തോമസ് മാര്‍ അത്താനാസിയോസിന്‍റെ അന്ത്യ കല്പന
പരിശുദ്ധ ബാവാ തിരുമേനി, സഹോദര മേല്‍പ്പട്ടക്കാരെ, വൈദിക ശ്രേഷ്ഠരേ, വിശ്വാസി സമൂഹമേ,
ദൈവം ദാനമായി നല്‍കിയ ജീവിതത്തിന്‍റെ ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് നമ്മുടെ ഉത്തമ ബോധ്യം. നമ്മെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തമായി നിറവേറ്റി എന്ന ബോധ്യത്തോടെ, ആയുസ്സിന്‍റെ ഉടയവന്‍ എപ്പോള്‍ തിരികെ വിളിച്ചാലും പോകുവാന്‍ ഒരുങ്ങിയ മനസ്സോടെ, വിടപറയല്‍ സന്ദേശം നേരത്തെ തന്നെ തയ്യാറാക്കി എന്‍റെ വില്‍പത്രത്തോടൊപ്പം വയ്ക്കുന്നു.
1966 മുതല്‍ ദൈവനിയോഗം പോലെ യു.ജി.സി. യുടെ ഒരു സ്കോളര്‍ഷിപ്പ് ലഭിച്ചതു കാരണം ബറോഡായിലെത്തി. അന്ന് ഗുജറാത്ത് സംസ്ഥാനത്താകെ നമുക്ക് 4 ഇടവകകള്‍ മാത്രമാണുണ്ടായിരുന്നത്. 1970-ല്‍ വൈദികനായതിനു ശേഷം ഗുജറാത്ത് സംസ്ഥാനത്തെ മേഹ്സാന പട്ടണങ്ങളിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലെ ഒന്നു രണ്ടു സ്ഥലത്തും മലങ്കരസഭയുടെ ഇടവകകള്‍ സ്ഥാപിക്കുന്നതിന് ദൈവം എന്നെ ഉപയോഗിച്ചു. ഇപ്പോള്‍ ഈ ഇടവകകളെ ഉള്‍ക്കൊള്ളിച്ച് ഒരു മെത്രാസനം തന്നെ നിലവില്‍ വന്നു എന്നതില്‍ നാം അഭിമാനിക്കുന്നു. ഫാ. കെ. റ്റി. തോമസ് ആയിരുന്ന നമ്മെ മേല്‍പ്പട്ടസ്ഥാനത്തേക്ക് മലങ്കര അസോസ്സിയേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ അത് ദൈവിക തെരഞ്ഞെടുപ്പായി നാം കണ്ടു. അവസരങ്ങള്‍ക്കായി ഓടി നടക്കുന്ന പാരമ്പര്യം പൗരസ്ത്യ സഭാപിതാക്കന്മാര്‍ പഠിച്ചിട്ടില്ല. ദൈവഹിതമെങ്കില്‍ എല്ലാ അവസരവും നമ്മെ തേടിവരും. കാലാകാലങ്ങളില്‍ സര്‍വ്വശക്തനായ ദൈവം കാലത്തിന് അനുയോജ്യരായ പിതാക്കന്മാരെ തെരഞ്ഞെടുത്ത് സഭയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്.
നമ്മുടെ പിതൃസഹോദരനായ പുത്തന്‍കാവില്‍ കൊച്ചുതിരുമേനി തുടങ്ങി വച്ച ബേസില്‍ സമൂഹത്തിന്‍റെ പുനരുദ്ധീകരണം ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ആയതുകൊണ്ടാണ് ഗുജറാത്തിലെ ബറോഡയില്‍ ഒരു സ്കൂള്‍ നടത്താനുള്ള അവസരം കിട്ടിയപ്പോള്‍ ആയത് നടത്തിക്കൊണ്ടുപോകുവാന്‍ “The Trust of the Society of St. Basil” എന്ന പേര് നല്‍കി ഒരു ട്രസ്റ്റ് തുടങ്ങിയത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സഭയുടെ വളര്‍ച്ചയായിരുന്നു എന്‍റെ പ്രധാന ലക്ഷ്യം.
Education is for enlightenment എന്ന് നാം വിശ്വസിക്കുന്നു. നമ്മെക്കാള്‍ കൂടുതല്‍ നമ്മുടെ വൈദികര്‍ പഠിക്കണം. പഠിച്ചു വളരണം എന്ന് നാം ആഗ്രഹിച്ചു, അതിനവരെ നാം പ്രോത്സാഹിപ്പിച്ചു. അങ്ങനെ പലരും ഉന്നത വൈദിക വിദ്യാഭ്യാസം നേടി സഭയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ നാം അതിയായി സന്തോഷിക്കുന്നു. ആയതുപോലെ തന്നെ ഭദ്രാസനത്തിലെ പഠിക്കാന്‍ കഴിവുള്ളവരും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുമായ വിദ്യാത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഒരു ഘീമി ടരവീഹമൃവെശു പദ്ധതിയിലൂടെ ഇപ്പോള്‍ തന്നെ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹരായി കഴിഞ്ഞു.
വാത്സല്യ മക്കളെ,
നാം തുടങ്ങി വച്ച ദശാംശ പദ്ധതിയിലൂടെയും ലോണ്‍ സ്കോളര്‍ഷിപ്പിലൂടെയും സമൂഹത്തിലും സഭയിലും അശരണരും ആശ്രയഹീനരും സാമ്പത്തിക ഞെരുക്കമുള്ള രോഗികളെ സഹായിക്കാനും, പഠനത്തില്‍ ഉത്സുകരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇടയായി എന്നത് സന്തോഷകരമാണ്. ആയതിനാല്‍ ഈ പദ്ധതികള്‍ക്ക് ഒരു മുടക്കവും വരാതെ മുമ്പോട്ട് കൊണ്ടുപോകുവാന്‍ ചുമതലപ്പെട്ടവരും വിശ്വാസ സമൂഹവും ശ്രദ്ധിക്കണം.
