ചങ്ങനാശ്ശേരിപള്ളി വിധി നടത്തിപ്പും എതിര്‍പ്പും (1821)

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു പേരിട്ടു കല്ലടയില്‍ ഏതാനും സ്ഥലം ചിലവു വകയ്ക്കു കൊടുക്കുകയും ചെയ്തു. പിന്നെ മാന്നാത്തു മണ്‍കോട്ട നിലം ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചിലവുവകയ്ക്കു മിഷണറിമാര്‍ കാണമിടുകയും മുതല്‍ വര്‍ദ്ധിച്ചു സിമ്മനാരി പ്രബലപ്പെടുകയും ഉഭയം പലിശ മുതലായതില്‍ വളരെ അന്യായം ചെയ്കയും എല്ലാ വരവും ചിലവും കൂടി ബോധിച്ചിടുകയും ചെയ്തുവരുന്നു. 1817-ല്‍ മെത്രാപ്പോലീത്തായെയും പള്ളിക്കാരെയും മാവേലിക്കര കൂട്ടി മണ്‍റോ സായ്പ് അവര്‍കളും ബഞ്ചമിന്‍ ബയിലി പാതിരിയും ജോസഫ് ഫെന്‍ പാതിരിയും കൂടെ വന്ന് തമ്പുരാനെ പഴേകൂറ്റുപള്ളികളില്‍ ചിലതു എടുക്കണമെന്നു നിശ്ചയിച്ചുംകൊണ്ട് കോട്ടയത്തു വലിയ പള്ളിയും പിറവത്തു പള്ളിയും ആലപ്പുഴ പള്ളിയും ചങ്ങനാശ്ശേരി പള്ളിയും ഫെന്‍ സായിപ്പിനു ഒഴിഞ്ഞുകൊടുത്തിരിക്കുന്നപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ റാണിയോടു തീട്ടൂരം വാങ്ങിച്ചു. ഈ നാലു പള്ളിക്കു നീട്ടു വാങ്ങിച്ചത്, കോട്ടയത്തു വലിയ പള്ളിയിലും പിറവത്തു പള്ളിയിലും പുത്തനും പഴയതും കൂടി നടന്നുവരുന്ന പള്ളികള്‍ ആകയാല്‍ ആയത് എളുപ്പത്തില്‍ എടുക്കയും ആ ന്യായത്തിനു മറ്റേ പള്ളി രണ്ടും എടുക്കുകയും ചെയ്യണമെന്നും പ്രയാസം കൂടാതെ കിട്ടിയെങ്കില്‍ പിന്നെയും ചിലതു കൂടെ എടുക്കണമെന്നും കരുതി ആയിരുന്നു. കോട്ടയത്തു വലിയപള്ളിയില്‍ നിന്നും പിറവത്തു പള്ളിയില്‍ നിന്നും ന്യായമായി അവരെ ഒഴിച്ചു എങ്കിലും ചങ്ങനാശ്ശേരി പള്ളി ബലമായി പിടിക്കുന്നതിനായിട്ടു ഉത്തരവുപ്രകാരം സര്‍ക്കാര്‍ ആളുകളും സായ്പന്മാരും പാലക്കുന്നത്തു കത്തനാരു മുതലായ പുത്തന്‍കൂറ്റുകാരും കൂടി ചെന്നു പിടിച്ചു പഴേകൂറ്റു കത്തങ്ങള്‍ മുതല്‍പേരെ ഇറക്കി ഓടിക്കുകയും പുത്തന്‍കൂറ്റുകാരു കേറുകയും ചെയ്തതിന്‍റെ ശേഷം പഴേകൂറ്റുകാരു പുരുഷരും സ്ത്രീകളും കൂടി പുത്തന്‍കൂറ്റുകാരെ ഓടിക്കയാല്‍ ബെന്‍ സായ്പ് എഴുതി അയച്ചു പട്ടാളം വന്നു പള്ളിക്കു ചുറ്റില്‍ വീഴുകയും ഈ വിവരം കേട്ടു വന്ന പുത്തന്‍ചിറ ഗോവര്‍ണ്ണദോരെ പിടിച്ചു തടവില്‍ വെയ്ക്കുകയും ചെയ്തു. ഈ ബലങ്ങള്‍ വളരെ പ്രവൃത്തിച്ചാറെയും പഴേകൂറ്റിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ധൈര്യം കാരണത്താല്‍ പള്ളി എടുപ്പാന്‍ കഴിഞ്ഞില്ല. റസിഡണ്ട് മണ്‍റോ സായ്പ് മാറിപോയത് വരെ പഴേകൂറ്റുകാര് വളരെ സങ്കടത്തില്‍ ആയിരുന്നു. അവരുടെ ധൈര്യത്തില്‍ അതു വരെ അവരു പള്ളി വിട്ടുകൊടുത്തില്ല. പിന്നീട് വന്ന റസിഡണ്ട് ഉത്തരവ് കൊടുത്ത് അവരുടെ സങ്കടം തീര്‍ക്കുകയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)