മുത്തൂറ്റ് ഫിനാൻസ്: ലാഭം 1180 കോടി രൂപ

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് 2016–17 സാമ്പത്തിക വർഷം 1180 കോടി രൂപ ലാഭം നേടി. 46% വർധന. ഇതേ കാലയളവിൽ മുത്തൂറ്റ് ഫിനാൻസിന് ചെറുകിട വായ്പകളിൽ 2899 കോടി രൂപയുടെ വർധനയും ഉണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 12% കൂടുതൽ. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പകൾ 27278 കോടിയിലെത്തിയെന്ന് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് പറഞ്ഞു. മാർച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ലാഭം 322 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22% വർധന.

മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ ആസ്തികളിൽ 5% ഉപകമ്പനികളുടെ സംഭാവനയാണെന്ന് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. വരും വർഷങ്ങളിൽ ഉപകമ്പനികളുടെ ആസ്തി ഗ്രൂപ്പിന്റെ ആകെ ആസ്തിയുടെ 10 ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. ഭവനവായ്പാ കമ്പനിയായ മുത്തൂറ്റ് ഹോംഫിൻ നൽകിയ വായ്പകൾ 409 കോടി രൂപയുടെ വർധനയോടെ 441 കോടിയിലെത്തി.

ഇതേ കമ്പനിയിലെ ഓഹരി പങ്കാളിത്തം 79 ശതമാനത്തിൽ നിന്ന് 88.27 ശതമാനമായി വർധിച്ചു. മൈക്രോ ഫിനാനൻസ് രംഗത്തെ ഉപകമ്പനി 567 കോടി രൂപയും വായ്പ നൽകി.‍ മുത്തൂറ്റിന്റേതായി ശ്രീലങ്കയിലുള്ള ബാങ്ക് ഇതര ധനകാര്യ കമ്പനിയുടെ വായ്പ വിതരണത്തില്‍ൽ 26% വർധന നേടി.

മൈക്രോ ഫിനാൻസ് കമ്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്റ് ആൻഡ് ഫിനാൻസിൽ കഴിഞ്ഞ സാമ്പത്തിക വർഷം 64.6% ഓഹരി പങ്കാളിത്തം നേടിയിരുന്നു. കമ്പനിയുടെ വായ്പ 114% വളർച്ചയോടെ 567 കോടിയിലെത്തി. 10 കോടി രൂപ അറ്റാദായവും നേടി.