
തിരുവനന്തപുരം സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയങ്കണത്തില്‍ 1902 ജനുവരിയില്‍ പരുമല തിരുമേനിയുടെ ഫോട്ടോ എടുത്ത രംഗം പ്രശസ്ത ചിത്രകാരനായ ചിത്രമെഴുത്ത് കെ.എം. വര്‍ഗീസ് രേഖപ്പെടുത്തിയിട്ടുണ്ട്:
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ പുത്തന്‍കൂറ്റ് മെത്രാപ്പോലീത്തന്മാരുടെ വേഷമാതൃക കാണിക്കുന്നതിനായി ദിവാന്‍ പേഷ്ക്കാര്‍ നാഗമയ്യായുടെ ആവശ്യപ്രകാരമായിരുന്നു തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഗവണ്‍മെന്‍റ് ഫോട്ടോഗ്രാഫറായ ഡിക്രൂസ് സായിപ്പ് പരുമല തിരുമേനിയുടെ ഫോട്ടോ എടുക്കുവാനെത്തിയത്.
പരുമല തിരുമേനി പള്ളിയിലുള്ള വിവരം പേഷ്ക്കാര്‍ നാഗമയ്യാ നേരത്തെ അറിഞ്ഞിരുന്നു. അതിന്‍പ്രകാരം ഡിക്രൂസ് സായിപ്പ് ഫോട്ടോ എടുക്കുവാന്‍ ചെല്ലുന്ന കാര്യം തിരുമേനിയെ അറിയിച്ചു. ഡിക്രൂസ് സായിപ്പ് പല പ്രാവശ്യം പള്ളിയില്‍ എത്തി. അപ്പോഴെല്ലാം തിരുമേനി യാമപ്രാര്‍ത്ഥനകളിലും ധ്യാനത്തിലുമായിരുന്നു.
രാവിലെയും വൈകിട്ടും തിരുമേനിക്ക് തീരെ സമയമില്ലെന്നായി. വൈകിട്ടുള്ള ഇരുണ്ട വെളിച്ചത്തില്‍ ഫോട്ടോ എടുക്കുവാനും സാധിക്കയില്ല. തിരുവനന്തപുരത്തുള്ള വലിയ ഉദ്യോഗസ്ഥര്‍ തിരുമേനിയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി എത്തുകയും ചെയ്യും. ഇങ്ങനെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു. എങ്ങനെ ശ്രമിച്ചിട്ടും പരുമല തിരുമേനിയുടെ ഫോട്ടോ എടുക്കുവാന്‍ അവസരം ലഭിക്കുന്നില്ല.
നാഗമയ്യാ തിരുമേനിയെ ഒന്നു രണ്ട് പ്രാവശ്യം കണ്ട് ഫോട്ടോയുടെ കാര്യം പറഞ്ഞു. പിന്നീട് നിരവധി അസൗകര്യങ്ങളുണ്ടായപ്പോള്‍ ഡിക്രൂസ് സായിപ്പിന്‍റെ സ്റ്റുഡിയോയിലേക്ക് പരുമല തിരുമേനിയെ കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോട്ടോ ലഭിക്കാത്തതില്‍ നാഗമയ്യാ അക്ഷമനായി. ഡിക്രൂസ് സായിപ്പ് പരുമല തിരുമേനിയെ കണ്ട് ഫോട്ടോയുടെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു.
പകല്‍ ഉച്ച നമസ്കാര സമയം ഒഴികെ ഏതവസരത്തിലും ഫോട്ടോ എടുക്കാമെന്ന് പരുമല തിരുമേനി സമ്മതിച്ചു. ഉച്ചസമയത്തുള്ള വെയിലിലും നിഴലിലും ഫോട്ടോ എടുത്താലുണ്ടാകുന്ന ദൃശ്യങ്ങള്‍ വിശദമാക്കിയെങ്കിലും ഫലിച്ചില്ല.
‘ഫോട്ടോ ഇരുണ്ടാലും വെളുത്താലും മുറിയില്‍ ഇരുള്‍ വീണാലും എന്തായാലും പ്രാര്‍ത്ഥനയുടെ അനുഷ്ഠാനങ്ങള്‍ തെറ്റിക്കുവാന്‍ പാടില്ല’ – പരുമല തിരുമേനി പറഞ്ഞു.
