വി. യൂഹാനോന്‍ മാംദാനയുടെ ജനത്തിന്‍റെ ഞായര്‍ (വി. ലൂക്കോസ് 1:57-80)
പരിശുദ്ധ യല്‍ദോ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ‘ശുദ്ധമുള്ള
നോമ്പ് ജയത്തിന്‍റെ അടയാളവും ശത്രുവായ ദുഷ്ടന്‍റെ നേരെ തോല്‍ക്കാത്ത ആയുധവുമാകുന്നു.” പഴയ തലമുറയുടെ നാവിന്‍ തുമ്പില്‍ ഈ വാക്യം അസ്തമിക്കാതെ എന്നും നിന്നിരുന്നു. കാലപ്രവാഹത്തിലും പരിഷ്കാര ത്വരയിലും നോമ്പിന്‍റെ അര്‍ത്ഥവും ആവശ്യബോധവും ഒളിമങ്ങി നില്‍ക്കുന്ന കാഴ്ച ദയനീയം തന്നെ. സ്വഭാവസംസ്ക്കരണത്തിലും ആത്മനിയന്ത്രണത്തിലും നോമ്പിനും ഉപവാസത്തിനുമുള്ള സ്വാധീനം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ശിക്ഷിച്ചും ഭീഷണിപ്പെടുത്തിയും ഏര്‍പ്പെടുത്തേണ്ട ഒന്നല്ല നോമ്പ്. മറിച്ച് മനുഷ്യന്‍ സ്വമനസ്സാലെ അനുഷ്ഠിക്കേണ്ട ഒന്നാണ് നോമ്പ്.
വി. നോമ്പിന്‍റെ നമസ്കാരത്തിലെ പ്രാര്‍ത്ഥനകള്‍ നാം അപഗ്രഥിച്ചാല്‍ കിട്ടുന്ന ആശയം അതു കേവലം പട്ടിണിയുടെ ഒരു ഭാഗമാണെന്നല്ല, തിന്മകളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത്, ദരിദ്രന്‍റെ മുട്ടുതീര്‍ക്കുന്ന ഒരു ജനസഞ്ചയത്തെ സൃഷ്ടിച്ച് ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ ആസ്വാദനം ആരംഭിക്കുക എന്നതാണത്. നോമ്പിന്‍റെ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ പാതയിലൂടെ സഞ്ചരിക്കുന്നയാളിന്‍റെ അകം ശുദ്ധമാക്കുമെന്നത് ഗൗരവമായി പരിഗണിക്കേണ്ട സംഗതിയാണ്. ചുരുക്കത്തില്‍ ഒരു നവമാനവ സൃഷ്ടി തന്നെയാണ് നോമ്പ് ഉന്നംവയ്ക്കുന്നത്. യല്‍ദോ നോമ്പു ദിവസങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനയിലെ ബോവൂസായില്‍ ഇപ്രകാരം നാം പ്രാര്‍ത്ഥിക്കുന്നു.
“ആഭരണങ്ങളാലും, വസ്ത്രങ്ങളാലും ഭക്ഷണപാനീയങ്ങളാലും പുറമെ മാത്രമല്ല, ദുര്‍വിചാരങ്ങളെയും ദുഷ്പ്രവൃത്തികളെയും സകല പാപങ്ങളെയും നീക്കിക്കളഞ്ഞ് സകലവിധ നന്മകളെയും അണിഞ്ഞുകൊണ്ട് അകമേയും പുറമേയും ദൈവഇഷ്ടപ്രകാരം സന്തോഷിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കണമേ!”
ജീവിതവിശുദ്ധിയോടെ ജീവിച്ച് ക്രിസ്തുവിനു ഇറങ്ങി വസിക്കുവാനായി തന്നെ ഒരുക്കിയ വി. കന്യകമറിയാമിനെപ്പോലെ ഈ വിശുദ്ധ നോമ്പിലൂടെ നമ്മെ വിശുദ്ധീകരിച്ച് ക്രിസ്തുവിനു വസിക്കുവാന്‍തക്ക ആലയങ്ങളായി നമ്മെ സമര്‍പ്പിക്കാം.
