വരുവിന്‍ നമുക്ക് ഉണ്ടുപിരിയാം / ഡോ. എം. കുര്യന്‍ തോമസ്


അങ്ങനെ ഇരിക്കുമ്പോള്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ മാപ്പിളയ്ക്ക് ഹാലിളകും. വേനല്‍ മൂക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങള്‍ സാധാരണ പടരുക. നസ്രാണിയുടെ ജനാധിപത്യ അവകാശസംരക്ഷണവേദിയും അത്യുന്നത നിയമനിര്‍മ്മാണസഭയുമായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗങ്ങളാണ് ഇത്തരം വൈകൃതങ്ങളുടെ വേദിയാകുന്നത് എന്നത് വിധിവൈപരീത്യം. ഇപ്പോഴത്തെ ഹാലിളക്കം മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയാണ്.

ഈ വിഷയത്തില്‍ ഈ ലേഖകനുള്ള അഭിപ്രായം ആദ്യമേ തന്നെ വ്യക്തമാക്കട്ടെ. മലങ്കരസഭയില്‍ ഇടവകമെത്രാന്മാരുടെ സ്ഥലംമാറ്റവും റിട്ടയര്‍മെന്‍റും സാദ്ധ്യമാണ്. അതേസമയം നിലവിലുള്ള സഭാഭരണഘടനയനുസരിച്ച് ഇക്കാര്യത്തില്‍ മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയ്ക്ക് ഒരു പങ്കാളിത്തവുമില്ല. അവ ആവശ്യപ്പെടുവാന്‍ പോലും അവര്‍ക്ക് സാദ്ധ്യമല്ല. അതു മനസ്സിലാക്കണമെങ്കില്‍ മലങ്കരയിലെ ഇടവകമെത്രാന്മാരുടെ ചരിത്രം, സഭാഭരണഘടന, സഭാവിജ്ഞാനീയം മുതലായവ പരിശോധിക്കണം.

മലങ്കരമെത്രാപ്പോലീത്തായെ കൂടാതെ മലങ്കരസഭയില്‍ ഇടവകകളും ഇടവകമെത്രാന്മാരും ഉണ്ടാകുന്നത് 1876-ലാണ്. അന്നു കേരളത്തിലുണ്ടായിരുന്ന പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ഇടവക തിരിച്ചതും മെത്രാന്മാരെ വാഴിച്ചതും മലങ്കരയുടെ ആവശ്യപ്രകാരമായിരുന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെയും തനിക്കുള്ള റിശീസാ എന്ന പ്രതിവര്‍ഷ നികുതിയുടെ സമാഹരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇപ്രകാരം ചെയ്തത്. മലങ്കരമെത്രാനെ അനുസരിക്കരുതെന്ന ഉഗ്രശാസനത്തോടെ തന്‍റെ മാത്രം അധികാരത്തിന്‍റെ കീഴെ വാഴിച്ച ആറ് നവ മെത്രാന്മാരെയും തന്‍റെ സഹായികള്‍ മാത്രമാക്കുന്നതില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ വിജയിച്ചു. അങ്ങനെ മലങ്കരയില്‍ ഇടവകമെത്രാന്മാര്‍ ജന്മംകൊണ്ടു.

യഥാര്‍ത്ഥത്തില്‍ മലങ്കരമെത്രാനോട് സമസ്ഥാനീയരും അതത് ഇടവകകളില്‍ സ്വതന്ത്ര അധികാരം ഉള്ളവരുമായ മെത്രാപ്പോലീത്താമാരായിട്ടാണ് പാത്രിയര്‍ക്കീസ് നവ മെത്രാന്മാരെ വാഴിച്ചത്. പക്ഷേ മലങ്കരയില്‍ അവര്‍ക്ക് അംഗീകാരം സിദ്ധിച്ചത് മലങ്കരമെത്രാന്‍റെ സഹായികളായി മാത്രമാണ്. ഈ വസ്തുത പ. പരുമല തിരുമേനി തന്‍റെ കോടതി മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേ നില തന്നെയാണ് ഇന്നും തുടരുന്നത്. മെത്രാപ്പോലീത്താമാരായി സ്ഥാനാഭിഷേകം ചെയ്യപ്പെടുമെങ്കിലും മെത്രാപ്പോലീത്താമാര്‍ക്കുള്ള സ്വതന്ത്ര അധികാരം മലങ്കരയിലെ ഇടവകമെത്രാന്മാര്‍ക്ക് നല്‍കിയിട്ടില്ല.

