2014 മാര്‍ച്ച് 20 എന്ന് ഓര്‍ക്കുമ്പോള്‍ ഈ ലേഖകന്‍ രോമാഞ്ചം കൊള്ളുകയാണ്. എന്തൊക്കെയാണ് അന്നു സംഭവിക്കാന്‍ പോകുന്നത്? സഭാപ്രസംഗി പറയുന്നതുപോലെ അന്ന് ഹാ, പൊന്‍കിണ്ണം തകരും. വെള്ളിച്ചരട് അറ്റുപോകും. മലങ്കരയുടെ നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ സഭകളെ മേയിച്ചു ഭരിക്കുന്ന മെത്രാന്മാര്‍ അറക്കുവാന്‍ കൊണ്ടുവന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവന്‍റെ മുമ്പില്‍ ചെമ്മരിയാടിനെപ്പോലെയും നില്‍ക്കും. ഏഴു വട്ടം ക്ഷമിക്കാനുള്ള ന്യായപ്രമാണം കര്‍ത്താവ് ഏഴെഴുപതു വട്ടമാക്കിയ മാതൃകയില്‍, അന്തിമന്യായവിധിയില്‍ അപ്പോസ്തോലന്മാര്‍ പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്നു ന്യായം വിധിക്കുമെന്ന കര്‍ത്തൃകല്പന വിപുലമാക്കി പരാതിക്കിടയില്ലാത്തവിധം പന്ത്രണ്ടു പന്ത്രണ്ടിലുമുപരി 159 സിംഹാസനങ്ങളിലിരുന്ന് പരീശന്മാരും സാദൂക്യരും ന്യായം വിധിക്കും. അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിന് ഭയങ്കരമേറിയ കണക്കുപുസ്തകങ്ങള്‍ തുറക്കപ്പെടുകയും പാപങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും. അയോഗ്യര്‍ പുറത്തെ അന്ധകാരത്തിലേയ്ക്കു തള്ളപ്പെടും. വൃദ്ധന്മാരുടെ മേല്‍ പ്രയത്നങ്ങളില്‍ നിന്നുള്ള വിശ്രമത്തിനും, യുദ്ധങ്ങളില്‍ നിന്നുള്ള സമാധാനത്തിനും, പരിശുദ്ധന്മാരോടു കൂടിയുള്ള ആനന്ദത്തിനും വേണ്ടി തൈലം ഒഴിക്കപ്പെടും. വ്യാപാരത്താല്‍ താലന്തുകള്‍ വര്‍ദ്ധിപ്പിച്ചവര്‍ കോട്ടയം, കൊല്ലം, തുമ്പമണ്‍, നിരണം ഭദ്രാസനങ്ങളില്‍ നിയമിക്കപ്പെടും. മലങ്കരസഭയില്‍ ശാന്തിയും സമാധാനവും കരകവിഞ്ഞൊഴുകും. രോമാഞ്ചം കൊള്ളാതിരിക്കാനൊക്കുമോ?
2014 മാര്‍ച്ച് 20-ന് എന്തു സംഭവിക്കുമെന്നോ? അന്നാണ് മലങ്കരസഭയിലെ മെത്രാന്മാരുടെ സ്ഥലംമാറ്റവും റിട്ടയര്‍മെന്‍റും മാനേജിംഗ് കമ്മിറ്റി പ്രാബല്യത്തില്‍ വരുത്തുവാന്‍ പോകുന്നത്. എന്നു മാത്രമല്ല, അതിനുമപ്പുറം, കഴിവുള്ള മെത്രാന്മാരുടെ സേവനം എല്ലാ ഭദ്രാസനങ്ങള്‍ക്കും ലഭ്യമാകുന്നവിധത്തിലുള്ള സംവിധാനമാണത്രേ അന്ന് മാനേജിംഗ് കമ്മിറ്റി ഏര്‍പ്പെടുത്താന്‍ പോകുന്നത്! (എന്നു കോ-ഓര്‍ഡിനേറ്ററുടെ പ്രസ് റിലീസ്) എത്ര നല്ല കാര്യം. അപ്രകാരം ചെയ്യണമെങ്കില്‍ ആദ്യം നിലവിലുള്ള മെത്രാന്മാരുടെ കഴിവും കഴിവുകേടും തിരിച്ചറിയണം. നിശ്ചയമായും കഴിവുകെട്ടവരെ ഒഴിവാക്കണം. അതിനുള്ള (ഏക) മാര്‍ഗ്ഗം