വേഷമാതൃക കാണിക്കുവാനുള്ള ഫോട്ടോ ആയതുകൊണ്ട് അത്ര ഭംഗിയായില്ലെങ്കിലും കുഴപ്പമില്ലെന്നും തിരുമേനി. മാത്രമല്ല രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തു നിന്നും പോകുമെന്നും ഓര്‍മ്മിപ്പിച്ചു.
പിറ്റേദിവസം രാവിലെ തന്നെ ഡിക്രൂസ് സായിപ്പ് പള്ളിയില്‍ എത്തി. രാവിലെ കുര്‍ബാനയും ഭക്ഷണവും കഴിഞ്ഞ് ചിലരുമായി തിരുമേനി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അവരെ പിരിച്ചയച്ചിട്ട് ഫോട്ടോ എടുക്കാനായി ഡിക്രൂസ് സായിപ്പിനെ വിളിച്ചു. അപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു.
പള്ളിമുറ്റത്ത് ക്യാമറ യഥാസ്ഥാനത്തുറപ്പിച്ചിട്ട് വിവരം തിരുമേനിയെ അറിയിച്ചു. പരുമല തിരുമേനി പുറംകുപ്പായവും ശീലമുടിയും ധരിച്ച് കര്‍ട്ടന്‍റെ മുന്‍വശത്തായി വന്നുനിന്നു.
ഫോട്ടോയ്ക്കായി ഡിക്രൂസ് സായിപ്പ് ക്യാമറയില്‍ നോക്കി. പല പ്രാവശ്യം ലെന്‍സ് ക്രമീകരിച്ചെങ്കിലും തിരുമേനിയുടെ രൂപം കൃത്യമായി ലഭിക്കുന്നില്ല. ഉഗ്രമായ വെയില്‍!
ഫോട്ടോ എടുക്കാതെ ഡിക്രൂസ് സായിപ്പ് വിഷമിക്കുന്നതു കണ്ട് തിരുമേനി കാര്യം അന്വേഷിച്ചു.
സൂര്യനെ മേഘം മറച്ചു
‘നല്ല ഫോട്ടോകള്‍ ചേര്‍ക്കുന്ന ഗവണ്‍മെന്‍റിന്‍റെ ഒരു റിക്കാര്‍ഡില്‍ അങ്ങയുടെ ഒരു നല്ല ഫോട്ടോ എടുക്കുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ദുഃഖം വരുന്നതായി’ ഡിക്രൂസ് സായിപ്പ് പറഞ്ഞു. അപ്പോള്‍ തിരുമേനി സായിപ്പിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഉടന്‍തന്നെ പരുമല തിരുമേനി ധ്യാനനിഷ്ഠനായി സൂര്യബിംബത്തിനെതിരെ മുഖം ഉയര്‍ത്തി മൗനമായി നിന്നു. പിന്നീട് സ്വര്‍ണ്ണകുരിശ് ആകാശത്തിലേക്കുയര്‍ത്തി കുരിശിന്‍റെ ആകൃതിയില്‍ വാഴ്ത്തി. അത്ഭുതം! ജ്വലിച്ചുനിന്ന സുര്യനെ തല്‍ക്ഷണം ഒരു ഇരുള്‍ മേഘം വന്നു മറച്ചു. നല്ല പാകമായ വെളിച്ചം. സ്റ്റുഡിയോ ലൈറ്റായാലും ഇത്ര നന്നാവുകയില്ല. ഡിക്രൂസ് വല്ലാതെ പരിഭ്രമിച്ചു.
ഫോട്ടോ വേഗം എടുക്കുവാന്‍ തിരുമേനി ശാന്തമായി നിര്‍ദ്ദേശിച്ചു. ഡിക്രൂസ് അതിവേഗത്തില്‍ തിരുമേനിയുടെ നില്പും ചുറ്റുപാടും ക്രമപ്പെടുത്തിയിട്ട് ലെന്‍സ് തുറന്നടച്ചു. ഒരു നിമിഷം കഴിഞ്ഞില്ല. അദ്ദേഹം ആകാശത്തേക്കു നോക്കി. എല്ലാം പൂര്‍വ്വസ്ഥിതിയില്‍. ഒരു വ്യത്യാസവുമില്ല. കത്തിത്തിളങ്ങുന്ന സൂര്യബിംബം മാത്രം അവിടെ ഉണ്ട്. ഇരുള്‍ മേഘവുമില്ല ഒന്നുമില്ല. എങ്ങനെ മറഞ്ഞോ, എങ്ങോട്ടുപോയോ എന്തോ, എല്ലാം പെട്ടെന്നു കഴിഞ്ഞു.
