പരുമലപ്പള്ളി കൂദാശാനന്തരം ഉള്ള പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം
മലങ്കരസഭയുടെ അഭിമാനമായ Your Excellency Dr. P. C. Alexander, the Honourable Governor of Maharashtra, Mrs. Alexander, BZ-c-Wo-bcmb Archbishop Mar Joseph Powathil, Marthoma Metropolitan Philipose Mar Chrisostem, Metropolitan Nikitas, Metropolitan Aghan Baliozian, HG Sebouh Sarkissian, Rt. Rev. Bishop Sam Mathew, Sri. P. K. Narayana Panicker, Imam P. K. Hamsa Moulavi Farooki, Sri. C. K. Vidyasagar, മറ്റു വിശിഷ്ടാതിഥികളേ, അഭിവന്ദ്യ പിതാക്കന്മാരേ, കോര്‍എപ്പിസ്കോപ്പാമാരെ, റമ്പാച്ചന്മാരേ, വൈദികശ്രേഷ്ഠരേ, ശെമ്മാശ്ശന്മാരെ, കര്‍ത്താവില്‍ നമ്മുടെ വാത്സല്യ മക്കളേ,
മഹത്വമേറിയ ഒരു തിരുസന്നിധിയില്‍ നിന്നുകൊണ്ടാണ് ബലഹീനനായ നാം നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ദൈവകൃപ ബലഹീനനായ നമ്മുടെമേലും നമ്മെ ശ്രവിക്കുന്ന സഹൃദയരായ നിങ്ങളുടെമേലും വാരിച്ചൊരിഞ്ഞു തരുമാറാകട്ടെ.
പരുമല ഒരു പുണ്യ സ്ഥലമാണ്. ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. ഈ സ്ഥലത്തിന്‍റെ നടുനായകന്‍ മറ്റാരുമല്ല, കര്‍ത്താവായ യേശുതമ്പുരാന്‍റെ ദാസനും, നമ്മുടെ പിതാവുമായ മഹാ പുണ്യവാളനായ പരുമല കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന, പരിശുദ്ധ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയാണല്ലോ. ജാതിമതഭേദമന്യേ അദ്ദേഹത്തിന്‍റെ അനുഗ്രഹങ്ങളില്‍ അഭയം പ്രാപിച്ചുകൊണ്ട് അനേകര്‍ ഇവിടെ വന്നു കൂടി പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിച്ച് തിരിച്ചുപോകുന്നു. ഈ പുണ്യ സ്ഥലം നാം പലപ്പോഴും സന്ദര്‍ശിക്കാറുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള പല സമയങ്ങളില്‍ നാം ഇവിടെ എത്തിയിട്ടുണ്ട്. വരുമ്പോഴൊക്കെ ഒരു സമൂഹം, സ്ത്രീപുരുഷഭേദമെന്യേ ഈ പരിശുദ്ധന്‍റെ കബറിങ്കല്‍ നിറകണ്ണുകളോടും, അനുതാപ ഹൃദയത്തോടും ദൈന്യതയാര്‍ന്ന മുഖഭാവത്തോടുംകൂടി നിന്ന് പ്രാര്‍ത്ഥിക്കുന്ന കാഴ്ച നാം കാണുന്നു.
പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ അരുമ ശിഷ്യനായി പരുമലയില്‍ താമസിച്ചു പഠിച്ച് അദ്ദേഹത്തിന്‍റെ അനുഗ്രഹീതകരങ്ങളാല്‍ പട്ടംകെട്ടപ്പെട്ട് കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ പൗരോഹിത്യവേലയ്ക്ക് വിളിച്ചു ചേര്‍ക്കപ്പെട്ട പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്‍റെ അനുഗൃഹീത ജീവിതത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ച ആളാണ് ബലഹീനനായ നാം. പരുമല കൊച്ചു തിരുമേനിയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ നമുക്ക് വലിയബാവായില്‍നിന്നും കേള്‍ക്കുവാനും, അനുഭവിക്കുവാനും സാധിച്ചിട്ടുണ്ട്. ആ വലിയ ബാവാതിരുമേനിയുടെ ശിഷ്യഗണത്തില്‍ അവസാനത്തെ കണ്ണിയായി നാം ഇവിടെ ദൈവകരുണയാല്‍ നില്‍ക്കുകയാണ്. നാം സഭയുടെ എപ്പിസ്കോപ്പല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതുതന്നെ അതിന് ഉത്തമ ഉദാഹരണമാണ്. ആ പരിശുദ്ധ പിതാക്കന്മാരില്‍ നിന്നു പഠിക്കുകയും, പരിചരിക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യങ്ങളും, തത്വസംഹിതകളും ആചാരനിഷ്ഠകളുമാണ്, നാം ഇന്നും കാത്തു പരിപാലിച്ചുപോരുന്നത്. പരുമല തിരുമേനിയില്‍നിന്നും കണ്ടു പഠിച്ചിട്ടുള്ള പുരോഹിതര്‍ക്ക് വിശുദ്ധ കുര്‍ബാനയോടും ആരാധനയോടും ഉള്ള ഭക്തി ഒരു പ്രത്യേകതയാണ്. പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ കാര്യങ്ങള്‍ പ്രസ്താവിക്കുമ്പോള്‍ തന്നെ അവര്‍ ഗദ്ഗദരായി, നിറകണ്ണുകളോടു മാത്രമേ അവര്‍ക്ക് സംസാരിക്കുവാന്‍ കഴിയൂ. ആ പരിശുദ്ധ പാരമ്പര്യവും, വിശ്വാസസ്ഥിരതയും, ആരാധനാ ഭക്തിയും, ഇന്നത്തെ മേല്‍പ്പട്ടക്കാരിലും, പട്ടക്കാരിലും, വിശ്വാസികളിലും നിറഞ്ഞു കവിഞ്ഞ് പ്രബുദ്ധരും പ്രകാശിതരും, പ്രശോഭിതരും ആയി കാണുവാന്‍ ദൈവകരുണയാല്‍ സംഗതിയാകട്ടെ.
പരുമലസെമിനാരിയുടെ ചരിത്രം
മലങ്കരസഭയുടെ തെക്കന്‍ പ്രദേശങ്ങളില്‍ സഭയ്ക്ക് പൊതുവായ ഒരു സ്ഥാപനം ഇല്ലാതിരുന്ന സാഹചര്യത്തില്‍, പൊതുസ്ഥാപനങ്ങള്‍ സ്ഥാപിച്ച് തെക്കന്‍ പ്രദേശങ്ങളില്‍ സഭയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്, 1872-ല്‍ (1047, കര്‍ക്കിടകം 13-ന്) അരികുപുറത്ത് കോരുത് മാത്തന്‍ നല്‍കിയ സ്ഥലത്ത്, മലങ്കര മെത്രാപ്പോലീത്താ, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി പരുമലയില്‍ വൈദിക വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു സെമിനാരി സ്ഥാപിച്ചു. അതാണ് ഈ ദേവാലയത്തിന്‍റെ പടിഞ്ഞാറുവശത്തുള്ള അഴിപ്പുര. പിന്നീട് അതിന്‍റെ പൂര്‍ണ്ണ ചുമതല പരുമല തിരുമേനിയെ ഏല്‍പ്പിച്ചു. ഭക്തിയുടെയും പരിജ്ഞാനത്തിന്‍റെയും, നിറകുടമായ ആ വന്ദ്യ ഗുരുവിന്‍റെ കീഴില്‍ 1877 മുതല്‍ ഇവിടെ വൈദിക പരിശീലനം സജീവമായി. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തില്‍ അഗ്രഗണ്യരായിരുന്നു പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയും വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയും. തുടര്‍ന്ന് സെമിനാരി അംഗങ്ങളുടെ ആരാധനയ്ക്കായി ഒരു ദേവാലയം ഉയര്‍ന്നു. ഇതൊരു താല്ക്കാലിക കെട്ടിടമായിരുന്നു. ദൈവഭക്തനും പുണ്യവാനുമായ തിരുമേനി ഇവിടെ ദൈവത്തിന് മനോഹരമായ ഭവനവും, യാഗപീഠവും പണിയുവാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം തന്നെ അക്ഷീണം പരിശ്രമിച്ച് അക്കാലത്ത് ഉണ്ടാക്കുവാന്‍ കഴിയുന്നവിധത്തില്‍, ഏറെ ചാരുതയാര്‍ന്ന ഒരു ദേവാലയവും സെമിനാരി കെട്ടിടവും നിര്‍മ്മിച്ചു. 