ഒരു കല്‍പന
നമ്പര്‍ 465
സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസംപൂര്‍ണ്ണനുമായ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യസിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്നു അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ
(മുദ്ര)
ശരീരങ്ങളെ ജീവിപ്പിക്കുന്നവനും, ആത്മാക്കളുടെ രക്ഷിതാവുമായ നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗീയ സമാധാധാനവും, അഭംഗമായ സ്നേഹവും റൂഹായ്ക്കടുത്ത വാഴ്വുകളും നമ്മുടെ എല്ലാ പള്ളികളിലെയും വൈദികന്മാരും ജനങ്ങളുമായി വാഴ്ത്തപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരുമായ വാത്സല്യഭാജനങ്ങളുടെ നിറുകമേല്‍ വന്നാവസിക്കുമാറാകട്ടെ. ദൈവമായ കര്‍ത്താവിന്‍റെ വാഴ്വു നിങ്ങളുടെമേലും നിങ്ങളുടെ ഇടവകമേലും നിങ്ങളുടെ ഭവനങ്ങള്‍ മേലും നിങ്ങളുടെ മക്കളുടെമേലും നിങ്ങളുടെ എല്ലാ ഉദ്യമങ്ങള്‍മേലും ആവസിക്കുമാറാകട്ടെ. അതു ദൈവമാതാവായ വി. കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍ക്കാരനായ വി. മാര്‍ത്തോമ്മാശ്ലീഹായുടെയും എല്ലാ ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍തന്നെ, ആമ്മീന്‍.
അനുഗ്രഹിക്കപ്പെട്ടവരും, സ്നേഹിക്കപ്പെട്ടവരും, വാത്സല്യഭാജനങ്ങളുമായ റൂഹായ്ക്കടുത്ത നമ്മുടെ മക്കളെ, നമ്മുടെ പല ഇടവകകളിലും വി. മൂറോന്‍ ആവശ്യത്തിനു മതിയാകുന്നിടത്തോളം കിട്ടുവാന്‍ പ്രയാസമാണെന്നറിയുന്നതു നിമിത്തം എത്രയുംവേഗത്തില്‍ ഈ കുറവിനെ പരിഹരിക്കുന്നതിലേക്കായി സുറിയാനിക്കണക്കിന് ഈ മേടമാസം 9-ാംനു ക്കു കൊല്ലവര്‍ഷം 1107 മേടമാസം 10-ാംനു വെള്ളിയാഴ്ച (നാല്‍പ്പതാം വെള്ളിയാഴ്ച) ഈ സെമ്മനാരി ചാപ്പലില്‍ വച്ചു വി. മൂറോന്‍ കൂദാശ നടത്തണമെന്നു കര്‍ത്താവില്‍ നാം ആശിക്കുന്നു. മൂറോന്‍ കൂദാശ നടത്തുക എന്നതു സാധാരണമല്ലാത്തതിനാല്‍ നമ്മുടെ സഭയുടെ നിലയ്ക്കും മഹിമയ്ക്കും ഒത്തവണ്ണം നടത്തേണ്ടതാകയാല്‍ കഴിവുള്ള എല്ലാ വൈദികന്മാരും, ജനങ്ങളും ഇതില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുമെന്നു നാം വിശ്വസിക്കുന്നു. പ്രത്യേകിച്ചു, വന്നുചേരുന്ന പട്ടക്കാര്‍ക്ക് അവരുടെ അംശവസ്ത്രങ്ങളും ഉണ്ടായിരിക്കണം.
ദൈവമായ കര്‍ത്താവു ബലഹീനനായ നമ്മുടെ വലത്തു കൈയോടുകൂടെ അവിടുത്തെ വി. വലത്തുകൈ നീട്ടി നിങ്ങളേയും നിങ്ങളുടെ മക്കളേയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സകലത്തേയും അനുഗ്രഹിക്കയും, എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ നിങ്ങള്‍ വന്ന് അകത്തു പ്രവേശിച്ചു ലോകസ്ഥാപനത്തിനു മുമ്പുതന്നെ നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തെ അവകാശമായി അനുഭവിച്ചുകൊള്ളുവീന്‍ എന്നുള്ള സന്തോഷകരമായ ശബ്ദം നിങ്ങളേയും നിങ്ങളുടെ മരിച്ചുപോയവരേയും കേള്‍പ്പിക്കയും ചെയ്യുമാറാകട്ടെ.
ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ ഇത്യാദി…
എന്നു മിശിഹാക്കാലം 1932-ന് കൊല്ലം 1107-ാമാണ്ടു മീനമാസം 10-ാം തീയതി കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും (ഒപ്പ്)