മാനേജിംഗ് കമ്മിറ്റിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ശോധന ചെയ്യുക എന്നതാണ്. തീര്‍ച്ചയായും കഴിവുകെട്ടവരുടെ ശല്യം ഇനിയൊരു ഭദ്രാസനത്തിനും ഉണ്ടാകാതിരിക്കാനുള്ള സംവിധാനവും ഉള്‍പ്പെടുത്തണം. അത് സഭയ്ക്ക് ആവശ്യമാണ്. അതിനൊരു പരസ്യവിചാരണ കൂടിയേ തീരൂ. അല്ലാതെങ്ങനെ നന്മതിന്മകളെ തിരിച്ചറിയും? കാരുണ്യം കണി കാണാത്ത പന്തീരാറു വിധിജ്ഞര്‍ വിസ്താരം ചെയ്തൊരുപോലെ… മാര്‍ ഗീവര്‍ഗീസ് സഹദായെ ശിക്ഷിച്ചതുപോലെ അതിന്‍റെ ഇരട്ടിയിലധികംപേര്‍ നടത്തുന്ന വിസ്താരം തെറ്റാനിടയില്ല. മലങ്കരസഭയിലെ ഏക പ്രശ്നമായ മെത്രാന്മാരെ നേരെയാക്കി കൂദോശ് ഈത്തോ (സഭയുടെ ശുദ്ധീകരണം) നടക്കാന്‍ പോകുന്നു. രോമാഞ്ചം വരാന്‍ വേറെന്തുവേണം!
അടി മുതല്‍ മുടി വരെ രോമാഞ്ചംകൊണ്ടു ത്രസിച്ചു നില്‍ക്കുമ്പോഴും ഈ ലേഖകനൊരു സംശയം. (സംശയം വരാതിരിക്കുമോ? സംശയാലുവായ തോമ്മായുടെ വര്‍ഗ്ഗമല്ലേ?) ഏതു നിയമപ്രകാരം ഇവരെ ശോധന ചെയ്യും? അന്തിമ ന്യായവിധി നടത്തുന്ന അത്യുന്നത ന്യായാധിപന്‍ മുഖപക്ഷം നോക്കാതെ അതു നടപ്പാക്കുമെന്നു മുമ്പിനാലെ കല്പിച്ചിട്ടുണ്ട്. സ്വര്‍ഗീയാധിപതിക്ക് നിയമപുസ്തകങ്ങളുടെ പിന്‍ബലം വേണ്ട. ബലഹീനരും പാപികളുമായ മനുഷ്യര്‍ക്ക് അതു പോര. അങ്ങേരു പോലും മുകളില്‍ നിന്നു കിട്ടാത്ത ഒരധികാരവും നിനക്കില്ലെന്നു പീലാത്തോസിനോട് കല്പിച്ചിട്ടുണ്ട്. അതിനാല്‍ ഇതിനും നാലു പേരു കേട്ടാല്‍ കുറ്റം പറയാത്ത ഒരു നിയമത്തിന്‍റെ പിന്‍ബലം വേണം. അല്ലെങ്കില്‍ വല്ലവരും കോടതി കയറിയാലോ? മാപ്പിളയ്ക്കാണെങ്കില്‍ വേണ്ടതിനും വേണ്ടാത്തതിനും കോടതി കയറി നല്ല തഴക്കവും പഴക്കവുമുണ്ട്. അതിനാല്‍ നിയമപരിരക്ഷ കൂടിയേ തീരൂ.
ഇവിടെയാണ് പ്രശ്നം തല പൊന്തിയത്? ഏതു നിയമം പ്രയോഗിക്കും? മലങ്കരസഭയ്ക്ക് നിലവിലുള്ള നിയമം നശിച്ച ഘടന എന്നൊരു ഭദ്രാസനസെക്രട്ടറി ഒരിക്കല്‍ വിശേഷിപ്പിച്ച 1934-ലെ മലങ്കരസഭാഭരണഘടനയാണ്. അതു നോക്കിയപ്പോള്‍ മാരണം, 118-ാം വകുപ്പുപ്രകാരം മെത്രാനെ വിസ്തരിക്കുവാന്‍ മെത്രാന്മാരുടെ സുന്നഹദോസിനേ അധികാരമുള്ളു. അയ്മേനിക്കോ കത്തനാര്‍ക്കോ അങ്ങോട്ട് എത്തി നോക്കണമെങ്കില്‍ ക്ഷണിക്കപ്പെടണം. എന്നു മാത്രമല്ല, 119-ാം വകുപ്പുപ്രകാരം അപ്രകാരം ക്ഷണിക്കപ്പെടണമെങ്കില്‍ കാനോന്‍, വേദശാസ്ത്രം, നിയമം ഇവയില്‍ വിദഗ്ദ്ധനായിരിക്കുകയും വേണം. എന്തു ചെയ്യാം? 159 വിധികര്‍ത്താക്കളെപ്പറ്റി ഒന്നും അവിടെ പറയുന്നില്ല.