1070 മകരം 15-ാം തീയതി അതായത് 1895 ജനുവരി 27-ാം തീയതി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് തിരുമേനിയും, പരിശുദ്ധ പരുമല കൊച്ചുതിരുമേനിയും ചേര്‍ന്ന് അവരുടെ പുണ്യകരങ്ങളാല്‍ താല്ക്കാലിക കൂദാശ നിര്‍വ്വഹിച്ചു. പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലാണ് ഈ ദേവാലയം സ്ഥാപിച്ചതെങ്കിലും, ദൈവമാതാവിന്‍റെയും, മാര്‍ത്തോമ്മാ ശ്ലീഹായുടെയും നാമത്തില്‍ കൂടി ഇവിടെ രണ്ട് ത്രോണോസുകള്‍ സ്ഥാപിച്ചു. പിന്നീട് വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനി ചില പരിഷ്കാരങ്ങള്‍ വരുത്തി, അബ്ദുള്‍ മ്ശിഹാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് ഇന്‍ഡ്യ സന്ദര്‍ശിച്ചപ്പോള്‍ 1912 ആഗസ്റ്റ് 19-ാം തീയതി (കുടാരപ്പെരുനാള്‍) പരുമലപ്പള്ളിയുടെ കുദാശ നിര്‍വ്വഹിച്ചു. 1887-ല്‍ കോട്ടയത്ത് വൈദിക സെമിനാരി പുനരാരംഭിച്ചപ്പോള്‍ പരുമല സെമിനാരിയുടെ പ്രാധാന്യം കുറയുകയായിരുന്നു. എന്നാല്‍ 1902 നവംബര്‍ 2-ാം തീയതി പരുമല കൊച്ചു തിരുമേനി കാലം ചെയ്ത് ഇവിടെ കബറടങ്ങിയതു മുതല്‍ പരുമല സഭാചരിത്രത്തില്‍ മായിക്കുവാന്‍ കഴിയാത്തവിധം പ്രകാശിതമാകുകയായിരുന്നു. കൂടാതെ 1913 മുതല്‍ 1923 വരെ തുമ്പമണ്‍, കണ്ടനാട്, മെത്രാസനങ്ങളില്‍ ശുശ്രൂഷ നിര്‍വ്വഹിച്ച യൂയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ കബറിടവും ഇവിടെ സ്ഥിതിചെയ്യുന്നു. ഇതോടെ ദൈനംദിനം ഈ സ്ഥാപനം വളര്‍ന്നു വരികയായി. ദേവാലയം, പരിശുദ്ധ പരുമല തിരുമേനിയുടെ കബര്‍, ധ്യാനമന്ദിരം, ആഡിറ്റോറിയം, സെമിനാരി കെട്ടിടം, ആശുപ്രതി, വൈദികസദനം ഇങ്ങനെ പടിപടിയായി ഇതിന്‍റെ വളര്‍ച്ച പുരോഗതിയില്‍ നിന്നു പുരോഗതിയിലേക്ക് കുതിക്കുകയുണ്ടായി. ഈ പരിശുദ്ധന്‍റെ കബറില്‍ നിന്നുള്ള വരുമാനം സഭയുടെ ആകമാന വളര്‍ച്ചയ്ക്കുതന്നെ ഒരു വലിയ നിദാനമായി ഭവിച്ചു എന്നു നാം പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അപ്രകാരം ആയിരക്കണക്കിന് ആളുകള്‍ ഒരേ സമയത്തു തന്നെ ആരാധനയ്ക്കായി കൂടിവരുന്ന ഇവിടെ അനുയോജ്യമായ ഒരു ദേവാലയം ഉണ്ടാകണമെന്നുള്ളത് സഭയുടെ ഒരു ആഗ്രഹമായിരുന്നു. നാം പിതാവിനെപ്പോലെ സ്നേഹിച്ച നമ്മുടെ മുന്‍ഗാമി പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമനസ്സുകൊണ്ട് അതിന് മുന്‍കൈ എടുത്തു. അക്കാലത്ത് പ്രഗത്ഭരായ പല വാസ്തുശില്പികളും ഈ ദേവാലയത്തിന്‍റെ മാതൃക ഉണ്ടാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ആ കാലത്തു തന്നെയാണ് ലോകോത്തര വാസ്തുശില്പിയായ ചാള്‍സ് കൊറിയയും ഒരു മോഡല്‍ സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. ഇതിനെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും, പ. പരുമല കൊച്ചുതിരുമേനി ഒരു ദേവാലയം പണിയണമെന്നാഗ്രഹിച്ചപ്പോള്‍, അത് ഏറ്റവും ശ്രേഷ്ഠവും, മഹത്തരവും ആയിരിക്കണമെന്ന്, ആഗ്രഹിച്ചതുപോലെതന്നെ നമ്മുടെ പ. സുന്നഹദോസും ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് ചിന്തിച്ചു. ആയതിനാലാണ് 1993 ഫെബ്രുവരി സുന്നഹദോസില്‍ ചാള്‍സ് കൊറിയയുടെ മാതൃക നാം സ്വീകരിച്ചത്.
