക്ഷികള്‍ ജീവിച്ചിരിക്കെത്തന്നെ ഈ വിഭാഗീയത അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഈ ശീശ്മ തലമുറകളിലേയ്ക്കു കൈമാറും അങ്ങിനെ അതു ശാശ്വതമാവുകയും ചെയ്യും… (…this split needed to be ended while the original parties lived, otherwise the schism would be passed to future generations and become permanent…) ഇപ്പോഴത്തെ സമാധാനപ്രക്രിയയിലൂടെ അത്തരമൊരു ദുരന്തം ഒഴിവായതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചത്. ഇന്ന് മലങ്കരസഭയുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്ന സഭാ മേലദ്ധ്യക്ഷന്‍റെ വാക്കുകള്‍ തന്‍റെ സഭയുടെ ഭാവിയെ കരുതുന്ന ഒരു പിതാവിന്‍റെയാണ്.

നമുക്ക് ഈ പിതാക്കന്മാരുടെ കാലടികളെ പിന്തുടരുവാന്‍ സാധിക്കുമോ?

(ബഥേല്‍ പത്രിക, ഓഗസ്റ്റ് 2018)