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ ചേര്‍ത്തിരിക്കുന്ന പരുമല മാര്‍ ഗ്രിഗോറിയോസിന്‍റെ ചിത്രം ദിവാന്‍ പേഷ്കാര്‍ നാഗമയ്യായുടെ ആവശ്യപ്രകാരം പ്രശസ്ത ചിത്രകാരനായ ഡിക്രൂസ് സായിപ്പ് 1902 ല്‍ എടുത്തതിന്‍റെ കഥയാണിത്.
പരുമല തിരുമേനി കറുത്ത കുപ്പായം ധരിച്ച് വടിയും മുടിയും കുരിശുമാലയും അണിഞ്ഞ് സ്ലീബായും പിടിച്ച് നില്‍ക്കുന്ന ഈ അര്‍ദ്ധകായ ചിത്രമാണ് ഇന്ന് ഏറ്റവും പ്രശസ്തമായിട്ടുള്ളത്. പരുമല തിരുമേനിയുടെ കറുത്ത കുപ്പായത്തിന്‍റെ മെഷീന്‍ തയ്യല്‍വരെ ഇതില്‍ വ്യക്തമായി കാണാം. അത്രയ്ക്ക് ജീവസുറ്റ ചിത്രമായിരുന്നു ഡിക്രൂസ് സായിപ്പ് എടുത്തത്. ഇതിന്‍റെ പകര്‍പ്പുകളാണ് ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ളത്. പിന്നീടുള്ള എല്ലാ ചിത്രകാരന്മാരും പരുമല തിരുമേനിയുടെ ചിത്രം വരച്ചിരിക്കുന്നത് ഈ ഫോട്ടോ ആധാരമാക്കിയാണ്. പരുമല തിരുമേനിയുടെ ഏറ്റവും അവസാനത്തെ ചിത്രമാണിത്. 1902 ജനുവരിയിലാണ് ഈ ചിത്രം എടുത്തത്. പിന്നീട് ഒന്‍പതു മാസം മാത്രമേ തിരുമേനി ജിവിച്ചിരുന്നുള്ളു.
എണ്ണഛായാ ചിത്രങ്ങള്‍
പരുമല തിരുമേനിയുടെ എണ്ണഛായാ ചിത്രങ്ങള്‍ ആദ്യകാലത്ത് വരച്ചത് വിശ്രുത ചിത്രകാരനായ കിളിമാനൂര്‍ ചിത്രമെഴുത്ത് രവിവര്‍മ്മ കോയിത്തമ്പുരാനാണ്(രാജാ രവിവര്‍മ്മ). പരുമല തിരുമേനിയുടെ എണ്ണഛായാ ചിത്രം വരച്ചുതുടങ്ങിയപ്പോളുണ്ടായ ദൈവിക സ്പര്‍ശനത്തെപ്പറ്റി രവിവര്‍മ്മ ഒരിക്കല്‍ പറയുകയുണ്ടായി.
പരുമല തിരുമേനിയുടെ ചിത്രം വളരെ ഭംഗിയായി പൂര്‍ത്തിയാക്കിയപ്പോള്‍ ഏതോ അഭൗമികമായ സര്‍ഗ്ഗശക്തി തന്നില്‍ വസിക്കുന്നതായി രവിവര്‍മ്മക്ക് അനുഭവപ്പെട്ടു. പരുമല തിരുമേനിയുടെ ഫോട്ടോയും വരച്ച ചിത്രവും രവിവര്‍മ്മ മാറി മാറി നോക്കി. ഒരു കുറവും വ്യത്യാസവും തോന്നിയില്ല. കുറേക്കൂടി വലുപ്പത്തിലും ഭംഗിയായും ഒരു ചിത്രം കൂടി വരയ്ക്കണമെന്ന് മനസ്സില്‍ ശക്തിപ്പെട്ടു. ചായങ്ങള്‍ ക്യാന്‍വാസില്‍ വിന്യസിച്ചപ്പോള്‍ തന്‍റെ വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ദിവ്യമായ തേജസ്സ് ഉള്ളതുപോലെ തോന്നി.