ഇവിടെയാണ് സഭാവിജ്ഞാനീയം (Ecclesiology) പ്രസക്തമാകുന്നത്. മലങ്കരസഭ കൗദാശികമായ കാര്യങ്ങളില്‍ പിന്തുടരുന്നത് അന്ത്യോഖ്യന്‍സഭയുടെ സഭാവിജ്ഞാനീയമാണ്. അതിന്‍റെ അടിസ്ഥാനം ഹൂദായ കാനോനും. ഇത് മലങ്കരസഭാ ഭരണഘടന വ്യക്തമാക്കിയിട്ടുള്ള വസ്തുതയാണ്. അതിനാല്‍ ഭരണഘടന വ്യക്തമാക്കാത്തിടത്തോളം മേല്പട്ടക്കാരുടെ സ്ഥാനികനില പരിശോധിക്കുവാന്‍ ഹൂദായ കാനോന്‍ തന്നെ അടിസ്ഥാനമാക്കി എടുക്കേണ്ടിയിരിക്കുന്നു. ഹൂദായകാനോന്‍ തങ്ങളുടെ ഭരണാതിര്‍ത്തിക്കുള്ളില്‍ ഏതാണ്ട് പൂര്‍ണ്ണ സ്വതന്ത്രാധികാരം മെത്രാപ്പോലീത്താമാര്‍ക്ക് നല്‍കുന്നുണ്ട്. ഇവയില്‍ പ്രാദേശിക സുന്നഹദോസുകള്‍ വിളിച്ചുകൂട്ടുവാനും, അദ്ധ്യക്ഷത വഹിക്കുവാനും, പ്രാദേശിക നിയമങ്ങള്‍ നിര്‍മ്മിക്കാനും, എപ്പിസ്കോപ്പാമാരെ വാഴിക്കുവാനും, നിയമിക്കുവാനും, സ്ഥലംമാറ്റുവാനുമുള്ള അധികാരവും ഉള്‍പ്പെടുന്നു. തങ്ങളുടെ ഇടവകയ്ക്കു വേണ്ടി വി. മൂറോന്‍ കൂദാശ ചെയ്യുവാനും മെത്രാപ്പോലീത്തായെ കാനോന്‍ അധികാരപ്പെടുത്തുന്നു. ഈ അധികാരങ്ങള്‍ ഒന്നും ഏകപക്ഷീയമല്ല. പൗരസ്ത്യപാരമ്പര്യപ്രകാരം സുന്നഹദോസില്‍ കൂടിയാണ് നിര്‍വഹിക്കേണ്ടതെന്നു മാത്രം. കാനോന്‍പ്രകാരം ഒന്നിലധികം എപ്പിസ്കോപ്പാമാരുടെ മേലധികാരിയാണ് മെത്രാപ്പോലീത്താ.

മേല്‍പ്പട്ടനല്‍വരം ഒന്നാണെങ്കിലും ഭരണപരമായി ഏറ്റവും താഴ്ന്ന പടിയിലുള്ള എപ്പിസ്കോപ്പാമാര്‍ക്ക് സ്വതന്ത്രമായ യാതൊരു അധികാരവുമില്ല. മെത്രാപ്പോലീത്തായുടെ വ്യക്തമായ നിര്‍ദ്ദേശമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് എപ്പിസ്കോപ്പായെന്ന് ഹൂദായ കാനോനും വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ഹൂദായ കാനോന്‍ പ്രകാരം മെത്രാപ്പോലീത്തായ്ക്ക് യഥാര്‍ത്ഥ അധികാരം (Virtual authority) ഉണ്ട്. നൂറ്റാണ്ടുകളായി അന്ത്യോഖ്യന്‍സഭ ഇത് വകവെച്ചു കൊടുക്കുന്നില്ലെങ്കിലും നിയമം അങ്ങനെയാണ്. എന്നാല്‍ എപ്പിസ്കോപ്പാമാര്‍ക്ക് നിയോഗിത അധികാരം (Delegated authority) മാത്രമാണ് ഉള്ളത്. മലങ്കരയില്‍ മലങ്കരമെത്രാപ്പോലീത്താമാര്‍ക്ക് മാത്രമാണ് യഥാര്‍ത്ഥ അധികാരം (Virtual authority) ഉള്ളത്. ഈ സാഹചര്യത്തില്‍ ഇടവകമെത്രാന്മാരെ പുനര്‍നിര്‍വചിക്കേണ്ടത് ആവശ്യമായി വന്നു.

