2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിസംഗ്രഹം


ഈ വിധിന്യായത്തില്‍ മുകളില്‍ വിവരിച്ച കണ്ടെത്തലുകളുടെ പ്രധാന പരിണിതഫലം, ഇതര കാര്യങ്ങള്‍ക്കൊപ്പം, താഴെപ്പറയുന്നതാണ്.

 1. മലങ്കരസഭ, 1934-ലെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്ര എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണ്. 1934-ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) അത് സ്ഥായിയായി നിലനില്‍ക്കുന്നതുമാണ്.
 2. 1995-ലെ സുപ്രീംകോടതി വിധിത്തീര്‍പ്പ് പൂര്‍ണ്ണമായും ആ കേസിലെ വിധിന്യായത്തിന് അനുസൃതമാണ്; വിധിത്തീര്‍പ്പും (ഡിക്രി) വിധിന്യായവും (ജഡ്ജ്മെന്‍റ്) തമ്മില്‍ ഭിന്നതയില്ല.
 3. പ്രാതിനിധ്യ സ്വഭാവത്തോടെ നടത്തിയ കേസിലാണ് 1995-ലെ സുപ്രീംകോടതി വിധി ഉണ്ടായത്. ഇക്കാരണത്താല്‍ ഈ വിധി, ഇതില്‍ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളില്‍, റസ്ജൂഡിക്കേറ്റാ എന്ന നിലയില്‍, പ്രതിനിധീകരിക്കപ്പെട്ടവരെ ബന്ധിക്കുന്നതും പ്രാവര്‍ത്തികമാകുന്നതുമാണ്. സിവിള്‍ നടപടി നിയമം ഒന്നാം ഉത്തരവ് എട്ടാം ചട്ടവും 11-ാം വകുപ്പിലെ 6-ാം വിശദീകരണവും ഇവിടെ പ്രസക്തമാണ്. ഈ വിധി, കേസില്‍ കക്ഷികളായി പറഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമല്ല, മറിച്ച്, മലങ്കരസഭയിലെ എല്ലാ തല്‍പരകക്ഷികള്‍ക്കും ബാധകമാണ്. മുമ്പുണ്ടായ, പ്രാതിനിധ്യസ്വഭാവത്തോടെയുള്ള, സമുദായക്കേസില്‍ കൈക്കൊണ്ടിട്ടുള്ളിടത്തോളം തര്‍ക്കവിഷയങ്ങളിലെ തീരുമാനങ്ങള്‍, പള്ളികളേയും ഇടവകാംഗങ്ങളെയും ബന്ധിക്കുന്നതാണ്.
 4. 1934-ലെ ഭരണഘടന സാധുവാണ്; ഇടവകപ്പള്ളികളെ ബന്ധിക്കുന്നതാണ്. ഇക്കാരണത്താല്‍, ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ നല്‍കുന്ന അവകാശങ്ങളുടെ പ്രയോഗം എന്നു പറഞ്ഞുകൊണ്ട് ഒരു പള്ളിക്കും അവരുടെ 2002-ലെ പുതിയ ഭരണഘടന പോലുള്ള ഭരണഘടനയുണ്ടാകണമെന്നു നിശ്ചയിക്കാവുന്നതല്ല. പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേല്‍ക്കോയ്മയുടെ മറവില്‍ പള്ളികളില്‍ സമാന്തര ഭരണസംവിധാനം ഉണ്ടാക്കുക എന്നതും അനുവദനീയമല്ല.
 5. പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കായാണ്. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ ആത്മീയാധികാരങ്ങളും അദ്ദേഹം വഹിക്കുന്നു. മലങ്കരസഭയുടെ ലൗകികവും, വൈദികവും, ആത്മീയവുമായ ഭരണത്തിന്‍റെ പ്രധാന ഭാരവാഹിത്വം, 1934-ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അനുബന്ധങ്ങള്‍ക്ക് വിധേയമായി, മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ളതാണ്.