ചിത്രം എഴുതിത്തുടങ്ങിയപ്പോള്‍ പരുമല തിരുമേനിയുടെ മുഖം സൂര്യതേജസ്സായി മനസ്സില്‍ തിളങ്ങിയത് ഒരു ദിവ്യാനുഭൂതിയായി ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി രവിവര്‍മ്മ സാക്ഷിക്കുന്നു. ‘ഒരു ചിത്രം വരക്കാനാരംഭിച്ച രവിവര്‍മ്മ പരുമല തിരുമേനിയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് പൂര്‍ത്തീകരിച്ചു. അതില്‍ ഒന്നാണ് കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് പള്ളിയില്‍ വച്ചിരിക്കുന്നത്. മറ്റൊന്ന് തിരുവല്ലാ എം. ജി. എം. സ്കൂളിലും സൂക്ഷിച്ചിരിക്കുന്നു.
രവിവര്‍മ്മയുടെ ശിഷ്യനും തിരുവിതാംകൂര്‍ കൊട്ടാരം ആര്‍ട്ടിസ്റ്റുമായ പി. മുകുന്ദന്‍ തമ്പിയും പരുമല തിരുമേനിയുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ആദ്യകാലത്ത് പരുമലയില്‍ വച്ചിരുന്നത് അനുഗൃഹീത ചിത്രകാരനായ മുകുന്ദന്‍ തമ്പി വരച്ച ചിത്രമായിരുന്നു. പിന്നീടത് പരുമല മാര്‍ ഗ്രിഗോറിയോസ് ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിച്ചു. ചിത്രമെഴുത്ത് കെ. എം. വര്‍ഗീസും പരുമല തിരുമേനിയുടെ ചിത്രം വരച്ചിട്ടുണ്ട്. അതില്‍ ഒരെണ്ണം തുമ്പമണ്‍ പള്ളിക്കു മുമ്പിലുള്ള എം. ജി. എം. എല്‍. പി. സ്കൂളിലുണ്ട്.
മുളന്തുരുത്തി കട്ടമ്പള്ളില്‍ ഏബ്രഹാം മാസ്റ്റര്‍, മല്ലപ്പള്ളി എന്‍. കെ. ആചാരി എന്നിവരും പരുമല തിരുമേനിയുടെ എണ്ണഛായാ ചിത്രം വരച്ച ആദ്യകാല ചിത്രമെഴുത്തുകാരാണ്. 1952-ല്‍ പ. പരുമലത്തിരുമേനിയുടെ വത്സല ശിഷ്യനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പ്രത്യേക നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും മല്ലപ്പള്ളി എന്‍. കെ. ആചാരി ഒരു ചിത്രം രചിച്ചു. ഈ ചിത്രം ദേവലോകം പഴയ അരമനക്കെട്ടിടത്തില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇത് പരുമലത്തിരുമേനിയുടെ യഥാതഥ ചിത്രമാണെന്ന് പ. ബാവാ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് ബേബി ചെങ്ങന്നൂര്‍ 1960 -ല്‍ ചിത്രമെഴുത്ത് ആരംഭിച്ചതോടെ പരുമല തിരുമേനിയുടെ എണ്ണഛായാ ചിത്രങ്ങള്‍ക്ക് വിപുലമായ പ്രചാരം ലഭ്യമായി. പരുമല തിരുമേനിയുടെ ശിഷ്യനായ പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാണ് ബേബി ചെങ്ങന്നൂരിനെ പരുമല തിരുമേനിയുടെ പടം വരയ്ക്കുവാന്‍ പ്രേരിപ്പിച്ചതും അനുഗ്രഹിച്ചതും.
ഭാവനയില്‍ നിന്ന് ക്യാന്‍വാസിലേക്ക്
ചിത്രമെഴുത്തില്‍ ഒരു ഗുരുവിന്‍റെ കീഴിലും അഭ്യസിച്ചിട്ടില്ലാത്ത ബേബി ചെങ്ങന്നൂര്‍ 26 -ാം വയസ്സിലാണ് ചിത്രകലാരംഗത്ത് എത്തിയത്. ഇതിനോടകം പരുമല തിരുമേനിയുടെ മാത്രം 700 ല്‍ പ്പരം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ 1902 ല്‍ ഡിക്രൂസ് സായിപ്പ് എടുത്ത പരുമല തിരുമേനിയുടെ അര്‍ദ്ധകായ ചിത്രത്തിന്‍റെ പകര്‍പ്പില്‍ നിന്നുള്ളതാണ്. ഇപ്പോഴും ആ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.