ആരോഗ്യദായകമായ പ്രകൃതി, അതിജീവനത്തിന് ആവശ്യമാണെന്ന കാഴ്ചപ്പാട് നമുക്ക് ഉണ്ടാകണം. ദൈവം നമ്മെ ഈ ലോകത്തില്‍ ആക്കിയിരിക്കുന്നത് ഭൂമിയുടെ അധിപന്മാരായിട്ടല്ല, മറിച്ച് ഭൂമിയുടെ കാവല്‍ക്കാരായിട്ടാണ്. നമ്മുടെ ജീവിതശൈലികള്‍, ദൈവം സൃഷ്ടികര്‍മ്മത്തില്‍ നിലനിര്‍ത്തിയിരുന്ന സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതാകുമ്പോള്‍ മാത്രമെ ڇതോട്ടം കാപ്പാനും വേല ചെയ്യുവാനുംڈ ദൈവം മനുഷ്യനെ ഭരമേല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റപ്പെടുകയുള്ളു.
വാത്സല്യമുള്ളവരെ, നിങ്ങള്‍ ഏവരും വിശ്വാസം സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം പഠിക്കണം, മനസ്സിലാക്കണം, തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കണം. നമ്മുടെ ഭവനങ്ങളുടെയും, ഇടവകകളുടെയും ശിഥിലീകരണത്തിന് ഇടയാക്കുന്ന ചൂഷണങ്ങളെ ചെറുക്കുവാന്‍ തയ്യാറാകണം. എബ്രായര്‍ക്കെഴുതിയ ലേഖനം 6-ാം അദ്ധ്യായം 1 മുതലുള്ള വാക്യങ്ങളില്‍ പ. പൗലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു. “അതുകൊണ്ട് നിര്‍ജ്ജീവ പ്രവര്‍ത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യ വചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.” അവസാന ശ്വാസം വരെയും സത്യവിശ്വാസത്തില്‍ നിലനില്‍ക്കുവാനും ജീവിക്കുവാനും മലങ്കരസഭാ മക്കള്‍ക്ക് കഴിയണം.
നമ്മുടെ സഭയ്ക്ക് പൈതൃകമായി ലഭിച്ച പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും കാത്തുസൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും യാതൊരു വിട്ടുവീഴ്ചയും അലംഭാവവും ഉണ്ടാകരുത്. ആരാധന കാട്ടിക്കൂട്ടലായി മാറരുത്. ആര്‍ഷഭാരത പൈതൃകങ്ങളില്‍ നാം അഭിമാനം കൊള്ളണം. ദേശീയ സഭയുടെ മക്കള്‍ എന്ന നിലയില്‍ ഈ സനാതന സംസ്ക്കാരം സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കണം, നാം ശ്രദ്ധിക്കണം. വിശ്വാസ വിപരീതങ്ങള്‍ക്കോ വൈദേശികാധിപത്യങ്ങള്‍ക്കോ ഈ സഭയെ ഇല്ലാതാക്കുവാന്‍ 20 നൂറ്റാണ്ടു കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. “എന്‍റെ ദൈവം എന്‍റെ സഭ” എന്ന് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി ഉരുവിട്ടിരുന്ന ആപ്തവാക്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. സഭയെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം.
സഹോദര പിതാക്കന്മാരെ, കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ഉള്‍ക്കാഴ്ചയുമായി സഭയെ നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. പട്ടക്കാരെ, സഭയുടെ കൗദാശികാനുഭവങ്ങളുടെ നല്‍വരങ്ങള്‍ നിറപടിയായി നിവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. സന്യാസി സമൂഹമെ, നിങ്ങളുടെ വിശുദ്ധജീവിതവും നമസ്കാരങ്ങളും പരിമളധൂപമായി ഉയരട്ടെ. മാതാപിതാക്കളെ, നിങ്ങളുടെ പ്രാര്‍ത്ഥന സഭയുടെ കുടുംബങ്ങളെ ശക്തിപ്പെടുത്തുമാറാകട്ടെ. യുവതീയുവാക്കളെ നിങ്ങളാണ് സഭയുടെ ധീരരായ കാവല്‍ഭടന്മാര്‍. നാളെകളില്‍ ഉത്തമരായി സഭയെ നയിക്കാന്‍ ബൗദ്ധികമായും ആത്മികമായും ഉള്ള നിങ്ങളുടെ വളര്‍ച്ച മുഖാന്തരമായിരിക്കട്ടെ. കുഞ്ഞുങ്ങളെ, നിങ്ങളുടെ നൈര്‍മ്മല്യവും നിഷ്കളങ്കതയും സഭയുടെ തിരുമുറ്റത്ത് വിളങ്ങട്ടെ.
കാതോലിക്കേറ്റിന്‍റെ പവിത്രതയും പ്രൗഢിയും കാത്തുസൂക്ഷിക്കുവാന്‍ പ. കാതോലിക്കാ ബാവായുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ദൈവം നിങ്ങളേവരേയും മുഖാന്തരങ്ങളാക്കി തീര്‍ക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
ദൈവം നമുക്ക് കല്‍പിച്ചു നല്‍കിയ കാലം തികഞ്ഞു എന്ന് നമ്മുടെ മനസാക്ഷി നമ്മോട് മന്ത്രിക്കുന്നു. നിങ്ങള്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നു. നിങ്ങളും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ. ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ.
തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