കാനോന്‍വിദഗ്ദ്ധനായ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ 1104 ചിങ്ങം 27-ലെ കോടതിമൊഴിയില്‍ മലങ്കരയിലെ മെത്രാപ്പോലീത്താമാര്‍ മെത്രാപ്പോലീത്താ എന്ന സ്ഥാനനാമമുള്ള എപ്പിസ്കോപ്പാമാര്‍ മാത്രമാണ് എന്നു വ്യാഖ്യാനിച്ച് ഈ പ്രശ്നത്തിന് കാനോനികമായ ഒരു വിശദീകരണം നല്‍കി. ഈ വ്യാഖ്യാനമാണ് ഇന്നും നിലനില്‍ക്കുന്നത്. അവര്‍ക്ക് ഇടവക തിരിച്ചു നല്‍കുമ്പോള്‍ മലങ്കരമെത്രാപ്പോലീത്താ നിയോഗിത അധികാരം (Delegated authority) മാത്രമാണ് നല്‍കുന്നതെന്ന് നിയമനകല്പനകളില്‍ നിന്നു വ്യക്തമാണ്.

നിലവിലുള്ള ഭരണഘടനപ്രകാരം മലങ്കരയിലെ മലങ്കരമെത്രാപ്പോലീത്താ ഒഴികെയുള്ള മെത്രാപ്പോലീത്താമാര്‍ക്കും എപ്പിസ്കോപ്പാമാര്‍ക്കും ഭരണപരമായി വ്യത്യാസമൊന്നുമില്ല. മലങ്കരമെത്രാപ്പോലീത്താ ചുമതലപ്പെടുത്തുന്നതനുസരിച്ചു മാത്രം ഭദ്രാസന ഇടവകകളെ ഭരിക്കുവാനുള്ള അധികാരമാണ് അവര്‍ക്കുള്ളത്. പ്രാദേശിക സുന്നഹദോസ് വിളിച്ചുകൂട്ടുവാനോ മേല്പട്ടസ്ഥാനം കൊടുക്കുവാനോ വി. മൂറോന്‍ കൂദാശ ചെയ്യുവാനോ അവരെ അധികാരപ്പെടുത്തിയിട്ടില്ല. വിശ്വാസം, പട്ടത്വം, ഡിസിപ്ലിന്‍ ഈ കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കുവാനും അധികാരമില്ല. ഇടവകഭരണംപോലും മലങ്കരമെത്രാപ്പോലീത്തായുടെ മേല്‍നോട്ടത്തിലാണ്. ചുരുക്കത്തില്‍, ഇന്നും മലങ്കരയില്‍ ഹൂദായ കാനോന്‍പ്രകാരമുള്ള ഏക മെത്രാപ്പോലീത്താ, മലങ്കരമെത്രാപ്പോലീത്താ മാത്രമാണ്. കൊല്ലവര്‍ഷം 1104-ല്‍ പ. മാര്‍ ദീവന്നാസ്യോസ് ആറാമന്‍ വ്യാഖ്യാനിച്ചതുപോലെ മെത്രാപ്പോലീത്താ എന്ന സ്ഥാനനാമമുള്ള എപ്പിസ്കോപ്പാമാര്‍ മാത്രമാണ് ഇന്ന് മലങ്കരയിലുള്ള മറ്റു മെത്രാപ്പോലീത്താമാര്‍.

