(പെന്തിക്കോസ്തിക്കു ശേഷം അഞ്ചാം ഞായര്‍)
(വി. മര്‍ക്കോസ് 9:33-41, വി. മത്തായി 18:1-5, വി. ലൂക്കോസ് 9:46-50)
പെസഹാപ്പെരുന്നാളിന്‍റെ പ്രഭാതത്തിലെ ‘എനിയോന’യില്‍ ‘ചെറുതായോനാം വലിയവനേ’ എന്നുള്ള വിശേഷണം ക്രിസ്തുവിനു നല്‍കുന്നുണ്ട്. ദൈവം മനുഷ്യനായി, താഴ്മയുടെ ഉന്നതങ്ങള്‍ നമുക്ക് കാണിച്ചുതരികയും ‘ആരാണ് വലിയവന്‍’ എന്ന ചോദ്യത്തിനുള്ള മറുപടിയായി ക്രിസ്തു, ഒരു ശിശുവിനെപ്പോലെ ആയിത്തീരുന്നവന്‍ എന്ന് ഉത്തരം നല്‍കുകയും ചെയ്യുന്നു. ശിഷ്യത്വത്തിന്‍റെ വില എന്നുള്ളത്, അവനെ അനുഗമിക്കുക മാത്രമല്ല, മറിച്ച് ദൈവകൃപയുടെ അവകാശവും അനുഗ്രഹവും അപരന് പങ്കിടുകയും ചെയ്യുക എന്നുള്ളതുമാണ് എന്ന് ഇവിടെ നാം കാണുന്നു. ‘സമത്വം’ എന്നുള്ളത് ശിഷ്യന്മാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളില്‍ ഒന്നാണെന്നും, അധികാരവും ആധിപത്യവും ഒരു യഥാര്‍ത്ഥ ശിഷ്യനില്‍ നിന്ന് അകന്നു നില്‍ക്കേണ്ട മനോഭാവങ്ങളാണെന്നും സുവിശേഷകന്‍ ചൂണ്ടിക്കാട്ടുന്നു. ‘നാം ക്രിസ്തുവിനുള്ളവര്‍’ എന്ന ബോധ്യത്തില്‍ ആരെങ്കിലും നമ്മെ സഹായിച്ചാല്‍ ദൈവം അവര്‍ക്കു പ്രതിഫലം നല്‍കുമെന്നുള്ള കരുതലിന്‍റെയും സ്നേഹത്തിന്‍റെയും ആഴം ക്രിസ്തു ഇവിടെ ബോധിപ്പിക്കുന്നു. ഈ സംഭാഷണം ക്രിസ്തുവിന്‍റെ മരണത്തെപ്പറ്റി അവന്‍ തന്നെ മുന്‍കൂട്ടി പറയുന്ന സന്ദര്‍ഭങ്ങളുടെ ഇടയ്ക്കായിട്ടാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് (മര്‍ക്കോസ് 8:31, 9:31, 10:33-34). ക്രിസ്തുവിന്‍റെ മരണശേഷം ശിഷ്യന്മാര്‍ എങ്ങനെയായിരിക്കണമെന്നുള്ളതു കൂടി പഠിപ്പിക്കുവാനാണ് ക്രിസ്തു ഇവിടെ ശ്രമിക്കുന്നത്. സ്വയത്തോടും, കൂട്ടു സഹോദരങ്ങളോടും സമൂഹത്തോടും ‘വിളിക്കപ്പെട്ടവന്‍’ എങ്ങനെ വര്‍ത്തിക്കണമെന്ന് ഇന്നത്തെ സദ്വാര്‍ത്ത നമ്മോട് പറയുന്നു.