നോക്കിവരയ്ക്കാന്‍ പരുമല തിരുമേനിയുടെ യഥാര്‍ത്ഥ ചിത്രങ്ങളില്ലാതെ രണ്ട് ചിത്രങ്ങള്‍ ബേബി ചെങ്ങന്നൂര്‍ ഭാവനയില്‍ നിന്ന് ക്യാന്‍വാസ്സിലേക്ക് പകര്‍ത്തിയിട്ടുണ്ട്. അതില്‍ ഒന്ന് പരുമല തിരുമേനിയുടെ ‘പൂര്‍ണ്ണകായ ചിത്രമാണ്’. പ. ഔഗേന്‍ കാതോലിക്കാ ബാവായുടെ നിര്‍ദ്ദേശാനുസരണം 1972 ല്‍ ഇത് പൂര്‍ത്തീകരിച്ചു. മറ്റൊന്ന് പരുമല തിരുമേനി അംശവസ്ത്രങ്ങളണിഞ്ഞ് ത്രോണോസിന് പടിഞ്ഞാറോട്ട് തിരിഞ്ഞു നില്‍ക്കുന്നതാണ്. ഈ ചിത്രമെഴുതിയത് 1978 ലാണ്. പരുമല തിരുമേനിയുടെ അംശവസ്ത്രങ്ങളണിഞ്ഞ ഈ ചിത്രത്തെ അധികരിച്ച് വരച്ച ഒരു ഐക്കണ്‍ അര്‍മ്മീനിയായിലുണ്ട്.
പരുമല തിരുമേനിയുടെ ചിത്രങ്ങളില്‍ ഏറ്റവും വലുത് 10 അടി ഉയരവും 5 അടി വീതിയുമുള്ളതാണ്. ഇതാണ് ഇപ്പോള്‍ പരുമല കബറിടത്തില്‍ വച്ചിരിക്കുന്നത്. പരുമല തിരുമേനിയുടെ ചിത്രത്തില്‍ കാണുന്ന അംശവടിക്ക് മുട്ടുകളില്ലാത്തതാണ്. അഞ്ചര അടി നീളമുള്ള വെള്ളി വടിയാണിത്. പരുമല തിരുമേനിക്ക് ഏകദേശം അഞ്ചര അടി ഉയരം കണക്കാക്കുന്നതായി ബേബി ചെങ്ങന്നൂര്‍ പറഞ്ഞു.
മുഖത്ത് ശോഭ നിറഞ്ഞ ചിത്രങ്ങള്‍
1980 ല്‍ ചിത്രമെഴുത്ത് ആരംഭിച്ച ബാബു ചെങ്ങന്നൂരും പരുമല തിരുമേനിയുടെ 200 ലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മാവേലിക്കര രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിപ്ലോമാ കരസ്ഥമാക്കിയ ബാബു ചെങ്ങന്നൂര്‍ പരുമല തിരുമേനിയുടെ മുഖത്തു ശോഭ തെളിയുന്ന ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്.
കേരളത്തിന്‍റെ വടക്കന്‍ ഭാഗത്ത് പരുമല തിരുമേനിയുടെ മുഖത്തിന് ഇരുണ്ട നിറവും തെക്കന്‍ ഭാഗത്ത് ശോഭയുള്ള മുഖവുമാണ് വിശ്വാസികള്‍ ഇഷ്ടപ്പെടുന്നത്. പരുമല തിരുമേനിക്ക് ഇരുണ്ട നിറമായിരുന്നെങ്കിലും ജനങ്ങളുടെ മനസ്സില്‍ വെണ്മ നിറഞ്ഞ പ്രസന്ന മുഖമാണുള്ളതെന്ന് ബാബു ചെങ്ങന്നൂര്‍ പറഞ്ഞു.
1973 ല്‍ ചിത്രമെഴുത്ത് ആരംഭിച്ച ആരക്കുന്നം കെ. കെ. ഫിലിപ്പ് (സ്വപ്നചിത്രാ ആര്‍ട്ട് സെന്‍റര്‍, കൊരട്ടി) പരുമല തിരുമേനിയുടെ നൂറിലധികം ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. പരുമല തിരുമേനിയുടെ കബറിടത്തിനു സമീപം തിരി കത്തിക്കുന്ന സ്ഥലത്ത് വച്ചിരിക്കുന്ന ഛായാചിത്രം ഇദ്ദേഹം വരച്ചതാണ്. “കൊച്ചുതിരുമേനിയുടെ ജീവചരിത്രവും സ്വഭാവ സവിശേഷതകളും പഠിച്ച് കിട്ടാവുന്നത്രയും ചിത്രങ്ങളും ശേഖരിച്ച് അതില്‍ ശരിയായത് മാത്രം സ്വീകരിച്ചാണ് ചിത്രരചന നടത്താറുള്ളത്. ഇരുനിറവും മെല്ലിച്ച ശരീരവും ആജ്ഞാശക്തിയുള്ള കണ്ണുകളും ഭക്തിനിര്‍ഭരമായ ചുണ്ടുകളുമാണ് ഞാന്‍ വരക്കുന്ന ചിത്രങ്ങളില്‍ കൊടുക്കാറുള്ളതെന്ന്” കെ. കെ. ഫിലിപ്പ് പറയുന്നു.