 6. പാത്രിയര്‍ക്കീസിന്‍റെ ആത്മീയാധികാരം അസ്തമനാവസ്ഥയിലെത്തിയെന്ന കോടതിയുടെ കണ്ടെത്തലിന് സര്‍വ്വശക്തിയും നല്‍കേണ്ടിയിരിക്കുന്നു. ഇതിന്‍റെ ഫലമായി, പാത്രിയര്‍ക്കീസിന് പള്ളികളുടെ ഭരണകാര്യത്തില്‍ ഇടപെടാവുന്നതല്ല; വികാരിമാരെയും വൈദികരെയും ശെമ്മാശന്മാരെയും മേല്‍പട്ടക്കാരെയും നിയമിക്കാവുന്നതല്ല. ഈ നിയമനങ്ങള്‍, 1934-ലെ ഭരണഘടനപ്രകാരം, ബന്ധപ്പെട്ട ഭദ്രാസനങ്ങള്‍, മെത്രാപ്പോലീത്താമാര്‍ തുടങ്ങിയവരില്‍ നിക്ഷിപ്തമാണ്.
 7. ഒരു സഭാംഗത്തിനു സഭ വിട്ടു പോകാം. ഏതു സംഘടനയുടെയും അംഗത്വം വേണ്ടെന്ന് വെക്കാനുള്ള അവകാശത്തിനും ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ 20-ാം അനുച്ഛേദത്തിനും അനുസൃതമാണിത്. എന്നാല്‍ ഒരു പള്ളിയുടെ ഇടവകപ്പൊതുയോഗത്തിന് ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ലാതെയോ മലങ്കരസഭ വിട്ടുമാറുവാന്‍ തീരുമാനിക്കാവുന്നതല്ല. ഒരിക്കല്‍ ട്രസ്റ്റുണ്ടായാല്‍ അത് എക്കാലവും നിലനില്‍ക്കും.
 8. ഒരു സഭ രൂപീകരിക്കുകയും അത് അതിന്‍റെ ഗുണഭോക്താക്കളുടെ മെച്ചത്തിനു വേണ്ടിയായിരിക്കുകയും ചെയ്യുമ്പോള്‍, പ്രസ്തുത ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍പ്പോലും, അതിന്‍റെ സ്വത്തും ഭരണവും കൈപ്പിടിയിലാക്കുവാന്‍ കഴിയുന്നതല്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്‍റെ രൂപത്തിലുള്ളതാണ്. ട്രസ്റ്റിലാണ് അതിന്‍റെ വസ്തുക്കള്‍ നിക്ഷിപ്തമാകുന്നത്. 1934-ലെ ഭരണഘടനപ്രകാരം, ഇടവകാംഗങ്ങള്‍ക്കു ഒറ്റയ്ക്കൊറ്റയ്ക്ക് സഭ വിട്ടുപോകാം. എന്നാല്‍ സഭാധികാരികളുടെ അംഗീകാരമില്ലാതെ 1934-ലെ ഭരണഘടനയുടെ പരിധിക്കു വെളിയില്‍ സഭയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ എടുത്തുകൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല.
 9. പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ കോടതിവിധിയിലെ ആജ്ഞകള്‍ ലംഘിക്കുന്നതിനാണ് അപ്പീല്‍വാദികള്‍ പാത്രിയര്‍ക്കീസിന്‍റെ ഭൗതികാധികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്.
 10. ചരിത്രപശ്ചാത്തലവും പിന്തുടര്‍ന്നുപോന്ന നടപടിക്രമങ്ങളും പ്രകാരം, പാത്രിയര്‍ക്കീസിന്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പട്ടക്കാര്‍ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരം പ്രയോഗിക്കാവുന്നതല്ല. ഇത്തരം അധികാരങ്ങള്‍ സഭയുടെ അധികാരശ്രേണിയിലുള്ള മറ്റ് അധികാരികള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ളതാണ്. അതുകൊണ്ട് 2002-ലും തുടര്‍ന്നും ചെയ്തതുപോലെ, പള്ളികളില്‍ സമാന്തര ഭരണസംവിധാനം സൃഷ്ടിക്കുന്നതിനായി 1934-ലെ ഭരണഘടന ലംഘിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നതിന് പാത്രിയര്‍ക്കീസിനെ അനുവദിക്കാവുന്നതല്ല.
 11. ഏകപക്ഷീയമായ, മേല്‍പറഞ്ഞ, പാത്രിയര്‍ക്കീസിന്‍റെ അധികാരപ്രയോഗങ്ങള്‍ നിയമവിരുദ്ധമാണെന്ന് 1995-ല്‍ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഈ വിധിന്യായത്തില്‍ വിശദീകരിച്ചിട്ടുള്ളപ്രകാരം, പക്ഷാന്തരമായി മാത്രമാണ്, 1995-ലെ വിധിയില്‍, പാത്രിയര്‍ക്കീസിന് അധികാരമുണ്ടെങ്കില്‍ത്തന്നെ അതു പ്രയോഗിക്കാന്‍ കഴിയുന്നതല്ലായെന്നു തീരുമാനം കൈക്കൊണ്ടത്.