ലേശം കൂടി പുറകോട്ടു പോയി നോക്കിയപ്പോള്‍ കിട്ടിയത് ഹൂദായ കാനോനാണ്. അതാകട്ടെ ഭരണഘടനയിലും കേമം. ഏഴാം അദ്ധ്യായത്തില്‍ ശ്ലീഹന്മാരുടെ 77, 78 കാനോനാകള്‍ മെത്രാനെ വിസ്തരിക്കുവാനുള്ള അധികാരം മെത്രാന്മാരുടെ സുന്നഹദോസിനു മാത്രമാണെന്നു അസന്നിഗ്ദ്ധമാംവിധം വ്യക്തമാക്കുന്നു. പോരെങ്കില്‍ അതേ അദ്ധ്യായത്തിലെ കുസ്തന്തിനോസ്പോലീസ് നിശ്ചയം, ചുമ്മാ ആരോപണം ഉന്നയിക്കുന്നതും തടയുന്നു. അവിടെയും രക്ഷയില്ല.
അങ്ങനെയങ്ങു തോല്‍ക്കാന്‍ പറ്റില്ലല്ലോ. കാദീശ്ല് ഈത്തോ നടപ്പാക്കാതിരിക്കാന്‍ പറ്റുമോ? ഏതെങ്കിലും നിയമം കണ്ടുപിടിച്ചേ പറ്റൂ. അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നല്ലേ പ്രമാണം. വീണ്ടും പുറകോട്ടുപോയി. കിട്ടി. കണിയാന്‍ പൊരുത്തത്തിനു പഴുതു കണ്ടെത്തുന്നതുപോലെ കിട്ടി. സ്മാര്‍ത്തവിചാരം.
സ്മാര്‍ത്തവിചാരം എന്തെന്നറിയില്ലേ? പണ്ട് നമ്പൂതിരി സ്ത്രീകള്‍ക്ക് അടുക്കളദോഷം (ചാരിത്രശങ്ക) ഉണ്ടായാല്‍ നടത്തുന്ന വിചാരണയാണ് സ്മാര്‍ത്തവിചാരം. അതു പരീക്ഷിക്കാം. നസ്രാണി പണ്ടു നമ്പൂതിരി ആയിരുന്നെന്നല്ലേ ഊറ്റംകൊള്ളുന്നത്. പോരെങ്കില്‍ നമ്പൂരാരെയും മെത്രാന്മാരെയും വിളിക്കുന്നത് തിരുമേനി എന്നും. സ്മാര്‍ത്തവിചാരം ആവാം. സംശയമില്ല.
സ്മാര്‍ത്തവിചാരത്തിന് സ്മാര്‍ത്തര്‍, ഓതിക്കോന്‍, വാദ്ധ്യാന്‍, അകക്കോയ്മ മുതലായ ഒരുപാടു സ്ഥാനികള്‍ വേണം. 159 വിധികര്‍ത്താക്കളെ ഇവയോരോന്നുമായി അഡ്ജസ്റ്റ് ചെയ്യാം. എങ്കില്‍പ്പോലും ഒരുപാട് തയ്യാറെടുപ്പുകള്‍ സ്മാര്‍ത്തവിചാരത്തിന് ആവശ്യമുണ്ട്.
ഒന്നാമതായി സ്മാര്‍ത്തവിചാരം നടത്താന്‍ ഇല്ലത്തിനു മുമ്പില്‍ ഒരു നെടുമ്പുര കെട്ടണം. പഴയസെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഹാള്‍ ഉള്ളതിനാല്‍ നെടുമ്പുര ഒഴിവാക്കാം (ഈ ഹാള്‍ ഏതെന്നു മനസ്സിലായില്ലേ? അതിലാണ് കുറെ വര്‍ഷങ്ങളായി മാനേജിംഗ് കമ്മിറ്റി കൂടുന്നത്). എങ്കിലും പഴയസെമിനാരി മാനേജര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതി കുറ്റം സമ്മതിക്കുന്നതു വരെ സ്മാര്‍ത്തവിചാരം നീളും. അതുവരെ സ്മാര്‍ത്തന്മാര്‍ക്ക് നാലു നേരം ചതുര്‍വിഭവങ്ങളോടുകൂടി സദ്യ കൊടുക്കണം. അതിനുള്ള സാമഗ്രികള്‍ കരുതണം. ഒന്നിനും കുറവു വരാന്‍ പാടില്ല.