ഇന്നത്തെ വി. ഏവന്‍ഗേലിയോന്‍ ഭാഗം വി. ലൂക്കോസ് 1: 57-80 വരെ.
നമ്മുടെ കര്‍ത്താവിന്‍റെ മുന്നോടിയായി വന്ന യോഹന്നാന്‍ സ്നാപകന്‍റെ ജനനം ഇന്ന് സഭ ആഘോഷിക്കുന്നു. ദൈവത്തിന്‍റെ വാഗ്ദാന പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി യോഹന്നാന്‍ ജനിച്ചു. “നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി നിന്‍റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്ന് പേരിടണം. അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവനാകും. ഒരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കുവാന്‍ അവനു മുമ്പായി ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടും നടക്കും.”
ദൈവഹിതത്തിനു വിധേയമാകുന്ന മാതാപിതാക്കള്‍
യഹൂദരുടെ നാമകരണ പതിവില്‍ നിന്ന് വ്യത്യസ്തമായി സഖറിയാ-ഏലിസബെത്ത് ദമ്പതികളുടെ മകന് “യോഹന്നാന്‍” എന്ന പേരിട്ടത് ചടങ്ങിന് കൂടിയ അയല്‍ക്കാരെയും ബന്ധുക്കളെയെല്ലാം വിസ്മയപ്പിച്ചു. യോഹന്നാന്‍റെ ജനനം ദൈവത്തിന്‍റെ വലിയ കരുണയുടെ പ്രവൃത്തിയാണ്. ‘യോഹന്നാന്‍’ എന്ന പേരിനര്‍ത്ഥം ‘ദൈവം കരുണ ചെയ്തു’ എന്നാണ്. ദൈവകരുണയുടെ ഈ പ്രവൃത്തി അനേകരെ സന്തോഷിപ്പിച്ചു. യോഹന്നാന്‍റെ ജനനത്തില്‍ അനേകര്‍ ആനന്ദിക്കുമെന്ന് മാലാഖ പ്രവചിച്ചത് പൂര്‍ത്തിയായി (ലൂക്കോ. 1:14). പേരിടീലിലും എലിസബേത്തും സഖറിയായും യഹൂദരുടെ പതിവ് തെറ്റിച്ചു. പേരിടീലിനു കൂടിയവരുടെ പ്രേരണക്ക് വിധേയരാകാതെ ദൈവത്തിന്‍റെ കല്പന പാലിച്ചു (വി. ലൂക്കോസ് 1:13). ദൈവത്തെ അനുസരിച്ചതിനാല്‍ സഖറിയായുടെ നാവിന്‍റെ കെട്ടഴിഞ്ഞു. ദൈവത്തിന്‍റെ വാക്ക് നിറവേറിയപ്പോള്‍ സഖറിയായുടെ താല്‍ക്കാലികമായ ഊമത മാറി. അതിലും കര്‍ത്താവിന്‍റെ വാക്കു പൂര്‍ത്തിയായി. കര്‍ത്താവ് തന്‍റെ വാഗ്ദാനം പൂര്‍ത്തിയാക്കുന്നവനെന്ന് വിശ്വസിക്കുക.