പരുമല തിരുമേനിയുടെ നിരവധി ചിത്രങ്ങള്‍ പ്രിന്‍റു ചെയ്തിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായത് 1987 ല്‍ ബാബു ചെങ്ങന്നൂര്‍ വരച്ച് പരുമല എം. ജി. എം. ബുക്ക്ഹൗസ് പ്രിന്‍റ് ചെയ്ത പരുമല തിരുമേനിയുടെ ചിത്രമാണ്. മേഘങ്ങളുടെ പശ്ചാത്തലത്തിലാണ് പരുമല തിരുമേനിയെ വരച്ചിരിക്കുന്നത്. മുഖഭാവത്തിന് കൂടുതല്‍ തെളിച്ചവും ചുറ്റും പ്രഭയും ലഭിക്കുവാനാണ് മേഘം പശ്ചാത്തലമാക്കിയത്. പരുമലയില്‍ ലഭിക്കുന്ന മോതിരങ്ങളില്‍പ്പോലും ഈ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. 1902 -ലെ പരുമല തിരുമേനിയുടെ ചിത്രത്തെ ആധാരമാക്കിയാണ് ഇത് വരച്ചിരിക്കുന്നത്.
പരുമല തിരുമേനിയുടെ ചിത്രം ആദ്യം അച്ചടിച്ചു പ്രസിദ്ധീകരിച്ചത് കുന്നംകുളത്തു നിന്നുമാണ്. മുളന്തുരുത്തി കട്ടമ്പള്ളില്‍ ഏബ്രഹാം മാസ്റ്റര്‍ വരച്ച പരുമല തിരുമേനിയുടെ ചിത്രവും ആദ്യകാലത്ത് പ്രിന്‍റു ചെയ്ത ചിത്രങ്ങളില്‍പ്പെടുന്നു. ആര്‍ട്ടിസ്റ്റ് ബേബി ചെങ്ങന്നൂര്‍ വരച്ച പരുമല തിരുമേനിയുടെ വിവിധ ചിത്രങ്ങളും പ്രിന്‍റ് ചെയ്തിട്ടുണ്ട്.
ചിത്രകാരന്മാര്‍ തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെടുന്നവരുടെ ആവശ്യങ്ങള്‍ക്കുമനുസരിച്ച് വരയ്ക്കുന്നതിനാല്‍ ഭൂരിഭാഗം ചിത്രങ്ങളിലും പരുമല തിരുമേനിയുടെ യഥാര്‍ത്ഥ മുഖഛായ അല്ല ഉള്ളതെന്ന് ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ജോയ്സ് തോട്ടയ്ക്കാട് ചൂണ്ടിക്കാട്ടുന്നു.
പരുമല തിരുമേനിയുടെ നാല് ഫോട്ടോകള്‍
പരുമല തിരുമേനിയുടെ മറ്റ് നാല് ഫോട്ടോകള്‍ കൂടിയുണ്ട്. പരുമല തിരുമേനിയുടെ ലഭ്യമായ ഫോട്ടോകളില്‍ ആദ്യത്തേത് 1876 ലുള്ളതാണ്. മുടിവെച്ച് വടിയും സ്ലീബായും പിടിച്ച് കറുത്ത കുപ്പായമിട്ട് ഇരിക്കുന്ന ഈ ചിത്രം മെത്രാപ്പോലീത്താ സ്ഥാനം ഏറ്റ ഉടനെ 29 -ാം വയസ്സില്‍ എടുത്തതാണ്.
മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമനോടൊപ്പം ഒന്‍പതു പേര്‍ ചേര്‍ന്നുള്ള 1890 ലെ ഗ്രൂപ്പ് ഫോട്ടോയില്‍ പരുമല തിരുമേനി വലതുഭാഗത്തായി ഇരിക്കുന്നു. മലങ്കരസഭയിലെ അക്കാലത്തെ പ്രഗത്ഭരായ നേതൃത്വനിരയുടെ ഗ്രൂപ്പ് ഫോട്ടോയാണിത്.