ഇവിടെ കുറ്റാരോപിതരായ മെത്രാന്മാര്‍ നമ്പൂതിരിഭാഷയില്‍ കുറ്റാരോപണസമയം മുതല്‍ സാധനം എന്നാണ് അറിയപ്പെടുന്നത്. അവര്‍ക്ക് സഭയോടു സ്നേഹമുണ്ടെങ്കില്‍ ആദ്യമേതന്നെ കുറ്റം സമ്മതിക്കുകയാണ് നല്ലത്. കാരണം കുറ്റം സമ്മതിക്കാതെ സ്മാര്‍ത്തവിചാരം അവസാനിക്കില്ല. അതുവരെ സ്മാര്‍ത്തര്‍ക്ക് ചിലവിനു കൊടുക്കണം. സ്മാര്‍ത്തവിചാരത്തിനു സദ്യ നടത്തി മുടിഞ്ഞുപോയ ഇല്ലങ്ങള്‍ കേരളത്തിലുണ്ട്. കുറ്റം സമ്മതിച്ചാല്‍ പതിവുപോലെ കൃത്യം ഒരു മണിക്ക് ഉണ്ടു പിരിയാം.
സാധനവും സ്മാര്‍ത്തവിചാരത്തിനായി ചിലതൊക്കെ കരുതേണ്ടിയിരിക്കുന്നു. ഒന്നാമതായി അവര്‍ നെടുമ്പുരയില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു കൂടാ. വെളുത്ത പുതപ്പുകൊണ്ട് ശരീരമാസകലം മൂടി ഓലക്കുടയും ചൂടി അഞ്ചാംപുരയിലിരിക്കണം. സാധനം മെത്രാനായതുകൊണ്ട് വെളുത്ത പുതപ്പിനു പകരം വലിയ ശോശപ്പായും ഓലക്കുടയ്ക്കു പകരം മുത്തുക്കുടയും മതിയാകുമായിരിക്കണം. സാധനത്തിനോടു നേരിട്ടു ചോദ്യോത്തരം പാടില്ല. വൃഷളി (വേലക്കാരി) വഴി മാത്രമാണ് അത് അനുവദനീയം. മെത്രാനാകുമ്പം വൃഷളിക്കു പകരം ശെമ്മാശന്‍ മതി എന്നു വെക്കാം. അതിനാല്‍ വലിയ ശോശപ്പാ, മുത്തുക്കുട, ശെമ്മാശന്‍ ഇവ നിശ്ചയമായും കരുതണം. മനോബലത്തിനായി 22-ാം സങ്കീര്‍ത്തനം മനഃപാഠമാക്കുന്നതും നല്ലതാണ്.
സാധനം കുറ്റം സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിക്കലാണ്. തലമുറകളില്‍പ്പോലും തീര്‍ത്താല്‍ തീരാത്ത ആ പാപം ചെയ്യാന്‍ ഒരു സ്മാര്‍ത്തനും തയ്യാറാവില്ല. പകരം ആ പാപഭാരം തന്‍റെ അരിവയ്പ്പുകാരന്‍ കുട്ടിപ്പട്ടരെ ഏല്‍പ്പിക്കും. പത്തു പണം കിട്ടിയാല്‍ ഏതു നീചകൃത്യവും ചെയ്യുന്ന പാണ്ടിപ്പട്ടര്‍ ശിക്ഷാവിധി വിളിച്ചു പറയും. വിളിച്ചു പറയാന്‍ പട്ടര്‍ വേണം എന്ന ചൊല്ലുണ്ടായതു തന്നെ ഇതില്‍ നിന്നാണ്. ഭാഗ്യത്തിന് ഇവിടെ അതിനാളന്വേഷിക്കേണ്ടതില്ല. അത്തരക്കാര്‍ ധാരാളം ആ ചുറ്റുവട്ടത്തു കാണും.