 12. ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേലദ്ധ്യക്ഷതയിലും അപ്പോസ്തോലിക പിന്തുടര്‍ച്ചയിലും വിശ്വാസമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് 1934-ലെ ഭരണഘടന അതിലംഘിച്ച്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പ്പട്ടക്കാര്‍ തുടങ്ങിയവരുടെ നിയമനങ്ങള്‍ നടത്തുന്നതിനായി ഉപയോഗിക്കുവാന്‍ സാദ്ധ്യമല്ല.
 13. മലങ്കരസഭ, 1934-ലെ ഭരണഘടനയില്‍ പറയുന്നത്ര എപ്പിസ്കോപ്പലാണ്. ഇതിനാല്‍ മേല്‍പറഞ്ഞ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഭദ്രാസനങ്ങള്‍ക്ക് എല്ലാ ആഭ്യന്തര കാര്യങ്ങളിലും തീരുമാനം ചെയ്യാനവകാശമുള്ളതും ഭദ്രാസനങ്ങള്‍ക്കായി മെത്രാന്മാരെ തെരഞ്ഞെടുക്കാവുന്നതുമാണ്.
 14. വികാരിമാരുടെ നിയമനം മതേതര വിഷയമാണ്. 1934-ലെ ഭരണഘടനപ്രകാരം, വികാരിമാര്‍, ശെമ്മാശന്മാര്‍, മെത്രാന്മാര്‍ തുടങ്ങിയവരെ നിയമിക്കുന്നതുമൂലം, ഇന്ത്യന്‍ ഭരണഘടന 25, 26 അനുഛേദങ്ങള്‍ വിഭാവനം ചെയ്യുന്ന ഏതെങ്കിലും അവകാശങ്ങളുടെ ലംഘനം ഉണ്ടാകുന്നില്ല. ആത്മീയ മേലദ്ധ്യക്ഷതയുടെ മറപിടിച്ച് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഇടപെടുവാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. മറിച്ചാകണമെങ്കില്‍ നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ തത്വം ബന്ധപ്പെട്ടവര്‍ക്കെല്ലാം ബാധകമാണ്.
 15. വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പട്ടക്കാര്‍ തുടങ്ങിയവരുടെ നിയമനം സംബന്ധിച്ച് (കേസില്‍ ഹാജരാക്കിയ) ഉടമ്പടികള്‍ യാതൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. മറിച്ചായാലും, ഒരിക്കല്‍ 1934-ലെ ഭരണഘടന സ്വീകരിച്ചിരുന്നാല്‍, ഈ ഭരണഘടനപ്രകാരമായിരിക്കണം വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പട്ടക്കാര്‍ തുടങ്ങിയവരുടെ നിയമനങ്ങള്‍ നടത്തേണ്ടത്. ഈ നിയമനങ്ങള്‍ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ അവകാശങ്ങളുടെ പരിധിയില്‍ വരുന്നതല്ല. ആത്മീയ അധികാരങ്ങള്‍ മലങ്കരസഭയിലെ മറ്റ് ഭരണകര്‍ത്താക്കളിലും നിക്ഷിപ്തമാണ്.
 16. വിവിധ തലങ്ങളില്‍ ചുമതലകള്‍ വിഭാഗിച്ചാണ് സഭയുടെ ഭരണം നടത്തുന്നത്. ഒരു വ്യക്തിക്ക്, അയാള്‍ എത്ര തന്നെ ഉന്നതനായാലും, ഈ ഭരണരീതി കവര്‍ന്നെടുക്കാവുന്നതല്ല. 1934-ലെ ഭരണഘടനയിലുള്ള ചുമതലവിഭജനം സഭയുടെ കാര്യക്ഷമമായ ഭരണത്തിനുവേണ്ടിയാണ്. ഭരണഘടനയിലെ ഇതു സംബന്ധിച്ച നിശ്ചയങ്ങള്‍ സഭ എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണെന്ന അടിസ്ഥാനതത്വത്തിന് എതിരല്ല. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേലദ്ധ്യക്ഷത എന്ന സങ്കല്പത്തിന് എതിരായാണ് 1934-ലെ ഭരണഘടന എന്നു വ്യാഖ്യാനിക്കത്തക്കതല്ല. അതേപോലെ, ഇത് ഒരു അനീതി നിറച്ച പ്രമാണ സാമഗ്രിയോ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ മേലദ്ധ്യക്ഷതയില്‍ വിശ്വാസമര്‍പ്പിച്ച ഇടവകാംഗങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപാധിയോ ആകില്ല.