ഹൂദായ കാനോനിലെ പ്രസക്ത വകുപ്പുകള്‍ പ്രകാരം (ഏഴാം കെപ്പലയോന്‍ – ശ്ലീഹന്മാര്‍ 13, 34, 35, അന്ത്യോഖ്യാ 13, 16, 17, 21, 22) മെത്രാന്മാര്‍ക്ക് സ്ഥലംമാറ്റം അനുവദനീയമല്ല. എന്നാല്‍ സഭയ്ക്ക് പ്രയോജനമുണ്ടാകുമെങ്കില്‍ സ്വന്തം ഇടവകയ്ക്കു പുറത്തു പ്രവര്‍ത്തിക്കാം. അതു മറ്റ് അനേകം എപ്പിസ്കോപ്പാമാരുടെ – അതായത് സുന്നഹദോസ് – ആവശ്യപ്രകാരം മാത്രമായിരിക്കണമെന്ന കര്‍ശനനിബന്ധനയും കാനോന്‍ അനുശാസിക്കുന്നുണ്ട്. ശ്ലീഹന്മാരുടെ 35-ാം കാനോനാ പ്രകാരം ഒരു മെത്രാന് തനിക്ക് ഏല്‍പ്പിക്കപ്പെട്ട ഇടവകയുടെ ഭരണം സ്വീകരിക്കാതിരിക്കാനോ ഉപേക്ഷിക്കാനോ അധികാരവുമില്ല. അന്ത്യോഖ്യന്‍സഭയില്‍ മുന്‍കാലങ്ങളില്‍ മെത്രാന്മാരുടെ സ്ഥലംമാറ്റം നടത്തിയിരുന്നത് എപ്പിസ്കോപ്പാസ്ഥാനത്തുനിന്നു മെത്രാപ്പോലീത്തായായും മറ്റും സ്ഥാനക്കയറ്റം നല്‍കിയായിരുന്നു. പലപ്പോഴും സ്ഥാനനാമവും അതോടെ മാറുമായിരുന്നു.

സൂക്ഷ്മമായി ചിന്തിച്ചാല്‍ ഈ കാനോന്‍ പരാമര്‍ശനം മലങ്കരയിലെ മെത്രാന്മാരുടെ സ്ഥലംമാറ്റത്തിനു തടസ്സമാവുന്നില്ല എന്നു വ്യക്തമാവും. കാരണം മലങ്കരയില്‍ മെത്രാന്മാരെ വാഴിക്കുന്നത് ഒരു പ്രത്യേക ഇടവകയ്ക്കു വേണ്ടിയല്ല, മറിച്ച് മലങ്കരസഭ മുഴുവനും വേണ്ടിയാണ്. … പൗരസ്ത്യ ദേശത്തുള്ള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു വേണ്ടി… എന്നാണ് ഇവരുടെ പട്ടാഭിഷേകപ്രഖ്യാപനം. ഈ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ മലങ്കരമെത്രാപ്പോലീത്തായുടെ അധികാരപരിധിക്കു കീഴില്‍ എവിടെ വേണമെങ്കിലും മെത്രാന്മാരെ നിയമിക്കുകയോ മാറ്റി നിയമിക്കുകയോ ചെയ്യാം.

എന്നാല്‍ ആദ്യം വാഴിക്കപ്പെട്ട ഭദ്രാസനം നിലനിര്‍ത്തിക്കൊണ്ടു മറ്റു ഭദ്രാസനങ്ങളുടെ ചുമതല കൂടി ഏറ്റെടുക്കേണ്ട സാഹചര്യം മലങ്കരയില്‍ ഭദ്രാസനങ്ങള്‍ ഉണ്ടായ കാലം മുതല്‍ നിലവിലുള്ള സമ്പ്രദായമാണ്. പ. പരുമല തിരുമേനി നിരണം നിലനിര്‍ത്തി കൊല്ലം, തുമ്പമണ്‍ ഇവ കൂടി ഭരിച്ചതും കടവില്‍ മാര്‍ അത്താനാസ്യോസ് കോട്ടയത്തിനൊപ്പം അങ്കമാലി കൂടെ ഏറ്റെടുത്തതും ഉദാഹരണം. തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ കാനോന്‍ വിലക്കുന്നില്ല.

