വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ


കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്‍റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്‍റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു. പടിഞ്ഞാറന്‍ സഭകളിലും കിഴക്കന്‍ സഭകളിലും പുരാതനകാലം മുതലേ മൂന്നു തരത്തിലുള്ള സുഗന്ധതൈലങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നാമത്തേതു മാമോദീസായ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ അഭിഷേകം ചെയ്യുന്നതിനുപയോഗിക്കുന്നതാണ്. രണ്ടാമത്തേതു രോഗികള്‍ സൗഖ്യം പ്രാപിക്കുവാന്‍വേണ്ടി അവരുടെമേല്‍ അഭിഷേകം ചെയ്യുന്നതാണ്. മൂന്നാമത്തേതാണു മൂറോന്‍ അല്ലെങ്കില്‍ പടിഞ്ഞാറന്‍ ഭാഷകളില്‍ chrism എന്നു പറയുന്ന അനര്‍ഘതൈലം.

ഈ വിശുദ്ധ മൂറോന്‍റെ കൂദാശയാണു നാളെ കോട്ടയത്തു പഴയസെമിനാരിയില്‍ നടക്കുന്നത്. സഭ മുഴുവനും കൂടി പങ്കെടുക്കുന്ന ഒരു ദിവ്യ കര്‍മ്മമാണിത്. സഭയിലെ മെത്രാപ്പോലീത്തന്മാരെക്കൂടാതെ പന്ത്രണ്ടു കശീശന്മാര്‍, പന്ത്രണ്ടു പൂര്‍ണ്ണശെമ്മാശന്മാര്‍, പന്ത്രണ്ട് അവുപ്പദിയക്കിനന്മാര്‍, അര്‍ക്കദിയാക്കോന്‍ എന്നിങ്ങനെ പൗരോഹിത്യഗണത്തിലെ എല്ലാ ക്രമങ്ങളിലുംപെട്ടവര്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കും.

രണ്ടാം കൊരിന്ത്യ ലേഖനത്തിന്‍റെ 2:15-ല്‍ പറയുന്ന ക്രിസ്തുവിന്‍റെ സൗരഭ്യമാണ് ഈ തൈലത്തിന്‍റെ നിദാനമെങ്കിലും അതിന്‍റെ പാരമ്പര്യത്തിന്‍റെ ആരംഭം പഴയനിയമകാലത്തു മഹാപുരോഹിതനായ അഹറോനെ പൂശുവാന്‍വേണ്ടി ഉണ്ടാക്കുന്നതിനു യഹോവ കല്പിച്ച പരിമളതൈലമാണ്. പഴയനിയമകാലത്തു മഹാപുരോഹിതന്മാരെ മാത്രമല്ല സാധാരണ പുരോഹിതന്മാരെയും രാജാക്കന്മാരെയും പ്രവാചകന്മാരെയും ദേവാലയത്തിലെ ഉപകരണങ്ങളെപ്പോലും അഭിഷേകം ചെയ്യുവാന്‍ ഈ തൈലം ഉപയോഗിക്കുമായിരുന്നു.
ആദിമകാലങ്ങളില്‍ അതതു ബിഷപ്പുമാര്‍ പ്രത്യേകം പ്രത്യേകം അവര്‍ക്കാവശ്യമുള്ള മൂറോന്‍ ശുദ്ധീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ നാലാം ശതാബ്ദം മുതല്‍ ഓരോ സഭയിലെയും പുരോഹിതവൃന്ദങ്ങള്‍ ഒരുമിച്ചുവന്ന് ഇതിന്‍റെ ശുദ്ധീകരണം നിര്‍വഹിച്ചു വന്നു.

ഈ തൈലത്തിന്‍റെ തയ്യാറാക്കല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ മറ്റു മെത്രാപ്പോലീത്താമാരുടെ സാന്നിധ്യത്തില്‍ കോട്ടയത്തു ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.

നൂറു കുപ്പി ഒലിവെണ്ണയാണ് ഈ തൈലത്തിന്‍റെ അടിസ്ഥാനം. സ്റ്റെറാക്ക്സ് എന്ന സൗരഭ്യവസ്തു ഇരുപത്തിരണ്ടര റാത്തലും ബല്‍സാം എന്ന സൗരഭ്യവസ്തു 75 റാത്തലും അതോടൊരുമിച്ചു ജഡാമാഞ്ചി ഇരുപത്തിരണ്ടര റാത്തല്‍, കറുവാപ്പട്ട പതിനെട്ടേമുക്കാല്‍ റാത്തല്‍, ഗ്രാമ്പൂ ഏഴര റാത്തല്‍, കുങ്കുമം ഏഴര റാത്തല്‍, ചുക്ക് ഏഴര റാത്തല്‍, കുരുമുളക് ഏഴര റാത്തല്‍ എന്നിവയും ചേര്‍ത്തു മൂന്നു മണിക്കൂര്‍ തിളയ്ക്കുന്ന വെള്ളത്തിനകത്തിട്ടാണു വിശുദ്ധ മൂറോന്‍ പാകം ചെയ്യുന്നത്.

വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കു അംശവസ്ത്രം ധരിച്ചു മേല്പട്ടക്കാരും പട്ടക്കാരും ശെമ്മാശന്മാരും പഴയസെമിനാരി ചാപ്പലില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് വിശുദ്ധ മൂറോന്‍കൂദാശ ആരംഭിക്കുന്നതുമാണ്.

വിശുദ്ധ മൂറോന്‍ കൂദാശയ്ക്കു ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതാണ്. ഈ കൂദാശയുടെ പ്രാധാന്യം മനസ്സിലാക്കി സഭാംഗങ്ങളെല്ലാവരും ഭയഭക്തി ബഹുമാനപുരസ്സരം ഈ ശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

(മനോരമ, 31-3-1977)