 17. പള്ളിയും, സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. പുരാതന ആചാരപ്രകാരം നിലനിന്നുപോന്നപോലെ, പ്രസ്തുത അവകാശത്തോടെ, ഇത് ഇടവകാംഗങ്ങളില്‍ നിലനില്‍ക്കേണ്ടതാണ്. മലങ്കരസഭാ വിശ്വാസത്തില്‍ തുടരുന്നിടത്തോളം, ഒരു ഇടവകാംഗം ഈ അവകാശങ്ങള്‍ അനുഭവിക്കുന്നതിനെ ആര്‍ക്കും നിഷേധിക്കാവുന്നതല്ല. സെമിത്തേരിയില്‍ മാന്യമായി സംസ്കരിക്കപ്പെടാനുള്ള അവകാശത്തെ ഹനിക്കാവുന്നതുമല്ല. മലങ്കരസഭാ വസ്തുക്കള്‍, അതിലുള്‍പ്പെട്ടതും അതില്‍ നിക്ഷിപ്തവുമായ ഇടവകപ്പള്ളികളുടെ സ്വത്തു സഹിതം, അതിന്‍റെ ഗുണഭോക്താക്കളുടെ മെച്ചത്തിനായി, പുരാതനകാലം മുതല്‍ നിലനിന്നുവരുന്നതുപോലെ, മേലിലും ഒരു ട്രസ്റ്റായി നിലനില്‍ക്കുന്നതാണ്. അതിന്‍റെ ഉടമകള്‍ തങ്ങളെന്ന് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ പോലും ആര്‍ക്കും അവകാശവാദം ഉയര്‍ത്താവുന്നതല്ല. ഭൂരിപക്ഷത്തിനും ഇതു സാദ്ധ്യമല്ല; ആര്‍ക്കും പള്ളിയോ സ്വത്തുക്കളോ കയ്യേറാവുന്നതുമല്ല.
 18. സഭയുടെ സ്വാഭാവിക പൊതുവിശ്വാസം യേശുക്രിസ്തുവിലാണ്. ഇത് കാതോലിക്കോസിന്‍റെയും പാത്രിയര്‍ക്കീസിന്‍റെയും അധികാരത്തിന്‍റെ പേരില്‍, അനാവശ്യമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഭരണവും മറ്റ് അധികാരങ്ങളും പിടിച്ചെടുക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ഒരു ശ്രമം നടത്തി വരുന്നു. ഇതിനായി, ആദ്ധ്യാത്മികതയുടെ മറവില്‍, ഭൗതികമായ കാര്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ പാത്രിയര്‍ക്കീസിന്‍റെയും കാതോലിക്കോസിന്‍റെയും മേലദ്ധ്യക്ഷത സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ക്ക് എന്തെങ്കിലും നല്ലതോ യഥാര്‍ത്ഥമോ ആയ കാരണങ്ങളില്ല.
 19. പാത്രിയര്‍ക്കീസിന്‍റെ അധികാരം പള്ളിയുടെ ഭൗതിക ഭരണകാര്യങ്ങളിലേക്ക് ഒരിക്കലും വ്യാപരിച്ചിട്ടില്ല. 1995-ലെ വിധിന്യായത്തെ ലംഘിച്ച് പള്ളിക്കാര്യങ്ങളില്‍, പാത്രിയര്‍ക്കീസ് നടത്തിയ അനര്‍ഹമായ ഇടപെടലുകളെയും പ്രവൃത്തികളെയും ചോദ്യം ചെയ്യുന്നതിലൂടെ പാത്രിയര്‍ക്കീസിന്‍റെ ആത്മീയ പരമാധികാരത്തെ കാതോലിക്കോസ് വിഭാഗം നിഷേധിക്കുന്നു എന്നു പറയാനാവില്ല. 1995-ലെ വിധിക്ക് ശേഷം സൃഷ്ടിക്കപ്പെട്ട അവസ്ഥയ്ക്ക് പാത്രിയര്‍ക്കീസ് വിഭാഗത്തെ കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. പള്ളിയുടെ സ്വത്തുക്കള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണ്. ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ വിധിയെ പാത്രിയര്‍ക്കീസ് വിഭാഗം ബഹുമാനിച്ചിട്ടില്ല. ഹൈക്കോടതിയില്‍, കാതോലിക്കാപക്ഷം റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തത് പാത്രിയര്‍ക്കീസും (അദ്ദേഹത്തിന്‍റെ അനുയായികളും) 1995-ലെ വിധി ലംഘിച്ച് വികാരി മുതലായവരെ നിയമിക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു.