എന്നാല്‍ മൃഗീയവും പൈശാചികവുമായ സ്മാര്‍ത്തവിചാരത്തില്‍ സാധനത്തിന് ഒരു പ്രത്യേക അവകാശമുണ്ട്. അവര്‍ പറയുന്ന സഹകുറ്റവാളികളും ചോദ്യമില്ലാതെ ഭ്രഷ്ടരാകും. അത് വിചാരണ നടത്തുന്ന സ്മാര്‍ത്തന്‍ വേണമെങ്കിലും ആകാം. അവര്‍ക്ക് വാദിക്കാനോ എതിര്‍ക്കാനോ അവകാശമില്ല. നിരപരാധിത്വം തെളിയിക്കണമെങ്കില്‍ ശുചീന്ദ്രത്തു പോയി തിളച്ച നെയ്യില്‍ കൈ മുക്കണം. മാപ്പിള ആയതുകൊണ്ട് കൈമുക്കുപരീക്ഷ ശുചീന്ദ്രത്തിനു സമീപസ്ഥമായ തിരുവിതാംകോട്ടു പള്ളിയില്‍ മതിയെന്നു വെയ്ക്കാം. എന്നാലും സ്മാര്‍ത്തവിചാരത്തിനും കൈമുക്കിനും അതിന്‍റേതായ നിയമങ്ങളും നടപടിച്ചട്ടങ്ങളുമുണ്ട്. അവ പാലിച്ചേ തീരൂ. മെത്രാന്മാരുടെ സ്മാര്‍ത്തവിചാരത്തിലും ഈ സാമാന്യനീതി അനുവദിക്കുമെന്നു പ്രതീക്ഷിക്കാം. അപ്രകാരം സഹകുറ്റവാളികളാകുന്നവരെയും പുറത്തെ അന്ധകാരത്തിലേയ്ക്കു തള്ളണം. എന്നാലേ നിയമം പൂര്‍ണ്ണമായും നടപ്പിലാവൂ.
കൊച്ചീരാജ്യത്തു നടന്ന അവസാന സ്മാര്‍ത്തവിചാരത്തില്‍ സാധനമായ കുറിയേടത്തു താത്രി ഈ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി അന്നത്തെ ഏറ്റവും പ്രമുഖരായ 64 നിരപരാധികളുടെ പേരു പറഞ്ഞു. അവരെല്ലാം ഭ്രഷ്ടരായി. പിന്നീടു പറയാന്‍ തുടങ്ങിയപ്പോള്‍ സ്മാര്‍ത്തന്‍ മതി എന്നു പറഞ്ഞത്രേ. കാരണം അടുത്തത് കൊച്ചീരാജാവിന്‍റെ പേരായിരിക്കുമെന്ന് സ്മാര്‍ത്തന് അറിയാമായിരുന്നു.
ഓര്‍ക്കുക – മലങ്കരസഭയില്‍ മെത്രാന്മാരുടെ സ്മാര്‍ത്തവിചാരം ഒരിക്കല്‍ അനുവദിച്ചാല്‍ അത് സ്മാര്‍ത്തരില്‍ മാത്രമല്ല ആസന്നഭാവിയില്‍ കൊച്ചീരാജാവിലും എത്തിച്ചേരും. അത് അനുവദിക്കാമോ? ഒരിക്കലും പാടില്ല. കാരണം ഇത് സഭയാണ്. പ്രസ്ഥാനമല്ല, 159 സ്മാര്‍ത്തന്മാരില്‍ ചിലര്‍ കരുതുന്നതുപോലെ സാമുദായികസംഘടനയുമല്ല.
1934-ല്‍ സഭാഭരണഘടനയ്ക്ക് രൂപംകൊടുത്ത വിവരമുള്ള ജനപ്രതിനിധികള്‍ തന്നെയാണ് വിശ്വാസം, പട്ടത്വം, അച്ചടക്കം ഇവ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിന് നിരുപാധികം വിട്ടുകൊടുത്തത്. മെത്രാന്മാരുടെ പേരില്‍ പരാതിയുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയാണ്. അതിനാദ്യം സ്വന്തം നിയമം പഠിക്കുകയും കഴമ്പുള്ള പരാതി ഉന്നയിക്കുകയുമാണ് വേണ്ടത്. അല്ലാതെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി അവരെ സ്മാര്‍ത്തവിചാരം നടത്തിയല്ല.
(അല്‍മായവേദി, ഓഗസ്റ്റ് 2014)