ഇതിനുപരി ഒരു പൂര്‍ണ്ണസ്ഥലംമാറ്റം മലങ്കരയില്‍ ആദ്യം സംഭവിച്ചത് മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ കാര്യത്തിലാണ്. പൂര്‍ണ്ണമായും ഹൂദായ കാനോന്‍ ഏഴാം കെപ്പലയോന്‍ – ശ്ലീഹന്മാര്‍ 13 അനുസരിച്ചാണ് ഇടുക്കിയുടെ മെത്രാപ്പോലീത്താ ആയിരുന്ന അദ്ദേഹത്തെ അമേരിക്കയുടെ മെത്രാപ്പോലീത്താ ആക്കിയത്. അമേരിക്കയ്ക്ക് ഉപദേശം മൂലം വലിയ പ്രയോജനം വരുത്തുവാന്‍ സാധിക്കുന്ന ഒരു മെത്രാന്‍റെ അടിയന്തര ആവശ്യം അന്നുണ്ടായിരുന്നു. അല്ലെങ്കില്‍ ആ ഭദ്രാസനം നഷ്ടപ്പെടുന്ന സാഹചര്യം അന്നുണ്ടായിരുന്നു. സഭാദ്ധ്യക്ഷനും പ. സുന്നഹദോസും അദ്ദേഹത്തോട് അതിനു നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചു. അദ്ദേഹം അതു സ്വീകരിച്ചു. വഴിയകലം മൂലം അദ്ദേഹം ഇടുക്കിയുടെ ഭരണം സ്വമനസാലെ ഉപേക്ഷിച്ച് അമേരിക്കയ്ക്ക് യാത്രയായി. ഏഴാം കെപ്പലയോന്‍ – അന്ത്യോഖ്യാ 16 അനുസരിച്ച് മെത്രാപ്പോലീത്താ സംബന്ധിച്ച പൂര്‍ണ്ണ സുന്നഹദോസിന്‍റെ അനുമതിയോടെയാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. അദ്ദേഹത്തിന്‍റെയും സഭയുടെയും തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇപ്രകാരം മെത്രാന്മാരുടെ സ്ഥലംമാറ്റം നടത്തുന്നതിന് ഇന്നും തടസ്സമില്ല.

അന്ത്യോക്യന്‍സഭയില്‍ സുന്നഹദോസ് എന്നതിന്‍റെ വിവക്ഷയില്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസ് മാത്രമാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ മലങ്കരയില്‍ അതില്‍ മലങ്കര അസോസിയേഷനും അതിന്‍റെ മാനേജിംഗ് കമ്മിറ്റിയും ഉള്‍പ്പെടും. അതിനാല്‍ മലങ്കരയില്‍ മെത്രാന്മാരുടെ തിരഞ്ഞെടുപ്പിലും അവര്‍ക്ക് ഇടവക തിരിച്ചുകൊടുക്കുന്നതിലും ഈ സമിതികള്‍ക്കും പങ്കുണ്ട്. 2006-ല്‍ ഭേദഗതി ചെയ്ത ഭരണഘടനയുടെ 64-ാം വകുപ്പുപ്രകാരം മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്കോപ്പല്‍ സിനഡിന്‍റെ ശുപാര്‍ശ അനുസരിച്ചും കാതോലിക്കാ മെത്രാപ്പോലീത്താമാര്‍ക്ക് ഇടവക തിരിക്കേണ്ടതാകുന്നു എന്നാണ് ഇത് നിര്‍വചിച്ചിരിക്കുന്നത്. ഈ വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ ഒരു മെത്രാനെ സ്ഥലംമാറ്റത്തിന് നിര്‍ബന്ധിക്കാനാവില്ല. മാത്രമല്ല, സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നത് നിയമവിരുദ്ധവുമാണ്. കാരണം അവരെ ഒരു പ്രത്യേക ഭദ്രാസനത്തിനായി നിയമിക്കുകയും സുന്ത്രോണിസോ നടത്തുകയും ചെയ്തതാണ് എന്നതാണ്.
ഇത് വിശദീകരിക്കുവാന്‍ നിയമശാസ്ത്രത്തിലെ ഒരു സിദ്ധാന്തം (കറശീാ) കടമെടുക്കേണ്ടിയിരിക്കുന്നു. അതനുസരിച്ച് ഒരേ വിഷയത്തെപ്പറ്റി രണ്ടു നിയമങ്ങള്‍ വ്യത്യസ്ത കാലത്ത് നടപ്പിലാക്കുകയും, അവയില്‍ ആദ്യ നിയമം റദ്ദു ചെയ്യാതിരിക്കുകയും, അവയിലെ ഏതെങ്കിലും വകുപ്പുകള്‍ പരസ്പര വിരുദ്ധമായിരിക്കുകയും ചെയ്താല്‍ രണ്ടാമത്തേതു പ്രാബല്യത്തിലിരിക്കും എന്നു വിശദീകരിക്കുന്നു. 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധി മൂലം ഹൂദായ കാനോന്‍ മലങ്കരയുടെ നിയമസംഹിതയായി. 1934-ലെ മലങ്കരസഭാഭരണഘടന പുതുതായി ഉണ്ടാക്കിയ ഒരു നിയമമാണ്. അത് ഹൂദായ കാനോന്‍ റദ്ദു ചെയ്തില്ലെന്നു മാത്രമല്ല, 5-ാം വകുപ്പുപ്രകാരം അതു നിലനിര്‍ത്തുകയും ചെയ്തു. അതായത് 1934-ലെ ഭരണഘടന മറിച്ച് തീരുമാനിക്കാത്ത ഹൂദായ കാനോനിലെ വകുപ്പുകള്‍ എല്ലാം ഇന്നും നിലനില്‍ക്കുകയാണ്.
മലങ്കരയിലെ മെത്രാന്മാരെ എല്ലാം മലങ്കരസഭയ്ക്കായി ആണ് പട്ടംകെട്ടുന്നത് എന്നതു ശരി തന്നെ. പക്ഷേ അവരുടെ സുന്ത്രോണിസോ നടത്തുന്നത് മലങ്കരസഭയ്ക്കായിട്ടല്ല. അതു സാദ്ധ്യമല്ല താനും. ഓരോ ഇടവകയ്ക്കായി സ്ഥാനാരോഹണം നടത്തപ്പെട്ടവരെപ്പറ്റി മലങ്കരസഭാഭരണഘടന നിശബ്ദത പാലിക്കുകയാണ്. അതിനാല്‍ അവയെ സംബന്ധിച്ചിടത്തോളം ഹൂദായ കാനോനിലെ നിയമങ്ങള്‍ പ്രബല്യത്തില്‍ ഇരിക്കുകയാണ്. മുകളില്‍ പറഞ്ഞ കാനോന്‍ നിയമപ്രകാരം അപ്രകാരം സുന്ത്രോണിസോ നടന്നവര്‍ക്ക് സ്ഥലംമാറ്റം നിഷിദ്ധവുമാണ്.

ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ, മലങ്കരയിലെ ഇടവകമെത്രാന്മാര്‍ക്ക് സ്ഥലംമാറ്റം സാദ്ധ്യമാണ്. പക്ഷേ അതിന് അനേകം കടമ്പകള്‍ കടക്കാനുണ്ട്. ഒന്നാമതായി ഹൂദായ കാനോനിലെ പ്രസക്ത വകുപ്പുകള്‍ റദ്ദു ചെയ്തും സ്ഥലംമാറ്റസാദ്ധ്യത നിലനിര്‍ത്തിയും മലങ്കരസഭാഭരണഘടന ഭേദഗതി ചെയ്യണം. രണ്ടാമതായി, ഇനിയും ഒരു ഇടവകമെത്രാനും സുന്ത്രോണിസോ നടത്തരുത്.

എങ്കില്‍പ്പോലും ഇതുവരെ വാഴിക്കപ്പെട്ട് സുന്ത്രോണിസോ നടത്തിയവരുടെ നിര്‍ബന്ധിത സ്ഥലംമാറ്റം ഒരു കീറാമുട്ടി തന്നെയാണ്. നടന്നുപോയ അവരുടെ സുന്ത്രോണിസോ ഭരണഘടനയുടെ 107-ാം വകുപ്പുപ്രകാരം എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ മാത്രം അധികാരപരിധിക്കു കീഴില്‍ വരുന്ന വിശ്വാസം, പട്ടത്വം, അച്ചടക്കം എന്ന ഗണത്തില്‍പ്പെട്ടതാണ്. ഇതിനെപ്പറ്റി ഒരു തീരുമാനമെടുക്കാന്‍ മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ല എന്നതാണ് വാസ്തവം. ഇനിയും അത് സഭയുടെ വിശ്വാസസംഹിതയില്‍പ്പെട്ടതാണെങ്കില്‍ അത് ഭേദഗതി ചെയ്യാന്‍ ഭരണഘടനയുടെ 108-ാം വകുപ്പുപ്രകാരം എപ്പിസ്കോപ്പല്‍ സുന്നഹദോസിനും അധികാരമില്ല.