 20. 1934-ലെ ഭരണഘടന ഇപ്പോള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. അതിനെതിരെയുള്ള തര്‍ക്കങ്ങളും തടസ്സങ്ങളും പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഉയര്‍ത്താവുന്ന തരത്തിലുള്ളവയല്ല. മലങ്കരസഭയുള്ളിടത്തോളം, സ്വത്തുക്കള്‍ സഹിതം, തനിമയോടെ ഒന്നാകെയാണു സഭ നിലനില്‍ക്കേണ്ടത്. ഒരു ഗ്രൂപ്പിനോ ഘടകത്തിനോ, ഭൂരിപക്ഷപ്രകാരമോ അല്ലാതെയോ സ്വത്തുക്കളോ ഭരണമോ കൈക്കലാക്കുവാന്‍ സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍, അത് സഭയുടെ ഭരണകാര്യങ്ങളിലെ തികച്ചും നിയമവിരുദ്ധമായ കൈകടത്തലാകും; വസ്തുക്കളിന്മേല്‍ കയ്യൂക്കുകൊണ്ടുള്ള കയ്യേറ്റമാകും. സഭയുടെ സ്വഭാവത്തിനോ അതിന്‍റെ വസ്തുക്കള്‍ക്കോ ഭരണത്തിനോ മാറ്റം വരുത്തുവാന്‍ ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും, സാധിക്കുന്നതല്ല. നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യുക മാത്രമാണ് ഭരണക്രമം മാറ്റുവാനുള്ള ഏക ഉപാധി. 1934-ലെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇടവകപ്പള്ളികള്‍ക്ക് ബൈലോകള്‍ പോലും ഉണ്ടാക്കത്തക്കതല്ല.
 21. 1890, 1913 വര്‍ഷങ്ങളിലെ ഉടമ്പടികള്‍ പള്ളികളുടെ ഭരണം സംബന്ധിച്ചാണ്; അവ ട്രസ്റ്റ് രൂപീകരണ പ്രമാണങ്ങള്‍ അല്ല. അവയ്ക്ക് ഇപ്പോള്‍ ഉപയോഗമില്ലാതായി. മറിച്ചായാലും, 1934-ലെ ഭരണഘടനയുടെ 132-ാം വകുപ്പുപ്രകാരം, ഭരണഘടനയ്ക്ക് എതിരായുള്ള തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉടമ്പടികള്‍ ഭരണകാര്യക്ഷമതയുള്ളതാകില്ല. കൂടാതെ, 1934-ലെ ഭരണഘടനയുടെ പ്രയോഗക്ഷമത ഈ കോടതിയുടെ ആധികാരികമായ വിധികളിലൂടെ കൈവന്നതിന്‍റെ വെളിച്ചത്തിലും ഈ ഉടമ്പടികള്‍ക്ക് പ്രാബല്യമില്ല.
 22. 1934-ലെ ഭരണഘടന, മലങ്കരസഭയുടെ വസ്തുക്കളില്‍, നിലവിലോ ഭാവിയിലോ ഉള്ള സ്ഥാപിതമോ വ്യവസ്ഥകള്‍ക്ക് വിധേയമായതോ ആയ, അവകാശമോ ഉടമസ്ഥതയോ താല്‍പര്യമോ, സൃഷ്ടിക്കുകയോ പ്രഖ്യാപിക്കുകയോ കൈമാറുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല; ഒരു ഭരണസംവിധാനമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തതാണ് എന്നവകാശപ്പെടുന്നതുകൊണ്ടു മാത്രം, ഏതു നിലയിലും, മേല്‍പറഞ്ഞ കാരണങ്ങളാല്‍, 1934-ലെ ഭരണഘടനയെ ഉടമ്പടികള്‍ മറികടക്കുന്നതല്ല.