1. ക്രിസ്തുധര്‍മ്മം സേവനാധിഷ്ഠിതമാണ്
ക്രിസ്തുവിന്‍റെ കാലത്തെ വളരെ തിരക്കേറിയ ഒരു പട്ടണമായിരുന്നു കപ്പര്‍നഹൂം. അവിടെയുള്ള ഒരു വീട്ടിലേക്കാണ് ക്രിസ്തുവും ശിഷ്യന്മാരും കടന്നുചെല്ലുന്നത്. വഴിയില്‍ വച്ചുള്ള ശിഷ്യന്മാരുടെ സംഭാഷണത്തിന്‍റെ പൊരുള്‍ ക്രിസ്തു അന്വേഷിക്കുന്നു. ശിഷ്യന്മാര്‍ മൗനമാചരിക്കുകയാണ് അപ്പോള്‍. കാരണം അവര്‍ക്കു തന്നെ അറിയാം, അവര്‍ ചിന്തിച്ചത് ക്രിസ്തു ശിഷ്യത്വത്തിന് വിരുദ്ധമായിട്ടാണ് എന്ന്. എന്നാല്‍ അവരുടെ അന്തരംഗം മനസ്സിലാക്കി ഒരു ശിശുവിനെ അടുത്തു വിളിച്ച് അവനെ ചേര്‍ത്തുനിര്‍ത്തി ആ ശിശുവിനെ പോലെയുള്ള മനോഭാവം ഉണ്ടായിരിക്കണമെന്നും, വലുതാകാന്‍ ഏറ്റവും ചെറുതാകണമെന്നും ക്രിസ്തു ഊന്നിപ്പറയുന്നു. സമൂഹത്തിലെ ഏറ്റവും ബലഹീനമായ, ഏറ്റവും എളുപ്പത്തില്‍ പരിക്കേള്‍ക്കാവുന്ന, ഏറ്റവും എളുപ്പത്തില്‍ മുറിപ്പെടാവുന്നവരായ, ഢൗഹിലൃമയഹല ആയ വ്യക്തികളെയാണ് ഇവിടെ ശിശു എന്നര്‍ത്ഥമാക്കുന്നത്. ഏറ്റവും നിസ്സഹായരായവരെയും, അധികാരമില്ലാത്തവരെയും ശുശ്രൂഷിക്കുന്നതാണ് ‘ദൈവശുശ്രൂഷ’ എന്ന് വ്യക്തമാക്കുകയായിരുന്നു ക്രിസ്തു. ഇവിടെ ഓരോ വ്യക്തികള്‍ക്കും പരസ്പരമുണ്ടായിരിക്കേണ്ട ബന്ധം എപ്രകാരമാണെന്ന് എടുത്തു കാണിക്കുന്നു. ‘ഒീിീൗൃ ഇീറല’ ക്രിസ്തുധര്‍മ്മത്തില്‍ അപ്രസക്തമാണെന്നും, മാനുഷികമൂല്യങ്ങളാണ് ഒരുവനെ വലുതാക്കുന്നതെന്നും, സേവനവും പരിത്യാഗവും ആര്‍ജിച്ചെടുക്കേണ്ട ഗുണങ്ങളാണെന്നും നാം അറിയുന്നു.
ആത്മീയഫലങ്ങളില്‍ അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ ആഹരിക്കേണ്ടവയല്ല എന്ന് ഒരു പൈതലിനെ ചൂണ്ടിക്കാട്ടി ക്രിസ്തു പറയുകയാണ്. ദാസന്‍റെയും അടിമയുടെയും മനോഭാവം കാത്തുസൂക്ഷിക്കുവാന്‍ ശ്രമിക്കുക. ശിഷ്യന്മാരുടെ ഇടയിലുണ്ടായ ഒരു പ്രശ്നത്തെ ഉടനടി തന്നെ കൈകാര്യം ചെയ്ത് ശമിപ്പിക്കുവാന്‍ ക്രിസ്തു ശ്രമിക്കുന്നു. അവര്‍ ആവശ്യപ്പെടാതെ തന്നെ, അവരുടെ ഇംഗിതം മനസ്സിലാക്കി അതില്‍ ഇടപെടുന്നു. അധികാരവും ആധിപത്യവും ആത്മപ്രശംസയും എല്ലാം ഒരുവന്‍റെ ‘സ്വത്വ’ത്തെ വളരെപ്പെട്ടെന്ന് ഇല്ലാതാക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് ‘വലിയവന്‍ ഏറ്റവും ചെറിയവന്‍ ആകണം’ എന്ന് പറഞ്ഞ് ആ വിഷയത്തിന്‍റെ പ്രശ്നപരിഹാരം ക്രിസ്തു നല്‍കിയത്. സ്ഥാനമാനങ്ങളും അധികാരവും മറ്റുള്ളവരുടെമേല്‍ പ്രയോഗിച്ച് സത്യത്തെയും നീതിയെയും വെല്ലുവിളിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അവിടെ ക്രിസ്തുധര്‍മ്മത്തിന്‍റെ പാതയില്‍ പലരും ബഹുദൂരം പിന്നിലാണ്. ആ പലരില്‍ നാമും ഉള്‍പ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുക. മറിച്ച് ‘മാനവ സേവ മാധവ സേവ’ ആണെന്നുള്ള തത്വാധിഷ്ഠിതമായ ജീവിതശൈലി പിന്തുടര്‍ന്ന്, നൈര്‍മ്മല്യ ബോധമുള്ളവരായി ജീവിക്കുക (മര്‍ക്കോസ് 10:43-44, ലൂക്കോസ് 22:26, മത്തായി 23:11).