ഇന്നത്തെ നിലയില്‍ നിലവിലുള്ള മെത്രാന്മാരുടെ സ്ഥലംമാറ്റം അവര്‍ക്ക് പൂര്‍ണ്ണമനസ്സും സഭയ്ക്ക് അത്തരമൊരു മാറ്റം അത്യാവശ്യവുമെങ്കില്‍ മാത്രം നടത്താവുന്ന ഒന്നാണ്. നിര്‍ബന്ധിത റിട്ടയര്‍മെന്‍റിന്‍റെ കാര്യവും വിഭിന്നമല്ല. കാരണം അത് ആചാര്യത്വത്തെക്കുറിച്ചുള്ള ഓര്‍ത്തഡോക്സ് വിശ്വാസത്തിനു കടകവിരുദ്ധമാണ്. എന്നാല്‍ സ്വമനസ്സാലെ മേല്പട്ടക്കാര്‍ റിട്ടയര്‍ ചെയ്യുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. മലങ്കരസഭയുടെ പല മഹാചാര്യന്മാരും ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിനെപ്പോലുള്ള ഇടവകമെത്രാപ്പോലീത്താമാരും നല്ല മാതൃക കാട്ടിയവരാണ്. അതിനുമപ്പുറം സ്ഥാനം നിയമപരമായി ഒഴിയാതെ തന്നെ പിന്‍ഗാമിക്ക് പൂര്‍ണ്ണ ഭരണചുമതല ഏല്‍പ്പിച്ചുകൊടുത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, പ. പാമ്പാടി തിരുമേനി, അലക്സിയോസ് മാര്‍ തേവോദോസ്യോസ്, ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നിവരും സ്വീകരിച്ചത് ഉദാത്ത മാതൃകയാണ്. അതല്ലാതെ നിര്‍ബന്ധിച്ചു സ്ഥലംമാറ്റുകയോ റിട്ടയര്‍ ചെയ്യിക്കുകയോ ചെയ്യുക അസ്സാദ്ധ്യമായ ഒരു വൃഥാ യത്നം മാത്രമാണ്.

സ്വന്തം നിയമത്തെപ്പറ്റിയുള്ള അജ്ഞത തെറ്റു ചെയ്യുന്നതിന് ഒരു ഒഴികഴിവല്ല എന്ന അര്‍ത്ഥത്തില്‍ നിയമശാസ്ത്രത്തില്‍ (juries prudence) ഒരു ചൊല്ലുണ്ട്. മലങ്കരസഭയുടെ നിയമങ്ങള്‍ എന്തെന്ന് മനസ്സിലാക്കാതെ വ്യക്തിവൈരാഗ്യം തീര്‍ക്കാനും താല്‍ക്കാലിക സ്വാര്‍ത്ഥലാഭത്തിനുമായി നിയമനിര്‍മ്മാണസഭകളെ വേദിയാക്കുന്നതിനു മുമ്പ് അവ എന്തെന്ന് മനസ്സിലാക്കേണ്ടത് അവയിലെ അംഗങ്ങളുടെ ബാദ്ധ്യതയാണ്. നസ്രാണികളെ വാഗ്ദത്ത കനാനിലേയ്ക്കു നടത്തിയ സാക്ഷാല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, തങ്ങളുടെ ജനാധിപത്യാവകാശങ്ങളില്‍ കൈവയ്ക്കുന്നു എന്നു തോന്നിയപ്പോള്‍ അത് തിരുത്തിയ പാരമ്പര്യമുണ്ട് മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിക്ക്. പ്രവര്‍ത്തനമേഖല അതിലും അതിവിപുലമായിട്ടും അതേ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ആണ്ടില്‍ രണ്ടു പ്രാവശ്യം മാത്രം ഓരോ യോഗവും കൃത്യം രണ്ടു മണിക്കൂര്‍ കൊണ്ട് ഉണ്ടു പിരിയുമ്പോള്‍ അതിന്‍റെ കാര്യക്ഷമത എവിടെ എത്തിനില്‍ക്കുന്നു എന്നു പരിശോധിക്കണം.
ഈ ലേഖകന്‍ മലങ്കരസഭയുടെ ജനാധിപത്യത്തിന് ഒരിക്കലും എതിരല്ല. അത് നസ്രാണിയുടെ തനതായ വ്യക്തിത്വത്തിന്‍റെയും അപ്പോസ്തോലികപരാമ്പര്യത്തിന്‍റെയും ബഹിര്‍സ്ഫുരണവും ജീവിക്കുന്ന തെളിവുമാണ്. 1653-ല്‍ ആദ്യത്തെ തദ്ദേശീയമെത്രാനെ വാഴിക്കാന്‍ നിശ്ചയിച്ചപ്പോള്‍ത്തന്നെ നസ്രാണികളുടെ ജനാധിപത്യവാഴ്ചയും സംരക്ഷിക്കാന്‍ മലങ്കരപള്ളിയോഗം എന്ന ജനപ്രതിനിധിസഭ നിശ്ചയം ചെയ്തിരുന്നു. കീഴ്വഴക്കങ്ങളുടെ മാത്രം പിന്‍ബലത്തില്‍ നൂറ്റാണ്ടുകളോളം കാര്യക്ഷമമായി പ്രവര്‍ത്തിച്ച മലങ്കരപള്ളിയോഗത്തിന് നിയതമായ ചട്ടക്കൂടും രൂപരേഖയും തയ്യാറാക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ആരംഭിച്ച ശ്രമങ്ങളാണ് 1934-ല്‍ മലങ്കരസഭാഭരണഘടനയുടെ രൂപീകരണത്തില്‍ എത്തിച്ചേര്‍ന്നത്.

