‘മ്ശംശോനോ’ എന്ന സുറിയാനി പദത്തിന്‍റെ തല്‍ഭവം. ഇതിനു തുല്യമായ ‘ഡയക്കൊണോസ്’ എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് ‘ഡീക്കന്‍’ എന്ന ഇംഗ്ലീഷ് പദത്തിന്‍റെ ഉല്പത്തി. ക്രിസ്തീയ സഭയില്‍ എപ്പിസ്ക്കോപ്പാ, കശീശാ, എന്നീ വൈദികസ്ഥാനങ്ങള്‍ക്കു താഴെയാണ് ശെമ്മാശന്‍. അപ്പൊസ്തോലിക കാലം മുതല്‍ ഈ സ്ഥാനം സഭയില്‍ നിലനിന്നു (അപ്പോ. പ്ര. 6:1 മു.; ഫിലി. 1:2). ശ്ലൈഹികമായ കൈവെയ്പ് നല്‍കിയാണ് ഇവരെ നിയോഗിച്ചത്. അവര്‍ക്കുണ്ടായിരിക്കേണ്ട ധാര്‍മ്മികവും ആത്മികവുമായ യോഗ്യതകളെക്കുറിച്ച് പുതിയ നിയമത്തില്‍ പല ഭാഗത്തും അനുശാസിക്കുന്നുണ്ട് (അപ്പോ. പ്ര. 6:3; 1 തീമോ. 3:8 മു.).
ഇവരുടെ കര്‍ത്തവ്യങ്ങള്‍ പ്രധാനമായി രണ്ടു തരത്തില്‍ പെടുന്നവയാണ്. ഒന്ന്, ആരാധനയില്‍ നടത്തുന്ന ശുശ്രൂഷ. രണ്ട്, സഭയുടെ സാമൂഹ്യ പ്രവര്‍ത്തനരംഗത്തെ ശുശ്രൂഷ. പില്‍ക്കാലങ്ങളില്‍ ഈ ശുശ്രൂഷകള്‍ക്ക് വികസനവും പരിണാമങ്ങളുമുണ്ടായിട്ടുണ്ട്. പ്രത്യേകാവസരങ്ങളില്‍ മാമോദീസാ നല്‍കുവാനും വി. കുര്‍ബ്ബാന വിശ്വാസികള്‍ക്കു നല്‍കുവാനും പട്ടക്കാരുടെ അസാന്നിദ്ധ്യത്തില്‍ കുന്തുരുക്കമിട്ടു ധൂപം അര്‍പ്പിക്കുവാനും സ്തേഫാനോസ് ശെമ്മാശന്‍റെ ഓര്‍മ്മ ദിവസത്തില്‍ ഏവന്‍ഗേലി വായിക്കുവാനും അധികാരമുണ്ട്.
ഇന്ന്, ശെമ്മാശന്‍ എന്നുള്ളത് കശീശാ ആകുന്നതിനുള്ള ഒരു ചവിട്ടുപടിയായി കരുതുന്നു. എന്നാല്‍ പുരാതനകാലത്ത് ശെമ്മാശന്‍റെ സ്ഥാനം ആയുഷ്കാലം നീണ്ടു നില്‍ക്കുന്ന ഒന്നായിരുന്നു. ഇപ്പോഴും ശീമക്കാരുടെ ഇടയില്‍ ആയുഷ്ക്കാല ശെമ്മാശന്മാരുണ്ട്.