2. ക്രിസ്തുധര്‍മ്മം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നന്മയാണ്
‘തങ്ങള്‍ വിളിക്കപ്പെട്ടവരാണ്’ എന്നുള്ളതിനാല്‍ ദൈവരാജ്യത്തിന്‍റെ പ്രവൃത്തികള്‍ തങ്ങളാല്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു എന്ന ശിഷ്യന്മാരുടെ അഹംബോധത്തെയാണ് ക്രിസ്തു ഇവിടെ ഇല്ലാതാക്കുന്നത്. ക്രിസ്തുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്ന ഒരുവനെ നമ്മുടെയിടയില്‍ നിന്ന് നിരോധിച്ചു എന്നാണ് ശിഷ്യന്മാരെ പ്രതിനിധീകരിച്ച് യോഹന്നാന്‍ പറയുന്നത്. ഭൂതങ്ങളെ പുറത്താക്കുവാനും, രോഗികളെ സൗഖ്യമാക്കുവാനും ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് അധികാരം നല്‍കുന്നുണ്ട് (മര്‍ക്കോസ് 3:14, 15, 6:7). എന്നാല്‍ അത് പരിപൂര്‍ണ്ണമായി തങ്ങള്‍ക്ക് മാത്രമാണ് എന്നാണ് അവരുടെ ധാരണ. അതാണ് ക്രിസ്തു ഇവിടെ തിരുത്തുന്നത്. ഇതിന് സമാനമായ ഒരു സംഭവം സംഖ്യാ പുസ്തകം 11:23-30 വരെയുള്ള വാക്യങ്ങളില്‍ നാം കാണുന്നുണ്ട്. യഹോവയുടെ ആത്മാവ് ലഭിച്ച എല്‍ദാദ്, മേദാദ് എന്നിവര്‍ പ്രവചിച്ചപ്പോള്‍ അവരെ വിരോധിക്കുവാനായി ഒരുങ്ങിയ യോശുവയെ മോശ തടയുന്നു. യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാര്‍ ആകണമെന്നാണ് മോശ ഇച്ഛിക്കുന്നത്. കൂടുതല്‍ മഹിതമായ ഒരു ജീവിതശൈലിയിലേക്കും, കാഴ്ചപ്പാടിലേക്കും എല്ലാവരും വരണമെന്നുള്ള ചിന്തയാണ് ഇവിടെ കാണുന്നത്. ക്രിസ്തുവും അതാണ് ആഗ്രഹിക്കുന്നത്. ‘നമുക്ക് പ്രതികൂലമല്ലാത്തവന്‍ നമുക്ക് അനുകൂലമാണ്’ എന്ന് പറഞ്ഞ് ശിഷ്യസമൂഹത്തിന് ക്രിസ്തുധര്‍മ്മത്തിന്‍റെ വിശാലതയുടെ വ്യാപ്തി എന്താണെന്ന് കാണിച്ചുകൊടുക്കുന്നു.
ഞാനാണ് ശരി; എന്‍റെ വിശ്വാസമാണ് വലിയത്, എന്‍റെ സഭയാണ് ശ്രേഷ്ഠമായത് എന്നുള്ള ചിന്തയാണ് നമുക്കുള്ളത്. അതിനാല്‍ അപരന്‍ ചെയ്യുന്ന നന്മകളെയോ പ്രവര്‍ത്തനങ്ങളെയോ നാം കാണാതെ പോകുന്നു. ക്രിസ്തു ധര്‍മ്മ വിശ്വാസികള്‍ പരസ്പരം ചെളിവാരിയെറിയുവാനും, തങ്ങളുടെ നിലപാടുകളില്‍ ഊന്നി ഇപ്പറയുന്ന ശിഷ്യന്മാരുടേതിന് സമമായി മറ്റുള്ളവരെ വിരോധിക്കുവാനും, നിഷ്പ്രഭരാക്കുവാനും സമയവും ധനവും അധികാരവും ഉപയോഗിക്കുമ്പോള്‍, നഷ്ടപ്പെട്ടു പോകുന്നത് അനേകം ആത്മാക്കളാണ് എന്നുള്ളത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. മറിച്ച് ഏറ്റവും നിസ്സാരമായ ഒരു കാര്യം ചെയ്യുന്നതില്‍ കൂടി – ഒരു പാത്രം വെള്ളം അപരന് നല്‍കുന്നതില്‍ കൂടി – നാം ക്രിസ്തുവിനെയാണ് സാക്ഷിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം.
ഇസ്രായേല്‍ ജനം മുഴുവനും യഹോവയുടെ പ്രവാചകന്മാര്‍ ആകണമെന്നാണ് മോശ ആഗ്രഹിക്കുന്നത്. അതുപോലെയുള്ള ഒരു ശിരഹൗശ്ലെ ിമൗൃലേ ആണ് ക്രിസ്തു ശിഷ്യത്വത്തിനും വേണ്ടത്. അധികാരത്തിനും മഹിമകള്‍ക്കും ദൈവരാജ്യത്തില്‍ തീര്‍ത്തും സ്ഥാനമില്ലെന്ന് ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു. മറിച്ച് സേവനവും സമര്‍പ്പണവും വിശ്വാസവുമാണ് ക്രിസ്തുനാമധാരികള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്ന് ഇന്നത്തെ സദ്വാര്‍ത്ത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.