പൗലൂസ് മാര്‍ പീലക്സീനോസിനെ ഭദ്രാസന ചുമതലയില്‍ നിന്നും നീക്കുന്നു (1960)

നമ്പര്‍ 61/60

പൌരസ്ത്യ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡണ്ടും ആയ മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍.

(മുദ്ര)

കണ്ടനാട് മെത്രാസന ഇടവകയുടെ ജോയിന്‍റ് മെത്രാപ്പോലീത്താ പൗലൂസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായെ അറിയിക്കുന്നത്.

മെത്രാച്ചന്‍ സഭയില്‍ പിരിച്ചില്‍ ഉണ്ടാക്കിയും സഭയ്ക്കും കാതോലിക്കേറ്റിനും സഭാ ഭരണഘടനയ്ക്കും നമുക്കും നമുക്കു തന്നിട്ടുള്ള പ്രതിജ്ഞയ്ക്കും നമ്മോടു സ്വീകരിച്ചിട്ടുള്ള മെത്രാസന ഭരണാധികാരത്തിനും എതിരായും മനഃപൂര്‍വ്വം പ്രവര്‍ത്തിച്ചു വരുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളെപ്പറ്റി മെത്രാച്ചനു നോട്ടീസ് തന്ന് നമ്മുടെ മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് 1960 ഏപ്രില്‍ 28-ാം തീയതിയും വീണ്ടും നോട്ടീ സുകള്‍ തന്നു 1960 മെയ് 27, 1960 ജൂണ്‍ 7 ഈ തീയതികളിലും കൂടി പര്യാലോചിച്ചതില്‍, മേല്‍ വിവരിച്ച കുറ്റങ്ങള്‍ മെത്രാച്ചന്‍ ചെയ്തിട്ടുണ്ടെന്ന് സുന്നഹദോസ് കാണുകയും അതനുസരിച്ച് മെത്രാച്ചനെ സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത തീരുമാനങ്ങള്‍ പ്രഖ്യാപനം ചെയ്തുകൊണ്ട് നാം മെത്രാച്ചനെ താഴെ വിവരിക്കുന്നപ്രകാരം അറിയിച്ചിരിക്കുന്നു.

1. കാതോലിക്കേറ്റിനും മലങ്കരസഭയുടെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായി പ്രവര്‍ത്തിക്കുകയും നമുക്കു നല്‍കിയിട്ടുള്ള ഉറപ്പുകളെ ലംഘിക്കുകയും സ്വയം മലങ്കരസഭയില്‍ നിന്ന് ഇതരനായി പ്രവര്‍ത്തിക്കുന്ന വിവരം നമ്മെ അറിയിക്കുകയും ചെയ്തിരിക്കുന്ന കണ്ടനാട് ഇടവകയുടെ ജോയിന്‍റ് മെത്രാപ്പോലീത്താ ആയ മെത്രാച്ചന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ സുന്നഹദോസിനുള്ള അഗാധമായ ഖേദം രേഖപ്പെടുത്തുന്നു. സഭയുടെ ഭാവിയെ പരിഗണിച്ച് മെത്രാച്ചന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുനഃപരിശോധന ചെയ്യുവാന്‍ മെത്രാച്ചന്‍ തയ്യാറാ കുമെന്നും മെത്രാച്ചന്‍ ചെയ്തുവരുന്ന തെറ്റായ പ്രവര്‍ത്തികളില്‍ നിന്നും പിന്‍തിരിയുമെന്നും സുന്നഹദോസ് പ്രതീക്ഷിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

2. മെത്രാച്ചന്‍ തിരിച്ചുവരികയും സുന്നഹദോസ് മെത്രാച്ചനെ സ്വീകരിക്കുകയും ചെയ്യുന്നതുവരെ മെത്രാച്ചനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രകാരം തീരുമാനിച്ചിരിക്കുന്നു.

i) കണ്ടനാടു മെത്രാസന ഇടവകയുടെ കൂട്ടുമെത്രാപ്പോലീത്താ എന്ന പദവിയില്‍ നിന്നും കണ്ടനാടു മെത്രാസന ഇടവക സംബന്ധിച്ച സകല ഭരണാധികാരങ്ങളില്‍ നിന്നും മെത്രാച്ചനെ നീക്കിയിരിക്കുന്നു.

ii ) മേലാല്‍, മെത്രാച്ചന്‍ ഇപ്പോള്‍ താമസിച്ചു വരുന്ന പിറമാടം ഗത്സീമോന്‍ ആശ്രമത്തില്‍ താമസിച്ച് മെത്രാച്ചന്‍റെ ആത്മികകാര്യങ്ങള്‍ നടത്തിക്കൊള്ളുന്നതല്ലാതെ, കണ്ടനാട് മെത്രാസന ഇടവകയുടെ ഭരണകാര്യങ്ങളിലോ, ആ മെത്രാസനത്തിലെ ഏതെങ്കിലും പള്ളിയിലോ, മറ്റു സ്ഥാപനങ്ങളിലോ മെത്രാച്ചന്‍ പ്രവേശിച്ചു കൂടാത്തതാകുന്നു.

iii ) മലങ്കരസഭയിലെ മറ്റു മെത്രാസനങ്ങളിലെ ഭരണകാര്യങ്ങളിലോ മലങ്കരയ്ക്കു വെളിയില്‍ കാതോലിക്കേറ്റിന്‍റെ ഭരണത്തില്‍ ഇരിക്കുന്ന പള്ളികളുടെ കാര്യങ്ങളിലോ അവയിലെ പള്ളികളിലോ മറ്റു സ്ഥാപനങ്ങളിലോ മെത്രാച്ചന്‍ പ്രവേശിച്ചു കൂടാത്തതാകുന്നു.

iv) മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിലെ അംഗത്വത്തില്‍ നിന്ന് മെത്രാച്ചനെ നീക്കിയിരിക്കുന്നു.

v) മലങ്കരയിലെ ഒരു മേല്‍പട്ടക്കാരന്‍ എന്ന നിലയില്‍ സഭയിലും അതിലെ സമിതികളിലും പൊതുസ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും ഉള്ള അധികാരാവകാശങ്ങളില്‍ നിന്നും മെത്രാച്ചനെ നീക്കിയിരിക്കുന്നു. അവ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നതിനോ, പട്ടംകൊട, പള്ളികൂദാശ മുതലായ വി. കര്‍മ്മങ്ങള്‍ ചെയ്യുന്നതിനോ മെത്രാച്ചന് അവകാശം ഇല്ലാത്തതാകുന്നു.

vi) മേല്‍ വിവരിച്ചിരിക്കുന്ന ഏതെങ്കിലും പള്ളികളിലോ സ്ഥാപനങ്ങളിലോ മെത്രാച്ചന് ഭരണപരല്ലാത്ത ആവശ്യങ്ങള്‍ക്കു പോകണമെന്നിരുന്നാല്‍ മെത്രാച്ചന്‍ അതത് ഇടവക മെത്രാപ്പോലീത്തായോട് അപ്പോഴപ്പോള്‍ പ്രത്യേകം അനുവാദം വാങ്ങി മാത്രം പോകേണ്ടതാകുന്നു.

പൗരസ്ത്യ കാതോലിക്കാ മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ (ഒപ്പ്)

1960 ജൂണ്‍ 17-ാംനു-
കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും

(സുന്നഹദോസ് തീരുമാനം അറിയിച്ചുകൊണ്ടുള്ള പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ കല്പന)