യോഹന്നാന്‍ സ്നാപകന്‍റെ ജനനത്തെയും പേരിടീലിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. യഹൂദനിയമമനുസരിച്ച് ഒരു ആണ്‍കുഞ്ഞ് പിറന്നാല്‍ എട്ടാം ദിവസം പരിച്ഛേദനയും പേരിടീലും നിര്‍വ്വഹിക്കണം. പരിച്ഛേദന സംബന്ധിച്ചുള്ള നിയമം ഉല്‍പ്പത്തി 17:12-ല്‍ കാണാം. പേരിടീല്‍ സംബന്ധിച്ച് പ്രത്യേകിച്ച് നിയമം ഒന്നും ഇല്ല എങ്കിലും പാരമ്പര്യത്തിന്‍റെ ഭാഗമായി രണ്ടും ഒന്നിച്ചു നടക്കുമായിരുന്നു. പേരിടീലിന്‍റെ സാധാരണ പതിവ് പിതാവിന്‍റെ പേര് പുത്രനു നല്‍കുക എന്നതാണ്. അതിന്‍പ്രകാരം സഖര്യാവ് എന്ന പേര് നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ ഏലിസബേത്ത് “യോഹന്നാന്‍” എന്ന പേര് ആണ് ഇടേണ്ടത് എന്നു പറഞ്ഞു. സഖര്യാവിന് ദര്‍ശനത്തില്‍ ദൂതന്‍ നല്‍കിയ നിര്‍ദ്ദേശം എലിസബേത്ത് അറിഞ്ഞിരുന്നു. അവരുടെ കുടുംബത്തില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ സഖര്യാവിന്‍റെ ആഗ്രഹം ചോദിക്കുകയും സഖര്യാവ് ഇവന്‍റെ പേര് യോഹന്നാന്‍ എന്ന് എഴുതികാണിക്കുകയും ചെയ്തു. ആ നിമിഷത്തില്‍ തന്നെ സഖര്യാവ് സംസാരിക്കുവാനും തുടങ്ങി.
നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം ആകുലതകളും തടസ്സങ്ങളും നേരിട്ടുകൊള്ളട്ടെ. എന്‍റെ ജീവിതത്തില്‍ അവന്‍ അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന് വിശ്വസിക്കുക. ദൈവഹിതത്തിനു വിധേയരായി ജീവിക്കുക പലപ്പോഴും പരപ്രേരണയ്ക്കു വശംവദരായി അല്ലെങ്കില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുവാന്‍ നാം ശ്രമിക്കാറുണ്ട്. ഭൂരിപക്ഷ അഭിപ്രായത്തിനും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാതെ, ദൈവഹിതം മനസ്സിലാക്കി ജീവിതത്തെ ക്രമീകരിക്കുവാന്‍ നമുക്ക് കഴിയണം. ഇവിടെ മാതാവും പിതാവും തങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് ദാനമായി ലഭിച്ച മകന്‍റെ പേര്‍ ഇടുന്നതില്‍ യോജിക്കുന്നു. അതായത് തങ്ങളുടെ മകന്‍റെ ഭാവിദൗത്യത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ഒരേ ദര്‍ശനമാണ് ഉള്ളത്. മാത്രമല്ല മക്കളെ സംബന്ധിച്ച് ഒരേ രീതിയില്‍ ചിന്തിക്കുകയും നയിക്കുകയും ചെയ്യുമ്പോള്‍ ആ ഭവനം ശ്രേഷ്ഠഭവനമായി മാറുന്നു. മാത്രമല്ല ഈ ഭവനം ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കുന്ന ഭവനം ആയിരുന്നു. നമുക്ക് ദൈവഹിതത്തിനു വിധേയപ്പെടാം. നമ്മുടെ കുഞ്ഞുങ്ങളെ ദൈവഹിതത്തിനു വിധേയപ്പെടുന്നവരായി നമുക്ക് വളര്‍ത്താം.
തങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്ന മാതാപിതാക്കള്‍
കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു (വി. ലൂക്കോ. 1:58), ദൈവത്തിന്‍റെ സര്‍വ്വകല്പനയിലും കുറ്റമില്ലാതെ നടന്നിരുന്ന ഈ ദമ്പതികളുടെ ജീവിതത്തിലുണ്ടായ ശക്തമായ ദൈവസാന്നിദ്ധ്യം അയല്‍ക്കാരും ചാര്‍ച്ചക്കാരും ഒന്നിച്ചു പങ്കിടുന്നു. “മച്ചിയായവളെ മക്കലുടെ സന്തോഷമുള്ള മാതാവാക്കി” മാറ്റുവാന്‍ ദൈവത്തിനു കഴിയും. പണ്ട് പരിഹസിച്ചവര്‍ ഇന്ന് ദൈവകൃപ തിരിച്ചറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുന്നു. തങ്ങള്‍ അനുഭവിച്ച സന്തോഷം, അനുഗ്രഹം മറ്റുള്ളവരുമായി പങ്കുവക്കുന്നു. ഒരു അനുഗ്രഹീതമായ സാമൂഹ്യജീവിതം നയിച്ചവര്‍ ആയിരുന്നു ഈ മാതാപിതാക്കള്‍.
അയല്‍ക്കാരും ബന്ധുക്കളും നമ്മുടെ സന്തോഷത്തില്‍ നമ്മോടൊത്തു സന്തോഷിക്കുവാനും അവരുടെ സന്തോഷത്തില്‍ നമുക്ക് അവരോടൊത്തു സന്തോഷിക്കുവാനും ഇന്നു നമുക്ക് കഴിയുന്നുണ്ടോ? ആധുനിക ജീവിതസൗകര്യങ്ങള്‍ മനുഷ്യനു സ്വന്ത പാര്‍പ്പിടങ്ങളില്‍ തന്നെ സന്തോഷിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അയല്‍ക്കാരും ബന്ധുക്കളും ഇന്നു അന്യം നിന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനം കൊടുക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ നമുക്കും സ്ഥാനം ഉണ്ടാകും. പരസ്പര സഹകരണത്തിന്‍റെയും പങ്കുവെക്കലിന്‍റെയും മനസ്സുള്ളവര്‍ക്ക് മാത്രമേ ഈ പരസ്പരബന്ധം നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. സഖര്യാവും എലിസബേത്തും അവരുടെ ജീവിതത്തില്‍ തങ്ങളുടെ ചാര്‍ച്ചക്കാരോടും അയല്‍ക്കാരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു. അതിനാല്‍ ആണ് ഈ കുടുംബത്തിലെ സന്തോഷം എല്ലാവരുടെയും സന്തോഷകാരണമായി മാറുന്നത്. നമുക്കും മറ്റുള്ളവരുടെ സന്തോഷത്തിലും, ദുഃഖത്തിലും പങ്കുചേരുവാന്‍ സാധിക്കട്ടെ.
മകന്‍റെ ഭാവിയെപ്പറ്റി വ്യക്തത ഉണ്ടായിരുന്ന മാതാപിതാക്കള്‍
കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു. ഈ പൈതല്‍ എന്താകും എന്നു പറഞ്ഞു കര്‍ത്താവിന്‍റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു. (വി. ലൂക്കോ. 1:66). യോഹന്നാന്‍റെ ജനനവും പേരിടീലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഭയമുളവാക്കി. ഈ ശിശു ആരായിത്തീരും? എന്ന ഒരു ചിന്ത എല്ലാവരിലും ഉണ്ടായി. ഇതിനു വ്യക്തമായ മറുപടി യോഹന്നാന്‍റെ പിതാവായ സെഖര്യാവ് തന്നെ പറയുന്നുണ്ട്. “നീയോ പൈതലേ അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിനു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും.” തന്‍റെ മകനെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി എന്താണ് എന്ന് സഖര്യാവ് വ്യക്തമായി മനസ്സിലാക്കി. ഒരു ശിശു ജനിക്കുക എന്നതു തന്നെ എത്രയോ അത്ഭുതകരമായ വസ്തുതയാണ്. യോഹന്നാന്‍റെ ജനനസമയത്തു സംഭവിച്ചതുപോലുള്ള അത്ഭുതങ്ങള്‍ ഇല്ലെങ്കില്‍ തന്നെയും ഓരോ ശിശുവും അപാര സാദ്ധ്യതകളുടെ നിഗൂഢനിക്ഷേപ ചെപ്പാണ്. ഒരു ശിശുവിന്‍റെ സാമീപ്യത്തില്‍ എത്തുന്ന മുതിര്‍ന്നവരുടെ വാക്കും നോട്ടവും വിചാരം പോലും അവരുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണെന്നോര്‍ക്കുമ്പോള്‍ ഓരോ ശിശുവും എത്രമാത്രം ശ്രദ്ധയോടെ വളര്‍ത്തപ്പെടണം എന്നു നാം മനസ്സിലാക്കണം.