അല്‍വാറീസ് മാര്‍ യൂലിയോസിനോടും മറ്റ് തിരുമേനിമാരോടും ഒപ്പം 1889 -ല്‍ എടുത്ത ചിത്രത്തിലും വലതു ഭാഗത്ത് രണ്ടാമതായി പരുമല തിരുമേനി ഇരിക്കുന്നു.
പരുമല തിരുമേനിയുടെ ചിത്രങ്ങള്‍ എല്ലാം ഇടതുഭാഗത്തേക്ക് ചെരിഞ്ഞും ഒരു വശത്തേക്ക് നോക്കുന്നതുമായ ചിത്രങ്ങളാണ്. പരുമല തിരുമേനിയുടെ പൂര്‍ണ്ണമായ മുഖദൃശ്യമുള്ള ഒരു ചിത്രവും ലഭ്യമായിട്ടില്ല. ആരും വരച്ചിട്ടുമില്ല. പരുമല തിരുമേനി 1902 ല്‍ നവംബര്‍ 3 ന് കാലം ചെയ്ത് ഇരിക്കുന്നതായ ഒരു ചിത്രവും ലഭ്യമായിട്ടുണ്ട്.
വിശുദ്ധിയുടെ തേജസ്സ്
പരുമല തിരുമേനി ‘കാലം ചെയ്തിരിക്കുന്ന’ ചിത്രം വരച്ചത് വേളൂര്‍ വലിയവീട്ടില്‍ പറമ്പില്‍ വി. എം. വര്‍ക്കിയാണ്. ഇത് 1902 ലെ ഒരു ഫോട്ടോ അടിസ്ഥാനമാക്കി വരച്ചതാണ്. മുളന്തുരുത്തിക്ക് വടക്കുള്ള പരുമല തിരുമേനിയുടെ ബന്ധുവായ ചെമ്മല അച്ചന്‍ നല്‍കിയതാണ് ഈ ഫോട്ടോ. മുളന്തുരുത്തി, ദേവലോകം, പാമ്പാടി ദയറാ എന്നിവിടങ്ങളില്‍ ഇതിന്‍റെ കോപ്പികള്‍ ഇന്നും സൂക്ഷിച്ചിരിക്കുന്നു. ഇതിന് അധികം പ്രചാരം ലഭിച്ചിട്ടില്ല. പരുമല തിരുമേനിയുടെ ആകൃതിയിലും മുഖഭാവത്തിലുമുള്ള വ്യത്യാസവും കാലം ചെയ്ത് ഇരിക്കുന്ന ഫോട്ടോയും ആയതിനാല്‍ ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് 77 കാരനായ ആര്‍ട്ടിസ്റ്റ് വി. എം. വര്‍ക്കി (കോട്ടയം) പറയുന്നു. ഇതല്ലാതെ പരുമല തിരുമേനിയുടെ നിരവധി ചിത്രങ്ങളും വി. എം. വര്‍ക്കി വരച്ചിട്ടുണ്ട്.
പരുമല തിരുമേനി ‘കാലം ചെയ്തിരിക്കുന്ന’ ഛായാചിത്രത്തെപ്പറ്റി ഡോ. ഡി. ബാബു പോള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “തിരുമേനിയുടെ പ്രൗഢയൗവ്വനത്തിലെ ചിത്രമാണല്ലോ നാം കണ്ട് ശീലിച്ചിട്ടുള്ളത്. അതില്‍ തെറ്റില്ല. എന്നാല്‍ ആ ചിത്രത്തിനപ്പുറം കടക്കാന്‍ ദൈവകൃപ ലഭിക്കുമ്പോള്‍ മൃതദേഹത്തിന്‍റെ ചിത്രം മനോഹരമായ ഒരു ധ്യാനവിഷയം ആകും. ദേവലോകം അരമനയില്‍ മാത്രം ആണ് ഞാന്‍ ആ ചിത്രം കണ്ടിട്ടുള്ളത്. എന്നാല്‍ മനസ്സില്‍ അത് ഒപ്പിയെടുത്ത് ധ്യാനിക്കാന്‍ കഴിയുന്നുണ്ട് എനിക്ക്. ചിത്രകാരന്‍റെ കരവിരുത് മിഴിവ് നല്‍കിയ ചിത്രത്തെക്കാള്‍ ആയുഷ്ക്കാലം മുഴുവന്‍ ആരെ ധ്യാനിച്ചുവോ ആ ഈശ്വരന്‍റെ സന്നിധിയിലേക്ക് തിരുമേനി കടന്നുപോയപ്പോള്‍ ഈ നശ്വര ലോകത്തില്‍ ബാക്കി വച്ച ആ അസ്ഥിപഞ്ജരത്തിന്‍റെ മുഖത്തെ ശാന്തതയാണ് എന്‍റെ മനസ്സിനെ അഭിരമിപ്പിക്കുന്നത്.