ശെമ്മാശന്മാര്‍ (ആദ്യത്തെ ഏഴുപേര്‍)
അപ്പോസ്തോലികകാലത്ത് യെരുശലേമിലെ സഭയില്‍ യവനഭാഷ സംസാരിക്കുന്ന വിധവകളും എബ്രായ ഭാഷ (അറമായ) സംസാരിക്കുന്ന വിധവകളും തമ്മില്‍, അവര്‍ക്കു ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഓഹരിയെക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍, നീതിപൂര്‍വ്വകമായി അവ വിഭജിച്ചുകൊടുക്കുവാനും ആവശ്യമായ മറ്റു സേവനങ്ങള്‍ ചെയ്തു കൊടുക്കുവാനുമായി അപ്പോസ്തോലന്മാര്‍ ഏഴു പുരുഷന്മാരെ തെരഞ്ഞെടുത്തു. അവര്‍ മറ്റുള്ളവരില്‍ നിന്നു നല്ല അംഗീകാരം ലഭിച്ചവരും ജ്ഞാനവും, പരിശുദ്ധാത്മാവും നിറഞ്ഞവരുമായിരുന്നു. അപ്പോസ്തോലന്മാര്‍ അവരുടെ മേല്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് മേല്‍പറഞ്ഞ ശുശ്രൂഷാസ്ഥാനത്തേക്ക് അവരെ അവരോധിച്ചു (അപ്പോ. പ്ര. 6). സഭയിലെ ആദ്യത്തെ ശെമ്മാശന്മാരായ അവരുടെ പേരുകള്‍ സ്തേഫാനോസ്, ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തീമോന്‍, പര്‍മ്മനോസ്, അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നാണ്. ഇവരില്‍ സ്തേഫാനോസും ഫിലിപ്പോസും സഭയില്‍ സുവിശേഷപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെപ്പറ്റി അപ്പോസ്തോല പ്രവൃത്തികളില്‍ വിവരിക്കുന്നുണ്ട്. മറ്റുള്ളവരെപ്പറ്റി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സ്തേഫാനോസ് നിര്‍വ്വഹിച്ച ശുശ്രൂഷ സ്മരണാര്‍ഹമാണ്. ഫിലിപ്പോസും, സുവിശേഷകന്‍ എന്ന നിലയില്‍ ശമര്യയിലും കൈസര്യയിലും മറ്റും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ നാലു പുത്രിമാര്‍ പ്രവാചകികളായിരുന്നു (അപ്പോ. പ്ര. 8:26; 21:8 മു.).
ശെമ്മാശിനി
ശെമ്മാശന്‍ എന്ന പദത്തിന്‍റെ സ്ത്രീലിംഗമാണിത്. ശെമ്മാശിനികള്‍ എന്ന സ്ഥാനം അപ്പൊസ്തോലിക കാലത്തുണ്ടായിരുന്നു എന്നു സ്പഷ്ടം. ഉദാ. കെംക്രയസഭയിലെ ഫേബാ ഒരു ശെമ്മാശിനി ആയിരുന്നു (റോമ. 16:1). മാമോദീസായ്ക്ക് സ്ത്രീ ജനങ്ങളെ ഒരുക്കുകയും അവരുടെ മാമോദീസാ വേളയില്‍ വൈദികനെ സഹായിക്കുകയും മൂറോന്‍ അഭിഷേകം നടത്തുകയും ചെയ്തുവന്നു.
കാനോനില്‍ ശുശ്രൂഷക്കാരികള്‍ക്കു നല്‍കുന്ന ചുമതല മദ്ബഹായില്‍ പ്രവേശിച്ച് അടിച്ചുവാരുകയും തിരി കത്തിക്കുകയും ചെയ്യുക എന്നുള്ളതാണ്. മാമോദീസാ കൈക്കൊള്ളുന്ന സ്ത്രീകളെ മൂറോന്‍ പൂശുന്നതും, അവരെ വിശ്വാസവും ധാര്‍മ്മികജീവിതവും അഭ്യസിപ്പിക്കുന്നതും ശെമ്മാശിനികളുടെ ചുമതലകളാണ്. മുതിര്‍ന്നവരുടെ സ്നാനം സഭയില്‍ കുറഞ്ഞു പോയതിനാലാകാം പിന്നീട് ഈ സ്ഥാനം സഭയില്‍ ഇല്ലാതായത്.