വി. യോഹന്നാന്‍ സ്നാപകന്‍റെ ജനനത്തിന്‍റെ ഞായര്‍ സഭ ശിശുദിനമായി ആചരിക്കുന്നു. ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ദൈവകൃപയുടെ നിഴലില്‍ വളരുവാന്‍ ഇന്നത്തെ ശിശുക്കള്‍ക്ക് സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയിലും ആത്മീയവളര്‍ച്ചയിലും ആരംഭം മുതല്‍ ശ്രദ്ധിക്കണം. ഇങ്ങനെ ശ്രദ്ധയോടെ വളര്‍ത്തപ്പെടുന്ന ശിശുക്കളാണ് ഭാവിയുടെ വാഗ്ദാനങ്ങളായി മാറുന്നത്. അങ്ങനെ അവരെ ശ്രദ്ധയോടെ വളര്‍ത്തുവാന്‍ ദൈവത്തിന്‍റെ അദൃശ്യമായ ഒരു കരുതലും സംരക്ഷണയും ആവശ്യമാണ്.
ഇന്നത്തെ പഴയനിയമ വായനയില്‍ ദൈവത്തിന്‍റെ അദൃശ്യമായ കരുതലും സംരക്ഷണയും ലഭിച്ച രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചു നാം വായിക്കുന്നു. മരുഭൂമിയിലെ കഠിനമായ ദാഹത്തില്‍ നിന്ന് ഹാഗാറിന്‍റെ പുത്രനായ യിശ്മായേലിനെയും (ഉല്‍പ്പത്തി 21: 1-21) നൈല്‍ നദിയിലെ ജലത്തില്‍ നിന്ന് മോശയെയും (പുറപ്പാട് 2:1-10) ദൈവം സംരക്ഷിച്ചതായി നാം വായിക്കുന്നു. യോഹന്നാന്‍ സ്നാപകനും കര്‍ത്താവിന്‍റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നതിനാല്‍ സത്യത്തിന്‍റെ പ്രസംഗകനായി ജീവിച്ചു. അവന്‍ തന്‍റെ മാതൃഗര്‍ഭം മുതല്‍ പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞു. ജനത്തിന്‍റെ ഹൃദയത്തില്‍ രക്ഷയുടെ സുവിശേഷം വിതപ്പാനും മാനസാന്തരസ്നാനം പ്രസംഗിപ്പാനും പാപമോചനം വാഗ്ദാനം ചെയ്യുവാനും ഏലിയാ ദീര്‍ഘദര്‍ശിയുടെ ശക്തിയിലും ആത്മാവിലും നടന്നു. ഇന്നത്തെ സെദറായില്‍ നാം വായിക്കുന്നതുപോലെ നിന്‍റെ സത്യവചനപ്രകാരം മാനസാന്തരത്തിനു യോഗ്യമായ ഫലം പുറപ്പെടുവിക്കുവാന്‍ തക്കവണ്ണം തിന്മകളില്‍ നിന്നും ഞങ്ങളെ തിരിപ്പിച്ച് സത്യത്തിന്‍റെ പ്രവാചകന്മാരാക്കി ഞങ്ങളെ ആക്കിതീര്‍ക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.