പക്ഷേ എല്ലാ സംവിധാനത്തിലും ജനാധിപത്യത്തിന് അവ തന്നെ നിര്‍ദ്ധാരണം ചെയ്യുന്ന ചില അതിര്‍വരമ്പുകളുണ്ട്. ബൃഹത്തും ശാസ്ത്രീയമായി തയ്യാറാക്കിയതുമായ ഇന്ത്യന്‍ഭരണഘടനയും ജനാധിപത്യത്തിന് പരിമിതികള്‍ കല്‍പ്പിച്ചിട്ടുണ്ട്. നിയമത്തിന്‍റെ പരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് അവയില്‍ മുഖ്യം. ജനലോക്പാലിനായി ഡല്‍ഹിയില്‍ കാണിച്ച കോപ്രായങ്ങള്‍ പരാജയപ്പെട്ടതും ഈ നിയമപരമായ പരിമിതികള്‍ മൂലമാണ്. മലങ്കരസഭാഭരണഘടനയ്ക്കും ഇതേ പരിമിതിയുണ്ട്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ എന്തു ജനകീയമുന്നേറ്റം നടത്തിയാലും ഫലം വിപരീതമാകും. നിയമവാഴ്ചയുള്ള ഏതു സമൂഹത്തിലും സംഭവിക്കുന്നത് അതാണ്. നിയമവാഴ്ചയുടെ നിലനില്‍പ്പിന് അതു സംഭവിച്ചേ തീരൂ.

ജനാധിപത്യം മൂത്തുമൂത്ത് മെത്രാന്‍ ഏത് അനാഫുറാ ഉപയോഗിച്ച് കുര്‍ബാന ചൊല്ലണം എന്നു ജനപ്രതിനിധികള്‍ (അതായത് പ്രമാണിമാര്‍) തീരുമാനിക്കുന്നതിനു സമാനമായ ദുരവസ്ഥ നേരിടുന്ന സഭകള്‍ ഇന്നു കേരളത്തിലുണ്ട്. അത്തരം ഒരു ദുരന്തത്തിലേക്കു മലങ്കരസഭയെ വലിച്ചിഴച്ചു കൂടാ. അപ്പോള്‍ നഷ്ടമാവുന്നത് സഭയുടെ ഓര്‍ത്തഡോക്സിയാണ്. അതായത് സമ്പൂര്‍ണ്ണ നാശം. അതു സംഭവിച്ചു കൂടാ.

ഇതുകൊണ്ടൊന്നും ആരും ബേജാറാവേണ്ട. കാരണം, കൃത്യം ഒരു മണിക്ക് പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം മാനേജിംഗ് കമ്മിറ്റി മുന്‍ പതിവനുസരിച്ച് ഉണ്ടു പിരിയും. ശുഭം. സ്വസ്ഥം.