പത്തനംതിട്ട: ‘ബറോഡാ ബിഷപ്പ്’- ഗുജറാത്തിലെ എം.എസ്.സർവകലാശാലയിൽ 1966-കാലഘട്ടത്തിൽ എം.എഡിന് പഠിക്കെ സുഹൃത്തുക്കൾ തോമസ് മാർ അത്താനാസിയോസിന് നൽകിയ വിളിപ്പേരാണിത്. അവിടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ വിദ്യാഭ്യാസ, സന്നദ്ധ പ്രവർത്തനങ്ങൾ കണ്ടാണ് സുഹൃത്തുക്കൾ ഈ പേര് നൽകിയത്. വർഷങ്ങൾക്കുശേഷം ഈ പേര് യാഥാർഥ്യമായി. ആദ്യം തോമസ് അച്ചനായും പിന്നീട് 1985- മാർച്ച് പത്തിന് ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്കരിച്ചപ്പോൾ പ്രഥമ മെത്രാപ്പോലീത്തയായും അദ്ദേഹം അവരോധിക്കപ്പെട്ടു.
അന്നും ഇന്നും അറിവിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ‘രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ക്ലാസ്‌മുറികളാണെന്ന കോത്താരി കമ്മിഷന്റെ വാക്കുകൾ അദ്ദേഹം എന്നും പ്രസംഗങ്ങളിൽ ഉദ്ധരിച്ചു. വൈദികനായിരിക്കെ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. അഹമ്മദാബാദ്, ബറോഡ, സൂറത്ത്, ആനന്ദ്, ഭാവ്‌നഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ ആറ് സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. ബറോഡാ ബേസിൽ സ്കൂളിന്റെ പ്രഥമധ്യാപകനായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
മെത്രാപ്പോലീത്തയായി തിരികെ കേരളത്തിലെത്തിയിട്ടും ഭദ്രാസനഭരണത്തിനൊപ്പം വിദ്യാഭ്യാസമേഖലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂളുകളുടെ മാനേജറായി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. സഭയുടെ കീഴിലുള്ള സ്കൂളുകൾ ആധുനികീകരിച്ചത് ഇദ്ദേഹം മാനേജരായി ഇരുന്ന കാലത്താണ്. പൂട്ടലിന്റെ വക്കിലെത്തിയ സ്കൂളുകൾ ഏറ്റെടുത്ത് വിജയകരമായി നടത്തിയത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വലിയ സംഭാവനകളിലൊന്നാണ്. കോടുകുളഞ്ഞി ജെ.എം.എച്ച്.എസ്. ഇതിന് ഉദാഹരണമാണ്.
വിദ്യാലയങ്ങൾ തുടങ്ങുന്നതിനപ്പുറം അധ്യാപകർക്കും വിദ്യാർഥികൾക്കും നല്ലൊരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലും അതീവ ശ്രദ്ധപതിപ്പിച്ചു. ഒടുവിൽ, ഗുജറാത്തിലെ സ്കൂളുകൾ സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.
നിലപാടിലെ കാർക്കശ്യവും ഭാരതീയ ദർശനങ്ങളോടുള്ള ബഹുമാനവും മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ പിന്നെയും വ്യത്യസ്തനാക്കി. ഡൽഹി ‘നിർഭയ’ സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന് കീഴിലുള്ള പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ പ്രതിജ്ഞ ശ്രദ്ധേയമാണ്. അഭിമാനമുള്ള ഭാരതീയനെന്ന നിലയിൽ എല്ലാ സ്ത്രീകളോടും വനിതകളോടും മാന്യമായി പെരുമാറുമെന്നായിരുന്നു പ്രതിജ്ഞ. കുർബ്ബാനയ്ക്കുശേഷം എല്ലാ പുരുഷൻമാരെയുംകൊണ്ട് അദ്ദേഹം ഈ പ്രതിജ്ഞയെടുപ്പിച്ചു.