അപ്രകാരം 1995 മാര്‍ച്ച് 19-ാം തീയതി, പള്ളിയുടെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തോ ടനുബന്ധിച്ച് ബലഹീനനായ നമ്മുടെ കരങ്ങളാല്‍ കല്ലിട്ട് പണിയാരംഭിച്ച ഈ ദേവാലയം ഇന്ന് നമ്മുടെ കരങ്ങളാല്‍ തന്നെ കൂദാശ ചെയ്യുവാന്‍ സര്‍വ്വശക്തനായ ദൈവം ആവശ്യമായ ശക്തിയും അനുഗ്രഹങ്ങളും, വാരി ചൊരിഞ്ഞു തന്നു എന്നതില്‍ നാം ദൈവത്തെ അതിരറ്റ് മഹത്വപ്പെടുത്തുന്നു. നാം ഇതു പറയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞുപോകുന്നു. ഹൃദയം രോമാഞ്ചകഞ്ചുകമായിത്തീരുന്നു. ഈ ദേവാലയ കൂദാശയില്‍ നമ്മെ സഹായിച്ച നമ്മുടെ നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനിയോടും സീനിയര്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയോടും, മറ്റ് എല്ലാ സഹോദര മെത്രാപ്പോലീത്തന്മാരോടും ഉള്ള നന്ദിയും സ്നേഹവും നാം ഇത്തരുണത്തില്‍ അറിയിക്കുന്നു.
ഈ ദേവാലയ നിര്‍മ്മാണത്തില്‍ ബന്ധപ്പെട്ട ലോകപ്രശസ്തനായ ചാള്‍സ് കൊറിയയ്ക്കും നിസ്വാര്‍ത്ഥമായി ഇതിന്‍റെ ആരംഭം മുതല്‍ ഇതിന്‍റെ മേല്‍നോട്ടം വഹിച്ച നമ്മുടെ വാത്സല്യവാനായ എന്‍ജിനീയര്‍ എ. എം. മാത്യുവിനും, ഇതിന്‍റെ പണികള്‍ നിര്‍വ്വഹിക്കുകയും, നേതൃത്വം നല്‍കുകയും ചെയ്ത എല്ലാ എന്‍ജിനീയര്‍മാര്‍ക്കും, കോണ്‍ട്രാക്ടേഴ്സിനും, ജോലിക്കാരായ എല്ലാവര്‍ക്കും നാം പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഈ സെമിനാരിയുടെ മാനേജരായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച കെ. ബി. മാത്യൂസ് അച്ചനും, പി. വി. ഏബ്രഹാം അച്ചനും, പി. എം. ഗീവറുഗീസ് റമ്പാനും നമ്മുടെ നന്ദി അറിയിക്കുന്നു.
അതോടൊപ്പം ഇതിന്‍റെ കൂദാശാകര്‍മ്മം സഭാചരിത്രത്തിലെ ഒരു വലിയ മുഹൂര്‍ത്തമാക്കി മാറ്റുവാന്‍ തക്കവണ്ണം അക്ഷീണം പ്രയത്നിച്ച ധാരാളം ആളുകളുണ്ട്. എല്ലാവരേയും നാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും എല്ലാവരോടുമുള്ള നമ്മുടെ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ജനറല്‍ കണ്‍വീനറായി സേവനം അനുഷ്ഠിച്ച മലയാള മനോരമ ചീഫ് എഡിറ്ററും നമ്മുടെ ആലോചനാസമിതി അംഗവുമായ ശ്രീ. കെ. എം. മാത്യുവിനോടുള്ള നന്ദിയും നാം പ്രത്യേകം അറിയിക്കുന്നു.
ഈ ദേവാലയത്തിന്‍റെ പണിക്ക് ഇപ്പോള്‍ ഇതുവരെ നാലു കോടി രൂപയോളം ചെലവാക്കി കഴിഞ്ഞിട്ടുണ്ട്. ഈ തുക അത്രയും മലങ്കരസഭയോടുള്ള സ്നേഹവും, പ. പരുമല കൊച്ചുതിരുമേനിയോടുള്ള ഭക്തിയും ആദരവും മുഖാന്തിരമായി ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ ഭക്തരായ വിശ്വാസികള്‍ സംഭാവന ചെയ്ത വലുതും ചെറുതുമായ തുകകള്‍ ആണ്. ആയതിനാല്‍ വിശ്വാസികള്‍ക്കുവേണ്ടിയും അശരണരുടെ ആശ്വാസകേന്ദ്രമായും ഈ ദേവാലയം ഭാവിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടണമെന്നതാണ് നമ്മുടെ ആഗ്രഹം. അതിന് ഉതകുന്നവിധത്തില്‍ ആവശ്യമായ ക്രമീകരണം ചെയ്തുകഴിഞ്ഞു.
