മലങ്കരസഭാ സുന്നഹദോസ് സമാപിച്ചു
കോട്ടയം : ലഹരിമാഫിയയെ തുടച്ച് നീക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ച് മലങ്കരസഭാ സുന്നഹദോസ്. അധ്യാപികമാർ വരെ ലഹരിസംഘത്തിന്റെ ഭാഗമായി മാറുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാർഥികളെയും, യുവസമൂഹത്തെയും ലഹരിവലയിൽ പെടാതെ സംരക്ഷിക്കുവാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സുന്നഹദോസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മയക്കുമരുന്നിന് പുറമേ മദ്യലഭ്യത കുറയ്ക്കുവാനുള്ള തീവ്രശ്രമങ്ങളും സർക്കാരിൽ നിന്നുണ്ടാകണമെന്ന് സുന്നഹദോസ് പ്രത്യാശ പ്രകടിപ്പിച്ചു.
മലങ്കരസഭയുടെ വിദേശ ഭദ്രാസനങ്ങളിലെ വിദ്യാർഥികൾക്ക് വൈദിക വിദ്യാഭ്യാസം നടത്തുന്നതിനായി ഇന്ത്യയ്ക്ക് പുറത്ത് വൈദിക സെമിനാരി ആരംഭിക്കുന്നതിനുള്ള പഠനത്തിനായി മെത്രാപ്പോലീത്താമാരുടെ സമിതിയെ ചുമതലപ്പെടുത്തി. ഇക്വഡോർ, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ സഭ നടത്തുന്ന മിഷൻ പ്രവർത്തനങ്ങളെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മദ്രാസ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കൻ മിഷന്റെ ചുമതല ഏഷ്യാ-പസഫിക്ക് ഭദ്രാസനത്തിന് കൈമാറി. ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഒരുക്കങ്ങൾ സുന്നഹദോസ് വിലയിരുത്തി.
വൈദിക സെമിനാരികൾ, പരുമല സെമിനാരി, പരുമല ആശുപത്രി , മിഷൻ സൊസൈറ്റി തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വാർഷിക റിപ്പോർട്ടുകളും വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ്, ശുശ്രൂഷക സംഘം തുടങ്ങി വിവിധ ആത്മീയസംഘടനകളുടെ ഭരണഘടനകൾ അംഗീകരിച്ചു.
മെത്രാപ്പോലീത്താമാരായ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ ധ്യാനയോഗങ്ങൾക്ക് നേതൃത്വം നൽകി. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ജൂലൈ 27ന് ആരംഭിച്ച സുന്നഹദോസിന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അധ്യക്ഷത വഹിച്ചു. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിച്ചു.
31-07-2026