 23. അടിസ്ഥാനപരമായി എപ്പിസ്കോപ്പലായ ഈ സഭയില്‍ പള്ളികള്‍ക്ക് എത്രത്തോളം സ്വയംഭരണം ഭരണഘടന നല്‍കിയിട്ടുണ്ടോ, അത് 22-ാം വകുപ്പില്‍ പറയുന്ന ഭരണത്തിനും അത്യാവശ്യ ചെലവുകള്‍ക്കും വേണ്ടിയാണ്.
 24. 2002-ലെ ഭരണഘടനയുടെ രൂപീകരണം നിയമവിരുദ്ധവും അസാധുവുമായ നടപടികളുടെ ഫലമായുള്ളതാണ്. അത് അംഗീകരിക്കാനാവില്ല. മലങ്കരസഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി അതിനെ കണക്കാക്കാനുമാവില്ല. 1934-ലെ ഭരണഘടനപ്രകാരമാണ് പള്ളികളിലെ ഭരണം നടത്തേണ്ടത്.
 25. മണ്ണത്തൂര്‍ പള്ളിക്കേസില്‍ അന്യായം ഫയല്‍ ചെയ്തത് സിവിള്‍ നടപടി നിയമം ഒന്നാം ഉത്തരവ് 8-ാം ചട്ടപ്രകാരമുള്ള പ്രാതിനിധ്യ വ്യവഹാരമെന്ന നിലയിലാണ്. ഇത്തരത്തിലുള്ള അന്യായം ഭേദഗതി ചെയ്തു എന്നതുകൊണ്ട് മാത്രം വീണ്ടും പ്രാതിനിധ്യ നടപടികള്‍ (പത്രപരസ്യം) കൈക്കൊള്ളേണ്ട ആവശ്യമില്ല. പ്രാതിനിധ്യ അന്യായമായി നിലനിന്നതാണിത്. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊണ്ടതുമാണ്. വീണ്ടും കോടതിയനുവാദം വാങ്ങേണ്ട ആവശ്യമില്ല.
 26. 1934-ലെ ഭരണഘടന ഇടവകപ്പള്ളികളുടെ ഭരണത്തിനനുയോജ്യവും മതിയായതുമാണ്. അതിനാല്‍ സിവിള്‍ നടപടി നിയമം 92-ാം വകുപ്പുപ്രകാരം ഒരു സ്കീം (ഭരണസംവിധാനം) രൂപീകരിക്കേണ്ട ആവശ്യമില്ല.
 27. രണ്ടു വിഭാഗങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യത വളരെ വിരളമായതിനാലും, ഓരോ വിശ്വാസത്തിലും നില്‍ക്കുന്ന ഓരോ വികാരിമാരെ, ശുശ്രൂഷകള്‍ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിക്കത്തക്കതല്ല; കാരണം, ഇത് സമാന്തര ഭരണസംവിധാനത്തിന് പരിപോഷണം നല്‍കുന്നതാകും.
 28. രണ്ടു വിഭാഗങ്ങളും, അവര്‍ വിശ്വസിക്കുന്ന വിശുദ്ധ മതത്തിന്‍റെ നന്മയ്ക്കായി, തങ്ങളുടെ അഭിപ്രായ ഭിന്നത, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍, ഒരു പൊതുവേദിയില്‍ പരിഹരിക്കേണ്ടതാണ്. ഒഴിവാക്കി എടുക്കാവുന്നതും സഭയെത്തന്നെ ജീര്‍ണ്ണിപ്പിക്കുന്നതുമായ സ്ഥിതി സംജാതമാക്കുന്ന, മേലിലുള്ള കലഹവും അസമാധാനവും ഇല്ലാതാക്കുന്നതിന് ഇതാവശ്യമാണ്. അത്യാവശ്യമെങ്കില്‍, നിയമാനുസൃതം ഭരണഘടന ഭേദഗതി ചെയ്യണം. എന്നാല്‍ പള്ളികള്‍ അടച്ചിടേണ്ട സ്ഥിതിവരെ എത്തിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്നതുമായ സമാന്തര ഭരണരീതി സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമവും, യാതൊരു കാരണവശാലും, അംഗീകരിക്കാനാവില്ല.
  മേല്‍പറഞ്ഞ വിശകലനങ്ങളുടെ വെളിച്ചത്തില്‍, ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട യാതൊരു കാരണവുമില്ലെന്ന് ഞങ്ങള്‍ തീര്‍ച്ച ചെയ്യുന്നു. അപ്പീലുകള്‍ ഇതിനാല്‍ തള്ളുന്നു. കക്ഷികള്‍ അവരവരുടെ ചിലവു വഹിക്കേണ്ടതാണ്.