ആ മൃതദേഹ ചിത്രത്തിന്‍റെ സജീവഭാവം ധ്യാനത്തിലൂടെ വലിച്ചെടുക്കുമ്പോള്‍ – അതിന് കഴിയുന്ന അനതിബഹുല സന്ദര്‍ഭങ്ങളില്‍ അനുഭവിക്കുന്ന ആത്മഹര്‍ഷം വാക്കുകളിലൂടെ പകര്‍ത്താന്‍ ഞാന്‍ അശക്തനാണ്. ഉപാസകനും ആരാധനാമൂര്‍ത്തിയും ഏകീഭവിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന്‍റെ ധന്യതയാണ് ആ ചിത്രത്തില്‍ കണ്ണുകള്‍ ഉറപ്പിക്കുമ്പോള്‍ നമുക്ക് തൊട്ടറിയാന്‍ കഴിയുന്നത്. സ്വര്‍ഗ്ഗീയാനുഭവത്തോട് ഞാന്‍ ഏറ്റവും അടുത്തുനിന്നത് ആ ചിത്രത്തിന്‍റെ ചുവട്ടില്‍ വച്ച് ആണ്. ദേവലോക ബാവായോട് അസൂയ തോന്നിയിട്ടുള്ള നിമിഷങ്ങളും വേറെ ഇല്ല.
തൊട്ടുതൊഴാനും ആരതി ഉഴിയാനും മെഴുകുതിരി കത്തിക്കാനും രവിവര്‍മ്മയുടെയും ബേബിയുടെയും ചിത്രങ്ങള്‍ വേണം. എന്നാല്‍ മിസ്റ്റിസിസത്തിന്‍റെ അഗ്നിസാക്ഷികള്‍ക്ക് ധ്യാനിക്കാന്‍ ആ ദേവലോകചിത്രത്തിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമെങ്കില്‍ ആ പുറംകുപ്പായത്തിന്‍റെ തണല്‍ ഒഴികെ, ആ അംശവടിയുടെ പരിരക്ഷ ഒഴികെ, ആ സ്ലീബായുടെ മാര്‍ഗ്ഗദര്‍ശനം ഒഴികെ മറ്റൊന്നും തേടാന്‍ തോന്നാത്തവര്‍ക്ക് സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ വഴി തുറന്നു കിട്ടും. ഇത് അനുഭവിച്ചവന്‍ എഴുതിയിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യമാകുന്നു.”
ഇന്ത്യോനേഷ്യന്‍ കലാകാരന്‍ ബോറിസ് സത്യവാന്‍ പരുമല തിരുമേനിയുടെ ചിത്രം ഐക്കണ്‍ രൂപത്തില്‍ വരച്ചിട്ടുണ്ട്. പുനലൂര്‍ ബേബി, ഫാ. ജോര്‍ജ്ജ് തോമസ് മണര്‍കാട്, മാത്യു വര്‍ഗീസ് കിഴവള്ളൂര്‍, അനിയന്‍ പുതുപ്പള്ളി, ജോര്‍ജി ജോസഫ് അടൂര്‍ തുടങ്ങി നിരവധിപ്പേര്‍ പരുമല തിരുമേനിയുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. 1902 ജനുവരിയില്‍ തിരുവനന്തപുരത്തു വച്ച് ഡിക്രൂസ് സായിപ്പ് എടുത്ത പരുമല തിരുമേനിയുടെ ചിത്രത്തിന്‍റെ അനുകരണങ്ങളാണ് അധികവും.
വിശ്വാസികളുടെ ഹൃദയത്തില്‍ വിശുദ്ധിയുടെ ആദ്ധ്യാത്മികത പകരുന്നതില്‍ പരുമല തിരുമേനിയുടെ ചിത്രങ്ങള്‍ക്ക് വശ്യതയുണ്ട്. ആ ജീവിതത്തിന്‍റെ തീഷ്ണതയും വിശുദ്ധിയും ചിത്രത്തിലുള്ള മുഖഛായയിലും തെളിയുന്നു.