ഈ മംഗളമുഹൂര്‍ത്തത്തില്‍ നമുക്ക് പറഞ്ഞാല്‍ തീരാത്തവിധം വലിയ ദുഃഖം നമ്മുടെ ഹൃദയത്തില്‍ ഉണ്ട്. അതിന് രണ്ടു കാരണങ്ങളാണ്
1. ഇന്ന് മനുഷ്യരുടെയിടയില്‍ കാണുന്ന അശുദ്ധ ജീവിതവും, ദൈവീകമല്ലാത്ത പെരുമാറ്റങ്ങളും, ബലഹീനനായ നമ്മെ വളരെ വേദനിപ്പിക്കുന്നതാണ്. പ. പരുമല തിരുമേനിയുടെ ഭക്തിജീവിതം അനുകരിച്ച് എല്ലാവരും വിശുദ്ധ ജീവിതം കൈക്കൊണ്ട് കര്‍ത്താവിന്‍റെ അനുകാരികളാകണം. ഒരു അശുദ്ധനും, അശുദ്ധയും നമ്മുടെ ഇടയില്‍ ഉണ്ടാകുവാന്‍ ഇടയാകരുത്. എല്ലാവരും മാലാഖാതുല്യരായി ജീവിതം നയിച്ച് ‘നിന്‍റെ രാജ്യം വരണമേ’ എന്ന കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന പോലെ ഈ ഭൂതലത്തെ സ്വര്‍ഗ്ഗമാക്കണം. നമ്മുടെ കര്‍ത്താവ് രണ്ടാമതു വരുമ്പോള്‍ എല്ലാവരും അവനോടു ചേര്‍ന്ന് ഹല്ലേലുയ്യാ പാടി ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുവാന്‍ ഉള്ള ഭാഗ്യം ആര്‍ക്കും നഷ്ടമാകരുത്.
2. പ. പരുമല കൊച്ചുതിരുമേനിയുടെ കാലത്ത് സഭയില്‍ നിലനിന്നിരുന്ന സമാധാനം ഇന്ന് സഭയിലുണ്ടാകണമെന്ന് നാം വളരെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന കേസുകളും വഴക്കുകളും അവസാനിപ്പിച്ച് സഭയ്ക്ക് ഒരു സമാധാനാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് ഈ വി. കര്‍മ്മം നടത്തുവാന്‍ ബലഹീനനായ നാം ഏറെ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ അതിന് കഴിയാതെ വന്നതില്‍ നാം ഏറെ ദുഃഖിതനാണ്. വരുംതലമുറ നമ്മെ പഴിക്കാതിരിക്കാന്‍, ഇപ്പോഴത്തെ ഈ നിയമയുദ്ധം അവസാനിപ്പിച്ച് സഭയില്‍ സമാധാനമുണ്ടാകേണ്ടത് ഈ പുതിയ നൂറ്റാണ്ടിന്‍റെ ആവശ്യമാണെന്ന് എല്ലാവരും അറിയണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനായ പ. മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സഭ അതിന്‍റെ തനതായ പാരമ്പര്യത്തിലും, വിശ്വാസത്തിലും മലങ്കരസഭയില്‍ തഴച്ചുവളരേണ്ടത് ആവശ്യമാണ്. അന്ത്യോഖ്യാ സിംഹാസനത്തിന്‍റെ സ്ഥാപകനായ പ. പത്രോസ് ശ്ലീഹായും, മലങ്കരസഭയുടെ സ്ഥാപകനായ തോമ്മാ ശ്ലീഹായും എപ്രകാരം വര്‍ത്തിച്ചിരുന്നുവോ അപ്രകാരം കര്‍തൃസന്നിധിയില്‍ കൈകോര്‍ത്തുപിടിച്ച് സഹോദരതുല്യമായ ഭക്തിബന്ധത്തില്‍ പരസ്പരം സഹായിച്ചും സഹകരിച്ചും അന്യോന്യം കാംക്ഷിച്ചും കഴിയുവാന്‍ ദൈവം സംഗതിയാക്കട്ടെ. അതിനെല്ലാവരും പ്രാര്‍ത്ഥിക്കണം, പ്രയത്നിക്കണം. ഒരു നല്ല നാളേയ്ക്കുവേണ്ടി എല്ലാവരോടും ചേര്‍ന്ന് നാമും പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.