പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍


മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ ഉദാഹരണമാണ്. നാലുമാസത്തിലധികമായി രാജ്യത്തെ ഉയര്‍ന്ന കോടതികളുടെ വിധി സമ്പൂര്‍ണ്ണമായി നടപ്പാക്കി, ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ ഒരു ദേവാലയമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ പള്ളിയില്‍ കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കുവാനുള്ള ശ്രമത്തിലാണ് പാത്രിയര്‍ക്കീസ് വിഭാഗം. പള്ളിയുടെ ഓഫീസ് കൈയേറാന്‍ ശ്രമിക്കയും നിയമാനുസൃത ഭരണക്കാരെ വീട്ടില്‍ കയറി മര്‍ദ്ദിക്കാന്‍ തന്ത്രമൊരുക്കുകയും ചെയ്തു. പോലീസ് ഇടപെട്ട് ട്രസ്റ്റി, സെക്രട്ടറി എന്നിവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കേണ്ടി വന്നു. കൊറോണ ചട്ടമനുസരിച്ച് പള്ളിയില്‍ ആരാധനയ്ക്കു വരുന്നവരുടെ സംഖ്യ നിയന്ത്രിക്കുവാന്‍ ശ്രമിച്ചതിന് ചുമതലക്കാരെ അസംഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സാമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കൊണ്ട് കോടതി വിധികള്‍ നടപ്പാക്കാതിരിക്കാനാവുകയില്ല. കോവിഡ് നിബന്ധനകള്‍ അനുസരിച്ചുള്ള നിയ്രന്തണം പാലിക്കേണ്ടതാവശ്യമാണ്. സമാധാനപരമായി ആരാധനയ്ക്കു വരുന്നവര്‍ക്ക് അതിനുളള സാഹചര്യമുണ്ട്. കേസുകളില്‍ പരാജയം സംഭവിക്കുമ്പോള്‍ എതിര്‍കക്ഷിയുടെ നേരേ അക്രമം അഴിച്ചുവിടുന്നത് നിയമവാഴ്ചയുള്ള രാജ്യത്ത് അനുവദിക്കാനാവില്ല. അധികാരികളുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണമെന്നും കുറ്റവാളികളെ നിയമത്തതിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.